Flash News

സഞ്ജു സാംസണ്‍: അവസരങ്ങള്‍ കുറയുമോ?

February 5, 2020 , ലാലു ജോസഫ്

Sanju bannerനീലക്കുപ്പായമണിഞ്ഞ് സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര മത്സരങ്ങളില്‍ കളം നിറയുന്നത് കാണാന്‍ കൊതിച്ച മലയാളിക്ക് ഒടുവില്‍ നിരാശ. ശ്രീലങ്കയ്ക്കെതിരെ നടന്ന അവസാന ട്വന്‍റി ട്വന്‍റിയില്‍ മൂന്നാമനായും ഈ കഴിഞ്ഞ ഞായറാഴ്ച (2-2-2020) അവസാനിച്ച ന്യൂസിലാന്‍റുമായുള്ള ട്വന്‍റി ട്വന്‍റി പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളില്‍ ഓപ്പണറായും ഇറങ്ങിയപ്പോള്‍ സഞ്ജു പരാജയപ്പെടുകയായിരുന്നു. കാര്യവട്ടത്തെ ഗ്രീന്‍ ഫീല്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന പതിനൊന്നില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ സഞ്ജുവിനുവേണ്ടി തൊള്ള പൊട്ടി വിളിച്ചവര്‍ക്ക് ആശ്വാസമായാണ് ശിഖര്‍ ധവാന് പരിക്കേറ്റപ്പോള്‍ മൂന്നാമത്തെ ഓപ്പണറായി ന്യൂസിലാന്‍റിനെതിരെ സഞ്ജുവിനെ ടീമിലെടുത്തത്. സഞ്ജുവിന് പ്രതിഭക്കുറവൊന്നുമില്ല. പക്ഷേ അവസരവും സാഹചര്യങ്ങളും ഒത്തുവരണമായിരുന്നു. പ്രതിഭയും പ്രകടനവും അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം തിരഞ്ഞെടുപ്പ്. ഓപ്പണറായി രണ്ടുതവണയും മൂന്നാമനായി ഒരു തവണയും അവസരം കിട്ടിയിട്ടും സഞ്ജു തിളങ്ങിയില്ല. കളിയില്‍ തിളങ്ങാതിരിക്കുക എന്നത് ഒരു കായികതാരത്തെ സംബന്ധിച്ച് പ്രശ്നമാകേണ്ടതല്ല. രണ്ടോ മൂന്നോ കളിയിലെ പ്രകടനം അടിസ്ഥാനമാക്കി ഒരു താരത്തെ വിലയിരുത്താനുമാകില്ല. കളിയോടുള്ള സമീപനമാണ് ഏറ്റവും പ്രധാനം. സഞ്ജു വിക്കറ്റ് വലിച്ചെറിയാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് നാലാം ട്വന്‍റി ട്വന്‍റി മത്സരത്തിനുശേഷം ക്യാപ്റ്റന്‍ വിരാട് കോഹ്ലി പറഞ്ഞിരുന്നു. ഒടുവിലത്തെ മത്സരത്തിലും സ്ഥിതി മാറിയില്ല. അത്ര മെച്ചമായ പന്തിലല്ല സഞ്ജു പുറത്തായത്. അതും രോഹിത് ശര്‍മ്മ എന്ന ലോകത്തെ ഏറ്റവും മികച്ച ട്വന്‍റി ട്വന്‍റി ഓപ്പണര്‍ക്ക് മുന്നെ അവസരം കിട്ടിയിട്ടും, എന്നിരിക്കെ കളിയോടുള്ള സമീപനത്തില്‍ മാറ്റം വന്നു എന്ന് ടീം മാനേജ്മെന്‍റിനും സിലക്ടര്‍മാര്‍ക്കും ബോദ്ധ്യം വരുന്നതുവരെ സഞ്ജു ഇനി അവസരങ്ങള്‍ ലഭിച്ചേക്കാനിടയില്ല.

Prithvi Shaw

Prithvi Shaw

ഐപിഎല്ലിലെ മിന്നും പ്രകടനങ്ങളോടെ 2020-ല്‍ നടക്കാനിരിക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പ് മത്സരങ്ങള്‍ക്ക് ടീമില്‍ ഇടം നേടാനാവുമെന്ന് പ്രതീക്ഷിക്കുന്ന ക്രിക്കറ്റ് പണ്ഡിതന്മാര്‍ക്ക് തെറ്റാനാണിട. 2020-ല്‍ നടക്കാനിരിക്കുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പ് മത്സരങ്ങളില്‍ കീപ്പറായി എം.എസ്.ധോണി വരുമോ ഋഷഭ് പന്ത് തുടരുമോ എന്ന ചര്‍ച്ചയാണിപ്പോള്‍. ബി.സി.സി.ഐ.യുടെ പുതുക്കിയ വാര്‍ഷിക കരാറില്‍ സ്ഥാനം നേടാനാവാത്ത എം.എസ്. ധോണിയെയും പന്തിനെയും ലോകകപ്പില്‍ പരിഗണിച്ചേക്കാം. ധോണിയുടെ മത്സരങ്ങള്‍ ജയിപ്പിക്കാനുള്ള കഴിവും (പണ്ടേപോലെ ഫലിക്കുന്നില്ല എങ്കിലും) പന്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗും അവര്‍ക്ക് തുണയായേക്കാം. ഈയടുത്തുവരെ സഞ്ജുവിന് ധോണിയും ഋഷഭ് പന്തും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ എന്ന നിലയ്ക്ക് ഭീഷണിയായിരുന്നു. സൗരവ് ഗാംഗുലി രാഹുല്‍ ദ്രാവിഡിനെ കീപ്പറാക്കി അധികം ഒരു ബാറ്റ്സ്മാനെക്കൂടി ടീമിലെടുക്കാന്‍ നടത്തിയ പരീക്ഷണം, പന്തിനു പരിക്കേറ്റപ്പോള്‍ കെ.എല്‍.രാഹുലിലൂടെ നടപ്പിലാക്കാന്‍ കോഹ്ലി നിര്‍ബന്ധിതനായി. ഇപ്പോള്‍ പന്തിനെപ്പോലും കൈവിട്ട സ്ഥിതിയാണ്. പരിക്കേറ്റ ശിഖര്‍ ധവാന്‍ തിരികെ വരുമ്പോള്‍ സഞ്ജു വഴിമാറിക്കൊടുക്കേണ്ടിവരും. ഒപ്പം ബാറ്റും ബോളും കൊണ്ട് കളി നന്നാക്കുന്ന ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്കില്‍ നിന്നുള്ള മടക്കവും സഞ്ജുവിന് തടസ്സമാവും. ധോണിയും പന്തുമല്ല സഞ്ജുവിന് ഭീഷണി. അവസരങ്ങളും അത് മുതലാക്കുന്ന തരത്തിലുള്ള പ്രകടനവും ആണ് സഞ്ജുവിന്‍റെ ഭാവി നിശ്ചയിക്കുക. ഇന്ത്യന്‍ ടീമിലുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട്, ഇല്ല എന്ന മറുപടി പറയാനേ സഞ്ജുവിന് ഇപ്പോള്‍ കഴിയുകയുള്ളൂ. ലക്ഷക്കണക്കിന് മലയാളികളുടെ മോഹം പൂവണിയുവാന്‍ ഒരുപാട് സാഹചര്യങ്ങള്‍ ഒത്തുവരണം. അവസരം കിട്ടുമ്പോള്‍ തിളങ്ങാനാവാതിരിക്കുക സഞ്ജുവിനെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ടീമിലെ സ്ഥാനം ഭാണ്ഡുപ്പായി മാറി. ഇറക്കാനും വയ്യ ചുമക്കാനും വയ്യ. ഫീല്‍ഡിംഗ് മികവുകൊണ്ട് സഞ്ജു ടീമിലെ സ്ഥാനം നിലനിര്‍ത്തുമെന്ന് കരുതുന്നവര്‍ക്കു മുന്നില്‍ മുഹമ്മദ് കൈഫും യുവരാജ് സിംഗും സുരേഷ് റെയ്നയും ഫീല്‍ഡിംഗ് മികവുകൊണ്ടു മാത്രമല്ല ടീമില്‍ സ്ഥിരമായി ഇടംനേടിയിരുന്നത് എന്ന ചരിത്രം നിലനില്‍ക്കുന്നു.  നേരത്തെ പറഞ്ഞതുപോലെ പ്രതിഭയിലല്ല കാര്യം. അവസരങ്ങളിലും സാഹചര്യങ്ങളിലുമാണ് എന്ന് ചരിത്രം സാക്ഷ്യം പറയുന്നു.

Subhman Gill

Subhman Gill

പത്മാകര്‍ കാശിനാഥ് ശിവാല്‍ക്കര്‍ ഈ പേര് സഞ്ജുവിന്‍റെ തലമുറയില്‍പ്പെട്ട കളിക്കാര്‍ പഴയ റിക്കാര്‍ഡുബുക്കുകള്‍ തിരഞ്ഞാല്‍ കിട്ടുന്ന ഒന്നാണ്. അജിത് വഡേക്കര്‍, സുനില്‍ ഗവാസ്കര്‍, ദിലീപ് വംഗ്സാര്‍ക്കര്‍ തുടങ്ങിയ പ്രഗത്ഭമതികള്‍ക്കൊപ്പം നീണ്ട ഇരുപതുവര്‍ഷം ബോംബെക്കുവേണ്ടി തുടര്‍ച്ചയായി കളിച്ച താരമാണ് ശിവാല്‍ക്കര്‍. 424 ഒന്നാംക്ലാസ് മത്സരങ്ങളില്‍ നിന്ന് രാജ്യത്തെ ഒന്നാംക്ലാസ് മത്സരങ്ങളുടെ ചരിത്രത്തില്‍ ഏറ്റവുമധികം 589 വിക്കറ്റുകള്‍ നേടിയ ഇടംകൈയ്യന്‍ സ്പിന്നറായിരുന്നു ശിവാല്‍ക്കര്‍. ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഒരിക്കലും ഇടം നേടാനാവാത്ത ഈ പ്രതിഭയുടെ കാലത്താണ് വിഖ്യാതനായ ബിഷന്‍ സിംഗ് ബേദി കളം നിറഞ്ഞുനിന്നത്. അക്കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മുടിചൂടാമന്നന്മാരായിരുന്ന ബോംബെയുടെ രജ്ഞി ട്രോഫി ടീമിന്‍റെ നെടുംതൂണായിരുന്നിട്ടും പരിഗണിക്കപ്പെടാതെ പോകുകയായിരുന്നു.

ശിവാല്‍ക്കറെപ്പോലെ തന്നെ ബേദിയുടെ നിഴലിലായ മറ്റൊരു ഇടംകൈയന്‍ സ്പിന്നറാണ് രജീന്ദര്‍ ഗോയല്‍. രജ്ഞി ട്രോഫി ക്രിക്കറ്റില്‍ ഏറ്റവും അധികം വിക്കറ്റുകള്‍ – 637 ഗോയലിന്‍റെ പേരിലാണ്. പട്യാല (ദക്ഷിണ പഞ്ചാബ്), ഡല്‍ഹി, ഹരിയാന തുടങ്ങിയ ടീമുകള്‍ക്കായി കളിച്ചു. അച്ചടക്ക നടപടിയെ തുടര്‍ന്ന് 1974-75-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ബാംഗ്ലൂര്‍ ടെസ്റ്റ് ടീമില്‍ നിന്ന് ബേദിയെ ഒഴിവാക്കിയപ്പോള്‍ ഗോയലിനെ ടീമില്‍ ഉള്‍പ്പെടുത്തി, പക്ഷേ അവസാനനിമിഷം ഒഴിവാക്കി. സിലോണി (ഇന്നത്തെ ശ്രീലങ്ക) നെതിരെ 1964-65-ല്‍ നടന്ന മത്സരത്തില്‍ ഗോയല്‍ കളിച്ചിരുന്നു. 4 വിക്കറ്റും വീഴ്ത്തി. പക്ഷേ ബേദിയെന്ന മുന്‍നിരതാരത്തിന്‍റെ നിഴലിലാകാനായിരുന്നു പിന്നീടുള്ള വിധി.

Yashasvi Jaiswal

Yashasvi Jaiswal

നമ്മുടെ കെ.എന്‍. അനന്തപത്മനാഭന്‍റെ സ്ഥിതിയും മറ്റൊന്നായിരുന്നില്ല. രജ്ഞി ട്രോഫി ക്രിക്കറ്റിലും ഐ.പി.എല്‍.ലും അമ്പയറായി തുടരുന്ന അനന്തന് തടസ്സമായിരുന്നത് അനില്‍ കുംബ്ലെയുടെ നിറസാന്നിദ്ധ്യമാണ്. ഒന്നാം ക്ലാസ് മത്സരങ്ങളില്‍ കേരളത്തെയും ദക്ഷിണേന്ത്യയെയും പ്രതിനിധീകരിച്ച അനന്തന്‍ 105 ഒന്നാം ക്ലാസ് മത്സരങ്ങളില്‍ നിന്ന് 344 വിക്കറ്റുകള്‍ നേടി. ഇരട്ട ശതകം ഉള്‍പ്പെടെ മൂന്നു തവണ സെഞ്ച്വറി നേടുകയും ചെയ്തു. ടെസ്റ്റ് മത്സരങ്ങളിലോ ഏക ദിനത്തിലോ രാജ്യത്തിനായി കളിക്കാന്‍ അനന്തപത്മനാഭന് കഴിഞ്ഞില്ല.

ഒരിക്കലും രാജ്യത്തിനുവേണ്ടി കളിച്ചിട്ടില്ലാത്ത രണ്ടുപേരാണെങ്കിലും ശിവാല്‍ക്കറുടെയും ഗോയലിന്‍റെയും പേരും കഴിവും സുനില്‍ ഗവാസ്കര്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. താന്‍ നേരിട്ടതില്‍ വെച്ചേറ്റവും അപകടകാരിയായ സ്പിന്നര്‍ ഗോയലാണെന്നും ഗവാസ്കര്‍ പറയുന്നു. പക്ഷേ കേമന്‍ ബേദി തന്നെയെന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

Rajinder

RAJINDER GOEL

ശിവാല്‍ക്കറിനും ഗോയലിനും ബേദിയും, അനന്തപത്മനാഭന് അനില്‍ കുംബ്ലെയും തടസ്സമായിരുന്നു എങ്കില്‍ സഞ്ജുവിന് തടസ്സം ഋഷഭ് പന്താണെന്ന് നാം ധരിക്കുന്നതാണ് തെറ്റ്. സഞ്ജുവിനെക്കാള്‍ മൂന്നു വയസ്സ് ഇളപ്പമുള്ള പന്തിന്‍റെ റിക്കാര്‍ഡ് ഒരു ബാറ്റ്സ്മാനെന്ന നിലയ്ക്കും കീപ്പര്‍ എന്ന നിലയ്ക്കും മോശമല്ല. ഒരുപാട് അവസരങ്ങള്‍ കിട്ടിയതുകൊണ്ടാണിത് എന്ന് വാദത്തിനുവേണ്ടി വാദിക്കാം. 11 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള പന്തിന് മുന്നില്‍ ടെസ്റ്റ് ടീമിന്‍റെ കീപ്പര്‍ സ്ഥാനം ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്ലി തന്നെ പറയുന്ന വൃദ്ധിമാന്‍ സാഹക്കു മുന്നില്‍ പന്തിന് മാറിനില്‍ക്കേണ്ടിവരും. എം.എസ്. ധോണി ട്വന്‍റി ട്വന്‍റിയില്‍ നിന്നും ഏകദിനത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നതാണ് പന്തിന് സാഹചര്യമൊരുക്കിയത്. പരിക്കേറ്റ് പുറത്തിരിക്കുന്ന ഹാര്‍ദ്ദിക് പാണ്ഡ്യ, യുവതാരങ്ങളായ പൃഥ്വിഷാ, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ മടങ്ങിവരുന്ന സാഹചര്യമുണ്ടായാലും 19 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ താരം യശസ്വി ജയ്സ്വാള്‍ പരിഗണിക്കപ്പെട്ടാലും പന്തും സഞ്ജുവും പുറത്താകും. ഇവരുടെ വരവ് സഞ്ജുവിനെയാകും കൂടുതല്‍ ബാധിക്കുക. കാരണം പൃഥ്വിഷാ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍ എന്നിവര്‍ മൂന്നുപേരും ഓപ്പണര്‍മാര്‍ എന്നതുതന്നെ. എം.എസ്.ധോണിയുടെ വിരമിക്കലിനെക്കുറിച്ചൊക്കെ കേള്‍ക്കുന്നുണ്ട് എങ്കിലും അത് ധോണി തന്നെ പറയട്ടെ എന്നാണ് ക്യാപ്റ്റനും ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും പറയുന്നത്. ധോണിയുടെ തീരുമാനവും മടങ്ങിവരവും പന്തിന്‍റെ സാദ്ധ്യതകള്‍ കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നു. പന്തിനുമേല്‍ ധോണിക്കു പകരക്കാരനായി പരിഗണിക്കപ്പെടാന്‍ സഞ്ജുവിനു മുന്നില്‍ കടമ്പകളേറയുണ്ട്. ക്യാപ്റ്റന്‍റെ മനസ്സിലിടം നേടാനാവണമെന്നതാണ് അതിലേറ്റവും പ്രധാനം. സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുക എന്നത് മറ്റൊന്ന്. പ്രതിഭയുടെ മിന്നലാട്ടം സഞ്ജുവിന്‍റെ ഒന്നാം ക്ലാസ് കരിയറില്‍ ഒട്ടാകെ കണ്ടിട്ടുള്ളതാണ്. തന്‍റേതായ ദിവസത്തില്‍ ഏതു ലോകോത്തര ബൗളറെയും അടിച്ചൊതുക്കാന്‍ കഴിയുന്ന ബാറ്റിംഗ് ശൈലിയാണ്. സഞ്ജുവിന്‍റെ ബാറ്റ് തീ തുപ്പുന്നത് തുടര്‍ച്ചയായി കാണാനാണ് സഞ്ജുവിനുവേണ്ടി മുറവിളി കൂട്ടുന്ന മലയാളികള്‍ ആഗ്രഹിക്കുന്നത്. സഞ്ജു ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങുന്നതു കാണാന്‍ വെമ്പുന്ന മനസ്സുകള്‍ അതിമോഹമാണ് കാട്ടുന്നത് എന്ന് ധരിക്കരുത്. ക്രിക്കറ്റില്‍ എന്തും സംഭവിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിഴിഞ്ഞത്തുനിന്ന് ലോക ക്രിക്കറ്റ് വേദികളിലേക്കുള്ള ദൂരം സഞ്ജുവിന് അത്ര അകലെയല്ല. അപ്പോഴും കായികരംഗത്തെ ഏറ്റവും പ്രശസ്തമായ ആപ്തവാക്യം വിജയിക്കുക എന്നതല്ല പങ്കെടുക്കുക എന്നതാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് എന്ന് നാം മറന്നുകൂടാ. ശിവാല്‍ക്കറും ഗോയലും അനന്തപത്മനാഭനും നമ്മെ പഠിപ്പിക്കുന്നത് മറ്റൊന്നല്ല.

ANATHAPADMANABHAN 1

ANATHAPADMANABHAN

PADMAKAR

PADMAKAR SHIVALKARLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “സഞ്ജു സാംസണ്‍: അവസരങ്ങള്‍ കുറയുമോ?”

  1. AJAY THUNDATHIL says:

    really superb lalu……actually a research filled write-up…..best wishes…..

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top