Flash News

ഉക്രയിന്‍ വിമാനാക്രമണം; മുപ്പതോളം ഇറാനിയന്‍ സൈനികരെ കസ്റ്റഡിയിലെടുത്തതായി ഇറാന്‍ കോടതി

January 14, 2020

Ukraine aircraft crash2ടെഹ്റാന്‍: ഉക്രെയിന്‍ യാത്രാ വിമാനത്തെ മിസൈല്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവത്തില്‍ ഉത്തരവാദികളായ മുപ്പതോളം സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാന്‍ കോടതി അറിയിച്ചു. വിമാനം തകര്‍ത്ത സംഭവം അന്വേഷിക്കാന്‍ പ്രത്യേക കോടതി രൂപവത്കരിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികരെ അറസ്റ്റ് ചെയ്തെന്ന റിപ്പോര്‍ട്ട് വന്നത്. വിപുലമായ അന്വേഷണമാണ് നടക്കുന്നതെന്നും നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇറാന്‍ നിയമ വക്താവ് ഘോല ഹുസ്സൈന്‍ ഇസ്മയിലിയും അറിയിച്ചു.

വിമാനം വെടിവെച്ചിട്ടതാണെന്ന കുറ്റസമ്മതത്തിന് പിന്നാലെ ഇറാനില്‍ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. പരമോന്നത നേതാവ് അയാത്തൊള്ള ഖൊമൈനിയടക്കമുള്ള നേതാക്കള്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. കൃത്യമായ അന്വേഷണം വേണമെന്ന് അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദം വന്നതോടെയാണ് ഇറാന്‍ നടപടികള്‍ വേഗത്തിലാക്കിയത്.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം തകര്‍ന്നതെന്നായിരുന്നു ഇറാന്‍ ആദ്യം നല്‍കിയ വിശദീകരണം. എന്നാല്‍ കനേഡിയന്‍ പ്രധാനമന്ത്രിയടക്കം അപകടത്തില്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയതോടെ വിമാനം അബദ്ധത്തില്‍ വെടിവച്ചിട്ടതാണെന്ന് ഇറാന്‍ സമ്മതിച്ചു. ഇറാന്‍-യുഎസ് സംഘര്‍ഷം രൂക്ഷമായതിനിടയിലാണ് ടെഹ്റാന്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയുര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീണത്.

വിമാനത്തിലെ 167 യാത്രക്കാരില്‍ 82 ഇറാന്‍ സ്വദേശികളും 57 കാനഡക്കാരും 11 ഉക്രെയ്ന്‍ സ്വദേശികളുമായിരുന്നു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top