Flash News

പ്രളയപ്രകൃതിദുരന്തത്തിന്റെ മറവില്‍ പശ്ചിമഘട്ടജനതയെ ആക്ഷേപിക്കുന്നത് അവസാനിപ്പിക്കണം: ഇന്‍ഫാം

August 17, 2019 , .

Newsimg1_77358476കോട്ടയം: പ്രളയപ്രകൃതിദുരന്തങ്ങള്‍ മൂലം മലയോരജനതയും കര്‍ഷകസമൂഹവും വന്‍ പ്രതിസന്ധിയെ നേരിടുമ്പോള്‍ സഹായിക്കുന്നതിനുപകരം ചിലകേന്ദ്രങ്ങള്‍ പശ്ചിമഘട്ടജനതയെയൊന്നാകെ നിരന്തരം ആക്ഷേപിക്കുന്നത് ദുഃഖകരമാണെന്നും ഇതവസാനിപ്പിക്കണമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.
പശ്ചിമഘട്ടത്തിലെ ക്വാറികളും ഖനനങ്ങളും കര്‍ഷകരുടേതല്ല. ഇതനുവദിക്കുന്നതും സംരക്ഷിക്കുന്നതും സര്‍ക്കാരും രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരുമാണ്. അനധികൃത ക്വാറികള്‍ക്ക് ഒത്താശചെയ്യുന്നതും ഇക്കൂട്ടരാണ്. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാത്തതുകൊണ്ടാണ് ഉരുള്‍പൊട്ടലുണ്ടാകുന്നതെന്നും കര്‍ഷകര്‍ ഭൂമി ദുരുപയോഗം ചെയ്‌തെന്നുമുള്ള രീതിയില്‍ വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്ന പരിസ്ഥിതി മൗലികവാദികളും പരിസ്ഥിതി സംഘടനകളും ഇതിന്റെ പങ്കുപറ്റുന്ന ചില ഗാഡ്ഗില്‍ സ്‌നേഹികളും ഇപ്പോള്‍ നടത്തുന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതവും അനവസരത്തിലുമാണ്.
പശ്ചിമഘട്ടത്തുമാത്രമല്ല, നഗരങ്ങളിലും പരിസ്ഥിതി സംരക്ഷിക്കപ്പെടണം. ചതുപ്പുനിലങ്ങള്‍ മണ്ണിട്ട് നികത്തി മണിമാളികകളും സൗധങ്ങളും നിര്‍മ്മിച്ച് ശീതികരിച്ച മുറിയിലിരുന്ന് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ചാനല്‍ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്ക് പശ്ചിമഘട്ടത്തിലെ കര്‍ഷകരെ ആക്ഷേപിക്കുവാന്‍ അവകാശമില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വളരെ മഹത്തരമെങ്കില്‍ പശ്ചിമഘട്ടത്തുമാത്രമല്ല, രാജ്യം മുഴുവനും നടപ്പിലാക്കുവാനുള്ള ആര്‍ജ്ജവമാണ് ഇക്കൂട്ടര്‍ കാണിക്കേണ്ടത്. പശ്ചിമഘട്ടത്തിലെ കയ്യേറ്റങ്ങള്‍ നഗരങ്ങളിലെ വമ്പന്മാരുടേതാണ്. രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ഇതില്‍ പങ്കാളികളുമാണ്. ഇവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ സാധിക്കാത്ത ജനപ്രതിനിധികളും ഉദ്യോഗസ്ഥ അധികാരകേന്ദ്രങ്ങളും ജീവിത പ്രതിസന്ധിയിലായിരിക്കുന്ന മലയോരങ്ങളിലെ കര്‍ഷകരുടെമേല്‍ പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുന്നത് വിലപ്പോവില്ല.

പശ്ചിമഘട്ടത്തുള്ള ചെറുതും വലുതുമായ നൂറോളം അണക്കെട്ടുകള്‍ പരിസ്ഥിതിസംരക്ഷണത്തിനായി വെള്ളം കെട്ടിനിര്‍ത്താതെ പൊളിച്ചുമാറ്റുവാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുമോ? പശ്ചിമഘട്ട മലനിരകളെ തുരന്ന് കൊങ്കണ്‍ റെയില്‍വേ പാത നിര്‍മ്മിച്ചപ്പോള്‍ ഈ പരിസ്ഥിതി സ്‌നേഹികള്‍ എവിടെപ്പോയിരുന്നു? നിരവധി ഡാമുകളുള്ള ഇടുക്കി ജില്ലയുടെ അന്തര്‍ഭാഗം കണികാപരീക്ഷണത്തിന് ടണലുകള്‍ നിര്‍മ്മിക്കാനും പാറതുരക്കാനും അംഗീകാരം നല്‍കിയത് ഗാഡ്ഗില്‍ സമിതിയെ നിയോഗിച്ച സര്‍ക്കാരാണെന്നുള്ളത് മറക്കരുത്. ഇതിനായി പരിസ്ഥിതി ആഘാതപഠനം നടത്തി കോടികള്‍ നേടിയത് ഗാഡ്ഗില്‍ സമിതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച പരിസ്ഥിതിസംഘടനയാണെന്നുള്ളത് പൊതുസമൂഹം അറിഞ്ഞിരിക്കണം.
സ്വയം ജീവിക്കാനും അനേകായിരങ്ങള്‍ക്ക് ഭക്ഷണമേകുന്നതിനുമായി പ്രളയത്തെയും പ്രകൃതിദുരന്തത്തെയും വന്യമൃഗങ്ങളെയും നേരിട്ട് ജീവിതവും ജീവനും സ്വയം ഹോമിക്കുന്ന മലയോരമേഖലയിലെ കര്‍ഷകനെ എല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിലും നിരന്തരം ആക്ഷേപിക്കുന്ന കപടപരിസ്ഥിതിവാദികളുടെ തനിനിറം പൊതുസമൂഹം തിരിച്ചറിഞ്ഞ് പ്രതികരിക്കണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

 

ഫാ.ആന്റണി കൊഴുവനാല്‍
ജനറല്‍ സെക്രട്ടറി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top