Flash News

ബംഗളൂരുവിലെ വനത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് മാള സ്വദേശിനി ശ്രീലക്ഷ്മിയുടേത്; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

December 3, 2019

New-Project-25മാള: ബംഗളൂരുവിലെ വനത്തിനുള്ളില്‍ ജീര്‍ണിച്ചനിലയില്‍ കണ്ടെത്തിയ രണ്ട് മൃതദേഹങ്ങളിലൊന്ന് മാള കുണ്ടൂര്‍ ആലമറ്റം ചിറ്റേത്തുപറമ്പിൽ സുരേഷിന്റെ മകള്‍ ശ്രീലക്ഷ്മി (20)യുടേത്. പാലക്കാട് മണ്ണാര്‍കാട് അഗളിയില്‍ മോഹനന്റെ മകന്‍ അഭിജിത്തിന്റെയായിരുന്നു കൂടെയുണ്ടായിരുന്ന മൃതദേഹം. ശ്രീലക്ഷ്മിയുടെ മരണം ദുരൂഹമാണെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നതായും ശ്രീലക്ഷ്മിയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇതുസംബന്ധിച്ച പരാതി ഇവര്‍ ബെംഗളൂരുവില്‍ പോലീസിന് നല്‍കിയിട്ടുണ്ട്. കൂടാതെ കോടതിയേയും സമീപിച്ചിട്ടുള്ളതായി ശ്രീലക്ഷ്മിയുടെ പിതൃസഹോദരന്‍ സേതുമോന്‍ പറഞ്ഞു. ബെംഗളൂരു പോലീസിന്റെ അനാസ്ഥയാണ് ദാരുണാന്ത്യത്തിന് ഇടയാക്കിയതെന്നാണ് ശ്രീലക്ഷ്മിയെ തേടി ബെംഗളൂരുവിലെത്തിയ സേതുമോന്‍ പറയുന്നത്.

ഞായറാഴ്ചയാണ് 40 ദിവസത്തോളം പഴക്കമുള്ള ഇവരുടെ മൃതദേഹം കണ്ടെടുത്തത്. ആറുമാസം മുമ്പ് ടി.സി.എസില്‍ ജോലി ലഭിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരുവിലേക്ക് പോയ ശ്രീലക്ഷ്മിയെ ഒക്ടോബര്‍ 11 മുതലാണ് ഇലക്‌ട്രോണിക് സിറ്റിയിലെ താമസസ്ഥലത്തുനിന്ന് കാണാതായത്. ഫോണില്‍ കിട്ടാതായതോടെ വീട്ടുകാര്‍ ശ്രീലക്ഷ്മി ജോലിചെയ്തിരുന്ന ഓഫീസില്‍ വിളിച്ചന്വേഷിക്കുകയായിരുന്നു. ഓഫീസില്‍ എത്തിയിട്ടില്ലെന്ന് അപ്പോള്‍ മാത്രമാണ് വീട്ടുകാര്‍ അറിയുന്നത്. ഓഫീസിലെ ജീവനക്കാരനായ അഭിജിത്ത് മോഹനനെയും ഇതോടൊപ്പം കാണാനില്ലെന്ന് വിവരം ലഭിച്ചു.

അന്നുമുതല്‍ ഇരുവീട്ടുകാരും അന്വേഷണമാരംഭിച്ചിരുന്നു. പോലീസിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ നടത്തിയ അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മൃതദേഹപരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ. ശ്രീലക്ഷ്മിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച്‌ സംസ്‌കരിച്ചു.

ഒക്ടോബര്‍ 13-ന് അവിടെയെത്തിയ ശേഷമാണ് 14-ന് പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒരുവിധത്തിലും സഹകരിക്കാത്ത രീതിയായിരുന്നു പോലീസിന്റേത്. പലരെക്കൊണ്ട്‌ വിളിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. കേരള പോലീസ് ബന്ധപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പോലീസ് നിസ്സഹകരിച്ചതോടെ ബന്ധുക്കളും സുഹൃത്തുക്കളും അവരുടേതായ രീതിയില്‍ അന്വേഷണം നടത്തുകയായിരുന്നു.
ഒക്ടോബര്‍ 12-ന് തങ്ങള്‍ അപകടത്തിലാണെന്നും വേഗം വന്ന് സഹായിക്കണമെന്നും അഭ്യര്‍ഥിക്കുന്ന വാട്‌സാപ്പ് സന്ദേശം ലഭിച്ചെന്നും ഇരുവരുടേയും സുഹൃത്തുക്കള്‍ പറഞ്ഞതായി സേതുമോന്‍ പറഞ്ഞു. ഉച്ചയ്ക്ക് 12-നും 12.45-നും ഇടയ്ക്കായിരുന്നു സന്ദേശം ലഭിച്ചത്. ഒരേ ഫോണില്‍നിന്നായിരുന്നു സന്ദേശം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top