Flash News

കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്തവര്‍

January 17, 2020

kandalumകെപിസിസിയുടെ ജംബൊ കമ്മറ്റി ചെറുതാക്കാന്‍ ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ കാണാന്‍ പോയ നേതാക്കള്‍ തിരിച്ചുവരുന്നത് മഹാജംബൊ കമ്മറ്റിയുമായിട്ടാവുമോ? അങ്ങിനെയാവുമെന്നാണ് സൂചന. നേതാക്കളാരും കൈയ്യിലുള്ള സ്ഥാനങ്ങള്‍ ഉപേക്ഷിക്കാനോ വിട്ടുവീഴ്ച ചെയ്യാനോ തയ്യാറായിട്ടില്ലത്രെ.

ഇതേ അവസരത്തില്‍ ഭാവിയില്‍ ഗ്രൂപ്പില്ലാത്തവരാരും പാര്‍ട്ടിയുടെ നേതൃത്വത്തില്‍ വേണ്ടെന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്ത് കാലുറപ്പിച്ച രണ്ട് ഗ്രൂപ്പുകളുടെ തലതൊട്ടപ്പന്‍മാര്‍ മത്സരിച്ച് ലിസ്റ്റ് നല്‍കിയിട്ടുണ്ട്. ഗ്രൂപ്പില്ലാത്തവരുടെ ശബ്ദം എവിടെയും കേട്ടതുമില്ല. ഗ്രൂപ്പാണ് കേരളത്തില്‍ കോണ്‍ഗ്രസിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചതെന്ന് രഹസ്യമായി സമ്മതിക്കുന്നവര്‍ പോലും ഒടുവിലൊടുവില്‍ തങ്ങളുടെ നിലനില്‍പ്പിന് ഗ്രൂപ്പു മേലങ്കി ധരിക്കാതെ വയ്യെന്ന നിലപാടിലെത്തി. പാവം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അങ്കലാപ്പിലായി.

ഭാരവാഹിത്വം ഗ്രൂപ്പിന്നതീതമായി വേണമെന്നും ഒരാള്‍ക്ക് ഒരു പദവി മതിയെന്നും യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും മതിയായ പ്രാതിനിദ്ധ്യം വേണെന്നുമൊക്കെയായിരുന്നു മുല്ലപ്പള്ളിയുടെ മനസിലിരിപ്പ്. പാര്‍ട്ടി പച്ചപിടിക്കണമെന്ന് ആഗ്രഹിക്കുന്ന സാധാരണ പ്രവര്‍ത്തകരും അതാഗ്രഹിച്ചിരുന്നു. പറഞ്ഞിട്ടെന്ത്… പാര്‍ട്ടിയെ ഗ്രഹിച്ചിരിക്കുന്ന ഗ്രൂപ്പിന്റെ നീരാളിപ്പിടുത്തത്തില്‍ നിന്നും ഹൈക്കമാന്‍ഡിന് പോലും ‘ലോ’ക്കമാന്‍ഡാവാനെ സാധിക്കുന്നുളളൂ. പാര്‍ട്ടി എന്തോ ആവട്ടെ തങ്ങളുടെ സ്ഥാനം മതിയെന്ന് കരുതുന്ന നേതാക്കളുടെ തള്ളലില്‍ കേന്ദ്ര നേതൃത്വത്തിന് നിശ്ശബ്ദരാവേണ്ട അവസ്ഥയാണുള്ളത്.

വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയാണ് ഏറ്റവുമൊടുവിലത്തെ മുറുമുറുപ്പ്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റ് ആവുന്നതോടൊപ്പമാണ് താനും കെ. സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരാവുന്നതെന്നും തങ്ങളെ ഹൈക്കമാന്‍ഡാണ് ഈ സ്ഥാനത്ത് നിയോഗിച്ചതെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറയുന്നു. അത് കൊണ്ട് തങ്ങള്‍ സ്ഥാനം ഉപേക്ഷിക്കണമെന്ന് പറയുമ്പോള്‍ പ്രസിഡന്റും മാറട്ടെയെന്ന് സുരേഷ് പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.

തനിക്ക് സംഘടനാ ഭാരവാഹിത്വമാണ് താല്‍പ്പര്യമെന്ന് സുധാകരനും സൂചിപ്പിച്ചിട്ടുണ്ട്. എങ്കില്‍ നാലു പേര്‍ വര്‍ക്കിംഗ് പ്രസിഡന്റാവട്ടെ എന്നത്രെ മറ്റു ചിലരുടെ നിര്‍ദ്ദേശം. എങ്കില്‍ എന്തിനാണ് ഒരു പ്രസിഡന്റ്? വര്‍ക്കിംഗ് പ്രസിഡന്റുമാരുണ്ടായാല്‍ പോരേ. അവര്‍ വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഒരു നോണ്‍വര്‍ക്കിംഗ് പ്രസിഡന്റ് ആവശ്യമുണ്ടോ എന്ന് ഗ്രൂപ്പ് തലവന്മാര്‍ ആലോചിക്കണം.

രണ്ടു ഡസനിലേറെ ജനറല്‍ സെക്രട്ടറി മാരും അത്രതന്നെ വൈസ് പ്രസിഡന്റുമാരും വേണമെന്ന് ശുപാര്‍ശയുണ്ടത്രെ. എന്നാലെ യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രതിനിധ്യം നല്‍കാനാവുകയുള്ളൂവത്രെ. എങ്കില്‍ ജില്ലാതലത്തില്‍ ഇരു ഗ്രൂപ്പുകള്‍ക്കും ജനറല്‍ സെക്രട്ടറിമാരും വൈസ് പ്രസിഡന്‌റുമാരുണ്ടായാല്‍ എത്ര നന്ന്. നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജോയിന്റ് സെക്രട്ടറിമാരായാല്‍ 140 പേര്‍ക്ക് സ്ഥാനം ലഭിക്കാം. കെപിസിസിയോഗം വല്ല മൈതാനത്തോ കല്യാണമണ്ഡപത്തിലോ ചേര്‍ന്നാല്‍ മതിയല്ലൊ. യുവാക്കളുടേയും വനിതകളുടെയും കാര്യത്തില്‍ ഗ്രൂപ്പ് വിഹിതം മറക്കരുത്. കൂടാതെ മത- ജാതി – ഉപജാതി- വര്‍ഗ പരിഗണനകളും നോക്കണം.

പ്രദേശ് കോണ്‍ഗ്രസിന് ഒരു പ്രസിഡന്റും രണ്ടേ രണ്ട് വൈസ് പ്രസിഡന്‌റുമാരും മൂന്നു ജനറല്‍ സെക്രട്ടറിമാരും ഉണ്ടായിരുന്ന കാലത്തെ പാര്‍ട്ടിയുടെ ശക്തിയും പ്രവര്‍ത്തന ശൈലിയും ഭാരവാഹികളാല്‍ ഭാരം കൂടിയ ഇന്നത്തെ പാര്‍ട്ടിയുടെ അവസ്ഥയും ഓര്‍ക്കുമ്പോള്‍ പണ്ടത്തെ നേരം പോക്കു ചൊല്ലുപൊലെ ‘കണ്ടാലും കൊണ്ടാലും പാഠം പഠിക്കാത്തവര്‍’ എന്നത് കോണ്‍ഗസിനെ ഉദ്ദേശിച്ചാവാന്‍ ഇടയില്ലെന്ന് സമാധാനിക്കാം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top