Flash News

അയോധ്യ മുതല്‍ ശബരിമല വരെ (ലേഖനം): അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

November 15, 2019 , അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

Ayodhya muthalരാജ്യമാകെ ഉത്ക്കണ്ഠയോടും ലോകമാകെ അതിശയത്തോടും ഇന്ത്യന്‍ സുപ്രിം കോടതിയിലേക്ക് ഉറ്റുനോക്കിയ ഒരു വാരമാണ് കടന്നുപോയത്. നവംബര്‍ 9ന് അയോധ്യയിലെ തര്‍ക്കഭൂമി സംബന്ധിച്ച കേസിലെ വിധിപ്രസ്താവത്തോടെ അതിനു തുടക്കമായി. ശബരിമല കേസിലെ വിധി വിശാലബഞ്ചിന് സമര്‍പ്പിച്ചും റഫാല്‍ വിമാന ഇടപാടില്‍ അന്വേഷണം വേണ്ടെന്ന മുന്‍ നിലപാട് ആവര്‍ത്തിച്ചും വ്യാഴാഴ്ച അത് ഉച്ചസ്ഥായിയിലെത്തി.

കര്‍ണാടകയിലെ വിമത എം.എല്‍.എമാരുടെ കൂറുമാറ്റം സംബന്ധിച്ച സ്പീക്കറുടെ തീരുമാനം ഭാഗികമായി ശരിവെച്ചും ചീഫ് ജസ്റ്റിസിന്റെ ഓഫീസുകൂടി ആര്‍.ടി.ഐ നിയമത്തിന്റെ പരിധിയിലേക്ക് വിട്ടുകൊണ്ടും വ്യാപക രാഷ്ട്രീയ മാനങ്ങളുള്ള തീര്‍പ്പുകളും ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുണ്ടായി.

Photo1ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പോക്കില്‍ അതിനിര്‍ണ്ണായകമായ വഴിത്തിരിവു സൃഷ്ടിച്ചു ഈ വിധിപ്രസ്താവങ്ങള്‍. അതില്‍ ആശങ്ക പങ്കുവെക്കുന്നവരുണ്ട്. ഏതായാലും അതിനുപിറകെയാണ് മറ്റൊരു ചീഫ് ജസ്റ്റിസും നിര്‍വ്വഹിച്ചിട്ടില്ലാത്ത ദൗത്യം പൂര്‍ത്തിയാക്കി അത്യുന്നത നീതിപീഠത്തിന്റെ നേതൃപദവിയില്‍നിന്ന് രഞ്ജന്‍ ഗൊഗോയ് ശനിയാഴ്ച വിട പറയുന്നത്.

ഈ കേസുകളില്‍ അയോധ്യാ കേസും ശബരിമല കേസും മതവും വിശ്വാസവും ആചാരവും ഒരുവശത്തും ഭരണഘടന മറുവശത്തും നിലകൊള്ളുന്നു. അയോധ്യ കേസില്‍ ഹിന്ദു വിശ്വാസികളും മുസ്ലിം വിശ്വാസികളും തമ്മിലുള്ള തര്‍ക്കപ്രശ്‌നമാണെങ്കില്‍ ശബരിമലയില്‍ ഹിന്ദുവിഭാഗത്തിലെ ആചാരവും ഭരണഘടനാപരമായ ലിംഗതുല്യതയും സംബ്ന്ധിച്ച തര്‍ക്കമാണ് മൂര്‍ച്ഛിച്ചത്. ഇതില്‍ തീര്‍പ്പു കല്പിക്കുന്നതിന്റെ സങ്കീര്‍ണ്ണതയും വിശ്വാസ്യതയും പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.

എങ്കിലും ആശങ്കകളും വിയോജിപ്പും മറച്ചുപിടിക്കാതെതന്നെ ഭരണഘടനയുടെയും ഉന്നത നീതിപീഠത്തിന്റെയും വിശ്വാസ്യതയും ചൈതന്യവും അംഗീകരിക്കാനും സമാധാനവും മതമൈത്രിയും നിലനിര്‍ത്താനും ഇന്ത്യ ലോകത്തിന് മാതൃക കാട്ടി. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ നീതിന്യായ ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ പരീക്ഷണഘട്ടത്തെ ഏറ്റവും സംക്ഷിപ്തമായി ഇങ്ങനെയേ കുറിക്കാനാകൂ.

അയോധ്യാവിധി വരുന്നതിനു മുമ്പുതന്നെ വിധി എന്തായാലും അംഗീകരിക്കണമെന്ന അഭിപ്രായം രാജ്യത്താകെ ഉയര്‍ന്നിരുന്നു. മതനിരപേക്ഷതയേയും ഭരണഘടനയെ തന്നെയും തകര്‍ക്കുന്ന നീക്കങ്ങള്‍ ഭരണഘടനാ സ്ഥാപനങ്ങളില്‍നിന്നും ഭരണകക്ഷിയെ പിന്താങ്ങുന്നവരില്‍നിന്നും ആസൂത്രിതമായി ഉണ്ടായപ്പോള്‍. ഈ സമ്മര്‍ദ്ദപശ്ചാത്തലത്തിലും അയോധ്യാകേസ് സംബന്ധിച്ച ബഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായി വിധി അംഗീകരിച്ചത് രാജ്യത്തിന്റെ ഐക്യവും ഭരണഘടനയും സമാധാനവും ഉറപ്പിക്കുന്നതായി. നൂറുകണക്കില്‍ കുടുംബങ്ങളും ആയിരക്കണക്കില്‍ നിരപരാധികളും വര്‍ഗീയ ആക്രമണത്തിന്റെയും കലാപത്തിന്റെയും പേരില്‍ കൊല്ലപ്പെട്ടിട്ടും.

പാനിപ്പറ്റ് യുദ്ധ വിജയത്തെതുടര്‍ന്ന് 1528ല്‍ ബാബര്‍ പണിയിച്ച അയോധ്യയിലെ ബാബ്‌റി മസ്ജിദിനെക്കുറിച്ച് ഹിന്ദുത്വ ശക്തികള്‍ ഇക്കാലമത്രയും പ്രചരിപ്പിച്ച വാദങ്ങളെല്ലാം ഭൂരിപക്ഷ സമുദായത്തില്‍നിന്നു നാലുപേരും ന്യൂനപക്ഷ സമുദായത്തില്‍നിന്ന് ഒരാളും ഉള്‍പ്പെട്ട ഭരണഘടനാ ബഞ്ച് തള്ളി. ശ്രീരാമക്ഷേത്രം പൊളിച്ച് പള്ളി പണിതെന്നും അത് രാമന്റെ ജന്മസ്ഥാനത്തിനു മുകളിലാണെന്നും 1949 ല്‍ പള്ളിക്കകത്തുനിന്ന് വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നും മറ്റുമുള്ള വാദങ്ങള്‍. ഇവയ്ക്ക് ശാസ്ത്രീയമായ തെളിവുകളില്ലെന്ന് വിധിയില്‍ പറഞ്ഞു. അതേസമയം രാമന്റെ ജന്മസ്ഥലമാണ് അയോധ്യ എന്ന നിലയില്‍ ഹിന്ദുക്കള്‍ പതിറ്റാണ്ടുകളായി അവിടെ ആരാധന നടത്തിയിരുന്നു എന്നത് കോടതി അംഗീകരിച്ചു. എന്നാല്‍ ബാബ്‌റി മസ്ജിദില്‍ വിഗ്രഹങ്ങള്‍ വെച്ചതും പള്ളിതന്നെ തകര്‍ത്തതും ഹീനമായ നിയമലംഘനമായി വിധി കുറ്റപ്പെടുത്തി.

എന്നിട്ടും അതേ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാമെന്ന് ഏകകണ്ഠമായി ഭരണഘടനാ ബഞ്ച് തീരുമാനിച്ചു. ക്ഷേത്ര നിര്‍മ്മാണത്തിന് മൂന്നുമാസത്തിനകം ട്രസ്റ്റ് നിര്‍മ്മിക്കാന്‍ കേന്ദ്ര ഗവണ്മെന്റിനോടും ആവശ്യപ്പെട്ടു. പള്ളി പണിയാന്‍ മുസ്ലിംങ്ങള്‍ക്ക് അയോധ്യയില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നും.

പള്ളി തകര്‍ത്തവര്‍ക്ക് തര്‍ക്കസ്ഥലം ക്ഷേത്ര നിര്‍മ്മാണത്തിനായി വിട്ടുകൊടുത്തതും പള്ളി തകര്‍ക്കുന്നതിലേക്കു നയിച്ച രഥയാത്രയുടെ സംഘാടകരില്‍ ഒരാളായിരുന്ന നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രഗവണ്മെന്റിനെ ക്ഷേത്രം പണിയുന്നതിനുള്ള ട്രസ്റ്റു രൂപീകരിക്കാന്‍ ചുമതലപ്പെടുത്തിയതും ന്യൂനപക്ഷ വിഭാഗങ്ങളെ മാത്രമല്ല വേദനിപ്പിച്ചിട്ടുള്ളത്. മുന്‍ സുപ്രിംകോടതി ജഡ്ജിമാരായ എ.കെ ഗാംഗുലി, മാര്‍ക്കണ്‌ഡെയ കട്ജു തുടങ്ങിയവര്‍ ഇതിനെതിരെ ശക്തമായ ചോദ്യങ്ങളുയര്‍ത്തിയിട്ടുണ്ട്.

ഇത് ഹിന്ദുത്വ രാഷ്ട്രീയത്തിനും പ്രധാനമന്ത്രി മോദിയുടെ വര്‍ഗീയ- രാഷ്ട്രീയ അജണ്ടയ്ക്കും അനുകൂലമായ വിധിയാണെന്ന് മാധ്യമങ്ങളും വിമര്‍ശിക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ ഉന്നത നീതിപീഠ വിധികളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അമേരിക്കന്‍ പത്രങ്ങളായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയവ ഹിന്ദു ദേശീയവാദികള്‍ക്ക് അനുകൂലമായി വിധിയെന്ന് വിമര്‍ശിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ട് തെളിവായി സ്വീകരിച്ച വിധി ഭൂമിതര്‍ക്കത്തിന്റെ പരിധിവിട്ടാണ് തീരുമാനം എടുത്തതെന്നും പല പാശ്ചാത്യ പത്രങ്ങളും പ്രത്യേകം ചൂണ്ടിക്കാട്ടി. ബാബ്‌റി പള്ളി നിലനിന്നേടത്താണ് ഹിന്ദുക്കള്‍ക്ക് ക്ഷേത്രനിര്‍മ്മിക്കാന്‍ അനുമതി നല്‍കിയതെന്നും.

ഹിന്ദുത്വ തീവ്രവാദികള്‍ക്കു മുമ്പില്‍ തങ്ങള്‍ രണ്ടാംതരം പൗരന്മാരായി മാറുമെന്ന് ഇന്ത്യയിലെ പല മുസ്ലിംങ്ങളും ഭയപ്പെടുന്നതായി ‘ന്യൂയോര്‍ക്ക് ടൈംസ്’ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതികരണവും പത്രം ഉദ്ധരിച്ചു: ഒന്നിക്കുക, സഹകരിക്കുക, ഒന്നിച്ചുജീവിക്കുക എന്നതാണ് വിധിയുടെ സന്ദേശം. പുതിയ ഇന്ത്യയില്‍ ഭയത്തിനോ ശത്രുതയ്‌ക്കോ നിഷേധാത്മകതയ്‌ക്കോ സ്ഥാനമില്ല.

ഇത് ആരുടെയും ജയമോ തോല്‍വിയോ അല്ലെന്നും ബന്ധപ്പെട്ട ഭിന്നതകളെല്ലാം അവസാനിക്കണമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പ്രതികരിച്ചു. ആര്‍.എസ്.എസ് സമരസംഘടനയല്ലെന്നു പറഞ്ഞ സര്‍ സംഘ് ചാലക് കാശിയും മധുരയുമെന്ന ലക്ഷ്യത്തെക്കുറിച്ചു മൗനംപൂണ്ടു.

ദേശീയതലത്തില്‍ അറിയപ്പെടുന്ന സിദ്ധാര്‍ത്ഥ് ഭാട്ട്യയെപ്പോലുള്ള പത്രപ്രവര്‍ത്തകര്‍ ഹിന്ദുത്വശക്തികളുടെ അനുരഞ്ജന മനോഭാവത്തെ തുറന്നുകാട്ടി: ഭൂരിപക്ഷത്തിന് എതിരായിരുന്നു വിധിയെങ്കില്‍ ദേശീയ അനുരഞ്ജനം അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമായിരുന്നില്ല. ലക്ഷക്കണക്കിനാളുകളെ പൗരത്വരഹിതരായി മാറ്റിയശേഷം അഞ്ചേക്കര്‍ ഭൂമി അവര്‍ക്ക് ഭൂരിപക്ഷം സമ്മാനമായി നല്‍കുന്ന നിലയാണ് അവര്‍ക്കുണ്ടായിരിക്കുന്നത്. അനുരഞ്ജനവും പ്രായശ്ചിത്വവുംകൂടി വരുമ്പോഴേ ശരിയായ സാന്ത്വനമുണ്ടാകൂ എന്ന് സിദ്ധാര്‍ത്ഥ് ഭാട്ടിയ പറഞ്ഞു.

ലോകപ്രശസ്തമായ ഫ്രഞ്ച് പത്രം ‘ലെമോന്‍ഡി’ മതവും രാഷ്ട്രീയവും ചേര്‍ന്നതാണ് സുപ്രിംകോടതി ഭരണഘടനാ ബഞ്ചിന്റെ അയോധ്യാ വിധിയെന്നാണ് വിലയിരുത്തിയത്.

അയോധ്യാ വിധിയില്‍നിന്ന് ശബരിമല വിധിയിലേക്കെത്തുമ്പോള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാകുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു പകരം വന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും നേരത്തെ ഭൂരിപക്ഷ വിധിക്കൊപ്പം നിന്ന ജസ്റ്റിസ് എ.എന്‍ ഖാന്‍വില്‍ക്കറും അന്നു ന്യൂനപക്ഷ വിധിയെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും യുവതീപ്രവേശം വിശാല ഭരണഘടനാബഞ്ചിനു വിടുന്നു. ആ തീര്‍പ്പിനെതിരെ അതിശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി നേരത്തെ ഭൂരിപക്ഷ വിധിയെഴുതിയ ജസ്റ്റിസുമാരായ ചന്ദ്രചൂഡും നരിമാനും ചീഫ് ജസ്റ്റിസിന്റെ വിധിക്കെതിരെ ശക്തമായി പ്രതികരിക്കുന്നു. ശബരിമല വിഷയത്തെ മറ്റു മതങ്ങളിലെ വിഷയങ്ങളുമായി ബന്ധപ്പെടുത്തുന്നതിനെ അദ്ദേഹം ചോദ്യം ചെയ്യുന്നു. ശബരിമല പ്രക്ഷോഭങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച ചന്ദ്രചൂഡ് സംഘടിത സമ്മര്‍ദ്ദങ്ങളിലൂടെ കോടതിവിധികളെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്നും വ്യക്തമാക്കുന്നു.

അഞ്ചംഗ ഭരണഘടനാ ബഞ്ചിനുതന്നെ കേസില്‍ തീര്‍പ്പുകല്പിക്കാമായിരുന്നെന്നും വിശാല ബഞ്ചിനു വിടേണ്ട കാര്യമില്ലെന്നുമാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ച് ഒരിക്കല്‍ നിയമം വ്യാഖ്യാനിച്ചുകഴിഞ്ഞാല്‍ അത് അംഗീകരിക്കാനുള്ള ബാധ്യത നിയമനിര്‍മ്മാണസഭയ്ക്കും എക്‌സിക്യൂട്ടീവിനുമുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

പൊതു സമൂഹത്തില്‍ ആത്മവിശ്വാസം പകര്‍ത്താന്‍ വിശാലബഞ്ച് കേസ് പരിഗണിക്കേണ്ടത് അനിവാര്യമാണെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആചാരങ്ങളെ നിഷേധിക്കുന്നതിനെ ചോദ്യം ചെയ്യുന്നതാണ് ബഞ്ചിനു മുമ്പില്‍വന്ന പുനപരിശോധനാ ഹര്‍ജികളില്‍ പലതും. ഇത് മുസ്ലിം പള്ളി പ്രവേശനത്തിലും പാഴ്‌സികളുടെ കാര്യത്തിലും ദാവൂദിബോറ മുസ്ലിംങ്ങളുടെ കാര്യത്തിലും നിലനില്‍ക്കുന്ന അതേ ആശങ്കകളാണ്. അതുകൊണ്ട് വിശാലബഞ്ച് പരിഗണിക്കേണ്ട ഏഴ് വിഷയങ്ങള്‍ ഭൂരിപക്ഷവിധിയുടെ ഭാഗമായി അദ്ദേഹം മുന്നോട്ടുവെച്ചു.

ഭരണഘടനയിലെ മതസ്വാതന്ത്ര്യവും മൗലികാവകാശവും സംനബ്ധിച്ച വകുപ്പുകള്‍ തമ്മിലുള്ള ബന്ധം, അതില്‍തന്നെ ക്രമസമാധാനം, ധാര്‍മ്മികത എന്നീ പ്രയോഗത്തിന്റെ വ്യാപ്തി, ധാര്‍മ്മികത – ഭരണഘടനാ ധാര്‍മ്മികത, മതവിശ്വാസം സംബന്ധിച്ചതോ മൊത്തത്തിലുള്ള ധാര്‍മ്മികതയോ എന്നത്, ആചാരവും മതവുമായുള്ള ബന്ധം, അതില്‍ കോടതിക്ക് ഇടപെടാവുന്ന പരിധി, മതമേധാവികള്‍ക്ക് വിട്ടുകൊടുക്കണോ എന്നത്, ഹൈന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം, മതാചാരങ്ങള്‍ക്ക് 26-ാം വകുപ്പിന്റെ സംരക്ഷയുണ്ടോ എന്ന പ്രശ്‌നം. മതപരമായ ആചാരത്തെ മതത്തിനു പുറത്തുനിന്നുള്ള വ്യക്തികള്‍ ചോദ്യംചെയ്യുന്നത് അനുവദിക്കാമോ എന്ന ചോദ്യവും.

ഈ പൊതു പ്രശ്‌നങ്ങള്‍ക്കു പുറമെ മറ്റൊന്നുകൂടി. ശബരിമലകേസില്‍ മാത്രമായി 1965ലെ കേരളാ പൊതു ആരാധനാ സ്ഥല ചട്ടങ്ങള്‍ (പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട്) ശബരിമല ക്ഷേത്രത്തിനു ബാധകമാണോ എന്ന വിഷയവും വിശാലകോടതിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

വിയോജിപ്പോടെയാണെങ്കിലും ശബരിമലപ്രശ്‌നം വിശാലബഞ്ചിനു മുമ്പിലേക്ക് എത്തിക്കുന്നതുകൊണ്ട് സംയമനത്തോടും പക്വതയോടുംകൂടി കേരളം അന്തിമവിധിവരെ ക്ഷമാപൂര്‍വ്വം കാത്തിരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെക്കാള്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട എല്ലാവരെയും വിശ്വാസത്തിലെടുത്ത് സുപ്രിംകോടതിവിധി നടപ്പാക്കുന്നതു സംബന്ധിച്ച് അഭിപ്രായസമന്വയമുണ്ടാക്കാന്‍ മുഖ്യമന്ത്രി തയാറാകാതിരുന്നതാണ് കഴിഞ്ഞവര്‍ഷം പ്രശ്‌നം വഷളായത്. അക്രമത്തിലേക്കും രാഷ്ട്രീയമായി മുതലെടുപ്പിലേക്കും നീങ്ങിയത്. അതോടൊപ്പം വിശ്വാസി സമൂഹത്തെ ഉപയോഗിച്ച് അധികാര രാഷ്ട്രീയത്തിന്റെ വിളവെടുപ്പു നടത്താന്‍ സംഘ് പരിവാറും ബി.ജെ.പിയും ശ്രമംനടത്തി. പ്രളയകാലത്തെ നേരിട്ട കേരളത്തിന്റെ ഐക്യം തകര്‍ന്നത് അങ്ങനെയാണ്. മുഖ്യമന്ത്രിയുടെ നിലപാടിനെയും സംഘ് പരിവാറിന്റെ അജണ്ടയേയും ജനങ്ങള്‍ അംഗീകരിച്ചില്ല എന്നതാണ് ലോകസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് വ്യക്തമാക്കിയത്.

ഇതില്‍നിന്നു പാഠം പഠിച്ച് വിശാലബഞ്ചിന്റെ വിധിവരെ കാത്തിരിക്കാന്‍ സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനിച്ചത് നന്നായി. ഭരണഘടനാ ബഞ്ചിന്റെ വിധി സ്റ്റേ ചെയ്തില്ലെന്ന വാദം ഉപയോഗിച്ച് സ്ഥിതിഗതികള്‍ വഷളാക്കാന്‍ ഇത്തവണ മുഖ്യമന്ത്രി മുതിരില്ലെന്ന് ന്യായമായും അനുമാനിക്കാം.

സഹിഷ്ണുതയോടെ, ഉന്നത നീതിപീഠത്തിന്റെ അന്തിമവിധിവരെ എല്ലാവരും കാത്തിരിക്കുകയാണ് വേണ്ടത്. മതനിരപേക്ഷതയില്‍ ഊന്നിയുള്ളതാണ് നമ്മുടെ ഭരണഘടന. അത് തകര്‍ക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ ചില്ലറക്കാരല്ല. കേന്ദ്രത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും സ്വാധീനമുള്ളവരാണ്. അവര്‍ക്കിടപെടാന്‍ പഴുതു നല്‍കാതെ രാജ്യതന്ത്രജ്ഞതയോടെ മുഖ്യമന്ത്രി അവസരത്തിനൊത്ത് ഉയരണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്.

സ്ത്രീ-പുരുഷ സമത്വവും ലിംഗപരമായ തുല്യനീതിയും കേരളം ഉയര്‍ത്തിപ്പിടിച്ചു പോന്നിട്ടുണ്ട്. അതിനു ഭരണഘടനയുടെ പിന്‍ബലവുമുണ്ട്. അക്കാര്യത്തില്‍ ഭരണഘടനാ ബഞ്ചില്‍ അഭിപ്രായഭേദമുണ്ടെങ്കില്‍ ഭരണഘടനാപരമായ വ്യക്തത വരുത്തേണ്ടത് അവര്‍തന്നെയാണ്. ഈ ജാഗ്രതയാണ് ഇപ്പോള്‍ കേരളം ഉയര്‍ത്തിപ്പിടിക്കേണ്ടത്.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top