Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (തുടര്‍ക്കഥ – 17): അബൂതി

January 28, 2020

adhyayam 17മഴ പെയ്തുതോര്‍ന്നിട്ടും പെയ്യുന്ന മരം പോലെയായിരുന്നു അവള്‍. സ്വന്തം കൈവെള്ളയിലേക്ക് മുഖം പൂഴ്ത്തിയിരിക്കുന്ന അവളെ നോക്കി അയാള്‍ ഇരുന്നു. അവളുടെ നേര്‍ത്ത തേങ്ങലൊലികള്‍ മാത്രം മുറിയിലെ കനത്ത മൗനത്തെ അലോസരപ്പെടുത്തി.

എത്ര നേരം കഴിഞ്ഞു എന്നവള്‍ക്കറിയില്ല. ഏറെ നേരം കഴിഞ്ഞപ്പോള്‍, നനഞ്ഞു കുതിര്‍ന്ന മുഖമൊന്നുയര്‍ത്തി നോക്കി. നേരെ മുന്‍പില്‍ അയാളിരിക്കുന്നുണ്ട്. അവള്‍ക്ക് മനസ്സിലാവാത്ത എന്തോ ഒരു വികാരം, തളം കെട്ടി നില്‍ക്കുന്ന ആ മുഖം കണ്ടപ്പോള്‍ അവള്‍ ചിന്തിച്ചത്; എന്തേ ഇയാള്‍ക്കെന്നെ ഒന്നാശ്വസിപ്പിക്കാന്‍ പോലും കഴിയാത്തത് എന്നായിരുന്നു. തൂവാലയെടുത്ത് മുഖം തുടച്ചവള്‍ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. പിന്നെ ഒന്നും മിണ്ടാനാവാതെ തലകുനിച്ചിരുന്നു.

ഒരു പരിചയവുമില്ല. ഇവിടന്നു പിരിഞ്ഞാല്‍, ഇനിയൊരിക്കലും കാണാനും സാധ്യതയില്ല. എന്നാലും, തന്‍റെ മുന്‍പിലിരിക്കുന്ന മനുഷ്യന്‍, എന്തെങ്കിലും ഒരാശ്വാസ വചനം തന്നോട് പറഞ്ഞെങ്കില്‍ എന്നവള്‍ അതിയായി ആഗ്രഹിച്ചു. ‘ഒന്നും സാരമില്ലെടോ’ എന്നെങ്കിലും അയാള്‍ക്കെന്നോട് പറയാമല്ലോ എന്നവള്‍ ഓര്‍ത്തു. അയാള്‍ക്കതുകൊണ്ട് നഷ്ടമൊന്നുമില്ലല്ലോ? ഒരു പുരുഷന്‍ സ്ത്രീയോട് പറയുന്ന പോലെ വേണമെന്നില്ല. ഒരു മനുഷ്യന്‍ മനുഷ്യനോട് പറയുന്ന പോലെ പറഞ്ഞാലും…

അവളുടെ ചിന്തകള്‍ക്കു വിഘ്നം വന്നത് അയാള്‍ ഒന്ന് മുരടനക്കിയപ്പോഴാണ്. ആ കണ്ണുകളിലേക്ക് അവള്‍ പ്രതീക്ഷയോടെ നോക്കി. അയാളുടെ പുഞ്ചിരി കണ്ടപ്പോള്‍ അവള്‍ക്ക് നേരിയ ഒരു ആശ്വാസം തോന്നി. അയാള്‍ പറഞ്ഞു

‘ഒന്ന് മുഖം കഴുകിക്കൊള്ളൂ. മനസ്സൊന്നു തണുക്കാന്‍ നന്നാവും. ഞാനോരോ കോഫി പറയാം. പാല്‍ക്കാപ്പി കുടിക്കുമല്ലോ അല്ലെ?’

അവള്‍ ഒന്നും മിണ്ടാതെ തലയാട്ടി. അയാള്‍ എഴുന്നേറ്റു ഫോണെടുത്ത് കോഫിക്ക് ഓര്‍ഡര്‍ ചെയ്യവേ, അവള്‍ നേരെ ബാത്ത് റൂമിലേക്ക് പോയി. നന്നായി ഒന്ന് മുഖം കഴുകി. മുന്നിലെ കണ്ണാടിയിലെ തന്‍റെ പ്രതിബിംബത്തിന്‍റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി. ശോകം നിറഞ്ഞ കറുത്ത കയങ്ങളാണ് ആ കണ്ണുകള്‍. ഇറങ്ങുമ്പോള്‍ താന്‍ ചെയ്ത നേര്‍ത്ത മേക്കപ്പ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നു. കണ്ണിന് ചുറ്റും വരച്ചു വച്ചിരുന്ന കണ്മഷിയും അലിഞ്ഞു പോയിരിക്കുന്നു. അവള്‍ക്ക് ആ പ്രതിബിംബത്തോട് അറപ്പും വെറുപ്പും തോന്നി. ഈ ലോകത്തെ എല്ലാ കണ്ണാടികളും തന്‍റെ വിദ്വേഷത്താല്‍ നശിച്ചു പോയെങ്കില്‍ എന്നവളാഗ്രഹിച്ചു.

മുഖം കഴുകി ഫ്രഷായി തിരിച്ചു വന്നപ്പോള്‍ അയാള്‍ മൊബൈലില്‍ എന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. അവളൊന്ന് മുരടനക്കി. അയാള്‍ മൊബൈലില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി. പിന്നെയും മൊബൈലിലേക്ക് നോക്കുന്നതിനിടയില്‍ പറഞ്ഞു.

‘കുറെ മെസേജസ് വന്നിരിക്കുന്നു. ഞാന്‍ ശ്രദ്ധിച്ചതേയില്ല. ഇത്ര നേരം കഴിഞ്ഞു പോയതും ഞാനറിഞ്ഞില്ല. ഒരു മിനിറ്റ്. തീരെ ഒഴിവാക്കാന്‍ പറ്റാത്ത രണ്ടു മൂന്ന് പേരുണ്ട്.’

ഇതാരാടാ, ഈ പാതിരാവിലും ഇയാളോട് വാട്ട്സ്ആപ്പില്‍ കൊഞ്ചിക്കൊണ്ടിരിക്കുന്നത് എന്നവളോര്‍ത്തു. അപ്പോഴാണ് വാതിലില്‍ മുട്ടുകേട്ടത്. നിന്നിടത്ത് നിന്നും അയാള്‍ അകത്തേക്ക് വരാന്‍ അനുവാദം കൊടുത്തപ്പോഴാണ്, ഒരു കാര്യം ശ്രദ്ധിച്ചത്. ആ വാതില്‍ ഇതുവരെ ലോക്ക് ചെയ്തിട്ടില്ല. അകത്തേക്ക് വന്ന റൂം ബോയ് രണ്ടു കപ്പിലേക്ക് കാപ്പിയൊഴിച്ചു, പഞ്ചസാര ക്യൂബ് സ്പൂണ്‍ കൊണ്ട് കോരുന്നതിനിടയില്‍ അയാളോട് ചോദിച്ചു.

‘സര്‍, ഷുഗര്‍…?’

മൊബൈലില്‍ നിന്നും തലയെടുക്കാതെ അയാള്‍ മൂന്നു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ചു. റൂം ബോയ് അവളെ നോക്കിയപ്പോള്‍ അവള്‍ പുഞ്ചിരിയോടെ, കുറച്ച് എന്നാംഗ്യം കാണിച്ചു. റൂം ബോയി പോയിക്കഴിഞ്ഞാണ് അയാള്‍ ചോദിച്ചത്.

‘നിങ്ങള്‍ തമ്മില്‍ പരിചയമുണ്ടെന്ന് തോന്നുന്നു.’

അവളൊന്ന് പരുങ്ങി. പിന്നെ എന്തായാലെന്ത് എന്നമട്ടില്‍ പറഞ്ഞു.

‘ആ, ഞാന്‍ രണ്ടു മൂന്ന് പ്രാവശ്യം ഇവിടെ വന്നിട്ടുണ്ട്. പക്ഷെ, ഇതുപോലൊരു വലിയ റൂമില്‍ ജീവിതത്തിലാദ്യമായിട്ടാ. ചില്ലറ മണിക്കൂറുകള്‍ക്ക് മാത്രം ആരാ സാറേ ഇക്കണ്ട പൈസയൊക്കെ ചിലവാക്കുക? സത്യത്തില്‍ സാറിനെന്താ ജോലി?’

അയാള്‍ മൊബൈലില്‍ ടൈപ് ചെയ്യുന്നത് നിര്‍ത്തി അവളെ നോക്കി. പിന്നെ ചോദിച്ചു..

‘എന്നെ ഏട്ടാ എന്ന് വിളിച്ചോളൂ എന്ന് പറഞ്ഞിട്ട്? മറന്നു, അല്ലെ? സാരമില്ല.. പിന്നെ ജോലി. പ്രത്യേകിച്ചൊന്നും ഇല്ല. ചില ചില്ലറ കച്ചവടമൊക്കെ ഉണ്ട്. അതൊക്കെ അവിടെയിരിക്കട്ടേ. ലെറ്റസ് കം റ്റു യുവര്‍ സ്റ്റോറി. നിന്‍റെ കഥയിലേക്ക്. നീയെന്താ കഥ പെട്ടെന്ന് പറഞ്ഞു നിര്‍ത്തിയത്? അവസാനം അതൊന്ന് എങ്ങിനെയെങ്കിലും പറഞ്ഞവസാനിപ്പിക്കാനുള്ള ഒരു ധൃതി ഉണ്ടായിരുന്നു.’

അയാള്‍ കാപ്പിക്കപ്പ് അവള്‍ക്ക് നേരെ നീട്ടി. വാങ്ങിക്കുന്നതിനിടയില്‍ അവള്‍ ചോദിച്ചു: ‘മടുത്തില്ലേ നിങ്ങള്‍ക്ക്? പറഞ്ഞു പറഞ്ഞ്, എനിക്ക് മടുത്തല്ലോ.’

അയാള്‍ അവളെ ഒന്നും മിണ്ടാതെ കുറച്ച് നേരം നോക്കി. പിന്നെ കൈയ്യിലെ കപ്പുമായി തന്‍റെ പഴയ സ്ഥാനത്തിരുന്നു. അവളോട് കണ്ണ് കൊണ്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു. അല്പം കാപ്പി കുടിച്ചതിന്‍റെ ശേഷം അയാള്‍ പറഞ്ഞു

‘ങും. കരളുരുകി പറയുന്നവര്‍ക്ക് അതവരുടെ ജീവിതമാണ്. കണ്ണുരുകാതെ കേള്‍ക്കുന്നവര്‍ക്ക് അതൊരു കഥ മാത്രമാണ്. പക്ഷെ..’ അയാളൊന്ന് നിര്‍ത്തി. പിന്നെയും ഒരു മുറുക്ക് കാപ്പി കുടിച്ചതിന്‍റെ ശേഷം തുടര്‍ന്നു.

‘ഞാനിപ്പോള്‍ നിന്‍റെ ഗ്രാമത്തിലെ നാട്ടുവഴിയിലെവിടെയോ വീണു കിടക്കുകയാണ്. ഒരു നാടന്‍ പെണ്‍കിടാവിന്‍റെ ജീവിതം നീര്‍പ്പോള പോലെ വീണുടഞ്ഞ ആ ഇടവഴിയിലെവിടെയോ. എനിക്കവരെ കാണാമായിരുന്നു. അച്ഛന്‍, അമ്മ, ശാരദക്കുട്ടി, സിദ്ധു, രാജേട്ടന്‍, സുകു, പിന്നെ നിന്‍റെ നാട്ടുകാരെ. എല്ലാവരെയും എനിക്ക് കാണാമായിരുന്നു.’

സ്വന്തം കൈയ്യിലെ കാപ്പി ഊതി ഊതി കുടിക്കുമ്പോള്‍ അയാളെ ശ്രദ്ധിക്കുകയായിരുന്നു. താനിയാളെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടോ? എവിടെയാണ്, ഞാനിയാളെ കണ്ടിരിക്കുന്നത്? വിദൂരമായ ഒരു ഓര്‍മ്മ പോലും കിട്ടിയില്ല എന്നത് അവളെ വിഷമിപ്പിച്ചു. തന്‍റെ മൊബൈലില്‍ നിന്നും കണ്ണെടുത്ത അയാള്‍ കണ്ടത് തന്നെത്തന്നെ സൂക്ഷിച്ച് നോക്കിയിരിക്കുന്ന അവളെയാണ്. ഒരു പുഞ്ചിരിയോടെ അയാള്‍ ചോദിച്ചു.

‘ഉം.. എന്താ ഇങ്ങിനെ നോക്കുന്നത്? ആണുങ്ങള്‍ പെണ്ണുങ്ങളെ മാത്രമല്ല, പെണ്ണുങ്ങള്‍ ആണുങ്ങളെ തുറിച്ചു നോക്കുന്നതും ശരിയല്ല.’

‘ങ്ഉം’ ചൂളിപ്പോയി അവള്‍ ഒന്നുമില്ലെന്ന് വെറുതെ തലയാട്ടി. തന്‍റെ സംശയം അയാളോട് ചോദിക്കാന്‍, എന്തോ ഒരു ശങ്ക പോലെ. അവളുടെ ആ മുഖഭാവം കണ്ടപ്പോള്‍ അയാള്‍ ചിരിച്ചുപോയി. അവള്‍ ചമ്മിയ മുഖവുമായി മുന്‍പിലിരിക്കെ, അയാള്‍ ചിരിച്ചുകൊണ്ടേയിരുന്നു. പതുക്കെപ്പതുക്കെ ആ ചിരി അവളിലേക്കും പടര്‍ന്നു.

കാപ്പി തീര്‍ന്നപ്പോള്‍ തന്‍റെ കൈയ്യിലെ കാലിക്കപ്പ് ഉള്ളം കൈകള്‍ക്കിടയില്‍ അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടുന്നതിനിടയില്‍ അയാള്‍ ചോദിച്ചു…

‘നേരം ഒരുപാടായില്ലേ? പോകണ്ടേ ഇയാള്‍ക്ക്? എനിക്ക് പോകാനുള്ള സമയമായി….’

അത്ഭുതം കാരണം എന്ത് പറയണം എന്നറിയാതെ അവള്‍ കുഴങ്ങി. എന്താണ് അയാള്‍ ഉദ്ദേശിക്കുന്നതെന്നു മനസ്സിലായില്ല. ഇങ്ങിനെ ഒരു അനുഭവം അവള്‍ക്ക് ആദ്യത്തേതാണ്. അതിന്‍റെ എല്ലാ പങ്കപ്പാടും അവര്‍ക്കുണ്ടായി. വേപഥുവോടെ അവള്‍ ചോദിച്ചു:

‘അപ്പൊ…..’

ആ ചോദ്യം മുഴുവിക്കാനാവാതെ അവള്‍ കുഴഞ്ഞുപോയി..

അയാളൊരു പുഞ്ചരിയോടെ ചോദിച്ചു: ‘ഈ കഥ മുഴുവന്‍ കേട്ടിട്ട്, പിന്നെയും എന്‍റെ അമ്മയുടെ ഗര്‍ഭപാത്രത്തെ അപമാനിക്കണോ ഞാന്‍?’

അവള്‍ക്കൊന്നും മനസ്സിലായില്ല. ഇന്നോളം ഇങ്ങിനെയൊരാളെ അവള്‍ കണ്ടിട്ടുമില്ല. എന്താണു പറയേണ്ടത് എന്നവള്‍ക്കൊരു തിട്ടമില്ലായിരുന്നു. അവളങ്ങിനെ പകച്ചിരിക്കെ അയാള്‍ തുടര്‍ന്നു..

‘ഇത്തവണ എനിക്കു നിന്‍റെ കണ്ണീരു മാത്രമേ കാണാനായുള്ളൂ. ഇനി നമ്മള്‍ കാണുമ്പോള്‍, നിന്‍റെ മുഖത്ത് മനോഹരമായ പുഞ്ചിരിയുണ്ടാവണം. കുന്നത്ത് കത്തുന്ന വിളക്ക് പോലെ പ്രശോഭിതമായത്…’

അവളുടെ ഉള്ളില്‍ നിന്നും ഉയര്‍ന്നു വന്നൊരു ചോദ്യം ആ ചുണ്ടുകളില്‍ തുളുമ്പി.

‘ഇനി കാണുമോ?’

അത്ഭുതഭാവത്തോടെ അയാള്‍ ചോദിച്ചു…

‘എന്താ.. വേണ്ടേ?’

‘വേണം…’ അവള്‍ക്കധികം ആലോചിക്കാനൊന്നുമില്ലായിരുന്നു. അത് കേള്‍ക്കെ, അയാളുടെ ചുണ്ടിലൊരു നിഗൂഢമായ പുഞ്ചിരിയുണ്ടായി. അയാള്‍ പതുക്കെ തലവെട്ടിക്കവേ, എന്തെ ചിരിക്കുന്നു എന്ന് ചോദിക്കാതിരിക്കാനായില്ല അവള്‍ക്ക്..

‘ഹേയ്.. ഒന്നുമില്ല… ഞാന്‍ ചുമ്മാ ചിരിച്ചതാ… ഇനി കാണുമ്പോള്‍ നീയെന്നോട് വേറൊരു കഥ പറയണം. സിന്‍ഡ്രല്ലയുടെ കഥ പോലൊരെണ്ണം. നിന്‍റെ കഥയിലെ കണ്ണീര്‍ പര്‍വ്വം കഴിഞ്ഞെങ്കില്‍, ഇനി ഇന്നോളം വേറെ ആരും പറയാത്തൊരു കഥകൂടി പറയാന്‍ കഴിയും തനിക്ക്… കഴിയട്ടേ…’

അവളൊന്നു പുഞ്ചിരിച്ചു. പിന്നെ നിരാശ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു…

‘ഞങ്ങള്‍ക്കൊക്കെ എന്നും ഒരേ ഒരു കഥയായിരിക്കും.. മേത്തു മണ്ണു മൂടുവോളം..’

അവളെ നോക്കി ഒരല്പ നേരം ഒന്നും മിണ്ടാതെയിരുന്നു അയാള്‍. പിന്നെ മെല്ലെ എഴുനേറ്റു. മേശപ്പുറത്തെ ബ്രീഫ്കെയ്സ് തുറന്നു. അതിലെന്തൊക്കെയോ തപ്പിത്തിരഞ്ഞു. അവള്‍ക്ക് കാണാനായില്ല. പിന്നെ സാമാന്യം തടിച്ച ഒരു കവര്‍ അവളുടെ നേരെ നീട്ടി.

‘നിന്‍ റെസമയത്തിനു വിലയുണ്ട്. അത് നീ നഷ്ടപ്പെടുത്തേണ്ട. പൊയ്ക്കൊള്ളൂ. എന്നും ജീവിതം ഒരേ പോലെ ആയിരിക്കില്ല, എന്ന് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ. നാളെ നിന്‍റെ ജീവിതവും മാറാതിരിക്കില്ല.. നമുക്ക് പ്രത്യാശിക്കാം…’

അവള്‍ ആ കവര്‍ വാങ്ങാന്‍ മടിച്ചു നില്‍ക്കെ അയാളത് അവളുടെ വാനിറ്റി ബാഗിലേക്ക് ബലമായി വച്ചു കൊടുത്തു. പിന്നെ രണ്ടു കൈകളും കൂട്ടിപ്പിടിച്ചു. തന്‍റെ തൊട്ടു മുന്‍പിലേക്ക്, ഒരു ചാണ്‍ ദൂരത്തിലേക്ക് അവളെ അടുപ്പിച്ചു നിര്‍ത്തി. വലം കൈ കൊണ്ടാ മുഖം തടിയില്‍ പിടിച്ചുയര്‍ത്തി. അവളുടെ തുളുമ്പിയ കണ്ണുകളിലേക്കു നോക്കിക്കൊണ്ടയാള്‍ മന്ത്രിക്കും പോലെ ചോദിച്ചു.

‘ദൈവം നിന്നോട് ചോദിക്കുകയാണ്… നിനക്കൊരു വരം തരട്ടെ എന്ന്. നിനക്കിഷ്ടമുള്ള ഒന്ന്…’

ഒന്നും മനസ്സിലാവാതെ, അയാളുടെ കണ്ണുകളുടെ ആഴങ്ങളിലേക്ക് അവള്‍ തുറിച്ച് നോക്കവേ അയാള്‍ തുടര്‍ന്നു.

‘കണാരന്‍, എത്ര ശപിക്കപ്പെട്ട മനുഷ്യനാണല്ലേ? അസുരനായ രാജനും, ചെന്നായയെ പോലെ ചതിയനായ സുകുവും. ഇവരിലാരുടെ ജീവന്‍ വരമായി തരട്ടേ? അതല്ലെങ്കില്‍ ഇനിയങ്ങോട്ട് ജീവിക്കാന്‍, നിന്നെ സ്നേഹം കൊണ്ടു പുതയ്ക്കുന്നൊരു രാജകുമാരനെ തരട്ടേ? ദൈവം ഇങ്ങിനെ ചോദിച്ചാല്‍ നീയെന്ത് തിരഞ്ഞെടുക്കും…?’

ഒരു തമാശ കേട്ടത് പോലെ അവളുടെ മുഖം അത്ഭുതരസം കാരണം വിടര്‍ന്നു വികസിച്ചു. ഒരല്പനേരത്തേക്ക് ആ കണ്ണുകള്‍ വികസ്വരസുമങ്ങളായി മാറി. പിന്നെ പതുക്കെ പതുക്കെ ആ മുഖത്തേയ്ക്ക് വിഷാദം നിഴല്‍ വീഴ്ത്തി. അവള്‍ തല വെട്ടിച്ചു. കാറ്റിന്‍റെ മര്‍മരം പോലെ പറഞ്ഞു.

‘എനിക്കാരുടെയും ജീവന്‍ വേണ്ട. എനിക്കതുകൊണ്ടൊരു ലാഭവുമില്ല. പിന്നെന്തിനാ? ഒരു രാജകുമാരനും എന്നെ തേടി വരാനുമില്ല. ലോകത്തിലെ ഏറ്റവും സമ്പന്നനായ പെണ്ണുപിടിയന്‍, ചിലപ്പോള്‍ വന്നേക്കാം. അതൊരിക്കലും ജീവിതം നല്കാനായിരിക്കില്ല. ദിവാസ്വപ്നങ്ങളൊന്നും ഞാനിപ്പോള്‍ കാണാറില്ല…’

‘ങ്ങും…’ അവളുടെ കവിളില്‍ നിന്നും കണ്ണീര്‍ ചാലുകള്‍ ചൂണ്ടുവിരല്‍ കൊണ്ട് മുറിച്ചു കളയുന്നതിനിടയില്‍ അയാള്‍ പറഞ്ഞു. ‘നിനക്കറിയുമോ? ഞാന്‍ ദൈവമായിരുന്നെങ്കില്‍, നിനക്കു ഞാനീ നാലു വരവും തരുമായിരുന്നു. പക്ഷെ.. ഞാന്‍
ദൈവമല്ലല്ലോ…’

ഒന്നും മിണ്ടാതെ നിറകണ്ണുകളോടെ അവള്‍ അയാളെ നോക്കി നിന്നു. ഒന്ന് കൈകൂപ്പി തൊഴാന്‍ അവള്‍ക്കാഗ്രഹമുണ്ടായിരുന്നു. സാധിച്ചില്ല. മെല്ലെ മെല്ലെ വാതില്‍ക്കലോളം ചെന്ന് അവള്‍ തിരിഞ്ഞു നോക്കി. അയാള്‍ അവളെയും നോക്കി അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. മെല്ലെ വാതിലടച്ച് അവള്‍ നടന്നകന്നു.

ബാബു ഉറക്കച്ചടവോടെയാണ് വന്നത്. എന്താ ചേച്ചീ, മുഖമാകെ വല്ലാതിരിക്കുന്നല്ലോ എന്ന അവന്‍റെ ചോദ്യത്തിന് അവളൊന്നും മറുപടി പറഞ്ഞില്ല. അവന്‍ പിന്നെ ഒന്നും ചോദിക്കാനും നിന്നില്ല. വീടിന്‍റെ മുന്‍പില്‍ അവളെ ഇറക്കി. അവള്‍ വാതില്‍ തുറന്ന് അകത്തു കയറുവോളം കാത്തിരുന്നു.

വാനിറ്റി ബാഗ് കിടക്കയിലേക്കിട്ട് അവള്‍ കിടക്കയുടെ ഒരു സൈഡില്‍ ഇരുന്നു. അവളുടെ ചിന്തകള്‍ മുഴുവന്‍ അയാളെ കുറിച്ചായിരുന്നു. ആരാണയാള്‍? എന്താണയാള്‍? അവള്‍ക്കൊരു എത്തും പിടിയും കിട്ടിയില്ല. അവസാനം, അയാള്‍ കൊടുത്ത കവര്‍ തുറന്നു. രണ്ടായിരത്തിന്‍റെ ഇരുപത്തിയഞ്ചു നോട്ടുകള്‍. അവള്‍ക്ക് കൈയ്യും കാലും വിറയ്ക്കുന്ന പോലെ തോന്നി. ആ കവറില്‍ ഒരു കൊച്ചു കടലാസ് തുണ്ട് ഉണ്ടായിരുന്നു. കറുത്ത മഷിയില്‍ മനോഹരമായ കയ്യക്ഷരം.

‘ഇതൊരു ചെറിയ അഡ്വാന്‍സ് മാത്രമാണ്…..’

മാസങ്ങള്‍ ചിലത് കഴിഞ്ഞുപോയി. അത്ഭുതങ്ങളൊന്നും നടന്നില്ല. കുറെയധികം പണം കയ്യില്‍ വന്നതിനാല്‍, പിന്നെ ആരുടെ അടുത്തേക്കും അവള്‍ പോയില്ല. നല്ല സുഖമില്ലെന്നൊരു കള്ളം പറഞ്ഞ്, എല്ലാവരെയും ഒഴിവാക്കി. അവള്‍ കാത്തിരിക്കുകയായിരുന്നു….

പുരാതന കഥയിലെ, ദുര്‍മന്ത്രവാദിനിയുടെ ശാപത്താല്‍ വിരൂപയായ രാജകുമാരി, ശാപമോക്ഷത്തിന്‍റെ മൃദുചുംബവുമായി വരുന്ന രാജകുമാരനെ കാത്തിരിക്കുന്ന പോലെ, അവള്‍ കാത്തിരിക്കുന്നു. വീണ്ടും കാണാമെന്ന വാക്കിന്‍റെ പച്ചപ്പ്, ആ ഉള്ളിലുണങ്ങാതെ ബാക്കി നില്‍ക്കുന്നു.

അവള്‍ക്കാ മോഹം ഉപേഷിക്കാനാവുന്നില്ല. അത് ബാക്കിയുള്ളിടത്തോളം കാലം ഇനിയൊരാളുടെ മുന്‍പിലേക്കും, താന്‍ പോകില്ലെന്നവള്‍ തീര്‍ച്ചപ്പെടുത്തിയതാണ്. സ്ഥിരം വിളിക്കുന്നൊരു കക്ഷി ഒരു സ്വൈര്യവും തരുന്നില്ല എന്ന് പറഞ്ഞ് ബാബു പലപ്പോഴായി വിളിച്ചതാണ്. ബാബുവിന്‍റെ നമ്പര്‍ മാത്രമേ അവളാര്‍ക്കും കൊടുക്കാറുള്ളൂ. അതുകൊണ്ടാരും നേരിട്ട് വിളിച്ചു ശല്ല്യം ചെയ്യില്ല. അവള്‍ കണക്കു കൂട്ടിനോക്കി. വിഷു കൂടി കഴിയട്ടെ. ഇടുങ്ങിയ ഈ കാത്തിരിപ്പിന്‍റെ അങ്ങേത്തലയ്ക്കല്‍ വച്ച്, പിന്നെയും ആ ചളിക്കുണ്ടിലേക്ക് വീഴാനാണ് യോഗമെങ്കില്‍, അതങ്ങിനെ ആശ്വസിക്കാം.

സിദ്ധുവിന്‍റെ പൊതുപരീക്ഷ കഴിഞ്ഞു. വിഷു ആ നഗരത്തിലേക്ക് വന്നത്, പ്ലാസ്റ്റിക് കൊന്നപ്പൂക്കളും, പ്ലാസ്റ്റിക് വാഴയിലയുമൊക്കെയായാണ്. അങ്ങിനെ മായം കലര്‍ന്ന വസ്തുക്കള്‍ കൊണ്ട് കണിയൊരുക്കി, മായം കലര്‍ന്ന സദ്യയുണ്ടാക്കി, മറ്റെല്ലാവരെയും പോലെ അവരും വിഷുവിനെ വരവേറ്റു. നിറവയറോടെ വിരുന്നു വന്ന ശാരദക്കുട്ടിക്ക്
വൈകുന്നേരമായപ്പോള്‍ വേദന വന്നു. ഡോക്ടര്‍ പറഞ്ഞ തീയതി ഇനിയും ഒരാഴ്ച കഴിഞ്ഞാണ്.

ആശുപത്രിയില്‍ ലേബര്‍ റൂമിന്‍റെ പുറത്ത് അക്ഷമയോടെ അവര്‍ കാത്തിരുന്നു. ഒരു പെണ്‍കുഞ്ഞിന്‍റെ സന്തോഷ വാര്‍ത്തയും കൊണ്ടൊരു മാലാഖ, അവരെ നോക്കി പുഞ്ചിരിച്ചു. വെളുത്ത തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍, സന്തോഷം ഉള്ളില്‍ തുടി കൊട്ടി. ജീവിതത്തിലേക്കൊരു പുതിയ അതിഥി കൂടി വരുമ്പോള്‍, മനസ്സിലൊരു പൊലിപ്പാട്ടുയരുനുണ്ട്.

സിദ്ധുവിന് അവളെ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല. അവനവളുടെ കുഞ്ഞു കൈവിരലില്‍ മെല്ലെ തൊട്ടുനോക്കി. കൈ പിടിച്ചു കുലുക്കി നോക്കി. കവിളില്‍ തൊട്ടുനോട്ടി. അവസാനം, ഇവളെന്താ ഇങ്ങനെ കണ്ണടച്ച് കിടക്കുന്നത് എന്നായിരുന്നു അവന്‍റെ ചോദ്യം.

രണ്ടു ദിവസം കഴിഞ്ഞപ്പോള്‍, സിദ്ധുവും ബാബുവും കൂടി ഒരു സിനിമയ്ക്ക് പോയതാണ്. സിനിമ കണ്ട് തിരിച്ചു വന്ന സിദ്ധുവിന്‍റെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു. ബാബുവിന്‍റെ മുഖവും പ്രകാശം കെട്ട നിലയിലായിരുന്നു. സിദ്ധു ഒന്നും പറയാതെ അകത്തേക്ക് പോയപ്പോള്‍, എന്താണ് കാര്യമെന്നവള്‍ ബാബുവിനോട് തിരക്കി. ബാബു വിഷമത്തോടെ പറഞ്ഞു: ‘അത് ചേച്ചീ, ആ സിനിമ, ചേച്ചിയുടെ കഥയായിരുന്നു. കണ്ടപ്പോ മുതല്‍ സിദ്ധു ഒരേ സങ്കടത്തിലാണ്.’

അവള്‍ക്ക് തല മരവിച്ചു വന്നു. വീഴാതിരിക്കാന്‍ ചുമരില്‍ അള്ളിപ്പിടിച്ചു. അമ്മയും ഇടി തട്ടിയ പോലെ നില്‍ക്കുകയാണ്.

എന്‍റെ കഥയോ? അതെങ്ങിനെ? ഇതൊരു കൊടും ചതിയാണല്ലോ ദൈവമേ, ഈ കൊടും ചതി ആരാണെന്നോട് ചെയ്തത്?

അധികം ആലോചിക്കേണ്ടി വന്നില്ല. ജീവിതത്തിലേക്ക് പ്രകാശം കൊണ്ടുവരും എന്നു കരുതിയ ആള്‍… ഒരു നല്ല മനുഷ്യന്‍റെ കോലം കെട്ടി, എന്‍റെ ജീവിതം മുഴുവന്‍ അയാള്‍ വില്‍ക്കുകയായിരുന്നോ?

അവളെ കൂടുതല്‍ ഭയപ്പെടുത്തിയത് വേറൊന്നായിരുന്നു. അത്, താന്‍ ആരാണെന്ന്, തന്‍റെ തൊഴിലെന്താണെന്ന്, സിദ്ധു അറിഞ്ഞോ എന്നതായിരുന്നു. ഇത്ര നാളും എത്രയോ സമര്‍ത്ഥമായി താന്‍ ഒളിപ്പിച്ചുവച്ച ആ പൊള്ളുന്ന സത്യം… അവളുടെ ദയനീയ നോട്ടം നേരിടാനാവാതെ, ബാബു തലകുനിച്ചുപോയി.

അവള്‍ സിദ്ദുവിന്‍റെ മുറിയില്‍ ചെന്നു നോക്കി. അവന്‍ കമഴ്ന്ന് കിടക്കുകയാണ്. വിളിക്കാനായി അവളൊന്ന് ആഞ്ഞെങ്കിലും അതിനുള്ള ധൈര്യം വന്നില്ല. തിരികെ വരുമ്പോള്‍ നിറഞ്ഞു തുളുമ്പിയ അമ്മയുടെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു.

‘ഞാനിപ്പോ വരാം. സിദ്ധുവിനെ നോക്കണം..’

അമ്മ ഒന്നും പറയാനാവാതെ നില്‍ക്കെ അവള്‍ ബാബുവിനെയും കൂട്ടി ഇറങ്ങി. തിയേറ്റര്‍ പരിസരത്ത് നല്ല ജനത്തിരക്കായിരുന്നു. ഫസ്റ്റ് ഷോയ്ക്കുള്ള ടിക്കറ്റു കൊടുത്ത് തുടങ്ങിയിരുന്നു. അവള്‍ തീയറ്ററിന്‍റെ മുന്‍ഭാഗത്ത് പ്രദര്‍ശിപ്പിച്ച പോസ്റ്ററുകളിലേക്ക് നോക്കി. മലയാളത്തിലെ ഒന്നാംനിര നായികമാരിലൊരാണ് അഭിനയിച്ചിരിക്കുന്നത്. ബാബു എങ്ങിനെയൊക്കെയോ രണ്ടു ടിക്കറ്റ് സംഘടിപ്പിച്ചു. ശ്വാസമടക്കിപ്പിടിച്ച്, അവള്‍ തിയേറ്ററിന്‍റെ അകത്ത് സിനിമ തുടങ്ങുന്നതും കാത്തിരുന്നു.

ഒരു ഗ്രാമത്തില്‍ ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പിന്നെ പിന്നെ അതിലെ ചിത്രങ്ങള്‍ കൂടുതല്‍ കൂടുതല്‍ തെളിഞ്ഞു വന്നു. അഭ്രപാളിയില്‍ തന്‍റെ തന്നെ ജീവിതം , ശ്വാസം വിടാന്‍ പോലുമാകാതെ അവള്‍ നോക്കി നിന്നു. അച്ഛനും കണാരേട്ടനും, രാജേട്ടനും, സുകുവുമൊക്കെ വന്നു പോയി. ഓരോ കഥാപാത്രവും സുവ്യക്തമായിരുന്നു. പേരുകളില്‍ മാത്രം ചില വിത്യാസങ്ങള്‍ കാണാം. പക്ഷെ, അവളെ കുറിച്ചറിയുന്ന ഏതൊരാള്‍ക്കും എല്ലാവരെയും തിരിച്ചറിയാന്‍ കഴിയുമായിരുന്നു. അവസാനം, അവള്‍ നഗരത്തിലെ വൃദ്ധനായ വ്യവസായ പ്രമുഖന്‍റെ മുന്നിലെത്തുമ്പോള്‍, അവിടെ കഥയില്‍ ഒരു തിരുത്തലുണ്ടായിരുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീത്വം വിറ്റ് ജീവിക്കാതിരിക്കാന്‍ പൊരുതിതോറ്റ അവളെയല്ല, സിനിമ കാണിച്ചത്. ആ വൃദ്ധമനുഷ്യന്‍, അവളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുന്നിടത്ത്, പുതിയ സ്വപ്നങ്ങളിലേക്കും പ്രതീക്ഷകളിലേക്കുമുള്ള ചൂണ്ടു പലകയോടെ, സിനിമ അവസാനിക്കുമ്പോള്‍ കാണികളില്‍ ചിലര്‍ എഴുന്നേറ്റു നിന്ന് കൈയ്യടിക്കുന്നുണ്ടായിരുന്നു. ജയിച്ചവര്‍ ലോകരാല്‍ താലോലിക്കപ്പെടും. തോറ്റവര്‍… അവരെ കുറിച്ചാരും ഓര്‍ക്കാറില്ല….

ഈ നിമിഷം, തന്നെ ഭരിക്കുന്ന വികാരമെന്തെന്ന്, അവള്‍ക്ക് തിരിച്ചറിയാനായില്ല. അത്ഭുതമാണോ, സങ്കടമാണോ, സന്തോഷമാണോ, അതല്ല അമ്പരപ്പാണോ? ഒന്നും അവള്‍ക്കു മനസ്സിലായില്ല. ഒരു കാര്യത്തില്‍ മാത്രം അവള്‍ക്കാശ്വാസമുണ്ടായിരുന്നു. സ്വന്തം ശരീരം വിറ്റു ജീവിക്കുന്ന ഒരാളായി തന്നെ അയാള്‍ ചിത്രീകരിച്ചില്ലല്ലോ? അത്രയും കരുണയെങ്കിലും അയാള്‍ തന്നോട് കാണിച്ചല്ലോ? തന്നെക്കുറിച്ചു ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടം ജനങ്ങള്‍ക്കിടയിലൂടെ അവള്‍ തീയേറ്ററില്‍ നിന്നും പുറത്തേക്ക് വന്നു.

വീട്ടിലെത്തിയപ്പോള്‍ അമ്മ പറഞ്ഞു; സിദ്ധു ഒന്നും കഴിച്ചിട്ടില്ലെന്ന്. ബാബു പറഞ്ഞിരുന്നു, അവന് ഭയങ്കര വിഷമമായിരുന്നു, തന്‍റെ ജനനം കൊണ്ടാണ് അമ്മയുടെ ജീവിതം നശിച്ചത് എന്നാണത്രേ അവന്‍ പറയുന്നത്. പാവം. ഒരു പതിനഞ്ചു വയസുകാരന്‍റെ മനസ്സിനെ എത്ര ആഴത്തിലായിരിക്കും ആ സിനിമ മുറിവേല്‍പ്പിച്ചിരിക്കുക? അവള്‍ അവന്‍റെ റൂമിലേക്ക് ചെന്നു. ലൈറ്റിട്ടു. കട്ടിലില്‍ അവന്‍റെ അരികിലിരുന്നു. കമഴ്ന്നു കിടക്കുന്ന അവന്‍റെ ശിരസ്സില്‍ തലോടിക്കൊണ്ട് മെല്ലെ വിളിച്ചു..

‘മോനെ.. സിദ്ധു…’

ഒരു തേങ്ങലോടെ, അമ്മാ എന്ന് വിളിച്ചു കൊണ്ടവന്‍ അവളുടെ മടിയിലേക്ക് മുഖം പൂഴ്ത്തി. ആ തേങ്ങലിനിടയിലും അവന്‍ വ്യസനത്തോടെ ചോദിച്ചു.

‘ഞാനുണ്ടായോണ്ടല്ലേ, അമ്മ ഇത്രേം കഷ്ടപ്പെട്ടത്…?’

അവളുടെ നെഞ്ചിലാ ചോദ്യം തറച്ചുകയറി. ഹൃദയം നുരുമ്പും വിധം വേദനിച്ചു. അവന്‍റെ മുതുകിലൂടെ കൈയ്യോടിക്കവേ ചോദിച്ചു.

‘അമ്മക്കങ്ങിനെയല്ലല്ലോ.. ആണോ? എപ്പോളെങ്കിലും അങ്ങിനെ തോന്നീട്ടുണ്ടോ? ഉണ്ടോ?’

സങ്കടമുണ്ടായിരുന്നു, അവളുടെയുള്ളില്‍ ഒരു കടലോളം. അതിനാല്‍, ശബ്ദം ഇടറിയപ്പോള്‍, അവളൊന്നു നിര്‍ത്തി..

‘ന്‍റെ മോനതൊന്നും ആലോചിക്കണ്ട… സങ്കടപ്പെട്യേം വേണ്ട… നന്നായി പഠിച്ച്, വല്ല്യ ആളായി, നല്ല ജോലിയൊക്കെ കിട്ടീട്ട്, സുഖായി ജീവിക്കണം ട്ടോ. അമ്മയ്ക്ക് ആ ഒരു സ്വപ്നം മാത്രേ ഇപ്പൊ ഉള്ളൂ… വേറെ.. വേറെ ഒന്നൂല്ല.. അമ്മയ്ക്കൊരു സങ്കടോംല്ല.. നീ വാ… വന്നു വല്ലോം കഴിക്ക്.. ‘

പിന്നെയും ഒരുപാടു നിര്‍ബന്ധിക്കേണ്ടിവന്നു അവനെഴുനേല്‍ക്കാന്‍. അവള്‍ വിളമ്പിക്കൊടുത്ത ഭക്ഷണം, രുചിയില്ലാത്ത എന്തോ സാധനം പോലെ അവന്‍ വരിക്കഴിക്കുന്നതും നോക്കി, അവളൊന്നും മിണ്ടാതെ ഇരുന്നു. കുറച്ചെന്തോ കഴിച്ചെന്നു വരുത്തി, അവന്‍ പോയപ്പോള്‍ ഡൈനിംഗ് ടേബിളില്‍ കൈയ്യൂന്നി തല താങ്ങി അവളിരിക്കെ അമ്മ പതുക്കെ അങ്ങോട്ട് വന്നു. അവളുടെ തോളില്‍ പിടിച്ചു സങ്കടത്തോടെ ചോദിച്ചു.

‘എന്താ മോളെ.. എന്താ ആ സിനിമയില്..? ആരാ നിന്നെ പിന്നെയും ചതിച്ചത്…?’

അവള്‍ നിറഞ്ഞ കണ്ണുകളോടെ അമ്മയെ നോക്കി.. പിന്നൊരു വരണ്ട പുഞ്ചിരിയോടെ പറഞ്ഞു..

‘ആണുങ്ങളിങ്ങനെ പല തരക്കാരാണമ്മേ. ചിലര്‍ക്ക് പെണ്ണിന്‍റെ മനസ്സ് മാത്രം മതിയാവും. ചിലര്‍ക്ക് മേനി മാത്രം. ചിലര്‍ക്ക് മനസ്സും മേനിയും വേണ്ടിവരും. വേറെ ചിലര്‍ക്ക് നമ്മുടെ വേദനകള്‍ പോലും വേണ്ടി വരും. എന്നാ ഇതിനൊക്കെ പകരം അവര്‍ തരുന്നതോ. അത് പൈസ മാത്രമായിരിക്കും. ആണുങ്ങളിലധികയും ഇങ്ങിനെയൊക്കെയാണമ്മേ. നമ്മളോട് ചിരിച്ചു കാണിച്ച് നമ്മുടെ ജീവിതവും കട്ടെടുത്ത് അവരങ്ങ് പോകും. നമ്മള്‍ പിന്നെയും വിഢികളായി കാത്തിരിക്കും. ഇനി വരുന്ന ആണെങ്കിലും പെണ്ണിനെ അറിയുന്ന ഒരാളായിരിക്കുമെന്ന, ലോകത്തിലെ ഏറ്റവും വലിയ പൊട്ടന്‍ സ്വപ്നവുമായി ജീവിക്കും. അല്ലെങ്കിലും നമ്മള്‍ പെണ്ണുങ്ങള്‍ എന്നാ എന്താ പഠിച്ചത്…?’

ഒന്നും പറയാനാവാതെ ആ അമ്മ അവളുടെ ശിരസ്സിലൂടെ വിരലോടിച്ച് കൊണ്ടിരുന്നു. ഒരുപാട് നേരം അവര്‍ക്കിടയില്‍ കനത്ത മൗനം മൂടി നിന്നു. അവസാനം അമ്മയുടെ നേര്‍ത്ത, വിറയാര്‍ന്ന ശബ്ദം അവളുടെ കാതുകളില്‍ തുളച്ചു കയറി…

‘മോളെ… ശരിക്കും എന്താ… എന്താ നിന്‍റെ പണി?’

അവള്‍ പകച്ച കണ്ണുകളോടെ അമ്മയെ നോക്കി. പിന്നെ ചങ്കു കീറുന്ന കരച്ചിലോടെ അമ്മയെ കെട്ടിപ്പിടിച്ചു. ഒന്നും പറയാനാവാതെ അവളുടെ മുടിയിലൂടെ വിരലോടിക്കവേ ആ അമ്മയുടെ മനസ്സ് പറയുന്നുണ്ടായിരുന്നു. എനിക്കറിയാമായിരുന്നു മോളെ. എനിക്കറിയാമായിരുന്നു. ഒന്നുമില്ലെങ്കിലും നിന്നെ പെറ്റ വയറല്ലേ?. എനിക്ക് നിന്നെ മനസ്സിലാവാതിരിക്കുമോ? നിന്‍റെ വേദനകള്‍ അറിയാതിരിക്കുമോ? അടുപ്പിലെ വിറക് പോലെ, നീ പുകഞ്ഞെരിഞ്ഞു തീരുന്നത്, ഞാനറിയുന്നുണ്ടായിരുന്നു മോളെ.. ഞാനറിയുന്നുണ്ടായിരുന്നു.

ദയനീയതയുടെ, നിസ്സഹായതയുടെ, രണ്ടു മൂര്‍ത്തീഭാവങ്ങളായിരുന്നു, ആ അമ്മയും മകളും…

പാതിരയായിട്ടും അവള്‍ക്കുറക്കം വന്നില്ല. സോഫയില്‍ കണ്ണടച്ച് ഓരോന്നലോച്ച് കിടക്കെ ഒരു കാല്‍പ്പെരുമാറ്റം കേട്ട് കണ്ണ് തുറന്നു. നോക്കുമ്പോള്‍ സിദ്ധു. അവനവളുടെ അരികിലിരുന്നു.

‘എന്താമ്മാ.. ഉറങ്ങീലെ..’ ഇപ്പോള്‍ അവന്‍റെ ശബ്ദത്തിന് കുറേശ്ശെ തെളിച്ചമുണ്ട്. സങ്കടമൊക്കെ ഏറെക്കുറെ തീര്‍ന്ന പോലെ. കുറെ കരഞ്ഞപ്പോള്‍, അവള്‍ക്കുമുണ്ട്, നെഞ്ചിലൊരു ആശ്വാസം.

അവളവനെ തന്നിലേക്ക് ചേര്‍ത്ത് പിടിച്ചു.. സ്നേഹത്തോടെ ആ ശിരസ്സിലൊരുമ്മ കൊടുത്തു… പിന്നെ കൃതിമമല്ലാത്തൊരു പുഞ്ചിരിയോടെ പറഞ്ഞു… ‘ഉറക്കം വന്നില്ലെടാ… ഉം.. നീയെന്താ ഉറങ്ങാത്തെ? ഓരോന്നാലോചിച്ച് കിടക്കാതെ, പോ.. പോയി, കണ്ണടച്ച് കിടന്നോളൂ. ഉറക്കം വന്നോളും..’

സിദ്ധു അവളിലേക്ക് ഒന്നുകൂടി പറ്റിച്ചേര്‍ന്നിരുന്നു…

‘അമ്മാ.. ഞാനൊരു കാര്യം ചോദിക്കട്ടേ?…’

എന്താ എന്നര്‍ത്ഥത്തില്‍ അവളവന്‍റെ മുഖത്തേക്ക് നോക്കി.. മടിച്ചു മടിച്ചാണ് അവന്‍ ചോദിച്ചത്..

‘അമ്മാ.. നമുക്ക് നാട്ടിലേക്കൊന്ന് പോയാലോ.. എത്ര കാലായി നമ്മളവിടന്ന് പോന്നിട്ട്… ഇപ്പോളെനിക്ക്, അവിടത്തെ കുറെ കാര്യങ്ങള്‍ ഓര്‍മ്മയുണ്ടമ്മേ.. കുറേ കാര്യങ്ങള്‍…’

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top