Flash News

ഫ്ലോറിഡയിലെ യുഎസ് നേവല്‍ ബേസില്‍ വെടിവെപ്പ്; മൂന്നു പേര്‍ കൊല്ലപ്പെട്ടു

December 6, 2019 , മൊയ്തീന്‍ പുത്തന്‍‌ചിറ

196409715_725ഫ്ലോറിഡ: ഫ്ലോറിഡയിലെ നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സകോളയില്‍ വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ അക്രമിയടക്കം മൂന്നു പേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി എസ്കാംബിയ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ 6.50നാണ് വെടിവെപ്പ് നടന്നത്.

വെടിവയ്പ്പ് അവസാനിക്കുകയും അക്രമി കൊല്ലപ്പെടുകയും ചെയ്തുവെങ്കിലും നേവല്‍ ബേസ് പൂട്ടിയിരിക്കുകയാണെന്ന് നാവികസേനാ വക്താവ് പറഞ്ഞു.

‘പരിക്കേറ്റ ഏഴു പേരെ ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ച് അന്വേഷണം തുടരും,’ ലഫ്റ്റനന്റ് കമാന്റര്‍ ആര്‍ മേഗന്‍ ഐസക്കിന്റെ പ്രസ്താവനയില്‍ പറയുന്നു.

വെടിവെച്ച ആള്‍ സൗദി വ്യോമസേനയില്‍ അംഗമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞതായി എബിസി റിപ്പോര്‍ട്ട് ചെയ്തു.
ഫ്ലോറിഡയില്‍ പരിശീലനത്തിനായി എത്തിയ സൗദി വ്യോമസേനയിലെ അംഗമായ മുഹമ്മദ് സയീദ് അല്‍‌ഷ്രമാനിയാണ് വെടിവെപ്പ് നടത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

രാവിലെ 6:50 ഓടെ വെടിവെയ്പ്പിന്റെ വിവരമറിഞ്ഞയുടനെ സംഭവസ്ഥലത്തെത്തിയ രണ്ട് എസ്കാംബിയ കൗണ്ടി ഷെരീഫിന്‍റെ ഡെപ്യൂട്ടിമാര്‍ക്ക് വെടിവയ്പില്‍ പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

navy1ഒരാള്‍ക്ക് കൈയ്യിലും മറ്റൊരാള്‍ക്ക് കാലിലുമാണ് വെടിയേറ്റത്, ഇരുവരും ശസ്ത്രക്രിയയ്ക്ക് വിധേയരായി എന്ന് ചീഫ് ഡെപ്യൂട്ടി ചിപ്പ് സിമ്മണ്‍സ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇരുവരും അപകടനില തരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മറ്റ് ആറ് പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.

വെടിവെപ്പ് നടന്ന സ്ഥലത്തുകൂടെ നടന്നപ്പോള്‍ ഒരു സിനിമാ ലൊക്കേഷനിലൂടെ നടക്കുന്നതായി തോന്നി എന്നാണ് കൗണ്ടി ഷെരീഫ് ഡേവിഡ് മോര്‍ഗന്‍ പറഞ്ഞത്.

രണ്ടാം ലോക മഹായുദ്ധം മുതല്‍ സഖ്യകക്ഷികളില്‍ നിന്നും പങ്കാളി രാജ്യങ്ങളില്‍ നിന്നും പരിശീലനത്തിനായി വിദ്യാര്‍ത്ഥികള്‍ വരുന്നുണ്ടെന്ന് ബേസ് കമാന്‍ഡര്‍ ക്യാപ്റ്റന്‍ തിമോത്തി കിന്‍സെല്ല പറഞ്ഞു. ‘പല രാജ്യങ്ങളില്‍ നിന്നും എല്ലായ്പ്പോഴും പരിശീലനത്തിനായി ഇവിടെ വിദ്യാര്‍ത്ഥികള്‍ എത്താറുണ്ട്. കാരണം പരിശീലനം നേടാനുള്ള ഏറ്റവും നല്ല സ്ഥലമാണ് അമേരിക്ക. ഇവിടെ നല്ല നിലവാരമുള്ള പരിശീലനമാണ് നല്‍കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘സല്‍മാന്‍ രാജാവ് ആത്മാര്‍ത്ഥ അനുശോചനം രേഖപ്പെടുത്താനും ഇരകളുടെ കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അനുഭാവം അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ട്രം‌പ് ട്വീറ്റ് ചെയ്തു. അമേരിക്കന്‍ ജനതയെ സ്നേഹിക്കുന്ന, സൗദി ജനതയുടെ വികാരങ്ങളെ മാനിക്കുന്ന രൂപമോ ഭാവമോ വെടിവെയ്പ് നടത്തിയ വ്യക്തിക്കില്ലെന്നും അതുകൊണ്ടുതന്നെ അയാള്‍ യാതൊരു തരത്തിലും സൗദിയെ പ്രതിനിധീകരിക്കുന്നില്ലെന്നും സല്‍മാന്‍ രാജാവ് പറഞ്ഞതായി ട്രം‌പിന്റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു.

navyരണ്ടു നില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു വെടിവെയ്പ് നടന്നത്. നാവിക സ്റ്റേഷനിലെ ഫെസിലിറ്റി മാനേജര്‍ ജെഫ് ബെര്‍ഗോഷ് രാവിലെ പ്രധാന ഗേറ്റില്‍ എത്തിയ ഉടനെയാണ് സ്റ്റേഷന്‍ ഗേറ്റ് അടച്ചത്. തന്മൂലം ആയിരക്കണക്കിന് ജോലിക്കാരാണ് അവരുടെ കാറുകളില്‍ കുടുങ്ങിയത്.

പ്രതിദിനം പതിനായിരത്തിലധികം തൊഴിലാളികളാണ് നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സകോളയിലേക്ക് വരുന്നത്. നേവി ബൊളിവാര്‍ഡിലൂടെയാണ് പലരും പ്രവേശിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ലോക്ക്ഡൗണ്‍ ആയപ്പോള്‍ ഒരു മൈല്‍ ദൈര്‍ഘ്യമുള്ള പാര്‍ക്കിംഗ് സ്ഥലമായി ഇത് മാറിയെന്ന് ബെര്‍ഗോഷ് പറഞ്ഞു.

രാവിലെ 10 മണിയോടെ ബേസ് പൂട്ടി. അവശ്യ സര്‍‌വീസ് ഉദ്യോഗസ്ഥരെ മാത്രമേ അകത്തു പ്രവേശിക്കാന്‍ അനുവദിച്ചിട്ടുള്ളൂ. താവളത്തിന് ചുറ്റുമുള്ള പ്രദേശം ഒഴിയാന്‍ പെന്‍സകോള മേയര്‍ ഗ്രോവര്‍ സി റോബിന്‍സണ്‍ താമസക്കാരോട് ആവശ്യപ്പെട്ടു.

നേവല്‍ എയര്‍ സ്റ്റേഷന്‍ പെന്‍സക്കോളയില്‍ 16,000 സെനികരും 7,400 സിവിലിയന്‍ ഉദ്യോഗസ്ഥരും ജോലി ചെയ്യുന്നുണ്ട്. ചുറ്റുമുള്ള പ്രദേശത്തിന്‍റെ സമ്പദ് വ്യവസ്ഥയും സംസ്കാരവും പ്രധാനമായും ഒരു കോളേജ് കാമ്പസിനോട് സാമ്യമുള്ളതാണ്. കൂടാതെ നാവികസേന, നാവികര്‍, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയിലെ 60,000 അംഗങ്ങള്‍ക്ക് ഓരോ വര്‍ഷവും പരിശീലനം ലഭിക്കുന്നു.

രാജ്യത്തെ ആദ്യത്തെ നാവിക വ്യോമ സ്റ്റേഷനായിരുന്നു ഇത്. പ്രശസ്തമായ ബ്ലൂ ഏഞ്ചല്‍സ് ഫ്ലൈറ്റ് ഡെമോണ്‍‌സ്‌ട്രേഷന്‍ സ്ക്വാഡ്രണും, നാഷണല്‍ നേവല്‍ ഏവിയേഷന്‍ മ്യൂസിയവും ഇവിടെയുണ്ട്. നാവിക വിദ്യാഭ്യാസ പരിശീലന കമാന്‍ഡിന്‍റെ ആസ്ഥാനം കൂടിയാണിത്.

നാവിക-വ്യോമ സ്റ്റേഷന്റെ ചരിത്രത്തിലെ ഇരുണ്ട ദിവസങ്ങളിലൊന്നാണ് വെള്ളിയാഴ്ചയെന്ന് ഗവര്‍ണ്ണര്‍ ഡിസാന്‍റിസ് പറഞ്ഞു.

navy2‘നാവികസേനയില്‍ സേവനമനുഷ്ഠിക്കുന്ന ആര്‍ക്കും ഇതൊരു പ്രത്യേക സ്ഥലമാണെന്ന് അറിയാം, കാരണം ഈ സ്റ്റേഷന്‍ ഒരു പരിശീലന കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. കൂടാതെ ഇവിടെ നിന്ന് പലരും സേവനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച് കടന്നുപോകുന്നു’, ഗവര്‍ണര്‍ പറഞ്ഞു.

ഓരോ വര്‍ഷവും ഇവിടെ സന്ദര്‍ശിക്കുന്ന 1 ദശലക്ഷം വിനോദ സഞ്ചാരികളെ നാവികരില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും വേര്‍തിരിക്കുന്നതിന് സുരക്ഷാ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ 2016 ല്‍ തീരുമാനിച്ചിരുന്നു. ബേസില്‍ ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും മൂന്ന് മൈല്‍ അകലത്തിലായി പ്രത്യേക പ്രവേശന കവാടങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. ഗാര്‍ഡ് ബൂത്തുകളിലൂടെയും റോഡ് ബ്ലോക്കുകളിലൂടെയും സഞ്ചരിക്കാതെ വിനോദ സഞ്ചാരികള്‍ക്ക് സൈനിക മേഖലകളിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.

ഈയാഴ്ച യുഎസ് നേവി കേന്ദ്രത്തില്‍ നടന്ന രണ്ടാമത്തെ വെടിവയ്പ്പാണ് വെള്ളിയാഴ്ചത്തെ സംഭവം. ബുധനാഴ്ച, ഹവായിയിലെ പേള്‍ ഹാര്‍ബറില്‍ ഒരു നാവികന്റെ വെടിയേറ്റ് രണ്ട് സിവിലിയന്‍ ജോലിക്കാര്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നാവികന്‍ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തതായി നാവികസേനയുടെ പ്രസ്താവനയില്‍ പറയുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top