Flash News

ഇന്ത്യ സര്‍​വ മ​ത സാ​ഹോ​ദ​ര്യ​ത്തി​ന്റെ ജ​ന്മ​ഭൂ​മി​യാണെന്ന് ലോകത്തെ അറിയിക്കാം (എഡിറ്റോറിയല്‍)

November 11, 2019

1546583488-795ലോകം ഉത്ക്കണ്ഠയോടെ കാതോര്‍ത്തിരുന്ന ആ വിധി അവസാനം പുറത്തു വന്നു. ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന്റെ ആ വിധി പുറപ്പെടുവിച്ചതാകട്ടേ അഞ്ചംഗ ഭരണഘടനാ ബെഞ്ചും. അയോധ്യയില്‍ ആരാധനയെച്ചൊല്ലി നിലനിന്ന തര്‍ക്ക ഭൂമി, ശ്രീരാമ ക്ഷേത്രം നിര്‍മിക്കുന്നതിനു വേണ്ടി പൂര്‍ണമായി വിട്ടുകൊടുക്കണമെന്നാണു വിധിയുടെ കാതല്‍. ഈ ഭൂമിയില്‍ അവകാശ വാദം ഉന്നയിച്ച യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന്‍റെയും നിര്‍മോഹി അഖാഡ വിഭാഗത്തിന്‍റെയും ഹര്‍ജികള്‍ തള്ളിയ കോടതി, മുസ്‌ലിംകള്‍ക്കു പള്ളി പണിയാന്‍ അയോധ്യയില്‍ത്തന്നെ ഉചിതമായ സ്ഥലത്ത് അഞ്ചേക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാനും ഉത്തരവിട്ടു. ഇവിടെയുണ്ടായിരുന്ന ക്ഷേത്രത്തില്‍ സ്ഥാനീയ പൂജാരിമാരായിരുന്ന തങ്ങള്‍ക്കു തന്നെ ഭൂമി വിട്ടുകിട്ടണമെന്ന അഖോഡികളുടെ ആവശ്യവും നിരാകരിക്കപ്പെട്ടു. തര്‍ക്കഭൂമി ഏതെങ്കിലും കക്ഷിയുടെയോ സംഘത്തിന്‍റെയോ ഉടമസ്ഥതയിലുള്ളതല്ലെന്നും രേഖകള്‍ പ്രകാരം സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നുമാണു മറ്റൊരു നിരീക്ഷണം.

തര്‍ക്കം പരിഹരിക്കപ്പെട്ട സ്ഥലത്ത് ക്ഷേത്രം നിര്‍മിക്കുന്നതിന് ഒരു ട്രസ്റ്റ് ബോര്‍ഡോ തത്തുല്യമായ മറ്റെന്തെങ്കിലും സംവിധാനങ്ങളോ മൂന്നു മാസങ്ങള്‍ക്കുള്ളില്‍ രൂപീകരിക്കണമെന്നാണു കേന്ദ്ര സര്‍ക്കാരിനോടു സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരോ, സംസ്ഥാന സര്‍ക്കാരോ ഏറ്റെടുത്തു നല്‍കുന്ന ഭൂമിയില്‍ പള്ളി പണിയാന്‍ സുന്നി വക്കഫ് ബോര്‍ഡിനും അധികാരം നല്‍കി. ഈ വിധിയില്‍ എന്തെങ്കിലും പ്രത്യേകതയുണ്ടെന്നു പറയാനാവില്ല. ലഭ്യമായ തെളിവുകളുടെയും രേഖകളുടെയും അടിസ്ഥാനത്തില്‍ ഇങ്ങനെയല്ലാതെ ഒരു വിധി പറയാന്‍ കോടതിക്കുമാവില്ല. ഭക്തിയുടെയോ വിശ്വാസത്തിന്‍റെയോ അടിസ്ഥാനത്തിലല്ല, അതിലേക്കു നയിക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണു വിധിയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി പറയുന്നു.

ഈ വിധി വന്ന ശേഷം കടന്നു പോയ ഓരോ മണിക്കൂറും ഇന്ത്യ എന്ന മഹാരാജ്യത്തിന്‍റെ സഹിഷ്ണുതയും സംയമനവും സമചിത്തതയും ലോകത്തിനു കാണിച്ചുകൊടുക്കാന്‍ കഴിഞ്ഞു എന്നതാണു വലിയ നേട്ടം. വിധിയില്‍ സന്തോഷിക്കുന്നവരും നിരാശപ്പെടുന്നവരുമുണ്ട്. പക്ഷേ, സന്തോഷവും നിരാശയും ആരും പ്രകടമാക്കിയില്ല. അത്തരം വികാരപ്രകടനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കണമെന്ന മതമേലധ്യക്ഷന്മാരുടെയും രാഷ്‌ട്രീയ നേതൃത്വത്തിന്‍റെയും സര്‍ക്കാര്‍ സംവിധാനങ്ങളുടെയും നീതിന്യായ വ്യവസ്ഥയുടെയും അഭ്യര്‍ഥന മുഴുവന്‍ ജനങ്ങളും ചെവിക്കൊണ്ടു എന്നതു നിസാരമല്ല.

ഇനിയെന്ത് എന്നതാണ് അടുത്ത ചോദ്യം. സുപ്രീം കോടതി വിധിയെ ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള മിക്കവാറും എല്ലാ രാഷ്‌ട്രീയ കക്ഷികളും സ്വാഗതം ചെയ്തു. വിധി വന്ന ശേഷം രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, വിധിയിലെ നിര്‍ദേശങ്ങള്‍ എത്രയും വേഗം പാലിക്കപ്പെടണമെന്ന നിര്‍ദേശമാണു മുന്നോട്ടു വച്ചത്. വിധിക്കെതിരേ തിരുത്തല്‍ ഹര്‍ജിയോ റിവ്യൂ ഹര്‍ജിയോ നല്‍കേണ്ടതില്ല എന്നാണു കേസിലെ പ്രധാന കക്ഷിയായ യുപി വക്കഫ് സെന്‍ട്രല്‍ ബോര്‍ഡിന്‍റെ തീരുമാനം. അതേ സമയം, റിവ്യൂ ഹര്‍ജി അടക്കം സാധ്യമായ നിയമനടപടികള്‍ തുടരുമെന്നു മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡും അറിയിച്ചു. ഭരണഘടനാ ഫുള്‍ ബെഞ്ചിന്‍റെ ഏകകണ്ഠമായ വിധി ആണെന്നതിനാലും തര്‍ക്ക സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിയുന്ന പുതിയ രേഖകളൊന്നും കൈവശമില്ലാത്തതിനാലും പുതിയ ഹര്‍ജികളുടെ ഫലപ്രാപ്തി എത്രമാത്രം എന്നുറപ്പില്ല. പക്ഷേ, അതിന്‍റെ സാധ്യത പരിശോധിക്കുന്നതില്‍ ഒരു തെറ്റുമില്ല.

അയോധ്യ‍യിലെ രാമക്ഷേത്രത്തെ ചൊല്ലിയുള്ള തര്‍ക്കം തുടങ്ങിയത് 1883ല്‍ രഘുബീര്‍ സിംഗ് എന്നയാള്‍ ഉത്തര്‍പ്രദേശിലെ ഫൈസാബാദ് സബ് കോടതിയില്‍ നല്‍കിയ ഒരു കേസിലൂടെയാണ്. തര്‍ക്കം മൂലം പ്രവേശനം നിഷേധിക്കപ്പെട്ട സ്ഥലത്തു കടന്നു ചെന്ന് പ്രാര്‍ഥന നടത്താന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഈ കേസ് അന്നു കോടതി തള്ളിയെങ്കിലും നിയമപോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്, ഇപ്പോഴും. ഇതിന് ഒരന്ത്യം കണ്ടേ മതിയാകൂ. ഇപ്പോഴത്തെ കോടതി വിധി അതിനുള്ള അവസരമായി കണക്കാക്കാം.

പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ, ഇവിടെ ഒരാളും ജയിച്ചില്ല. ആരും തോറ്റതുമില്ല. അയോധ്യയിലെ തര്‍ക്ക സ്ഥലത്ത് ഇപ്പോള്‍ നിര്‍മിതികളൊന്നുമില്ല. പുതിയ പള്ളി പണിയാന്‍ ഏറ്റെടുക്കുന്ന സ്ഥലത്തും യാതൊന്നുമുണ്ടാകില്ല. ഒഴിഞ്ഞുകിടക്കുന്ന ഈ രണ്ടിടങ്ങളിലും മുഴുവന്‍ ജനവിഭാഗങ്ങളും ഒരുമിച്ചു നിന്ന് രണ്ട് ആരാധനാലയങ്ങളുണ്ടാക്കാം. മതഭേദങ്ങളും ജാതിഭിന്നതകളും മാറ്റിവച്ച്, അവിടെ മതസൗഹാര്‍ദത്തിന്‍റെയും മാനിവകതയുടെയും പുതിയ മിനാരങ്ങളും താഴികക്കുടങ്ങളും പണി തീര്‍ക്കാം. വര്‍ഗിയതയുടെയും വിദ്വേഷത്തിന്‍റെയും മതമാത്സര്യങ്ങളുടെയും വിഷവിത്തുക്കള്‍ നമുക്ക് എന്നേക്കുമായി ഇല്ലാതാക്കാം. ഇന്ത്യ സര്‍വ മത സാഹോദര്യത്തിന്‍റെ ജന്മഭൂമിയാണെന്ന് ലോകത്തിനും വരുംതലമുറയ്ക്കും കാണിച്ചു കൊടുക്കാം.

ചീഫ് എഡിറ്റര്‍Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top