Flash News

ശബരിമല യുവതീപ്രവേശനം: ഒമ്പതംഗ ബെഞ്ചിന് മുമ്പില്‍ വാദം തുടങ്ങി

January 13, 2020

sabarimala.1.470601ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ ഒമ്പതംഗ ബെഞ്ചില്‍ വാദം തുടങ്ങി. പുന:പരിശോധനാ ഹര്‍ജികള്‍ ഈ ബെഞ്ച് കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമായിരിക്കും പരിഗണിക്കുക. പുന:പരിശോധന ഹര്‍ജികള്‍ മറ്റൊരു ബെഞ്ചായിരിക്കും പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേന്ദ്രത്തിനായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായി.

ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ വിശാല ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എല്‍ നാഗേശ്വരറാവു, മോഹന്‍ എം ശാന്തനഗൗഡര്‍, അബ്ദുള്‍ നസീര്‍, സുഭാഷ് റെഡ്ഡി, ബിആര്‍ ഗവായ്, സൂര്യകാന്ത്, ആര്‍ ഭാനുമതി എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ബെഞ്ചിലെ ഒരംഗവും ഒമ്പത് അംഗ ബെഞ്ചിലില്ല എന്നത് ശ്രദ്ധേയമാണ്. 2018 സെപ്തംബര്‍ 28നാണ് ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി സുപ്രീംകോടതി പ്രസ്താവിച്ചത്. ഈ വിധിയ്‌ക്കെതിരെ 56 പുന:പരിശോധന ഹര്‍ജികള്‍ സുപ്രീംകോടതിയിലെത്തി. തുടര്‍ന്ന് അപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പുന:പരിശോധനാ ഹര്‍ജികളെല്ലാം തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് വാദം കേട്ട ചീഫ് ജസ്റ്റിസ് വിധി പുന:പരിശോധിക്കാനും തീരുമാനിച്ചു. രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷമെത്തിയ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് കേസ് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍ തീരുമാനിച്ചത്.

ഏഴ് ചോദ്യങ്ങളാണ് ഒമ്പതംഗ ബെഞ്ച് പ്രധാനമായും പരിഗണിക്കുന്നത്…

1. ഭരണഘടനയില്‍ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകള്‍ (25, 26 അനുച്ഛേദങ്ങളും, 14-ാം അനുച്‌ഛേദവും) തമ്മിലുള്ള ബന്ധമെന്ത്? അവയെ എങ്ങനെ ഒരുമിച്ച് നിര്‍ത്താം?

2. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25(1) വകുപ്പിലെ പൊതുക്രമം, ധാര്‍മികത, ആരോഗ്യം എന്ന് വിവക്ഷിക്കുന്നത് എന്ത്?

3. ധാര്‍മികത എന്നതോ ഭരണഘടനാപരമായ ധാര്‍മികത എന്നതോ കൃത്യമായി ഭരണഘടന നിര്‍വചിച്ചിട്ടില്ല. ഈ ധാര്‍മികതയെന്നത്, മൊത്തത്തിലുള്ളതാണോ, അതോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ?

4. ഒരു മതാചാരം, ആ മതത്തിന്റെയോ വിശ്വാസം പിന്തുടരുന്നവരുടെയോ അവിഭാജ്യഘടകമാണെന്നോ അതിനെ മാറ്റാനാകില്ലെന്നോ പറയാന്‍ കഴിയുമോ? അത് തീരുമാനിക്കാന്‍ കോടതിയ്ക്ക് കഴിയുമോ? അതോ ഒരു മതമേധാവി തീരുമാനിക്കേണ്ടതാണോ അത് ?

5. ഭരണഘടനയിലെ 25(2)(b) വകുപ്പ് പ്രകാരം ‘ഹിന്ദു’ എന്നതിന്റെ നിര്‍വചനം എന്ത്?

6. ഒരു വിഭാഗത്തിന്‍െ/മതവിഭാഗത്തിന്റെ ‘ഒഴിച്ചുകൂടാത്ത ആചാര’മെന്നതിന് ഭരണഘടനയുടെ മതസ്വാതന്ത്ര്യം ഉറപ്പ് നല്‍കുന്ന 26-ാം അനുച്ഛേദത്തിന്റെ സംരക്ഷണമുണ്ടാകുമോ?

7. ഒരു മതത്തിന്റെ ആചാരങ്ങളെ ആ മതത്തിലോ ആചാരത്തിലോ പെടാത്ത വ്യക്തിക്ക് പൊതുതാത്പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകുമോ? അത് അനുവദനീയമാണോ?


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top