Flash News

പ്രവാസികളും നാടിനു നല്‍കുന്ന സംഭാവനകളും

August 5, 2019 , ജോസഫ് പടന്നമാക്കല്‍

images (1)വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ രാജ്യത്തോടു കൂറുള്ളവരല്ലെന്നുള്ള ഒരു സാങ്കല്‍പ്പിക ഭാവന സാമാന്യ ജനങ്ങളുടെയിടയിലുണ്ട്. അവര്‍ മറ്റു ദേശങ്ങളില്‍ ജോലി ചെയ്തു ജീവിക്കുന്നവരാണെന്നും രാജ്യത്തിനുവേണ്ടി കാര്യമായ സംഭാവനകള്‍’ ചെയ്യുന്നവരല്ലെന്നുമാണ് വെപ്പ്. അടുത്തയിടെ ഒരു ഫേസ് ബുക്ക് സുഹൃത്ത് ‘നിങ്ങള്‍ക്ക് അമേരിക്കയോടല്ലേ കൂറെന്നും മറ്റു ദേശത്ത് വസിക്കുന്ന നിങ്ങള്‍ക്ക് ഇന്ത്യന്‍ ദേശീയതയെപ്പറ്റി സംസാരിക്കുവാന്‍! എന്തവകാശമെന്നും’ ചോദിച്ചു. ‘ആണ്ടുവട്ടം മുഴുവന്‍ സ്വന്തം രാജ്യത്ത് ജോലി ചെയ്തു ജീവിക്കുന്ന തങ്ങള്‍ മാത്രം രാജ്യസ്‌നേഹികളെന്നും’ അദ്ദേഹം പറഞ്ഞു. വാസ്തവത്തില്‍ ഒരു അജ്ഞാത സുഹൃത്തില്‍നിന്നുമുള്ള ചോദ്യംമൂലം ഈ ലേഖനമെഴുതാനുള്ള പ്രചോദനം ലഭിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞതിനെയൊന്നും ഞാന്‍ ഖണ്ഡിക്കുന്നില്ല; തീര്‍ച്ചയായും ആണ്ടുവട്ടത്തിന്റെ 365 ദിവസങ്ങളും ഇന്ത്യയുടെ വായു ശ്വസിക്കുകയും ഇന്ത്യയുടെ മണ്ണില്‍നിന്ന് വിളയിച്ച ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും സ്വന്തം രാഷ്ട്രത്തോട് കടപ്പെട്ടവരാണ്. അവര്‍ ദേശസ്‌നേഹികളായിരിക്കുകയും വേണം. അവരുടെ സ്വത്തും സ്ഥാവര വസ്തുക്കള്‍ക്കും സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. സ്വന്തം സുരക്ഷിതയ്ക്ക് പോലീസും പട്ടാളവും നിയമവും അവര്‍ക്കൊപ്പമുണ്ട്. അവരുടെ മക്കള്‍ക്ക് രാജ്യം വിദ്യാഭ്യാസ സൗകര്യങ്ങള്‍ നല്‍കുന്നു. ജീവിക്കാനുള്ള തൊഴിലവസരങ്ങള്‍ രാജ്യം സൃഷ്ടിക്കുന്നു. അന്നം തരുന്ന യജമാനനെ തീര്‍ച്ചയായും സ്‌നേഹിച്ചേ മതിയാകൂ.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാഷ്ട്രത്തോടായി ചോദിച്ച ഒരു ചോദ്യമുണ്ടായിരുന്നു, ‘രാജ്യം നിങ്ങള്‍ക്ക് എന്ത് നല്കിയെന്നുള്ളതല്ല, മറിച്ച് രാജ്യത്തിനുവേണ്ടി നിങ്ങള്‍ എന്ത് സംഭാവനകള്‍ നല്‍കിയെന്നാണ് ചിന്തിക്കേണ്ടത്’! നെഹ്രുവിന്റെ ഈ ചോദ്യത്തിനു മുന്നില്‍ രാഷ്ട്രസേവന തല്പരരായി ജീവിക്കുന്ന എത്ര രാജ്യസ്‌നേഹികള്‍ ഇന്ത്യയില്‍ വസിക്കുന്നുണ്ടെന്നും അറിഞ്ഞുകൂടാ! നെഹ്‌റുവിന്റെ ചോദ്യം ഓരോ ഇന്ത്യക്കാരന്റെയും കര്‍ത്തവ്യ ബോധത്തെ ഉണര്‍ത്തുന്നു. മഞ്ഞും വെയിലുമുള്‍ക്കൊണ്ട് പട്ടാളക്കാര്‍ അതിര്‍ത്തി കാക്കുന്നു. പാടത്തും പണിശാലകളിലും അന്നത്തിനായി കൃഷിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നു. അവര്‍ തങ്ങളുടെ ധര്‍മ്മനിഷ്ഠയോടെ കര്‍ത്തവ്യനിരതരായി രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നു. എന്നാല്‍ ഭൂരിഭാഗം രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ പ്രമുഖരും ഖജനാവ് കാലിയാക്കി രാജ്യത്തെ ചൂഷണം ചെയ്തു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. നികുതി വെട്ടിപ്പ്, കള്ളപ്പണം, കോഴ, കൊള്ള എന്നീ സാമൂഹിക ദ്രോഹങ്ങള്‍ പതിവാണ്. അങ്ങനെയുള്ളവരെ ദേശസ്‌നേഹികളുടെ വകുപ്പിലുള്‍പ്പെടുത്താതെ സാമൂഹിക ദ്രോഹികളായും കാണേണ്ടിയിരിക്കുന്നു.

മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ അംബേദ്ക്കര്‍, സുബാഷ് ചന്ദ്രബോസ്, സരോജിനി നായിഡു എന്നീ സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍ ഓരോ കാലത്ത് പ്രവാസി നാടുകളിലായിരുന്നു ജീവിച്ചിരുന്നത്. ഏകദേശം എണ്‍പതു വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസികളായ ജവാഹര്‍ലാല്‍ നെഹ്രുവും എം.കെ ഗാന്ധിയും മാതൃരാജ്യത്തേക്ക് മടങ്ങി വരുകയും ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി പടപൊരുതുകയും ചെയ്തു. പ്രവാസി നാടുകളില്‍നിന്നും നേടിയെടുത്ത സ്വാതന്ത്ര്യമോഹം അവര്‍ ഭാരതത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയായിരുന്നു. ഇന്ന് പ്രവാസികള്‍ക്ക് നാടിനെ സാമ്പത്തിക മേഖലകളില്‍ ഉയര്‍ത്താനും സഹായിക്കാനും സാധിക്കുന്നു. അവര്‍ക്ക് അവസരങ്ങള്‍ നല്‍കിയാല്‍ നാടിന് മാറ്റങ്ങളും പ്രതീക്ഷിക്കാം. സ്വാതന്ത്ര്യ ബോധം അവരിലുദിച്ചത് സ്വതന്ത്രമായ രാജ്യങ്ങളില്‍ ജീവിച്ച അനുഭവങ്ങളില്‍ നിന്നായിരുന്നു. ‘സാം പെട്രോഡായെ’പ്പോലുള്ള പ്രവാസികള്‍ ഇന്ത്യയെ ടെക്കനോളജിക്കല്‍ രാഷ്ട്രമായി ഉയര്‍ത്തി. സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന ആശയങ്ങള്‍ ഗ്രീക്ക് ചിന്തകരില്‍ നിന്നും കടമെടുത്തതാണ്. ടോള്‍സ്‌റ്റോയുടെയും ജോണ്‍ റസ്‌ക്കിന്റെയും (ഖീവി ഞൗസെശി) വൈദേശിക ചിന്തകള്‍ ഗാന്ധിജിയെ സ്വാധീനിച്ചിരുന്നു. സ്വരാജ്യം എന്ന ബോധം തന്നെ വൈദേശികമാണ്.

പ്രവാസികളില്‍ പേരും പെരുമയും ആര്‍ജിച്ച പ്രസിദ്ധരായവരെയും ഈ അവസരത്തില്‍ സ്മരിക്കുന്നത് നന്നായിരിക്കും. ഇന്ത്യയുടെ കാര്‍ഷിക വിപ്‌ളവത്തിന് പ്രധാന കാരണക്കാരന്‍ പ്രവാസിയായ ഡോ. ഡി ദത്ത (ഉൃ. ഉല ഉമേേമ) എന്ന ശാസ്ത്രജ്ഞനായിരുന്നു. അതുമൂലം അരിയുടെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമായി. ഉല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍ അദ്ദേഹത്തിന്റെ ഗവേഷണങ്ങളില്‍ക്കൂടി കണ്ടുപിടിച്ചു. അത് മില്യണ്‍ കണക്കിന് ഇന്ത്യന്‍ ജനതയെ തീറ്റുന്നതിനും ഇന്ത്യയുടെ ഭക്ഷ്യ സ്വയം പര്യാപ്തിക്കും കാരണമായി. ഗോതമ്പ് വിപ്ലവം ഡോ നോര്‍മന്‍ ബോര്‍ലാന്ഗ് (ഉൃ. ചീൃാമി ആീൃഹമൗഴ) തുടങ്ങിയെങ്കില്‍ ഉല്‍പ്പാദനശേഷിയുള്ള നെല്‍വിത്തുകളുടെ വിപ്ലവത്തിനു തുടക്കമിട്ടത് ഡോക്ടര്‍ ദത്താണ്. ഇവര്‍ രണ്ടുപേരുമാണ് ഇന്ത്യയില്‍ ഹരിത വിപ്ലവം കൊണ്ടുവന്നത്. അങ്ങനെ ഇന്ത്യയില്‍ മറക്കപ്പെട്ട നിരവധി പ്രവാസി പ്രതിഭകളുണ്ട്.

പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള സാമ്പത്തിക ഒഴുക്കുകളും നിക്ഷേപങ്ങളും രാജ്യത്തിന്റെ പുരോഗമന പദ്ധതികളെ സഹായിക്കുന്നു. ഇന്ത്യയില്‍ പണം നിക്ഷേപിക്കാനായി പ്രവാസികളെ പ്രേരിപ്പിക്കുന്ന വസ്തുതകള്‍ എന്തെല്ലാം? ഏതെല്ലാം വഴികളില്‍ പ്രവാസികള്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്നു? ഇന്ത്യയില്‍ എത്രമാത്രം നിക്ഷേപം അവര്‍ കൊണ്ടുവരുന്നു? പ്രവാസികള്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കുന്നതുകൊണ്ട് രാഷ്ട്രത്തിന്റെ സമ്പത്ത് വര്‍ദ്ധിക്കുന്നുണ്ടോ? നമ്മുടെ വിദേശ നയങ്ങളുടെ നയരൂപീകരങ്ങളില്‍ പ്രവാസികള്‍ക്ക് എന്തെങ്കിലും പങ്കുണ്ടോ? ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കണ്ടെത്താനായി വിഷയത്തെ സാമാന്യമായി അവലോകനം ചെയ്യേണ്ടതുണ്ട്.

ലോകത്തില്‍ ഏറ്റവുമധികം പ്രവാസികളും ഇന്ത്യക്കാരാണ്. അവര്‍ മുഖേന ശരാശരി വര്‍ഷംതോറും 7080 ബില്യണ്‍ ഡോളര്‍ വിദേശപ്പണം രാജ്യത്തിനു ലഭിക്കുന്നു. ഓരോ വര്‍ഷവും ശരാശരി പത്തു ശതമാനം വിദേശപ്പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നുമുണ്ട്. ഇന്ത്യയുടെ ആന്തരിക പദ്ധതികള്‍ക്കുവേണ്ടിയുള്ള ചിലവുകള്‍ 94 ബില്യണ്‍ ഡോളറാണെന്നിരിക്കെ ഇത് പ്രവാസികളില്‍നിന്നും കിട്ടുന്ന വലിയ ഒരു നിക്ഷേപ തുക തന്നെയാണ്. പ്രവാസികള്‍ ഇന്ത്യയുടെ വരുമാനത്തോളം തുല്യമായ നല്ലൊരു തുക നാട്ടില്‍ നിക്ഷേപിക്കുന്നു. യുണൈറ്റഡ് നാഷന്റെ ഒരു പഠന റിപ്പോര്‍ട്ടില്‍ ഏകദേശം 15 മില്യണ്‍ ഇന്ത്യക്കാര്‍ പുറംനാടുകളില്‍ ജീവിക്കുന്നുവെന്നു കാണുന്നു.

ഇന്ത്യന്‍ ഡോളറിന് 70 രൂപയെന്ന നിരക്കില്‍ മാര്‍ക്കറ്റ് നിലനില്‍ക്കുന്നു. ഇന്ത്യന്‍ രൂപ വില കുറയുന്ന സമയം പ്രവാസികള്‍ അത് പ്രയോജനപ്പെടുത്താറുണ്ട്. പ്രവാസികളുടെ കറന്‍സിക്ക് കൂടുതല്‍ രൂപ ലഭിക്കുകയും ചെയ്യും. അങ്ങനെ ഇന്ത്യയില്‍ വിദേശപ്പണത്തിന്റെ വരവും വര്‍ദ്ധിക്കുന്നു. പ്രവാസികളുടെ പണം ഇന്ത്യയില്‍ ലഭിക്കാനായി സര്‍ക്കാര്‍ മറ്റു നടപടികളും സ്വീകരിക്കാറുണ്ട്. ആകര്‍ഷണീയമായ പലിശ നിരക്കും ബാങ്കുകള്‍ നല്‍കുന്നു. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വവും ഉറപ്പും നല്കുന്നുണ്ട്.

ഇന്ത്യയുടെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമേ പ്രവാസികളുള്ളൂ. എന്നാല്‍ അവരുടെ സേവനം അതുല്യമാണ്. അളവില്ലാത്ത പ്രയോജനങ്ങളാണ് പ്രവാസികള്‍ രാഷ്ട്രത്തിന്റെ വികസനത്തിനായി നല്കിക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ സന്ദര്‍ശിച്ച വേളയില്‍ പറഞ്ഞു; ‘താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായി അമേരിക്കയില്‍ വരുന്നത് അമേരിക്കന്‍ പ്രസിഡന്റിനെ കാണുവാനല്ല, മറിച്ച് പ്രവാസി വ്യവസായികളെയും പ്രവാസി കോര്‍പ്പറേറ്റുകളെയും കാണാനാണ്. ഇന്ത്യയുടെ വികസന പദ്ധതികള്‍ അവരില്‍ക്കൂടി വിജയപ്രദമാകുന്നു’

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്ക് സുപ്രധാനങ്ങളായ നിരവധി മേഖലകളില്‍ പങ്കാളികളാകാന്‍ പ്രവാസികള്‍ക്കു സാധിക്കും. ഓരോ വര്‍ഷവും പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ ജോലിയന്വേഷിച്ചു മറുനാടുകളില്‍ കുടിയേറുന്നു. അവര്‍ക്ക് മടങ്ങി വരുമ്പോള്‍ വിദേശത്തുനിന്നും ലഭിക്കുന്ന അറിവുകള്‍ ഗ്രാമപ്രദേശങ്ങള്‍മുതല്‍ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ബിസിനസ്സുകള്‍ തുടങ്ങാനും സാധിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങള്‍ തുടച്ചുമാറ്റി നവമായ ചിന്തകളും അറിവുകളും ജനങ്ങളിലേക്ക് പകര്‍ത്താനും ഗവേഷണങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിക്കാനും കഴിയുകയും ചെയ്യും.

ഒരു പ്രവാസി രാജ്യത്തിനുവേണ്ടി എന്തു ചെയ്തുവെന്നു ചോദിച്ചാല്‍ ഭൂരിഭാഗം പേര്‍ക്കും ഉത്തരം കാണും. ലോകമാകമാനമുള്ള പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങി വരുന്നുവെന്ന് ചിന്തിക്കുക! അത്തരം ഒരു സ്ഥിതിവിശേഷം വന്നാല്‍ ഒരു വലിയ ജനതയെ താങ്ങാനുള്ള ശേഷി രാഷ്ട്രത്തിനുണ്ടായിരിക്കില്ല. അവരുടെ പുനരധിവാസവും തൊഴിലുകളും രാജ്യത്തിന്റെ പദ്ധതികളെ താറുമാറാക്കും. വാസ്തവത്തില്‍ ഓരോ പ്രവാസിയും രാജ്യത്തിനു വന്നേക്കാവുന്ന ഈ ഭാരവും ക്ലേശങ്ങളും ഇല്ലാതാക്കുകയാണ്. സ്വയം തൊഴില്‍ തേടി പുറം രാജ്യങ്ങളില്‍ പോവുന്നമൂലം അവര്‍ക്കു ലഭിക്കേണ്ട തൊഴിലവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് ലഭിക്കുന്നു. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ അവര്‍മൂലം രാജ്യത്തിനും സ്വന്തം ജനത്തിനും ആശ്വാസവും ലഭിക്കുന്നു. അത് സര്‍ക്കാരിന്റെ ഭാവി പദ്ധതികള്‍ക്കായി പ്രവാസികള്‍ നല്‍കുന്ന സംഭാവനയായും കരുതണം.

വിദേശത്തുനിന്നു നേടിയെടുക്കുന്ന അറിവുകളും ടെക്കനോളജിക്കല്‍ പരിശീലനങ്ങളും പ്രവാസികള്‍ നാടിനുവേണ്ടിയും ഉപകാരപ്പെടുത്തുന്നു. നിരവധി പ്രൊഫസര്‍മാരും ശാസ്ത്രജ്ഞരും തങ്ങള്‍ക്കു കിട്ടിയ അറിവുകള്‍ നാടിനും പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. സര്‍ക്കാരിന് പുത്തനായ ശാസ്ത്ര, ടെക്കനോളജിക്കല്‍ വിവരങ്ങള്‍ അതാത് കാലത്ത് കൈമാറുന്നു. അതുപോലെ പ്രവാസികളുടെ ചാരിറ്റബിള്‍ സംഘടനകള്‍ രാഷ്ട്രത്തിന്റെ നന്മയ്ക്കായി പ്രയോജനപ്പെടുത്തുന്നു. പ്രവാസികളായ ഡോക്ടര്‍മാര്‍ ജോലികളില്‍നിന്നും വിരമിച്ചശേഷം മടങ്ങിവന്നു ഇന്ത്യയുടെ ആതുര സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതും കാണാം.

നാടിനെയും നാട്ടുകാരെയും സഹായിച്ച ഒരു ചരിത്രമാണ് പ്രവാസികള്‍ക്കുള്ളത്. കേരളത്തില്‍ വെള്ളപ്പൊക്കം വന്നപ്പോള്‍ സഹായ ഹസ്തമായി നാനാ രാജ്യങ്ങളിലുമുള്ള പ്രവാസികള്‍ മുമ്പിലുണ്ടായിരുന്നു. കുടുംബത്തില്‍ സഹോദരങ്ങള്‍ക്കും മാതാ പിതാക്കള്‍ക്കും ഭൂമി പണയപ്പെടുത്തി കടമുണ്ടാകുമ്പോഴും പെണ്‍കുട്ടികളെ കെട്ടിക്കാന്‍ സമയമാവുമ്പോഴും കുടുംബത്തിന് അത്താണി ആയിരിക്കുന്നതും പ്രവാസികളായിരിക്കും. പ്രളയ കാലത്ത് ഭവനങ്ങള്‍ നിര്‍മ്മിക്കുന്ന പദ്ധകള്‍ക്ക് പ്രവാസികളുടെ സംഭാവനകള്‍ നിസ്തര്‍ക്കമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ആതുരസേവനങ്ങള്‍ക്കും അവര്‍ എക്കാലവും മുന്നില്‍ തന്നെയുണ്ടായിരുന്നു. പ്രിയപ്പെട്ടവര്‍ക്കും ബന്ധുജനങ്ങള്‍ക്കും പണം അയക്കുന്നതുമൂലം അവര്‍ സമ്പാദിച്ച വിദേശപ്പണം നാടിനും ഉപകാരപ്പെടുന്നു. വിദേശത്തുള്ള തൊഴിലില്‍നിന്നും ലഭിക്കുന്ന വേതനം മക്കളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും പ്രയോജനപ്പെടുന്നതിനു പുറമെ മിച്ചമുള്ള തുകകള്‍ അവര്‍ ഇന്ത്യയിലെ സേവിങ്‌സ് ബാങ്കിലും നിക്ഷേപിക്കുന്നു.

ധനം സമാഹരിക്കുംതോറും കുടുംബങ്ങളുടെ ജീവിത നിലവാരവും ഉയരുന്നു. അത് രാഷ്ട്രത്തിന്റെ സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകും. രാജ്യത്തേയ്ക്ക് പണം എത്തുംതോറും ഉപഭോഗ വസ്തുക്കള്‍ വാങ്ങാനുള്ള ശേഷി (ജൗൃരവമശെിഴ ുീംലൃ) വര്‍ദ്ധിക്കുകായും ചെയ്യും. വിദേശപ്പണം എത്തുന്നതോടെ ഇന്ത്യയുടെ അന്തര്‍ദേശീയ നിലയിലുള്ള ക്രെഡിറ്റ് റേറ്റ് (ഇൃലറശ േൃമലേ) നന്നാകുന്നു. അതുമൂലം ഇന്ത്യയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേള്‍ഡ് ബാങ്ക് കുറഞ്ഞ നിരക്കില്‍ വായ്പകള്‍ നല്‍കുകയും ചെയ്യുന്നു. വര്‍ഷംതോറും വിദേശപ്പണം പ്രവാസികള്‍ ഇന്ത്യയില്‍ നിക്ഷേപ്പിക്കുന്ന മൂലം ഇന്ത്യയുടെ ജിഡിപി 3% ശരാശരി വര്‍ദ്ധിക്കുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി ലോകത്തില്‍ ഏറ്റവും കൂടുതല്‍ എന്‍.ആര്‍.എ പണം ലഭിക്കുന്ന രാജ്യം ഇന്ത്യയാണ്. 1994 മുതല്‍ ഇന്ത്യയ്ക്ക് ആ പദവിയുണ്ട്. ഈജിപ്റ്റും ഫ്രാന്‍സും, ജര്‍മനിയും മെക്‌സിക്കോയും വിദേശപ്പണം ശേഖരിക്കുന്നതില്‍ ഇന്ത്യയുടെ താഴെ നില്‍ക്കുന്നു. ഇതിനിടയില്‍ മൂന്നു പ്രാവശ്യം മാത്രമേ കൂടുതല്‍ വിദേശപ്പണം സമാഹരിക്കുന്നതില്‍ നിന്നും ഇന്ത്യ പുറകോട്ടു പോയിട്ടുള്ളൂ. 1998ല്‍ ഫ്രാന്‍സ് ചെറിയ മാര്‍ജിനില്‍ ഇന്ത്യയേക്കാള്‍ കൂടുതല്‍ വിദേശപ്പണം നേടി. 2005ലും 2007ലും ചൈന ഇന്ത്യയെ കടത്തിവെട്ടി കൂടുതല്‍ പണം ശേഖരിച്ചിരുന്നു. അതിനുശേഷം പ്രവാസിപ്പണം ശേഖരിക്കുന്നതില്‍ ഇന്ത്യ എന്നും മുമ്പില്‍ തന്നെയായിരുന്നു. 2014ലെ കണക്കില്‍ ലോകത്തുള്ള എന്‍.ആര്‍.എ കളില്‍ മൊത്തം തുകയില്‍ 12.1 ശതമാനം വിദേശപ്പണം നേടിയത് ഇന്ത്യയായിരുന്നു. ഇന്ത്യയ്ക്ക് ലഭിക്കുന്ന പണം കൂടുതലും പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളായ യുണൈറ്റഡ് അറബ് രാജ്യങ്ങള്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. യു.എ.ഇ യില്‍ നിന്നുതന്നെ 12 .6 ബില്യണ്‍ ഡോളര്‍ ലഭിക്കുന്നു. സൗദി, അറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍ ബഹറിന്‍ നിന്ന് 37 ബില്യണ്‍ ഡോളറും നേടുന്നു. കൂടുതലും നിക്ഷേപങ്ങള്‍ വന്നെത്തുന്നത് പ്രവാസികളുടെ ബന്ധുക്കളുടെ പേരിലാണ്. എക്‌സ്‌ചേഞ്ച് റേറ്റ് (ഋഃരവമിഴല ൃമലേ) കൂടുന്ന സമയമെല്ലാം പ്രവാസികളുടെ കൂടുതല്‍ ഫണ്ടുകള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ എത്താറുണ്ട്.

പ്രവാസികളായ ഇന്ത്യക്കാര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും ഇന്ത്യ പുരോഗമിക്കണമെന്ന ലക്ഷ്യമാണുള്ളത്. പ്രധാനമന്ത്രി മോദി ഈ രണ്ടു ജനവിഭാഗങ്ങളും തമ്മില്‍ ഒരു ബന്ധം സ്ഥാപിക്കാനായും ശ്രമിക്കുന്നു. ലോക കറന്‍സിയുടെ മാനദണ്ഡം നിശ്ചയിക്കുന്നത് ഡോളറിലാണ്. കൂടുതല്‍ ഡോളര്‍ രാജ്യം നിക്ഷേപങ്ങളില്‍ക്കൂടി നേടുന്നതില്‍ക്കൂടി ഇന്ത്യന്‍ രൂപയുടെ വിലയെ നിയന്ത്രിക്കാനും സാധിക്കുന്നു. ക്രയവിക്രയങ്ങളില്‍ക്കൂടിയും നിക്ഷേപങ്ങളില്‍ക്കൂടിയും രാജ്യം ഡോളര്‍ സമാഹരിക്കുംതോറും ഇന്ത്യന്‍ കറന്‍സിയുടെ വിലയും ശക്തമായിരിക്കും. രാജ്യത്ത് വിലപ്പെരുപ്പവും നിയന്ത്രണത്തിലാവും. രൊക്കം പണം കൊടുത്തുള്ള ഇറക്കുമതികള്‍ക്കും ക്രയവിക്രയങ്ങള്‍ക്കുള്ള വിലപേശലുകള്‍ക്കും ഡോളര്‍ സഹായകമാവുകയും ചെയ്യും.

1990ല്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ കാലത്ത് ‘ഡോളര്‍’ അപര്യാപ്തത ഇന്ത്യയുടെ സാമ്പത്തിക മേഖലകളെ നന്നായി ബാധിച്ചിരുന്നു. അക്കാലത്തെ മാന്ദ്യത്തില്‍ ഇന്ത്യ സ്വര്‍ണ്ണം വിറ്റു ഡോളറാക്കിയ ചരിത്രവുമുണ്ട്. ഗുരുതരമായ സാമ്പത്തിക ദുരവസ്ഥകളില്‍ പ്രവാസി ലോകം നിക്ഷേപങ്ങള്‍ വഴി രാഷ്ട്രത്തെ സഹായിച്ചുകൊണ്ടുമിരുന്നു. അന്നുമുതല്‍ അത്തരമൊരു സ്ഥിതിവിശേഷം ഇനിമേല്‍ ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു. ഇന്ത്യയും പാക്കിസ്ഥാനുമായുള്ള കാര്‍ഗില്‍ യുദ്ധകാലങ്ങളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പ്രവാസികളില്‍നിന്നു നിക്ഷേപങ്ങളും മറ്റു സഹകരണങ്ങളും ലഭിച്ചിരുന്നു. വിദേശപ്പണങ്ങളുടെ മാനദണ്ഡമായ ഡോളറു കൊണ്ട് നമുക്ക് ഓയില്‍, മെഷിനറി, വെജിറ്റബിള്‍, മുതലായവ മറ്റു രാജ്യങ്ങളില്‍നിന്നും വാങ്ങേണ്ടിയിരുന്നു. അടിയന്തിരമായി രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നസങ്കീര്‍ണ്ണമായ കാലങ്ങളിലെല്ലാം ഇന്ത്യന്‍ പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക രക്ഷക്കായി മുമ്പോട്ട് വരുകയും ചെയ്തിട്ടുണ്ട്. വിദേശപ്പണം ലഭിക്കാന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ ഉദാരവല്‍ക്കരണം സഹായമായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സാമ്പത്തിക പരിഷ്‌ക്കരണം ഇന്ത്യയെ കടക്കെണിയില്‍നിന്നു കരകയറ്റി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യന്‍ കറന്‍സിയുടെ വിലയിടിയാനിടയായി. ആഗോള സാമ്പത്തിക മാന്ദ്യമായിരുന്നു കാരണം. അതുമൂലം ഓയിലിന്റെ വില ക്രമാധീതമായി വര്‍ദ്ധിച്ചു. ആഭ്യന്തര കലാപങ്ങള്‍മൂലം പ്രവാസി രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യം കുറയുമ്പോള്‍ അത് ഇന്ത്യന്‍ കറന്‍സിയെയും ബാധിക്കും. ഡോളര്‍ ആഗോള മാര്‍ക്കറ്റില്‍ ഇടിഞ്ഞാലും ഇന്ത്യന്‍ കറന്‍സിയുടെയും വിലയിടിയും. അതുമൂലം വിലയിടിവ് (റല്മഹൗമശേീി) കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലായി ഇന്ത്യന്‍ കറന്‍സിക്കും സംഭവിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അമേരിക്കയില്‍ ഗവണ്‍മെന്റ് പ്രവര്‍ത്തന രഹിതമായപ്പോള്‍ (‘ഷട്ട് ഡൌണ്‍’) അത് ആഗോള മാര്‍ക്കറ്റിനെയും ഇന്ത്യന്‍ കമ്പോള നിലവാരങ്ങളെയും ബാധിച്ചിരുന്നു.

പ്രവാസി ഇന്ത്യക്കാര്‍ ഇന്ത്യയുടെ വിദേശനയം രൂപീകരിക്കുന്നതിനും കാരണമാകുന്നു. പ്രവാസികളുടെ വിദേശങ്ങളിലുള്ള രാഷ്ട്രീയ സംഘടനകള്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇന്ത്യന്‍ വംശജര്‍ക്ക്, അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മുമ്പെങ്ങുമില്ലാത്തപോലെ ഇന്നു നല്ല സ്വാധീനവുമുണ്ട്. നിരവധി പേര്‍ അമേരിക്കന്‍ ഫെഡറല്‍ സിസ്റ്റത്തില്‍ ഉയര്‍ന്ന തസ്തികയില്‍ സേവനം ചെയ്യുന്നു. ഇന്ത്യന്‍ വംശജരായ സ്‌റ്റേറ്റ് സെനറ്റര്‍മാര്‍, ജഡ്ജിമാര്‍ വരെ അമേരിക്കന്‍ സംവിധാനങ്ങളുടെ ഭാഗമായിരിക്കുന്നു. അങ്ങനെ പ്രവാസികള്‍മൂലം അമേരിക്കയും ഇന്ത്യയും തമ്മില്‍ സുദൃഢമായ ഒരു ബന്ധം സ്ഥാപിക്കാനുള്ള അവസരങ്ങള്‍ വന്നുചേര്‍ന്നിട്ടുണ്ട്.

പ്രവാസികള്‍ രാജ്യമൊന്നാകെ ‘ടുറിസം’ വ്യവസായ വികസനത്തിന് സഹായിക്കുന്നു. നിരവധി വിദേശത്തു താമസിക്കുന്ന സ്ഥിരതാമസക്കാര്‍ തങ്ങളുടെ ബന്ധു ജനങ്ങളും സുഹൃത്തുക്കളുമൊത്ത് ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. അവരുമൊത്ത് വിവാഹാഘോഷങ്ങളില്‍ പങ്കുചേരാറുണ്ട്. ഇന്ത്യ മുഴുവന്‍ വിനോദ യാത്ര നടത്തുകയും ഡോളര്‍ രാജ്യത്ത് കൊണ്ടു വരുകയും ചിലവഴിക്കുകയും ചെയ്യുന്നു. അങ്ങനെ, പ്രവാസികള്‍ ഇന്ത്യയുടെ ടൂറിസം വ്യവസായവല്‍ക്കരണത്തിനും വികസനത്തിനും കാരണമാകുന്നു. അതുവഴി വിദേശപ്പണവും ഇന്ത്യയിലെത്തുന്നു.

പ്രവാസികളില്‍ അനേകമാളുകള്‍ മടങ്ങി വന്നു ഇന്ത്യയില്‍ പുതിയ വ്യവസായങ്ങളും മറ്റു സംരംഭങ്ങളും ആരംഭിക്കുന്നു. കൂടാതെ ഇന്ത്യയും അമേരിക്കയുമായുള്ള കോര്‍പ്പറേറ്റ് ബന്ധങ്ങള്‍ക്ക് പ്രവാസികള്‍ കണ്ണികളായി പ്രവര്‍ത്തിക്കുന്നുമുണ്ട്. പ്രവാസികള്‍ക്ക് ഭാവിയിലും തങ്ങളുടെ പ്രവര്‍ത്തന മണ്ഡലങ്ങളില്‍ക്കൂടി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഉദാഹരണമായി രണ്ടുലക്ഷം പ്രവാസികളോളം കഴിഞ്ഞ വര്‍ഷങ്ങളില്‍ ജോലിയില്‍ നിന്നും വിരമിച്ചിട്ടുണ്ട്. അവരില്‍ അനേകര്‍ ടൂറിസ്റ്റ് വ്യവസായങ്ങള്‍ തുടങ്ങാനാഗ്രഹിക്കുന്നു. ‘ടുറിസം’ എന്നുള്ളത് ഇന്ത്യയെ സംബന്ധിച്ച് കോടിക്കണക്കിനുള്ള ഡോളറിന്റെ ആദായ മാര്‍ഗമായ വ്യവസായമാണ്. ടുറിസം വ്യവസായങ്ങള്‍ പരിപോഷിപ്പിക്കാന്‍ ഇന്ത്യ എയര്‍പോര്‍ട്ടില്‍ നിന്നും ബസ് യാത്ര സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കേണ്ടതായുണ്ട്. വിദേശികള്‍ക്ക് സൗകര്യപ്രദമായ 34 സ്റ്റാര്‍ ഹോട്ടലുകളും നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. പരസ്പ്പരം സിറ്റികള്‍ ബന്ധിച്ചുള്ള വിമാന സര്‍വീസുകളും തുടങ്ങേണ്ടതായുണ്ട്.

വിദേശത്തു താമസിക്കുന്നവരില്‍ ജോലിയില്‍നിന്നും വിരമിച്ച ഇരുപത്തി അയ്യായിരത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അദ്ധ്യാപകരുമുണ്ട്. പ്രവാസികളായ സാമ്പത്തിക വിദഗ്ദ്ധരുടെയും എംബിഎ ക്കാരുടെയും സേവനങ്ങള്‍ രാഷ്ട്രത്തിന് പ്രയോജനപ്പെടുത്തുകയുമാവാം. നിരവധിപേര്‍ വോളന്റീയര്‍ ജോലിക്കും തയ്യാറായി നില്‍ക്കുന്നു. വിദേശത്തു നേടിയ അവരുടെ വൈദഗ്ദ്ധ്യം നാടിനുപകാരപ്പെടുകയും ചെയ്യും. ഇന്ത്യയിലെ പ്രൊഫഷണല്‍ സ്‌കൂളുകളിലും ലബോറട്ടറികളിലും വോളന്റീയറായി പ്രവര്‍ത്തിക്കാനും സാധിക്കുന്നു. ഇത്തരം പ്രവാസികളെക്കൊണ്ട് പ്രയോജനപ്രദമായ കാര്യങ്ങള്‍ നാളിതുവരെ സര്‍ക്കാര്‍ തലങ്ങളില്‍ ചിന്തിച്ചിട്ടുണ്ടായിരിക്കില്ല. െ്രെപവറ്റ് കൊളേജുകള്‍ക്ക് ശാസ്ത്ര വിജ്ഞാനികളായ ഗവേഷകരുടെ സേവനം ലഭിക്കാനും സാധിക്കും. അമേരിക്കയില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നും ‘ഗസ്റ്റ് അദ്ധ്യാപകര്‍’ എത്താറുണ്ട്. അതുപോലുള്ള സംവിധാനങ്ങള്‍ ഇന്ത്യയിലും നടപ്പായാല്‍ വിദ്യാഭ്യാസ നിലവാരത്തിനും മാറ്റങ്ങളുണ്ടാവാം. ഇന്ത്യയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അത്തരം ഒരു ഉദ്യമത്തിന് പ്രോത്സാഹനം നല്‍കില്ല. ‘വിദേശം’ എന്നു കേള്‍ക്കുന്നത് പലതും കൈപ്പാണെന്നുള്ള മനോഭാവമാണ് അതിനു കാരണം. ഇന്ത്യയിലെ പിന്തിരിപ്പന്‍ നയങ്ങളും ചിന്തകളും മാറ്റപ്പെട്ടാല്‍ പുത്തനായ ഒരു ബൗദ്ധിക സംസ്‌ക്കാരം രാജ്യത്തിനുള്ളില്‍ നടപ്പാക്കാന്‍ സാധിക്കുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്.

ഇന്ത്യയുടെ സാംസ്‌ക്കാരിക ജീവിതവും ചരിത്രവും വേദപാരമ്പര്യ നേട്ടങ്ങളും പുറം ലോകത്തെ മനസിലാക്കുന്നതു പ്രവാസികളാണ്. പ്രവാസി ഇന്ത്യക്കാരും അമേരിക്കയിലെ വെളുത്തവരും കറുത്തവരുമായുള്ള വിവാഹങ്ങള്‍ അമ്പലങ്ങളിലും പള്ളികളിലുംവെച്ച് നടത്തുന്നതും പതിവാണ്. ഇവിടെ രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള ഒത്തുചേരലില്‍ക്കൂടി രാജ്യത്തിന്റെ മഹത്വവും ഉയരുന്നു. അമേരിക്കന്‍ ജനതയ്ക്ക് ഇന്ത്യന്‍ സംസ്‌ക്കാരത്തെപ്പറ്റി പഠിക്കാന്‍ തീക്ഷ്ണമായ ആഗ്രഹങ്ങളുണ്ട്. പ്രവാസികള്‍ അവരെ വീടുകളില്‍ ക്ഷണിച്ച് നമ്മെത്തന്നെ പരിചയപ്പെടുത്തുന്നു. അങ്ങനെ രണ്ടു ജനതകള്‍ തമ്മില്‍ പരസ്പ്പരം അറിയുകയും മനസിലാക്കുകയും ചെയ്യുന്നു. അമേരിക്കയില്‍ ഇന്ന് ഓരോ പട്ടണ പ്രദേശങ്ങളിലും ഇന്ത്യന്‍ അമ്പലങ്ങള്‍ കാണാം. വിവിധ സംസ്‌കാരങ്ങളുള്‍പ്പെട്ട ജനവിഭാഗങ്ങളുടെ നിരവധി ഭാരതീയമായ കലാ സാംസ്‌ക്കാരിക നിലയങ്ങളും ദൃശ്യമാണ്. ഭരതനാട്യവും കൂത്തും കര്‍ണ്ണാട്ടിക് സംഗീതവും അമേരിക്കന്‍ ജനതയ്ക്കും പ്രിയങ്കരമാണ്. കേരളത്തിലെ തനതായ സാംസ്‌ക്കാരിക കലയായ കഥകളിയിലും അവര്‍ ആകൃഷ്ടരാണ്.പ്രവാസികള്‍ കൊണ്ടുവന്ന യോഗയും അമേരിക്കക്കാര്‍ അഭ്യസിക്കുന്നു.

വിദേശ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്നവരെ സഹായിക്കാന്‍ സര്‍ക്കാര്‍, നിരവധി പ്രോത്സാഹനങ്ങളും നല്‍കാറുണ്ട്. ഇന്ത്യയില്‍ വ്യവസായങ്ങള്‍ക്ക് മൂലധനം ഒഴുകാന്‍ വേണ്ടി പ്രവാസികള്‍ക്കു തങ്ങളുടെ ജോലി ചെയ്യുന്ന രാജ്യത്തിലെ കറന്‍സിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കുന്നു. ലൈഫ് ടൈം വിസ നടപ്പാക്കിയത് നരേന്ദ മോദിജി ഭരണമാണ്. പ്രവാസികള്‍ക്ക് ഇന്ത്യയില്‍ താമസിക്കുന്ന കാലത്ത് മുന്‍കാലങ്ങളില്‍ പോലീസ് സ്‌റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമായിരുന്നു. പുതിയ നിയമം അനുസരിച്ച് അങ്ങനെയൊരു ബാധ്യത മോദി സര്‍ക്കാര്‍ എടുത്തുകളഞ്ഞു. വിദേശത്തു ജോലിചെയ്തു താമസിക്കുന്നവര്‍ മടങ്ങിവരുമ്പോള്‍ സ്വന്തം രാജ്യത്ത് വേണ്ട അംഗീകാരം നല്‍കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇരട്ട പൗരത്വവും പുതിയ ഭരണകൂടത്തിന്റെ നയപരിപാടികളില്‍പ്പെട്ടതാണ്.

പ്രവാസികള്‍ ഇന്ത്യയില്‍ വസ്തു വകകള്‍ മേടിക്കുമ്പോള്‍ പലപ്പോഴും പ്രശ്‌നങ്ങളെ നേരിടേണ്ടി വന്നിട്ടുണ്ട്. പടിഞ്ഞാറും അമേരിക്കയിലും കാനഡയിലും വസ്തുക്കള്‍ മേടിച്ചാല്‍ വലിയ പ്രശ്‌നങ്ങളെ നേരിടേണ്ടി വരില്ല. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് വസ്തു ക്രയവിക്രയം സംബന്ധിച്ച കാര്യങ്ങള്‍ വ്യത്യസ്തമാണ്. വിദേശത്തു താമസിക്കുന്നവരുടെ പാരമ്പര്യമായ സ്വത്തുക്കള്‍ ബന്ധുജനങ്ങള്‍ വ്യാജരേഖകളുണ്ടാക്കി കൈവശപ്പെടുത്താറുമുണ്ട്. അവരുടെ സ്വാധീനത്തിന്റെ പേരില്‍ സ്ഥലത്തെ ഉദ്യോഗസ്ഥരുമായി പലപ്പോഴും ശണ്ഠ കൂടേണ്ടിയും വരുന്നു. പ്രവാസികളുടെ ഇന്ത്യയിലുള്ള സ്വത്തുക്കളില്‍ പുതിയ സര്‍ക്കാര്‍ ഗൗരവപൂര്‍വം കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ടതായുമുണ്ട്‌


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top