Flash News
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതികളെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍   ****    ഏഴു വര്‍ഷം പിന്നിട്ടിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ പാട്രിക്ക് മിഷന്‍ പ്രൊജക്റ്റ്   ****    ക്ഷേത്രങ്ങളിലെ അതിക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് കെഎച്ച്എന്‍എയുടെ ഐക്യദാര്‍ഢ്യം   ****    State Education Department Appoints Dr. William Johnson as Monitor for the Hempstead Union Free School District   ****    ഇന്ത്യയിലെ സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനമായിരുന്ന ‘അറ്റ്‌ലസ് സൈക്കിള്‍’ നിര്‍മ്മാണ ഫാക്ടറി പൂട്ടി, ജീവനക്കാരെ പിരിച്ചുവിട്ടു   ****    2,550 വിദേശി തബ്ലീഗി ജമാഅത്ത് അംഗങ്ങളെ 10 വര്‍ഷത്തേക്ക് ഇന്ത്യയില്‍ പ്രവേശിക്കുന്നത് വിലക്കി   ****   

ട്രംപണോമിക്‌സിന്റെ വളര്‍ച്ച ഗംഭീര്യമോ വിമര്‍ശനാത്മകമോ?

January 6, 2020 , ജോസഫ് പടന്നമാക്കല്‍

trumponomics-bannerപ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണനേട്ടങ്ങളെ തെറ്റായി വിലയിരുത്തിയും പുരോഗമനങ്ങളെ വളച്ചൊടിച്ചുമാണ് വാര്‍ത്തകള്‍ സാധാരണ പ്രത്യക്ഷപ്പെടാറുള്ളത്. ട്രംപ് അമേരിക്കന്‍ പ്രസിഡണ്ടായി ഭരണം തുടങ്ങിയിട്ട് മൂന്നു വര്‍ഷം കഴിഞ്ഞു. 2020ല്‍ നടക്കാന്‍ പോകുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ട്രംപിന്‍റെ പ്രഖ്യാപിത നയങ്ങളെ വിമര്‍ശിക്കുന്നതു സമകാലീക വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നു. ട്രംപിനെതിരെയുള്ള വിമര്‍ശനങ്ങളുടെ തുടര്‍ക്കഥകള്‍ സോഷ്യല്‍ മീഡിയാകളിലും നിറയെ പ്രാധാന്യം നല്‍കാറുണ്ട്. ‘ധനികര്‍ക്ക് നികുതിയിളവുകള്‍ നല്‍കുന്നു; തുറന്ന അതിര്‍ത്തികള്‍, അതിര്‍ത്തി മതിലുകള്‍, സാമൂഹിക സുരക്ഷിതമില്ലായ്മ, വര്‍ഗ വിവേചനത്തില്‍ക്കൂടിയുള്ള വോട്ടു തേടല്‍ മുതലായവകള്‍ ട്രംപിനെതിരായുള്ള പ്രതിയോഗികളുടെ തിരഞ്ഞെടുപ്പിലെ വജ്രായുധങ്ങളാണ്. നിഷ്പക്ഷമായ ട്രംപിന്‍റെ സാമ്പത്തിക പരിഷ്ക്കാരങ്ങളിലുള്ള വിലയിരുത്തലുകളില്‍ എതിരാളികള്‍ നിശ്ശബ്ദരാവുകയും ചെയ്യുന്നു. എങ്കിലും അടുത്ത കാലത്തെ ഉക്രേനിയന്‍ പ്രശ്നം, ട്രംപിനെ പ്രതിക്കൂട്ടിലാക്കിയതുമൂലം വോട്ടര്‍മാര്‍ അതിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ഇറാനുമായുള്ള പുതിയ സംഭവവികാസങ്ങളും ട്രംപിനൊരു വെല്ലുവിളിയാണ്.

Padanna4

ജോസഫ് പടന്നമാക്കല്‍

2019ലെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ അഭിവൃദ്ധി പ്രാപിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. ദാരിദ്ര രേഖയില്‍ താണു ജീവിക്കുന്നവരുടെ നിലവാരം ഉയരുകയും അവരുടെ എണ്ണം കുറയുകയും ചെയ്തു. കഴിഞ്ഞുപോയ വര്‍ഷത്തില്‍ താണ വരുമാനക്കാരുടെ വളര്‍ച്ച പ്രത്യക്ഷത്തില്‍ തന്നെ വിലയിരുത്താന്‍ സാധിക്കും. ഭരണകൂടത്തിന്‍റെ വ്യവസായ നയങ്ങള്‍ ഫലവത്തും വിജയകരവുമായിരുന്നു. കഴിഞ്ഞ 65 വര്‍ഷങ്ങളിലുള്ള അതിര്‍ത്തിയിലെ കുടിയേറ്റങ്ങള്‍ രേഖപ്പെടുത്തിയതനുസരിച്ച് അനധികൃത കുടിയേറ്റക്കാരുടെ വരവു ഗണ്യമായി കുറഞ്ഞു. അമേരിക്കയില്‍ ഇറക്കുമതി ചെയ്തുകൊണ്ടിരുന്ന ഓയില്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യാള്ള ഒരുക്കങ്ങളും തുടങ്ങിയിരിക്കുന്നു. 2019ല്‍ നേടിയ നേട്ടങ്ങളെല്ലാം പ്രസിഡന്‍റ് ട്രംപിന്‍റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുണ്ടായിരുന്നു. ട്രംപിന്‍റെ മുന്‍ഗാമികള്‍ പരാജയപ്പെട്ട സാമ്പത്തിക മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിച്ചതും ട്രംപിനെ വീണ്ടും വൈറ്റ് ഹൗസിലേക്ക് യോഗ്യനാക്കുന്നു. സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകള്‍ക്കും അപ്പുറം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വളര്‍ന്നുവെന്നതും വിസ്മയകരമാണ്. അമ്പതു കൊല്ലം മുമ്പ് ഭരിച്ച ലിന്‍ഡന്‍ ജോണ്‍സന്‍റെ കാലംമുതല്‍ പരിശോധിച്ചാലും തൊഴിലില്ലായ്മ ഇത്രമാത്രം താണ ഒരു വര്‍ഷം ചരിത്രത്തിലില്ല.

ട്രംപ് സാധാരണ പറയുന്ന ഒരു പല്ലവിയാണ്, ‘അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എല്ലാക്കാലത്തേക്കാളും നേട്ടങ്ങള്‍ കൈവരിച്ചിരിക്കുന്നു. ഒരുപക്ഷെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വളര്‍ച്ചയായിരിക്കാം ഇത്.’ യുഎന്‍ അസംബ്ലിയില്‍ അദ്ദേഹം ചെയ്ത പ്രസംഗത്തില്‍, അമേരിക്കയുടെ തൊഴിലുകളും വേതനവും വര്‍ദ്ധിച്ചതെങ്ങനെയെന്നു ഊന്നി പറയുകയുണ്ടായി. ട്രംപ് അവകാശപ്പെടുന്നത് മുഴുവനായി മുഖവിലക്ക് എടുക്കാന്‍ സാധിക്കില്ലെങ്കിലും അമേരിക്കയ്ക്ക് സാമ്പത്തിക വളര്‍ച്ചയുണ്ടായി എന്നുള്ളത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഇതിലും സാമ്പത്തികമായി ഉയര്‍ന്നുനിന്ന കാലങ്ങളും ഉണ്ടായിരുന്നു. ചൈനയുമായുള്ള വ്യവസായ യുദ്ധം, മിഡില്‍ ഈസ്റ്റിലെ ടെന്‍ഷന്‍, ആഗോള സാമ്പത്തിക മാര്‍ക്കറ്റിന്‍റെ ഇടിവ്, യുഎസ് സെന്‍ട്രല്‍ ബാങ്കുകളെ പലിശ നിരക്കു കുറക്കാന്‍ പ്രേരിപ്പിച്ചു. സമ്പദ്ഘടനയ്ക്ക് അനുകൂലമായ വളര്‍ച്ച ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ടത് ട്രംപ് ഭരണകൂടത്തിലായിരുന്നു.

രാഷ്ട്രത്തിന്‍റെ മൊത്തം ഉത്പാദന സൂചികയായ ‘ജിഡിപി’ വളര്‍ന്നു. രാജ്യത്ത് മെച്ചമായ ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വളര്‍ച്ചയുണ്ടായി. വളര്‍ച്ചക്കാവശ്യമായ വസ്തുതകള്‍ എന്തെല്ലാമെന്നു സാമ്പത്തിക വിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നു. 2019 ല്‍ ആദ്യത്തെ ക്വാര്‍ട്ടറില്‍ ജിഡിപി യുടെ വളര്‍ച്ച 3.1 ശതമാനമാണ്. എന്നാല്‍ അത് രണ്ടാമത്തെ ക്വാര്‍ട്ടറില്‍ 2.1 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഒബാമയുടെ പ്രസിഡന്‍സി കാലഘട്ടത്തില്‍ 2014 ല്‍ രണ്ടാം ക്വാര്‍ട്ടറില്‍ 5.5 ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. പുറകോട്ടു പോവുകയാണെങ്കിലും 1950 ലും 1960 ലും ഇതിലും മെച്ചമായ വളര്‍ച്ചകള്‍ കാണാന്‍ സാധിക്കും. യുദ്ധകാല ശേഷമുള്ള വളര്‍ച്ച നിരക്ക് കണക്കാക്കുമ്പോള്‍ ട്രംപ് പറയുന്നതില്‍ എത്രമാത്രം വാസ്തവമുണ്ടെന്നും ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

തൊഴിലില്ലായ്മ അര നൂറ്റാണ്ടിനുള്ളിലെ ചരിത്രത്തില്‍ ഏറ്റവും താണുവെന്നും ട്രംപിന്‍റെ പ്രസംഗത്തിലുടനീളം കേള്‍ക്കാം. കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് ഏകദേശം ആറു മില്യണ്‍ പുതിയ തൊഴിലുകള്‍ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കണ്ടെത്തിയെന്നും അവകാശപ്പെടുന്നു. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ തൊഴിലില്ലായ്മ 3.7% ശതമാനമായിരുന്നു. എന്നാല്‍ 1969 കണക്കിലും തൊഴിലില്ലായ്മ അതേ അനുപാതം തന്നെ കാണിക്കുന്നു. 1969 നവംബറിലും ഡിസംബറിലും തൊഴിലില്ലായ്മ 3.5 ശതമാനമായിരുന്നു. ഈ സൂചികയാണ് അമ്പതു വര്‍ഷങ്ങളിലെ തൊഴിലില്ലായ്മയുടെ ഏറ്റവും താണ സൂചിക.

2019ല്‍ ആറു മില്യണ്‍ ജോലികള്‍ സൃഷ്ടിച്ചുവെന്നതും ശരിതന്നെ . ചില പ്രത്യേക സാമൂഹിക വര്‍ഗ വിഭാഗങ്ങളിലും തൊഴിലില്ലായ് ഏറ്റവും കുറവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ തൊഴിലില്ലായ്മ ചരിത്രത്തിലെ തന്നെ കുറഞ്ഞ സൂചിക കാണിക്കുന്നു. 1972 മുതല്‍ ചിന്തിച്ചാലും 2019ലെ ആഫ്രോ അമേരിക്കന്‍ തൊഴിലില്ലായ്മ 5.5 ശതമാനമായി കുറഞ്ഞത് റിക്കോര്‍ഡ് ഭേദിക്കുന്നതാണ്. 1973 മുതലുള്ള ഹിസ്പാനിക്ക് തൊഴിലില്ലായ്മ കണക്കാക്കിയാലും ട്രംപിന്‍റെ തൊഴില്‍ ധനതത്വ ശാസ്ത്രത്തിലെ 4.2 ശതമാനമെന്നുള്ളതും ചരിത്രത്തിലെ താണ സൂചികയാണ്.

D72A2CCF-8B77-404D-AFA2-EE43B8CB860Aഏഷ്യന്‍-അമേരിക്കക്കാരെ സംബന്ധിച്ച് 2003 മുതലുള്ള ‘തൊഴിലില്ലായ്മ’ റിക്കോര്‍ഡുകള്‍ മാത്രമേ നിലവിലുള്ളൂ. അവരുടെയിടയിലുള്ള 2019ലെ തൊഴിലില്ലായ്മ 2.8 ശതമാനമാണ്. ഇത് ഏഷ്യന്‍ അമേരിക്കരുടെ രേഖപ്പെടുത്തിയ തൊഴിലില്ലായ്മയുടെ ഏറ്റവും താണ സൂചികയാണ്. കഴിഞ്ഞ ജൂണില്‍ അവരുടെ തൊഴിലില്ലായ്മ 2.1 ശതമാനമായിരുന്നു. 2009ലെ സാമ്പത്തിക മാന്ദ്യത്തിനുശേഷം ഒബാമയുടെ കാലത്തും ഏഷ്യന്‍ അമേരിക്കരുടെയിടയില്‍ ഓരോ വര്‍ഷവും തൊഴിലില്ലായ്മ കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ജോലി ചെയ്യുന്നവരുടെ വേതനം ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്നുണ്ടെന്നും അതനുസരിച്ച് ആളോഹരി വരുമാനവും (പെര്‍ ക്യാപിറ്റ ഇന്‍കം) വര്‍ദ്ധിക്കുന്നുവെന്ന് പ്രസിഡന്‍റ് ട്രംപ് പറഞ്ഞു. ട്രംപിന്‍റെ ഈ അഭിപ്രായം വ്യക്തമായ അടിസ്ഥാനത്തിലെന്നു തോന്നുന്നില്ല. ദേശീയ ലെവലില്‍ തൊഴിലാളികളുടെ മണിക്കൂറിലുള്ള മിനിമം കൂലി വര്‍ദ്ധിച്ചു. ഈ വര്‍ദ്ധനവ് ഒബാമയുടെ കാലം മുതലുള്ളതാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിലപ്പെരുപ്പം 3.4 ശതമാനമായിരുന്നു. ഇപ്പോള്‍ അത് കുറഞ്ഞു.

അമേരിക്കയുടെ തൊഴില്‍ മാര്‍ക്കറ്റ് ശക്തമായി തുടരുന്നു. ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലെ റിപ്പോര്‍ട്ട് പ്രതീക്ഷിച്ചതിനേക്കാളൂം മെച്ചമായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും തൊഴില്‍നിലവാരം ഉയര്‍ന്നു നിന്നിരുന്നു. പതിറ്റാണ്ടുകളുടെ ചരിത്രമെടുത്താലും തൊഴിലില്ലായ്മ സൂചിക ട്രംപിന്‍റെ ഭരണത്തില്‍ വളരെ താണുനിന്നിരുന്നു. സാമ്പത്തിക ഭദ്രത കൂടിയതുകൊണ്ടു ഉപഭോക്താക്കളുടെ എണ്ണവും കൂടി. സാമ്പത്തിക വളര്‍ച്ച കൂടുകയും ചെയ്തു. 2019 നവംബറില്‍ ഉല്‍പ്പാദന മേഖലകളില്‍ തൊഴില്‍ വര്‍ദ്ധിച്ചതിനു കാരണം ജനറല്‍ മോട്ടോഴ്സ് പുനഃസ്ഥാപിക്കുകയും വിദേശങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അമേരിക്കയില്‍ വന്നതുകൊണ്ടുമായിരുന്നു. ആഗോള മാര്‍ക്കറ്റ് താണ സമയത്തും അമേരിക്കന്‍ ഇക്കോണമി ഉയര്‍ന്നു തന്നെ നിന്നിരുന്നു.

2020 നവംബറില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പില്‍, രണ്ടാം തവണയും പ്രസിഡന്‍റ് ട്രംപ് തിരഞ്ഞെടുക്കാനുള്ള സാധ്യതയ്ക്ക് അമേരിക്കന്‍ സമ്പദ് വ്യവസ്ഥ നന്നാകേണ്ടതുമുണ്ട്. ഈ വര്‍ഷം തന്നെ ഫെഡറല്‍ റിസര്‍വ് മൂന്നു പ്രാവശ്യം പലിശ നിരക്ക് കുറച്ചു. ഫെഡറലിന്‍റെ ‘പലിശ വെട്ടിച്ചുരുക്കല്‍’ മാര്‍ക്കറ്റിന്‍റെ ചലനങ്ങളെ ഉണര്‍ത്താനും സാധിച്ചു. വിലപ്പെരുപ്പം 3 .2 ശതമാനമായിട്ടുണ്ട്. വിലപ്പെരുപ്പം കണക്കിലെടുത്തുകൊണ്ട് കഴിഞ്ഞ ആഗസ്റ്റ് 2018 മുതല്‍ ആഗസ്റ്റ് 2019 വരെ 1.5 ശതമാനം തൊഴില്‍ വേതനം വര്‍ദ്ധിച്ചിട്ടുണ്ട്. ഓരോരുത്തരുടെയും വീട്ടു വരുമാനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ സാമ്പത്തിക വളര്‍ച്ച വളരെ സാവധാനമാണ്. 2018ല്‍ ഒരാളിന്‍റെ കുടുംബ വരുമാനം ശരാശരി 63179 ഡോളറായിരുന്നു. എന്നാല്‍ അതിനുമുമ്പുള്ള വര്‍ഷങ്ങളെ തുലനം ചെയ്യുമ്പോള്‍ അത് തൃപ്തികരമല്ലെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

190626-trump-xi-mc-14024_8b02aab564cffa25446d11bcc6510503.fit-760wതൊഴില്‍ ക്ഷേമങ്ങളുടെ കാര്യത്തില്‍ ‘2019’ലെ സാമ്പത്തിക വര്‍ഷം ട്രംപിന് അനുകൂലമായിരുന്നുവെന്നു കാണാം. ബ്ലൂ കോളര്‍ തൊഴിലാളികളുടെ വേതനം 34 ശതമാനം വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. പ്രസിഡണ്ട് റൊണാള്‍ഡ് റീഗന്‍റെ കാലത്തുപോലും ഇത്രമാത്രം ഒരു വര്‍ദ്ധനവുണ്ടായിട്ടില്ല. ദാരിദ്യ്രരേഖ 8.8 ശതമാനം താണു. ക്ലിന്‍റന്‍ ഭരണകാലം തൊട്ടുള്ള കണക്കുകള്‍ നോക്കിയാലും 2019ലെ ഈ സൂചിക ഒരു റിക്കോര്‍ഡു തന്നെയായിരുന്നു. ന്യൂനപക്ഷങ്ങളാണ് ട്രംപിന്‍റെ സാമ്പത്തിക ശാസ്ത്രത്തില്‍ കൂടുതല്‍ പ്രയോജനം നേടിയത്. മെച്ചപ്പെട്ടുകൊണ്ടിരുന്ന അവരുടെ ക്ഷേമ നിലവാരം വീണ്ടും ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു വിധവയോ അല്ലെങ്കില്‍ ഒരു സ്ത്രീ തന്നെയോ കുടുംബിനിയായ മക്കളടങ്ങിയ ഒരു കുടുംബത്തിന്‍റെ വരുമാനം 7.6 ശതമാനം വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ കൂടുതലും സ്ത്രീ തൊഴിലാളികളെക്കൊണ്ട് നിറഞ്ഞു. സമീപകാലംവരെ സ്ത്രീകളെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയായിരുന്നുണ്ടായിരുന്നത്. ആഫ്രോ അമെരിക്കന്‍ സ്ത്രീകളിലും ഹിസ്പ്പാനിക്ക് സ്ത്രീകളിലും തൊഴിലില്ലായ്മ 4.5 ശതമാനം കുറഞ്ഞു.

മധ്യ വരുമാനക്കാരായ സാധാരണക്കാരുടെ വരുമാനം കുറഞ്ഞുവെന്നു ഡെമോക്രറ്റുകള്‍ ആരോപിക്കുന്നു. അത് തെറ്റാണെന്ന് കണക്കുകള്‍ ബോദ്ധ്യപ്പെടുത്തുന്നുമുണ്ട്. 50000 ഡോളര്‍ മുതല്‍ രണ്ടു ലക്ഷം ഡോളര്‍ വരെയുള്ളവരുടെ വരുമാനം ഒരു ശതമാനം വര്‍ദ്ധിച്ചതായും കാണുന്നു. മുപ്പത്തിനാലു വയസു താഴെയുള്ള ചെറുപ്പക്കാരുടെ വരുമാനം വര്‍ദ്ധിച്ചതായും കണക്കുകള്‍ പ്രകടമാക്കുന്നു.

2019ലെ അമേരിക്കയുടെ ‘ജിഡിപി’ നിരവധി സാമ്പത്തിക വിദഗ്ദ്ധരുടെ പ്രതീക്ഷകളേക്കാള്‍ മെച്ചമായിരുന്നു. ചുരുക്കി പറഞ്ഞാല്‍ സാമ്പത്തിക വിദഗ്ദ്ധരെ വിസ്മയിപ്പിച്ചുകൊണ്ടും അവരുടെ കണക്കുകള്‍ തെറ്റിച്ചുകൊണ്ടും സ്റ്റോക്കിന്‍റെ വില കുതിച്ചുകയറുകയും ചെയ്തു. സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ വളര്‍ച്ച 2019ല്‍ മെച്ചമായിരുന്നതിനാല്‍ 2020ല്‍ സ്റ്റോക്ക് മാര്‍ക്കറ്റ് അതേ നിലവാരം പുലര്‍ത്തുമെന്നു തീര്‍ച്ചയില്ല. സാമ്പത്തിക മാന്ദ്യം സംഭവിക്കുമോ ഇല്ലയോ എന്നും പറയാന്‍ സാധിക്കില്ല. അതുകൊണ്ടു വളര്‍ച്ച ഉയരാനോ താഴാനോ നിയന്ത്രിതമാവാനോ സാധ്യതയുണ്ടായിരിക്കുമെന്നും നിരീക്ഷകര്‍ കരുതുന്നു. കോര്‍പ്പറേറ്റുകള്‍ക്കുള്ള നികുതി ഇളവ്, സാമ്പത്തിക ദിശയില്‍ നേരാംവണ്ണം സഞ്ചരിക്കല്‍, സര്‍ക്കാരിന്‍റെ ചുവപ്പു നാടകളെ തകര്‍ക്കല്‍, രാജ്യത്തിന്‍റെ ആന്തരിക ഘടന മുടക്കുമുതല്‍ (ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ്)മുതലായവകള്‍ സ്റ്റോക്കിന്‍റെ വിലകള്‍ വര്‍ദ്ധിക്കുന്നതിനു കാരണമായി. എങ്കിലും അടുത്തയിടെ സ്റ്റോക്ക് സൂചികയ്ക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. സ്റ്റോക്കുകള്‍ താണുപോവുന്ന കലുഷിതാവസ്ഥയില്‍ മുതല്‍ മുടക്കുന്നവരില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ട്. ഇറാനുമായുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ സ്റ്റോക്കിന്‍റ വിലയെ ഇടിക്കാനും സാധ്യതയുണ്ട്.

_107469932_optimised-dow.jones-ncആളോഹരി വരുമാനം വര്‍ദ്ധിച്ചതുകൊണ്ടു മില്യണ്‍ കണക്കിന് ജനങ്ങള്‍ക്ക് കൂടുതല്‍ ഷോപ്പിംഗ് നടത്താനും വാങ്ങാനുമുള്ള ത്രാണി ഉണ്ടാവുന്നു. ഉപഭോക്താക്കളുടെ എണ്ണം കൂടുംതോറും ഫാക്റ്ററികളിലും വ്യവസായ മേഖലകളിലും ഉല്പാദനം വര്‍ദ്ധിക്കുന്നു. തൊഴിലവസരങ്ങളും വര്‍ദ്ധിക്കുന്നു. ദാരിദ്ര രേഖയില്‍ താണവരുടെയും മധ്യ വരുമാനക്കാരുടെയും വരുമാനം വര്‍ദ്ധിച്ചതുകൊണ്ട് ക്ഷേമ നിധികളെ (വെല്‍ഫെയര്‍) ആശ്രയിച്ചു ജീവിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. സാമൂഹിക സഹായങ്ങള്‍ മേടിക്കുന്നവരില്‍ കുറവു വന്നിട്ടുണ്ട്. എങ്കിലും ഡെമോക്രറ്റുകളുടെ വിമര്‍ശനങ്ങള്‍ തുടരുന്നു. പക്ഷെ, അതിനുള്ള തെളിവുകള്‍ സ്പഷ്ടമല്ല. ഹോളിവുഡ്, സിലിക്കോണ്‍ വാലി, വാള്‍ സ്ട്രീറ്റ് മുതലായ സാമ്പത്തിക പ്രസ്ഥാനങ്ങളുടെ വളര്‍ച്ച കോര്‍പ്പറേറ്റുകളുടെ മാത്രമെന്ന വിമര്‍ശനങ്ങളുമുണ്ട്. വാസ്തവത്തില്‍ ട്രംപിന്‍റെ ധനതത്വ ശാസ്ത്രത്തില്‍ ഏറ്റവും വിജയിച്ചവര്‍ ദരിദ്രരായ ജനവിഭാഗമാണ്. അക്കാര്യം സ്ഥിതിവിവരകണക്കുകളില്‍ പ്രകടമായി കാണുകയും ചെയ്യാം.

പ്രസിഡന്‍റ് ട്രംപ്, വൈറ്റ് ഹൗസില്‍ ഭരണമേറ്റ സമയം മുതല്‍ ചൈനയുമായുള്ള വ്യവസായ യുദ്ധം ശക്തമായിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ മാറിക്കൊണ്ടിരിക്കുന്നു. വ്യവസായ തര്‍ക്കങ്ങളും കുറഞ്ഞു വരുന്നു. ‘ചൈനയുടെ പതിനെട്ടു വര്‍ഷത്തെ ചരിത്രമനുസരിച്ചുള്ള കണക്കില്‍ വ്യവസായ ഉല്പാദനം വളരെ താണു പോയിയെന്നു’ ചൈനയുടെ പ്രധാനമന്ത്രി ‘ലി കെക്വിയാങ്’, പറയുകയുണ്ടായി. അമേരിക്കയുമായുള്ള വ്യവസായ യുദ്ധമാണ് കാരണമെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം 6 .5 ശതമാനം സാമ്പത്തിക വളര്‍ച്ച ചൈന പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പടിഞ്ഞാറേ സാമ്പത്തിക വിദഗ്ദ്ധരുടെ കണക്കുകൂട്ടലില്‍ ചൈനയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതില്‍നിന്നും രണ്ടു ശതമാനം കുറഞ്ഞുവെന്നു സ്ഥിതികരിച്ചിരിക്കുന്നു. ചൈനയുടെ മൊത്തം ദേശീയ ഉല്പാദനം (ജിഡിപി ഗ്രോസ് നാഷണല്‍ പ്രൊഡക്റ്റ്) 10.9 ത്രില്ല്യന്‍ ഡോളറാണ്. ചൈന അവകാശപ്പെടുന്നപോലെ 13.4 ത്രില്ല്യന്‍ ഡോളര്‍ ജിഡിപി എന്നത് തെറ്റാണെന്നും പാശ്ചാത്യ സാമ്പത്തിക വിദഗ്ദ്ധര്‍ കരുതുന്നു. അതില്‍നിന്നും മനസിലാക്കേണ്ടത് ചൈനയുടെ ജിഡിപി അമേരിക്കയുടെ ജിഡിപി യുടെ പകുതി മാത്രമേയുള്ളൂവെന്നാണ്. ഇന്നത്തെ വളര്‍ച്ചയനുസരിച്ച് ചൈനയ്ക്ക് ഒരിക്കലും അമേരിക്കയുടെ ജിഡിപിയെ മറി കടന്നുകൊണ്ടുള്ള ഒരു സാമ്പത്തിക ശക്തിയാവാന്‍ കഴിയില്ല.

ചൈനയുടെ ഏറ്റവും വൈകാരികമായ ഒരു കാലഘട്ടത്തിലാണ് അമേരിക്കയുടെ വ്യവസായ നികുതി നയം നടപ്പിലാക്കിയതും അത് ചൈനയെ പ്രശ്നത്തിലാക്കിയതും! അമേരിക്കയുടെ നയം ചൈനയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു.  ചൈനയുടെ ഭക്ഷണ രീതിയില്‍ പോര്‍ക്കിന് അതുല്യമായ ഒരു സ്ഥാനമുണ്ട്. അമേരിക്ക ചൈനയിലേക്കുള്ള പോര്‍ക്ക് കയറ്റുമതിയില്‍ 12 ശതമാനം നികുതിയെന്നുള്ളത് നാലിരട്ടി വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ കയറ്റുമതികളില്‍ നാലിരട്ടിയുള്ള വില വര്‍ദ്ധനവ് ചൈനയുടെ ഗ്രോസറി ബില്ലിനെയും ബാധിച്ചു. ആഫ്രിക്കന്‍ താറാവ് ഒരു തരം അസുഖം പിടിച്ചതുകൊണ്ട് ചൈനയ്ക്ക് ഇറക്കുമതി ചെയ്യാന്‍ സാധിക്കാതെയും വന്നു. പോര്‍ക്കിന്റെ ഉല്പാദനം ചൈനയില്‍ അമ്പതു ശതമാനം കുറയുകയും ചെയ്തു. തല്‍ഫലമായി പോര്‍ക്കിന്‍റെ വില ചൈനയില്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്തു. അങ്ങനെ അവിടെ വിലപ്പെരുപ്പം അനുഭവപ്പെട്ടു. കൂടാതെ കയറ്റുമതി ചെയ്യുന്ന അമേരിക്കയുടെ ഭക്ഷ്യ വിളകള്‍ക്ക് കൂടുതല്‍ നികുതി ചുമത്തുന്ന നയവും അമേരിക്ക സ്വീകരിച്ചു.

അമേരിക്കയുടെ ഇറാനിയന്‍ നയം മൂലം ഓയില്‍ വില കൂടുമ്പോഴും ചൈനയെ അത് കൂടുതല്‍ ബാധിക്കുകയും ചെയ്യുന്നു. പുതിയ വ്യവസായ നയം മൂലം അമേരിക്കയ്ക്ക് 68 ബില്യണ്‍ ഡോളര്‍ അധികം ലഭിച്ചുവെന്നും ട്രംപ് അവകാശപ്പെടുന്നു. അമേരിക്കന്‍ കൃഷിക്കാരെ സംരക്ഷിക്കാനായി 16 ബില്യണ്‍ ഡോളര്‍ ചിലവഴിച്ചു. അതുമൂലം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന സ്റ്റേറ്റുകള്‍ ട്രംപിനെ പിന്താങ്ങുന്നു. ചൈനയുമായുള്ള ആരോഗ്യപരമായ വ്യവസായ നയത്തിനായി ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. മാന്യമായ ഒരു വ്യവസായ നയമാണ് ചൈനയുമായി അമേരിക്കന്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്.

April-Jobs-Report-1-820x493ലോകത്തിലെ രണ്ടു സാമ്പത്തിക ശക്തികളായ ചൈനയുടെയും യുഎസ്എ യുടെയും ചാര്‍ട്ടുകള്‍ അമേരിക്കന്‍ ഇക്കണോമിയുടെ പുരോഗതിയെ വിലയിരുത്താന്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷം ചൈനയിലും യുഎസ്‌എയിലും ഉല്പാദന മേഖലകള്‍ കുറവായി കാണിക്കുന്നു. ദേശീയ ഉല്പാദന വളര്‍ച്ച ഇരു രാജ്യങ്ങളും വെല്ലുവിളിയായി സ്വീകരിച്ചതുകൊണ്ട് 2020 ല്‍ ഉല്പാദന മേഖല മെച്ചപ്പെട്ടതായിരിക്കുമെന്ന് ഇരു രാജ്യങ്ങളും ചിന്തിക്കുന്നു. അത് താറുമാറായി കിടക്കുന്ന ആഗോള സാമ്പത്തിക ഭദ്രതയ്ക്കു ഗുണകരമെന്നും കരുതുന്നു.

2019ലെ ആദ്യത്തെ പത്തു മാസങ്ങളിലും ചൈനയുടെയും അമേരിക്കയുടെയും കയറ്റുമതിയും ഇറക്കുമതി കുറഞ്ഞു. അത് ആഗോളതലത്തില്‍ വ്യവസായ മാന്ദ്യത്തിനും കാരണമായി. 2018ല്‍ 344.5 ബില്യണ്‍ ഡോളര്‍ വ്യവസായ ഉല്‍പ്പന്നങ്ങളുടെ നിയന്ത്രണം ചെനയുമായുള്ള കയറ്റുമതി ഇറക്കുമതികളെ ബാധിച്ചു. 2019 ല്‍ 294.5 ബില്യണ്‍ ഡോളര്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റുമതിയില്‍ കുറയുകയും ചെയ്തു. 2019ല്‍ തൊഴില്‍ മാര്‍ക്കറ്റും ഉല്‍പ്പന്നങ്ങളുടെ ഉപഭോഗങ്ങളും (കണ്‍സ്യൂമര്‍ സ്പെന്‍ഡിങ്) ഇരു രാജ്യങ്ങളിലും മെച്ചമായിരുന്നു. ചൈനയുടെ കറന്‍സിയായ ‘യെന്‍’ ഈ വര്‍ഷം വില കുറച്ചതുകൊണ്ട് ചൈനയ്ക്ക് കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചു. അമേരിക്കയെ സംബന്ധിച്ചിടത്തോളം ഫെഡറല്‍ റിസര്‍വ് പലിശ കുറച്ചത് സ്റ്റോക്കിന്‍റെ വളര്‍ച്ചയ്ക്ക് കാരണമായി. ചൈനയിലും സ്റ്റോക്ക് മാര്‍ക്കറ്റിന്‍റെ കാര്യത്തില്‍ ഡബിള്‍ ഡിജിറ്റിന്‍റ വര്‍ദ്ധനവുണ്ടായി.

തിരഞ്ഞെടുപ്പു കാലത്ത് ട്രംപ് പറഞ്ഞത് ‘മെക്സിക്കോയുടെ തെക്കേ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നായിരുന്നു. മെക്സിക്കോ തവണകളായി മതില്‍ പണിക്കുള്ള ചെലവുകള്‍ മടക്കി നല്‍കുകയും വേണം.’ എന്നാല്‍ മെക്സിക്കോയുടെ പ്രസിഡന്‍റ് ‘വിന്‍സെന്‍റ് ഫോക്സ്’ ട്രംപിന്‍റെ ഈ നിര്‍ദേശത്തെ ശക്തമായി എതിര്‍ക്കുകയും അത് സാധ്യമല്ലെന്നു പ്രഖ്യാപിക്കുകയുമുണ്ടായി. മെക്സിക്കോയുടെ പുതിയ പ്രസിഡന്‍റ് ‘ആന്‍ഡ്രെസ് മാനുവല്‍’ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ അനുവദിക്കാമെന്നും അനുകൂലമായ വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കുന്ന പക്ഷം തവണകളായി മതില്‍പണിക്കുള്ള ചെലവുകള്‍ വഹിക്കാമെന്നും സമ്മതിച്ചു. മുമ്പുണ്ടായിരുന്ന മെക്സിക്കന്‍ പ്രസിഡന്‍റ് അമേരിക്കയിലേക്കുള്ള മെക്സിക്കോക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നെങ്കില്‍ പുതിയ പ്രസിഡന്‍റ് കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ 27000 പട്ടാളക്കാരെ നിയോഗിച്ചു. ട്രംപിനു മുമ്പുണ്ടായിരുന്ന പ്രസിഡണ്ടുമാര്‍ 20 മില്യണ്‍ അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ താമസിക്കാന്‍ അനുവദിച്ചിരുന്നു. ഡെമോക്രറ്റിക് പ്രസിഡണ്ടുമാര്‍ കുടിയേറ്റക്കാരുടെ വോട്ട് ആഗ്രഹിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പ്രസിഡണ്ടുമാര്‍ കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പ്രതീക്ഷിച്ചു. അമേരിക്കയുടെ മുന്‍കാല പ്രസിഡണ്ടുമാര്‍ തുടങ്ങി വെച്ച പ്രയത്നങ്ങളുടെ പരാജയത്തില്‍ പ്രസിഡന്‍റ് ട്രംപ് വിജയിക്കുകയാണുണ്ടായത്.

കഴിഞ്ഞ കാലങ്ങളില്‍, കമ്പനികളും ഫാക്ടറികളും അമേരിക്കയില്‍ നിര്‍ത്തലാക്കി കുറഞ്ഞ വേതനത്തില്‍ മെക്സിക്കോയില്‍ പ്രവര്‍ത്തനം തുടങ്ങിയതും കുറഞ്ഞു. വിദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമിത നികുതി ചുമത്തിയതു കാരണം വിദേശത്ത് കമ്പനി പ്രവര്‍ത്തിച്ചാല്‍ ആദായമില്ലാതായി. ചെനയുമായി വ്യവസായ ബന്ധത്തിനു ഉലച്ചില്‍ തട്ടിയപ്പോള്‍ അതിന്‍റെ ഗുണം കിട്ടിയത് മെക്സിക്കോയ്ക്കാണ്. മെക്സിക്കോയില്‍ നിന്നും ധാരാളം ഉല്‍പ്പന്നങ്ങള്‍ അമേരിക്ക ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. മെക്സിക്കോയിലും തൊഴിലില്ലായ്മ കുറഞ്ഞതുമൂലം നിയമാനുസൃതമല്ലാത്ത തൊഴിലാളികളുടെ അമേരിക്കയിലേക്കുള്ള വരവും കുറഞ്ഞു.

BBYx1Lqഅമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച റിക്കോര്‍ഡ് ഭേദിച്ചിരിക്കുന്നുവെന്നു ട്രംപ് പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കാറുണ്ടെങ്കിലും രാജ്യം അധികം താമസിയാതെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും പ്രവചിക്കുന്നു. സ്റ്റോക്ക് മാര്‍ക്കറ്റ് താഴെ വീഴുന്ന സമയമായിയെന്നും എതിര്‍ പ്രചരണങ്ങള്‍ നടത്താറുണ്ട്. ട്രംപിന്‍റെ സാമ്പത്തിക നയങ്ങളാണ് വളര്‍ച്ചയ്ക്ക് നിദാനമെന്നു ട്രംപ് അവകാശപ്പെടുന്നു. 2019 സാമ്പത്തിക വര്‍ഷം തന്നെ ഡൗ ( Dow ) 18.65%, എസ് ആന്‍ഡ് പി (S&P) 24.36%, നാസ്ഡാക് (Nasdaq) 29.17% വളര്‍ച്ച നിരക്ക് കാണുന്നു. ചില സാമ്പത്തിക നിരീക്ഷകര്‍ സാമ്പത്തിക മാന്ദ്യം ഉടന്‍ തന്നെയോ അല്ലാത്തപക്ഷം ഒരു വര്‍ഷത്തിനുള്ളിലോയെന്നു പ്രവചിക്കുന്നു. സാമ്പത്തിക മാന്ദ്യത്തിന്‍റെ ധാരാളം ലക്ഷണങ്ങളും അവര്‍ ചൂണ്ടികാണിക്കുന്നുണ്ട്. എന്താണെങ്കിലും ട്രംപിന്‍റെ ഒന്നാം മുഴം ഭരണകാലത്തെ കാലയളവില്‍ രാജ്യത്തു ഒരു സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കാണുന്നില്ല. 2019 ലെ ജിഡിപി വളര്‍ച്ച വളരെയധികം പ്രതീക്ഷ നല്‍കുന്നവയായിരുന്നു. 2018ല്‍ ട്രംപ് തന്‍റെ പ്രസംഗ വേളകളില്‍ സ്റ്റോക്ക് വാങ്ങിക്കുവാനും നിക്ഷേപിക്കുവാനും അവസരമെന്ന് പറയുമായിരുന്നു.

ഐസനോവറിന്‍റെ കാലം മുതല്‍ അമേരിക്ക ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായിരുന്നു. 400 ബില്യണ്‍ ബാറല്‍ ഒയില്‍ ഒരു വര്‍ഷം ഇറക്കുമതി വേണമായിരുന്നു. പ്രസിഡന്‍റ് ക്ലിന്‍റന്‍റെ കാലത്ത് ഒരു ദിവസം 15 ബില്യണ്‍ ബാറല്‍ ഓയില്‍ ഇറക്കുമതി ചെയ്തിരുന്നു. ജോര്‍ജ് ബുഷിന്‍റെ കാലത്ത് അത് പത്തു ബില്യണ്‍ ബാറല്‍ ആയി കുറഞ്ഞു. പ്രസിഡന്‍റ് ഒബാമയുടെ കാലത്ത് 5 ബില്യണ്‍ ബാറല്‍ ഓയില്‍ ഇറക്കുമതി ചെയ്താല്‍ മതിയായിരുന്നു. ട്രംപിന്‍റെ ഭരണത്തില്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നില്ല. വിദേശത്തുള്ള വര്‍ദ്ധിച്ച അമേരിക്കന്‍ കമ്പനികളുടെ ഓയിലിനായുള്ള ഡ്രില്ലിങ്ങും പകരമുള്ള പ്രകൃതി വാതകവും ഓയില്‍ ശേഖരണവും അമേരിക്കയെ ഓയിലിന്‍റെ കാര്യത്തില്‍ സ്വയം പര്യാപ്തമാക്കി. എങ്കിലും സോളാര്‍ എനര്‍ജി സംസ്ക്കരണത്തെപ്പറ്റി ഒന്നും തന്നെ ട്രംപിന്‍റെ സാമ്പത്തിക അവലോകനത്തില്‍ പരാമര്‍ശിക്കുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top