Flash News

അമേരിക്കയും ബ്രിട്ടനും ഇന്ത്യയിലേക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി

December 14, 2019

523255_52094017അമേരിക്കയും ബ്രിട്ടനും അവരുടെ പൗരന്മാര്‍ക്ക് ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ പുതിയ പൗരത്വ നിയമം കൊണ്ടുവന്നതിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ആളിക്കത്തുകയും രണ്ടു പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പുതിയ നിയമനിര്‍മ്മാണം അയല്‍രാജ്യമായ ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്നും തങ്ങളുടെ പാരമ്പര്യത്തിന് കോട്ടം തട്ടുമെന്നും മേഖലയിലെ പലരും ഭയപ്പെടുന്നു. തന്നെയുമല്ല, അഭയാര്‍ത്ഥികളായി എത്തിയവര്‍ തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന അല്ലെങ്കില്‍ ലഭിക്കാവുന്ന തൊഴില്‍ തട്ടിയെടുക്കുകയും, പ്രദേശത്തിന്‍റെ സാംസ്കാരിക സ്വത്വം ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും ആരോപിക്കുന്നു.

പ്രതിഷേധത്തിന്‍റെ പ്രഭവകേന്ദ്രമായ ഗുവാഹത്തിയില്‍ ഒറ്റരാത്രികൊണ്ട് വലിയ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ വെടിവയ്പില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും 26 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി മെഡിക്കല്‍ സ്റ്റാഫ് അറിയിച്ചു.

വെടിവയ്പില്‍ കൊല്ലപ്പെട്ട 18 കാരനായ സാം സ്റ്റാഫോര്‍ഡിന്‍റെ ശവസംസ്കാരം വെള്ളിയാഴ്ച നടന്നു. ഗുവാഹത്തിയോട് ചേര്‍ന്നുള്ള സംസ്ഥാന തലസ്ഥാനമായ ഡിസ്പൂരില്‍ ‘ലോംഗ് ലൈവ് അസം’ എന്ന് ആക്രോശിച്ച് നൂറുകണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്തു.

‘എന്‍റെ മരുമകന്‍ വൈകുന്നേരം വീട്ടില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പോകരുതെന്ന് ഞങ്ങള്‍ അവനോട് പറഞ്ഞെങ്കിലും അവന്‍ സുഹൃത്തുക്കളോടൊപ്പം പോയി,’ കൊല്ലപ്പെട്ട സാം സ്റ്റാഫോര്‍ഡിന്റെ അമ്മായി ജൂലി സ്റ്റാഫോര്‍ഡ് പറഞ്ഞു.

ഗുവാഹത്തിയിലെ കര്‍ഫ്യൂ ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകുന്നേരം 4 വരെ നീക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ ചില സംഘടനകള്‍ കൂടുതല്‍ പ്രകടനങ്ങള്‍ ആസൂത്രണം ചെയ്തുകൊണ്ട് കര്‍ഫ്യൂ ലംഘിക്കാന്‍ പദ്ധതിയിട്ടിരുന്നു.

പുതിയ നിയമത്തിനെതിരായ പോരാട്ടം തെരുവുകളിലും കോടതിയിലും തുടരുമെന്ന് ഓള്‍ അസം സ്റ്റുഡന്‍റ്സ് യൂണിയനില്‍ നിന്നുള്ള സമുജല്‍ ഭട്ടാചാര്യ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top