Flash News

‘സംഘട്ടനം ആവശ്യമില്ല, തിരിച്ചറിവ് മതി’; ഷെയ്ന്‍ നിഗത്തിന് ശ്രീകുമാരന്‍ തമ്പിയുടെ സാരോപദേശം

December 1, 2019

New-Project-10അഭിനയവുമായി ബന്ധപ്പെട്ട് നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുമ്പോള്‍ ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണവും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. പ്രിയപ്പെട്ട മകന്‍ ഷെയ്ന്‍, മോഹന്‍ലാല്‍ എന്റെ “എനിക്കും ഒരു ദിവസം” എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. അഭിനയം പോലെ സുപ്രധാനമാണ് ഒരു നടന്‍ പാലിക്കേണ്ട അച്ചടക്കവുമെന്ന് അദ്ദേഹം പറയുന്നു.

ശ്രീകുമാരന്‍ തമ്പിയുടെ പ്രതികരണം

നടനും നിര്‍മ്മാതാവും- സംഘട്ടനം ആവശ്യമില്ല; തിരിച്ചറിവ് മതി!

image-1ഷെയ്ന്‍ നിഗം എന്ന യുവനടനും ചലച്ചിത്രനിര്‍മ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്‌നത്തെക്കുറിച്ച് അനവധി അഭിപ്രായങ്ങള്‍ അന്തരീക്ഷത്തില്‍ അലയടിച്ചു കൊണ്ടിരിക്കയാണ്. സിനിമാനിര്‍മ്മാണത്തെക്കുറിച്ചു യാതൊന്നുമറിയാത്ത ചില ബുദ്ധിജീവികളും ആനയെ കാണുന്ന അന്ധരെപോലെ തങ്ങളുടെ സ്വന്തം ദര്‍ശനങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയരായ നടന്മാരില്‍ ഒരാളാണ് ഷെയ്ന്‍ എന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. ഈടെ , ഇഷ്‌ക് , കുമ്പളങ്ങി നൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലെ ആ യുവാവിന്റെ അഭിനയം നന്നായിരുന്നു. എന്നാല്‍ ഒരു നടന്റെ അഭിനയം പോലെ തന്നെ സുപ്രധാനമാണ് അയാളുടെ അച്ചടക്കവും. ഒരു കഥാപാത്രത്തിന്റെ ഭാവവാഹാദികള്‍ എങ്ങനെയായിരിക്കണമെന്ന് സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും ചേര്‍ന്ന് തീരുമാനിച്ചു കഴിഞ്ഞാല്‍ പ്രതിഫലം വാങ്ങി ആ വേഷം ചെയ്യാന്‍ സമ്മതിക്കുന്ന നടന്‍ ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ തന്റെ രൂപത്തില്‍ മാറ്റം വരുത്താന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ വീണ്ടും പഴയ രൂപം വരുത്താന്‍ കൃത്രിമ മേക്കപ് ഉപയോഗിക്കേണ്ടി വരും. അത് ചിത്രത്തിന്റെ നിലവാരം കുറയ്ക്കും. ഉദാഹരണത്തിന് ഒരു നടന്‍ താടിയും മുടിയും നീട്ടി വളര്‍ത്തുന്ന ഗെറ്റപ്പിലാണ് അഭിനയിക്കുന്നതെന്നു കരുതുക. അയാള്‍ സംവിധായകന്റെ അനുവാദമില്ലാതെ ഇടയ്ക്കു വച്ച് മുടി വെട്ടുകയും താടിയെടുക്കുകയും ചെയ്താല്‍ ആ കഥാപാത്രമായി തുടര്‍ന്ന് അഭിനയിക്കണമെങ്കില്‍ കൃതൃമതാടിയും മുടിക്ക് പകരം വിഗ്ഗും ഉപയോഗിക്കേണ്ടിവരും . എത്ര നല്ല മേക്കപ്പ് മാനുണ്ടെങ്കിലും ഇവ രണ്ടും ഒരുപോലെയാവില്ല. കാണികള്‍ കുറ്റം പറയുന്നത് സംവിധായകനെയായിരിക്കും.

ShaneNigam-1സിനിമയില്‍ ഏറ്റവും ദു:ഖമനുഭവിക്കുന്ന വ്യക്തി നിര്‍മ്മാതാവാണ്. ഒരു ചിത്രം ഓടിയാലും ഇല്ലെങ്കിലും നടന് പ്രതിഫലം കിട്ടും. എന്നാല്‍ ചിത്രം ഓടിയില്ലെങ്കില്‍ നഷ്ടം വരുന്നത് നിര്‍മ്മാതാവിനു മാത്രമാണ്. ചിത്രം നിര്‍മ്മിച്ച് പെരുവഴിയിലായ അനവധി നിര്‍മ്മാതാക്കളുണ്ട്. ആദ്യസിനിമയില്‍ അയ്യായിരത്തിലോ പതിനായിരത്തിലോ തുടങ്ങിയിട്ട് പ്രതിഫലം കോടികളിലേക്ക് ഉയര്‍ത്തുന്ന നടന് എന്നും എവിടെയും ലാഭം മാത്രമേയുള്ളു. ഈ സത്യം നടീനടന്മാര്‍ മനസ്സിലാക്കേണ്ടതാണ്. അങ്ങനെ മനസ്സിലാക്കിയവരാണ് പ്രേംനസീര്‍ സത്യന്‍, മധു, ജയന്‍ തുടങ്ങിയവര്‍. പ്രേംനസീറിനെയും ജയനെയും പോലെ എല്ലാവരും പെരുമാറണമെന്നൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രേംനസീര്‍ ഒരു അപൂര്‍വ്വജന്മമായിരുന്നു.

നിര്‍മ്മാതാവുണ്ടെങ്കിലേ സിനിമയുള്ളു….ഈ യാഥാര്‍ഥ്യം എല്ലാവരും അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ എല്ലാ നടന്മാരും മോഹന്‍ലാല്‍ ആന്റണി പെരുമ്പാവൂരിനെ സൃഷ്ടിച്ചതു പോലെ സ്വന്തം നിര്‍മ്മാതാക്കളെ സൃഷ്ടിക്കേണ്ടതായി വരും. . ചന്ദ്രകാന്തം (1974) മുതല്‍ ‘ അമ്മയ്‌ക്കൊരു താരാട്ട് (2015) വരെ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും പലിശയ്ക്കു കടം വാങ്ങിയ പണവും ഉപയോഗിച്ച് ഇരുപത്തിയഞ്ചു സിനിമകള്‍ നിര്‍മ്മിച്ച ഒരു സ്വതന്ത്ര നിര്‍മ്മാതാവ് എന്ന നിലയിലും മുപ്പതോളം ചിത്രങ്ങളുടെ സംവിധായകന്‍ എന്ന നിലയിലുമാണ് ഞാന്‍ ഇത്രയും എഴുതുന്നത് .

918kFD-PiqL._SX522_പുതിയ താരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗിക്കുന്ന യുവാക്കളുണ്ടെന്നു പരക്കെ സംസാരമുണ്ട്. ഇതിലെ സത്യാംശത്തേക്കുറിച്ച് എനിക്ക് അറിവില്ല. എന്റെ സിനിമകളുടെ ഒരു സെറ്റിലും മദ്യപിച്ചുകൊണ്ട് ഒരു നടനും പ്രവേശിച്ച ചരിത്രമില്ല. ചിത്രീകരണസമയത്ത് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്ന നടന്‍ എത്ര വലിയവനാണെങ്കിലും അയാളെ തന്റെ ചിത്രത്തില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ നിര്‍മ്മാതാവിന് തന്റേടമുണ്ടായിരിക്കണം..

”പ്രിയപെട്ട മകന്‍ ഷെയ്ന്‍ , മോഹന്‍ലാല്‍ എന്റെ ‘ എനിക്കും ഒരു ദിവസം ” എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് ഇരുപത്തിരണ്ടു വയസ്സാണ് പ്രായം. ഏതാണ്ട് മോന്റെ ഇപ്പോഴത്തെ പ്രായം തന്നെ. തന്റെ ജോലിയില്‍ അങ്ങേയറ്റത്തെ അച്ചടക്കവും കൃത്യനിഷ്ഠയും അന്നും ലാല്‍ കാണിച്ചിരുന്നു. പക്വതയുള്ള ആ പെരുമാറ്റവും അച്ചടക്കവും കഠിനാദ്ധ്വാനവുമാണ് അന്നത്തെ ആ ചെറുപ്പക്കാരനെ ഇന്നത്തെ നിലയില്‍ എത്തിച്ചത്. ”മുന്നേറ്റം” എന്ന സിനിമയില്‍ എന്റെ കീഴില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ മമ്മൂട്ടിയും തികഞ്ഞ അച്ചടക്കം പാലിച്ചിരുന്നു. മികച്ച സഹകരണവും നല്‍കിയിരുന്നു. . സ്വന്തം തെറ്റ് സ്വയം തിരിച്ചറിഞ്ഞു തിരുത്തുന്നവനാണ് ലക്ഷ്യബോധമുള്ള കലാകാരന്‍. പിതാവ് അബിയുടെ ആഗ്രഹം പോലെ ഷെയ്ന്‍ ഉയരങ്ങളിലെത്തട്ടെ…. വളരെ സുദീര്‍ഘമായ വിജയത്തിന്റെ പാത നിന്റെ മുമ്പില്‍ തുറന്നു കിടക്കുന്നു.. നന്മകള്‍ നേരുന്നു.”

മോഹൻലാലിൻറെ നിലപാട്

shane-nigam-and-mohanlalഷെയ്ൻ നിഗത്തിനു വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പേരുടെ പ്രതികരണങ്ങൾ വരികയാണ്.നിർമ്മാതാക്കളുടെ സംഘടനയുടെ പ്രവൃത്തിയിൽ മുന്നറിയിപ്പ് നൽകി നടൻ സലിം കുമാർ രംഗത്തെത്തിയിരുന്നു.അതേസമയം വിഷയത്തിൽ പ്രതികരണവുമായി നടൻ ഷെയ്ൻ തന്നെ രംഗത്തെത്തിയിരുന്നു.’അമ്മ സംഘടനയിൽ പ്രതീക്ഷയുണ്ടെന്നും കൂടെ ഉണ്ടാവുമെന്നുമുള്ള നിലപാടാണ് ഷെയ്ൻ സ്വീകരിച്ചത്.ഇപ്പോഴിതാ ‘അമ്മ പ്രസിഡന്റ് മോഹൻലാലിൻറെ പ്രതികരണം എത്തുകയാണ്.സിദ്ദീഖ് ചിത്രം ബിഗ് ബ്രദറിന്റെ ചിത്രീകരണവുമായി പൊള്ളാച്ചിയിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍ ഉള്ളത്. ഷെയിന്‍ നിഗത്തിന്റെ ഉമ്മ സുനിലാ ഹബീബ് മോഹന്‍ലാലിനോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ലാലേട്ടന്‍ ഈ വിഷയത്തില്‍ തങ്ങളുടെ കൂടെ ഉണ്ട് എന്നതാണ് ആശ്വാസവും സന്തോഷവും നല്‍കുന്നതെന്ന് ഷെയിന്‍ നിഗത്തിന്റെ ഉമ്മ പറയുന്നു. ഷെയിന്‍ നിഗമിനെ വിലക്കിയതിനെതിരെയും, രണ്ട് സിനിമകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എടുത്തു പറഞ്ഞും ഷെയിന്‍ നിഗമിന്റെ ഉമ്മ സുനില അമ്മക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ അടിയന്തരമായി പ്രശ്‌നം പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് താര സംഘടന. മോഹന്‍ലാല്‍ ഇടപെട്ട് പ്രശ്‌നം പൂര്‍ണമായും അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാ ലോകം.

ഷെയ്‌നെ വിലക്കിയ നിര്‍മ്മാതാക്കളുടെ നിലപാടില്‍ മോഹന്‍ലാല്‍ വിയോജിപ്പ് പ്രകടിച്ചുവെന്ന് അമ്മ എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ് പറഞ്ഞിരുന്നു. നിലവിലെ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഇടപെടാന്‍ കൂടി തീരുമാനിച്ചിരിക്കുകയാണ് അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍. ചര്‍ച്ചയിലൂടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പകരം അമ്മയിലെ അംഗമായ ഒരു നടനെ വിലക്കിയ നടപടി അംഗീകരിക്കാനാകില്ലെന്നാണ് താരസംഘടനയുടെ നിലപാട്. ഇക്കാര്യം എക്‌സിക്യൂട്ടീവ് അംഗമായ ബാബുരാജ്, സെക്രെട്ടറി ഇടവേള ബാബു എന്നിവര്‍ വ്യക്തമാക്കുകയായിരുന്നു. മോഹന്‍ലാലിനും ഇതേ നിലപാട് തന്നെയാണെന്ന് അവര്‍ പറയുന്നു.

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top