Flash News
കോവിഡ്-19 വായുവിലൂടെ പകരുമെന്നതിന്‍റെ തെളിവുകള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചു   ****    ഫൊക്കാന നാഷണല്‍ കമ്മിറ്റി ഭരണത്തില്‍ കടിച്ചുതൂങ്ങാതെ ജനാധിപത്യ മര്യാദകള്‍ പാലിക്കണം: മനോജ് വാട്ടപ്പള്ളില്‍   ****    സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന   ****    ഐ.ടി. മേഖലയില്‍ പരിജ്ഞാനമില്ലാത്ത സ്വപ്ന സുരേഷിനെ ഓപ്പറേഷന്‍ മാനേജരായി നിയമിച്ചതില്‍ ദുരൂഹത, സര്‍ക്കാരിന്റെ ഔദ്യോഗിക മുദ്രയുള്ള വിസിറ്റിംഗ് കാര്‍ഡ് ഉപയോഗിച്ചതിലും സംശയം   ****    തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കള്ളക്കടത്ത്: ശിവശങ്കറിനെ മാറ്റിയത് മുഖ്യമന്ത്രിയുടെ മുഖം രക്ഷിക്കാനാണെന്ന് ആക്ഷേപം   ****   

മിസ്റ്റര്‍ പാക്കന്‍ ഫ്രം സിംഗപ്പൂര്‍ (എന്‍റെ തിമോര്‍ കഥകള്‍)

January 5, 2020 , ഡോ: എസ്.എസ്. ലാല്‍

Mister pakan bannerലോസ്പലോസ്. അവികസിതമായ തിമോറിന്‍റെ കിഴക്കു ഭാഗത്തുള്ള കൂടുതല്‍ പിന്നോക്കമായ പ്രദേശമാണത്. തലസ്ഥാനമായ ദിലിയില്‍ നിന്നും വളരെ അകലെ. അവിടെ എത്തിപ്പെടാനും എളുപ്പമല്ല. ആരോഗ്യരംഗത്ത് ഒരുപാട് പ്രശ്നങ്ങളുള്ള പ്രദേശം. സര്‍ക്കാര്‍ ആശുപത്രി പോലുള്ള സംവിധാനങ്ങള്‍ കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ആ പ്രദേശം സന്ദര്‍ശിച്ച് റിപ്പോര്‍ട്ടും കാര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശുപാര്‍ശകളും നല്‍കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തിമോറിലെ മേധാവി ഡോ: അലക്സ് ആഞ്ചാപരീദ്സിയ എന്നോട് ആവശ്യപ്പെട്ടു. ആരോഗ്യവകുപ്പ് മന്ത്രി ഡോ: നെല്‍സണ്‍ മാര്‍ട്ടിന്‍സ് ആണ് ആ നിര്‍ദ്ദേശം മുന്നോട്ടു വെച്ചിരുന്നത്.

ലോസ്പലോസിലെ പരിശോധനകള്‍ക്കായി ദിലിയില്‍ നിന്നും പുറപ്പെടുന്ന സംഘങ്ങള്‍ ഒറ്റ ദിവസം കൊണ്ട് അവിടേയ്ക്ക് എത്താന്‍ ശ്രമിക്കാറില്ല. പാതി വഴിയില്‍ ബക്കാവു എന്നൊരു പ്രദേശമുണ്ട്. അവിടത്തെ ആരോഗ്യ സംവിധാനങ്ങള്‍ കൂടി പരിശോധിച്ച് രാത്രി അവിടെ തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ ലോസ്പലോസിന് തിരിക്കും. അതാണ് പതിവ്.

ലോകാരോഗ്യ സംഘടനയുടെ വാഹനത്തില്‍ ഞാനും സഹായിയായി തിമോറുകാരനായ ജില്‍ ഡിക്കോസ്റ്റ എന്ന ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. അയാള്‍ക്ക് ആരോഗ്യ കാര്യങ്ങള്‍ കൂടാതെ ഇംഗ്ലീഷും അറിയാം. മറ്റൊരു വാഹനത്തില്‍ രാജ്യത്തെ ക്ഷയരോഗ പദ്ധതിയുടെ ഡയറക്ടര്‍ കോസ്റ്റയും ഒന്നുരണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു.

കടലിനോട് അടുത്ത പ്രദേശമാണ് ബക്കാവു. കേരളത്തിലെപ്പോലെ തെങ്ങും വലിയ മരങ്ങളും ഒക്കെ എവിടെയും കാണാം. മനുഷ്യര്‍ പരമ ദരിദ്രരാണ്. പാരമ്പര്യ വസ്ത്രങ്ങള്‍ നെയ്യുന്ന വൃദ്ധരായ സ്ത്രീകളെ അവിടെ കണ്ടു. പട്ടിണി ക്ഷീണിപ്പിച്ച കുട്ടികളും. പ്രധാന ആശുപത്രിയില്‍പ്പോലും ഡോക്ടര്‍ ഇല്ല. നഴ്സ് ആണ് ചികിത്സകള്‍ ചെയ്യുന്നത്. സഹായത്തിന് ഫാര്‍മസിസ്റ്റും. നമ്മുടെ നാട്ടിലെയൊക്കെപ്പോലെ കാര്യമായ പരിശീലനമൊന്നും ലഭിച്ചവരല്ല അവര്‍. അതിനാല്‍ ചികിത്സയുടെ നിലവാരവും മോശമാണ്.

ബക്കാവുവിലെ ജോലി കഴിഞ്ഞു. ചുറ്റിനും ഇരുട്ട് പടര്‍ന്നു തുടങ്ങി. എന്‍റെ താമസം അവിടെയുള്ള ഒരു സ്വകാര്യ ഗസ്റ്റ് ഹൗസില്‍ ആണ് ഏര്‍പ്പാടാക്കിയിരുന്നത്. അവിടെ ഒരു രാത്രി തങ്ങാന്‍ ഇരുപത് ഡോളര്‍ ആണ് വാടക. ഉള്‍പ്രദേശത്തായാലും ഇത്ര കുറഞ്ഞ നിരക്കില്‍ മുറി കിട്ടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു. കോസ്റ്റയും ജില്‍ ഡിക്കോസ്റ്റയും വേറെ രണ്ട് ഉദ്യോഗസ്ഥരും ഡ്രൈവര്‍മാരും ഒക്കെ മറ്റൊരു സ്ഥലത്താണ് താമസിക്കുക. നാട്ടിലെ ഉദ്യോഗസ്ഥര്‍ക്ക് താമസിക്കാന്‍ ഒരു ദിവസം പത്ത് ഡോളറിനു താഴെ മറ്റോ മാത്രമേ അനുവദിച്ചിരുന്നുള്ളൂ.

02ഇത്തരം സ്ഥലങ്ങളില്‍ ഗസ്റ്റ് ഹൗസ് നടത്തുന്നവര്‍ ഇംഗ്ലീഷ് ഒന്നും സംസാരിക്കില്ല. അതിനാല്‍ എന്നെ ഗസ്റ്റ് ഹൗസില്‍ കൊണ്ടാക്കാന്‍ ബാക്കി സ്റ്റാഫും കൂടി വന്നു. ഒരു വലിയ കുന്നിന്‍റെ മുകളിലാണ് ഗസ്റ്റ് ഹൗസ്. ഇരുട്ടത്ത് വണ്ടിയുടെ ഹെഡ്‌ലൈറ്റ് വെളിച്ചത്തില്‍ കുന്ന് കയറിച്ചെന്നപ്പോള്‍ മുകളില്‍ ഒരു ചെറിയ വീട്. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ടുണ്ടായിരുന്ന ചെറിയ ഓലമേഞ്ഞ വീടുപോലെ. അകത്ത് മങ്ങിയ വെളിച്ചം. ഡീസല്‍ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന നാട്ടില്‍ ബള്‍ബുകള്‍ വോള്‍ട്ടേജ് കുറഞ്ഞവയാണ്. വലിയ കുന്നിനു മുകളില്‍ ആ ഒരു വീട് മാത്രം. അതായിരുന്നു അതുവരെ പറഞ്ഞുകേട്ട ഗസ്റ്റ് ഹൗസ്. അവിടെ ആകെയുള്ളത് ഒരു മെലിഞ്ഞ സ്ത്രീ. ആ നാട്ടുകാരി. അവര്‍ തന്നെയാണ് റിസപ്ഷനിസ്റ്റും മാനേജരും കുക്കും സ്വീപ്പറും എല്ലാം. ആകെ രണ്ട് മുറിയുണ്ട്. എനിക്ക് കിട്ടിയത് ചെറിയൊരു മുറിയാണെങ്കിലും അത്യാവശ്യം വൃത്തിയുണ്ട്. ബെഡ് ഷീറ്റ് കഴുകിയത് തന്നെ. കട്ടിലിനു ചുറ്റും ഒരു കൊതുകുവലയുണ്ട്.

കാച്ചില്‍ പോലത്തെ ഒരു കിഴങ്ങു പുഴുങ്ങിയതും നാടന്‍ കോഴിക്കറിയും കട്ടന്‍ ചായയും ആയിരുന്നു അത്താഴം. ഒരു ചെറിയ മേശ. രണ്ടു കസേരകള്‍. മെലിഞ്ഞ സ്ത്രീ ഭക്ഷണം വിളമ്പി. ആംഗ്യ ഭാഷയിലൂടെ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. അവര്‍ ഒരു പ്രാവശ്യം പോലും എന്നെ നോക്കിയില്ല. ജീവിതത്തില്‍ ഒരിക്കലും ആ സ്ത്രീ ചിരിച്ചിട്ടില്ലെന്നു തോന്നി. ചിരിക്കാന്‍ സഹായിക്കുന്ന മുഖപേശികള്‍ അവരുടെ ഉന്തിയ താടിയെല്ലുകള്‍ക്കിയിലേയ്ക്ക് പണ്ടെങ്ങോ ഒലിച്ചിറങ്ങിപ്പോയതാണ്. വീട്ടിനു ചുറ്റും കൂരിരുട്ട്. പുറത്ത് ചീവീടുകള്‍ മാത്രം നിര്‍ത്താതെ സംസാരിച്ചു. രാത്രി പ്രതീക്ഷിക്കാത്തത് എന്തെങ്കിലും സംഭവിച്ചാല്‍ എന്തു ചെയ്യും എന്ന് പേടി തോന്നാതിരുന്നില്ല. മൊബൈല്‍ ഫോണില്‍ സിഗ്നലും ഇല്ല.

എനിക്ക് അന്നത്തെ റിപ്പോര്‍ട്ട് എഴുതാനുണ്ടായിരുന്നു. ലാപ്ടോപ്പിലെ ചാര്‍ജ് കഴിയും മുമ്പ് അത് തീര്‍ക്കണം. ചാര്‍ജ് ചെയ്യാനുള്ള പ്ലഗ് ഇല്ല. റിപ്പോര്‍ട്ട് എഴുതിക്കഴിഞ്ഞപ്പോള്‍ നല്ല ക്ഷീണം. ഇനി ഉറങ്ങണം. ബാത് റൂം അറ്റാച്ഡ് അല്ല. രണ്ടു മുറിക്കും പൊതുവായി ഒരെണ്ണം പുറത്താണ്. അവിടേയ്ക്കു പോകാനായി ഇറങ്ങി വന്നപ്പോള്‍ ഭക്ഷണം കഴിച്ച വരാന്തയില്‍ അരണ്ട വെളിച്ചത്തില്‍ മെലിഞ്ഞ സ്ത്രീ നിലത്ത് കിടന്നുറങ്ങുന്നു. ഒരു പായപോലും ഇല്ലാതെ. അപ്പോള്‍ അവര്‍ വാച്ചറുടെ ജോലിയിലാണ്. കൂട്ടിന് കൊതുകുകള്‍ മാത്രം.

04ഉറങ്ങിയത് എപ്പോഴെന്ന് ഓര്‍മ്മയില്ല. കതകില്‍ ആരോ മുട്ടിയതുപോലെ തോന്നി. വാച്ചു നോക്കിയപ്പോള്‍ മണി ഏഴ്. നേരം വെളുത്തിരിക്കുന്നു. ‘വേക്ക് അപ്’ എന്നൊരു സ്ത്രീ ശബ്ദം. എന്നെ ഏഴുമണിക്ക് ഉണര്‍ത്തണമെന്ന് കോസ്റ്റ ആ സ്ത്രീയോട് പറഞ്ഞിരുന്നു. എന്‍റെ ചെറിയ ക്ലോക്ക് എന്നെ ആറരയ്ക്ക് ഉണര്‍ത്താന്‍ മറന്നുപോയിരുന്നു.

പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാന്‍ വന്നപ്പോള്‍ മേശയുടെ ഒരു വശത്തുള്ള കസേരയില്‍ പ്രായമുള്ള ഒരു മനുഷ്യന്‍ ഇരിക്കുന്നുണ്ട്. ഇയാള്‍ എവിടുന്ന് വന്നു? ഞാന്‍ ആലോചിച്ചു. അയാള്‍ ബ്രഡും ഓംലറ്റും കഴിക്കുകയാണ്. ഞാനും എതിര്‍ വശത്തിരുന്നു. അയാള്‍ എന്നെ നോക്കി ചിരിച്ചു. മെലിഞ്ഞ സ്ത്രീ എനിക്കും ബ്രഡും ഓംലറ്റും വിളമ്പി.

ആ മനുഷ്യനെ പരിചയപ്പെടാന്‍ ഞാന്‍ ശ്രമം തുടങ്ങി. തലേ ദിവസം ഞാന്‍ ഉറങ്ങിയ ശേഷമാണ് അദ്ദേഹം അവിടെ എത്തിയത്. അയാളുടെ പേര് പാക്കന്‍. ഇതെന്ത് പേര്? ഞാന്‍ ആലോചിച്ചു. ഞങ്ങള്‍ കൂടുതല്‍ സംസാരിച്ചു. സിംഗപ്പൂരില്‍ നിന്നും ഒരു സന്നദ്ധ സംഘടനയുടെ ആഭിമുഖ്യത്തില്‍ രണ്ടാഴ്ച സാമൂഹ്യ സേവനത്തിന് വന്നിരിക്കയാണ് അദ്ദേഹം. എല്ലാ വര്‍ഷവും അങ്ങനെ വരാറുണ്ട്. മറ്റു ചില രാജ്യങ്ങളിലും പോകാറുണ്ട്. വയസ് എഴുപത്തിനു മുകളില്‍. റിട്ടയര്‍മെന്‍റിനു ശേഷം ജീവിതം സമൂഹത്തിന് കൂടുതല്‍ പ്രയോജനകരമാക്കുകയാണ് ലക്ഷ്യം.

എനിക്കും ചില ബന്ധുക്കള്‍ സിംഗപ്പൂരില്‍ ഉണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ ഏതു രാജ്യക്കാരനാണ് എന്നായി അദ്ദേഹത്തിന്‍റെ ചോദ്യം. ശ്രീലങ്കയാണോ എന്നും ചോദിച്ചു. ശ്രീലങ്കക്കാര്‍ പോലും എന്നോട് ചോദിക്കുന്ന ചോദ്യമായതിനാല്‍ എനിക്കതു ശീലമായിരുന്നു.

‘ഇന്ത്യക്കാരനാണ്. ശ്രീലങ്കയ്ക്കടുത്താണ് എന്ന് പറയാം. കേരളം എന്നൊരു സ്റ്റേറ്റില്‍ നിന്നാണ്.’

എന്‍റെ മറുപടി കേട്ട് അയാള്‍ ഒന്ന് ഞെട്ടി.

‘മലയാളി ആണല്ലേ?’ അയാളുടെ ചോദ്യം.

01തനി മലയാളത്തിലുള്ള ആ ചോദ്യം കേട്ട് ഞാനും ഞെട്ടി. ‘അങ്ങനെ വരട്ടെ, സിംഗപ്പൂരില്‍ പോയി പാക്കനെന്ന് പേരും മാറ്റി തിമോറില്‍ കറങ്ങി നടക്കുകയാണല്ലേ മലയാളീ, കൊച്ചുകള്ളാ.’ അങ്ങനെയായിരിക്കണം ഞാന്‍ മനസ്സില്‍ ഓര്‍ത്തത്.

ആ ചെറിയ മേശയ്ക്ക് ഇരുവശവും ഇരുന്നുള്ള ഞങ്ങളുടെ സംഭാഷണം ഒരു മണിക്കൂറോളം നീണ്ടു. അതിശയിപ്പിക്കുന്ന ഒരു കഥയുടെ അറ്റത്താണ് മിസ്റ്റര്‍ പാക്കന്‍ നില്‍ക്കുന്നത്. അദ്ദേഹം നന്നായി മലയാളം പറയും. എന്നാല്‍ ഒരിക്കലും കേരളം കണ്ടിട്ടില്ല. അദ്ദേഹം സിംഗപ്പൂര്‍ പൗരനാണ്. ഇന്ത്യക്കാരനല്ല. എന്തിന് ഇന്ത്യയില്‍ ഒരിടത്തും കാലുകുത്തിയിട്ടില്ല. പിന്നെങ്ങനെ അയാള്‍ മലയാളം പറയുന്നു? അതാണ് മിസ്റ്റര്‍ പാക്കന്‍റെ കഥ.

മിസ്റ്റര്‍ പാക്കന്‍റെ പിതാവ് കേരളത്തില്‍ നിന്നും ഒളിച്ചോടി എങ്ങനെയോ സിംഗപ്പൂരില്‍ എത്തിയതാണ്. കുറേനാള്‍ കഴിഞ്ഞ് ഒരു ജോലിയൊക്കെ സംഘടിപ്പിച്ച് പതിയെ അവിടെ താമസമായി. പിന്നീട് സിംഗപ്പൂരിലേക്ക് ചേക്കേറിയ ഒരു മലയാളി കുടുംബത്തിലെ മകളെ വിവാഹം കഴിച്ചു. അവര്‍ രണ്ടുപേരും അവരുടെ വീട്ടില്‍ മലയാളം സംസാരിച്ചു. ഒരുപക്ഷേ അയാള്‍ക്ക് അന്ന് മലയാളം മാത്രമേ അറിയാമായിരുന്നുള്ളൂ. മക്കള്‍ ഉണ്ടായപ്പോള്‍ അവരോടും മലയാളത്തില്‍ മാത്രം സംസാരിച്ചു. അങ്ങനെയാണ് പാക്കനും സഹോദരങ്ങളും നന്നായി മലയാളം പറയുന്നത്.

05പിന്നെന്ത് സംഭവിച്ചു? പാക്കന്‍റെ പിതാവ് ഒരിക്കലും അവരുടെ വീട്ടില്‍ കേരളത്തെപ്പറ്റി സംസാരിച്ചില്ല. ആരെയും കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചില്ല. നാടിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുമാറി. എപ്പോഴും. കൂടുതല്‍ ചോദിച്ചാല്‍ ഒച്ചവയ്ക്കും. പിണങ്ങും. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകും. അതിനാല്‍ അക്കാര്യം ആരും മിണ്ടാതായി. ഒരിക്കല്‍ അദ്ദേഹത്തിന്‍റെ സഹോദരന്‍ എന്തോ രഹസ്യ വിവരം കിട്ടി സിംഗപ്പൂരില്‍ അന്വേഷിച്ചെത്തി. ഒരു ദിവസം സഹോദരന്മാര്‍ മുഖാമുഖം എത്തിയപ്പോള്‍ പെട്ടെന്ന് അയാള്‍ എവിടേയ്ക്കോ ഓടിമറഞ്ഞു. അതാണ് ബന്ധുക്കളെപ്പറ്റിയുള്ള അവസാനത്തെ അറിവ്. സഹോദരന്‍ തന്നെ തിരക്കിയെങ്ങാനും വീട്ടില്‍ വന്നാല്‍ ഒരു സൂചനയും കൊടുക്കരുതെന്ന് കുടുംബാംഗങ്ങളെയും വിലക്കി. അങ്ങനെയാണ് ആ സംഭവം വീട്ടില്‍ അറിയുന്നത് തന്നെ.

കേരളത്തില്‍ കുടുംബത്തിലെ ആരെങ്കിലും അയാളെ ദ്രോഹിച്ചതിനാലോ വലിയ തര്‍ക്കങ്ങളോ ഭീഷണിയോ ഉണ്ടായതിനാലോ ആയിരിക്കാം അദ്ദേഹം കേരളം വിട്ടതെന്ന് കുടുംബാംഗങ്ങള്‍ ഊഹിക്കുന്നു. അതുമല്ല ഇനി വല്ല കുറ്റകൃത്യവും ചെയ്തിട്ട് കടന്നതാണോ എന്നും അവര്‍ക്ക് നിശ്ചയമില്ല. മരിക്കുന്നതുവരെ നാടിനോട് അത്രയ്ക്കും അകന്നുനിന്നതിനാലാണ് അവര്‍ക്കൊക്കെ അങ്ങനെ സംശയം തോന്നിയത്.

മലയാളം സംസാരിക്കുന്ന മലയാളിയല്ലാത്ത മിസ്റ്റര്‍ പാക്കന് ആ പേര് കിട്ടിയ വഴിയും രസകരമാണ്. ഭാസ്കരന്‍ എന്നാണ് അച്ഛന്‍ ഉദ്ദേശിച്ചത്. സ്കൂളില്‍ ചേര്‍ത്തപ്പോള്‍ പാക്കരന്‍ എന്നാണ് അദ്ദേഹം പറഞ്ഞു കൊടുത്തത്. സ്കൂളില്‍ പേര് ചേര്‍ത്ത ഒരു
ചൈനക്കാരി എഴുതി വന്നപ്പോള്‍ സംഗതി ലോപിച്ച് പാക്കന്‍ ആയി.

പാക്കനുമായി കുറച്ചുനാള്‍ എനിക്ക് ഇമെയില്‍ ബന്ധം ഉണ്ടായിരുന്നു. എപ്പോഴോ അത് നിലച്ചു.

(പശ്ചാത്തലം: കിഴക്കന്‍ തിമോറില്‍ എത്തിയിട്ട് ഏതാണ്ട് മൂന്നു മാസം കഴിഞ്ഞിരുന്നു. അന്തര്‍ദേശീയ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ലോകാരോഗ്യ സംഘടനയുടെ ഉത്തരവാദിത്വങ്ങള്‍ കൂടുതല്‍ അറിഞ്ഞ സമയം. തിമോര്‍ എന്ന രാജ്യത്തെക്കുറിച്ചും മനുഷ്യരെക്കുറിച്ചും ഏറെക്കുറെ ധാരണയായി. അവിടത്തെ ആരോഗ്യരംഗത്തെ കാര്യങ്ങളുടെ കിടപ്പും ഏതാണ്ട് മനസ്സിലായിക്കഴിഞ്ഞിരുന്നു. ആ സമയത്ത് ലോകത്തെ ഏറ്റവും അവികസിത രാജ്യമായിരുന്നു തിമോര്‍. ഒരു പുതിയ രാജ്യത്തിന്‍റെ പഴയതും പുതിയതുമായ നിരവധി പ്രശ്നങ്ങള്‍. സ്വതന്ത്ര ഗവണ്മെന്‍റ് ഉണ്ടെങ്കിലും യു.എന്‍. ആണ് അവരെ അപ്പോഴും കൈപിടിച്ച് നടത്തുന്നത്. ഒരുപാട് ആരോഗ്യ പ്രശ്നങ്ങള്‍. പ്രധാനമായും പകര്‍ച്ചവ്യാധികള്‍. ലോകാരോഗ്യസംഘടന കൂടാതെ നിരവധി സന്നദ്ധ സംഘടനകളുടെയും അന്താരാഷ്ട്ര ഫണ്ടിംഗ് ഏജന്‍സികളുടെയും ഒക്കെ കാര്യമായ പിന്തുണയുണ്ട്. എങ്കിലും എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശനങ്ങളായിരുന്നില്ല)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top