Flash News

ഋതുക്കള്‍ (കവിത): അബൂതി

December 4, 2019

Ruthkalമനസ്സിന്‍റെ ഇടനാഴിയിലൊരു പദനിസ്വനം.
കൊതിച്ചു കാതോര്‍ക്കവേ.. നേര്‍ത്തുനേര്‍ത്തില്ലാതായത്!
അടുക്കുകയായിരുന്നില്ല… അകലുകയായിരുന്നെന്ന്
അപ്പോള്‍ മാത്രമാണ് വേദനയോടെ തിരിച്ചറിഞ്ഞത്!

പ്രിയമുള്ളൊരാളുടെ വരവെന്നോര്‍ത്തു
നെഞ്ചിലൊരു കൂടൊരുക്കി..
വസന്തത്തെ അതില്‍ കുടിയിരുത്തി.
വാടിക്കരിഞ്ഞ സ്വപ്നങ്ങള്‍ ബാക്കിയാക്കി,
വസന്തം മെല്ലെ മെല്ലെ പിരിഞ്ഞു പോയി!

ശിശിരത്താല്‍ നഗ്നനാക്കപ്പെട്ട മാമരത്തില്‍
ചേക്കൊഴിഞ്ഞ കൂട്ടിലെ ഓര്‍മ്മത്തൂവലുകള്‍
തഴുകിയും തലോടിയും മിനുക്കിയും
ഏകാന്തതയുടെ തണുത്ത രാത്രികളുറങ്ങാതെ വെളുത്തു!

ഒരു ശലഭപ്പുഴുവായി കാത്തിരിക്കുകയായിരുന്നു.
സ്വപ്നങ്ങളിലേക്ക് ചിറകുകള്‍ വിടര്‍ത്താന്‍.
വസന്തം വര്‍ണ്ണകമ്പളം പുതയ്ക്കുന്ന
മലഞ്ചെരുവുകളിലേക്ക് പറന്നുല്ലസിക്കാന്‍!

എന്നിട്ടും; പിറവിക്കു മുന്‍പേ വസന്തം പിരിഞ്ഞു.
വേനലില്‍ നീര്‍ച്ചോലകള്‍ വരണ്ട;
പൂക്കളും പൂമ്പാറ്റകളുമില്ലാത്ത;
ഇടവഴികള്‍ മാത്രം മനസ്സില്‍ ബാക്കിയായി!

ഋതുക്കളുടെ പടിവാതിലില്‍ വസന്തവും കാത്ത്
ഇനിയെത്രകാലം കാത്തിരിക്കേണ്ടി വരുമാവോ?
മഴ പെതീ മണ്ണിനൊരിക്കലുയിര്‍ വെക്കും.
അന്ന് ഞാന്‍ നട്ട വിത്തുകള്‍ മുളക്കാതിരിക്കില്ല!



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top