Flash News

കുതിച്ചുയര്‍ന്ന് സവാള വില, കിതച്ച് വീണ് സവാള കര്‍ഷകര്‍….

December 5, 2019

1qസവാളയില്ലെങ്കിലും ഞങ്ങള്‍ കറികളുണ്ടാക്കും എന്ന് വീട്ടമ്മമാര്‍ തെളിയിച്ചുകൊണ്ടിരിക്കുന്ന സമയമാണിന്ന്. കോഴിയിറച്ചി വിലയെയും കടത്തി വെട്ടി ഡബിള്‍ സെഞ്ച്വറിയിലേക്ക് സവാള വില കുതിച്ചുയരുമ്പോള്‍ അതിജീവനത്തിന്റെ പാഠങ്ങള്‍ പ്രയോഗിക്കുക മാത്രമേ വീട്ടമ്മമാര്‍ക്ക് നിവൃത്തിയുള്ളൂ. ട്രക്കും കടകളും കുത്തിത്തുറന്ന് ലക്ഷണക്കണക്കിന് രൂപയുടെ സവാള മോഷ്ടിച്ചുകൊണ്ടുപോകുന്ന വാര്‍ത്തകളും ദിനംപ്രതിയെന്നോണം കേള്‍ക്കുകയാണ്. ഏവരെയും ഞെട്ടിപ്പിച്ചുകൊണ്ടും പ്രതിസന്ധിയിലാക്കിക്കൊണ്ടും സവാള വില ഇത്ര വര്‍ധിക്കാന്‍ കാരണമെന്താണ്…?

മഹാരാഷ്ട്രയിലും കര്‍ണാടകയിലും തെലങ്കാനയിലും അടുത്തിടെയുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവുമാണ് സവാള വില ഉയര്‍ന്നതിന്റെ ഒന്നാമത്തെ കാരണം. വിളവെടുപ്പിന് ഒരുങ്ങി നിന്ന സവാള പാടങ്ങളില്‍ വെള്ളം പൊന്തി. ഇതോടെ കൃഷി നശിച്ചു, സവാളയ്ക്ക് ക്ഷാമമായി, വില ഉയര്‍ന്നു.

ഒക്ടോബര്‍ 1 മുതല്‍ നവംബര്‍ ആറ് വരെ മഹാരാഷ്ട്രയില്‍ പെയ്ത മഴ സാധാരണ ലഭിക്കുന്നതിനേക്കാള്‍ ഒന്നര ഇരട്ടിയായിരുന്നു. കര്‍ണാടകയിലും തെലങ്കാനയിലും 65 ശതമാനം അധികം മഴ പെയ്തു. ഇതോടെ ആകെ സവാള കൃഷിയുടെ മൂന്നിലൊന്നും നശിച്ചു.

എന്നാല്‍ വലിയ നഷ്ടമുണ്ടായ കര്‍ഷകര്‍ക്ക് ഉയര്‍ന്ന സവാള വിലയുടെ ഗുണം ലഭിക്കുന്നില്ലെന്നതാണ് വസ്തുത. മഹാരാഷ്ട്രയില്‍ വ്യാപകമായി സവാള കൃഷി നടത്തുന്ന നാസിക്കില്‍ കര്‍ഷകന് ഒരു കിലോ സവാളയ്ക്ക് ലഭിക്കുന്നത് 30 രൂപയാണ്. ഇവിടെ നിന്നും മൂന്ന് മണിക്കൂര്‍ യാത്രാദൂരമുള്ള മുംബൈയിലെത്തിക്കുമ്പോള്‍ ഇടനിലക്കാരന് ലഭിക്കുന്നത് 140 രൂപ. അതായത് സവാള കൃഷി നശിച്ചുണ്ടായ ക്ഷാമത്തില്‍ നിന്ന് കൊള്ളലാഭമുണ്ടാക്കുകയാണ് ഇടനിലക്കാര്‍. ഇതാണ് സവാള വില ഉയരാനുള്ള രണ്ടാമത്തെ കാരണം.

ഇടനിലക്കാര്‍ തോന്നുന്ന വിലയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഏകീകൃത വില സംവിധാനമില്ലാത്തതാണ് പ്രധാന പ്രശ്‌നമായി വരുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വില കൂടിയിട്ടും സവാള കര്‍ഷകര്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല. വലിയ സംഭരണ സംവിധാനമുള്ള വന്‍കിട കര്‍ഷകര്‍ക്ക് മാത്രമാണ് സവാള വിലക്കയറ്റത്തിന്റെ പ്രയോജനം ലഭിക്കുന്നത്. സാധാരണ കര്‍ഷകര്‍ക്ക് ഇടനിലക്കാരുടെ സഹായമില്ലാതെ കച്ചവടം ചെയ്യാനാകുന്നുമില്ല.

സവാള വില ഇനി എത്ര തന്നെ ഉയര്‍ന്നാലും തങ്ങളുടെ അധ്വാനത്തിന്റെ പത്തിലൊന്ന് പോലും കര്‍ഷകര്‍ക്ക് ലഭിക്കാത്ത സാഹചര്യമാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അടിയന്തര നടപടിയൊന്നുമുണ്ടായില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കേണ്ട ദുര്‍ഗതിയിലാണ് സവാള കര്‍ഷകര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top