Flash News

ബിജെപിയെയും കോണ്‍ഗ്രസിനേയും അരിഞ്ഞു വീഴ്ത്തി ആപ്പ്; ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാള്‍ ചരിത്രം സൃഷ്ടിച്ചു

February 11, 2020

aapന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയവുമായി ആം ആദ്മി പാര്‍ട്ടി അധികാരത്തിലേക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോള്‍ വന്‍ ഭൂരിപക്ഷത്തോടെ അരവിന്ദ് കേജ്‌രിവാള്‍ ഭരണത്തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണ്. ഏറ്റവും അവസാനം ലഭിച്ച ഫലം അനുസരിച്ച് എഎപി 63 സീറ്റുകളിലും ബിജെപി 7 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുകയാണ്. അതേസമയം 2015ല്‍ 70 ല്‍ 67 സീറ്റുകളും നേടിയ എഎപിയ്ക്ക് അതേ വിജയം ആവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല. ബിജെപിയാകട്ടെ കഴിഞ്ഞ തവണത്തെ മൂന്ന് സീറ്റ് നേട്ടത്തെ മറികടന്ന് 7 സീറ്റുകള്‍ നേടി മുന്നേറ്റം നടത്തിയിരിക്കുന്നു. കോണ്‍ഗ്രസിന് ഇത്തവണയും സീറ്റൊന്നും നേടാന്‍ കഴിഞ്ഞില്ല.

ഡല്‍ഹിയില്‍ അധികാരം പിടിക്കാനുള്ള ബി.ജെ.പിയുടെ മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് ആം ആദ്മി പാര്‍ട്ടി മുന്നേറിയത്. കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ല. ന്യൂഡല്‍ഹി മണ്ഡലത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ബി.ജെ.പിയുടെ 2015ല്‍ ബി.ജെ.പിയുടെ നുപുര്‍ ശര്‍മ്മയെ 31,583 വോട്ടിനാണ് കെജ്‌രിവാള്‍ പരാജയപ്പെടുത്തിയിരുന്നത്. 2013ല്‍ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിനെ കെജ്‌രിവാള്‍ തോല്‍പ്പിച്ചത് 25000 വോട്ടിനും.

സി.എ.എ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്ന ഷാഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‌ലയില്‍ ബി.ജെ.പി മുന്നില്‍ നിന്ന ശേഷം പിന്നോട്ടു പോയി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉടനീളം ഷാഹീന്‍ബാഗിലെ സമരമാണ് ബി.ജെ.പി ഉപയോഗിച്ചിരുന്നത്. രാജ്യത്തിന്റെ അഖണ്ഡത തകര്‍ക്കനാണ് പ്രതിഷേധക്കാരുടെ ശ്രമം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചിരുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ ആംആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് അവര്‍ക്ക് ഈ വിജയം നേടിക്കൊടുത്തിരിക്കുന്നത്. എതിരാളികളെല്ലാം രാഷ്ട്രീയ ആരോപണങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതെങ്കില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണായുധം വികസനമായിരുന്നു. പ്രകടനപത്രികയില്‍ പറയുന്നത് നടപ്പാക്കാന്‍ കഴിയുമെന്ന് തെളിയിച്ച അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാന്‍ ഡല്‍ഹിക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ആം ആദ്മിയെ ജനപ്രിയമാക്കിയ പ്രഖ്യാപനങ്ങള്‍…

● വിദ്യാഭ്യാസത്തിനുള്ള വിഹിതം 6000 കോടി രൂപയില്‍നിന്ന് 15,600 കോടി രൂപയായി ഉയര്‍ത്തി.
● സര്‍ക്കാര്‍ സ്കൂളുകളില്‍ 20,000 പുതിയ ക്ലാസ് മുറികള്‍ നിര്‍മിച്ചു. 12-ാം ക്ലാസ് വിജയിച്ച ഒരു കുട്ടിയും പണമില്ലാത്തതിനാല്‍ ഉപരിപഠനത്തിനു പോകാതിരിക്കരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്.
● ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയില്‍നിന്ന് 7500 കോടിയാക്കി.
● നഗരത്തില്‍ ഒട്ടേറെ ആരോഗ്യ ക്ലിനിക്കുകള്‍ സ്ഥാപിച്ചു. ഇവിടെ വളരെ കുറഞ്ഞ നിരക്കില്‍ ടെസ്റ്റുകള്‍ നടത്താം.
● 200 യൂണിറ്റ് വരെ വെദ്യുതി ഉപയോഗം സൗജന്യമാക്കി. 201 മുതല്‍ 400 യൂണിറ്റ് വരെ നിരക്ക് പകുതിയാക്കി.
● ഒരു മാസം 20,000 ലീറ്റര്‍ വരെ വെള്ളം സൗജന്യം.
● വനിതകള്‍ക്കു ബസ്സില്‍ സൗജന്യ യാത്ര.
● ചേരികള്‍, അനധികൃത കോളനികള്‍ എന്നിവയ്ക്കായി 10000 പൊതു ശുചിമുറികള്‍ നിര്‍മിച്ചു നല്‍കി. 1000 മലിനജല സംസ്കരണ പ്ലാന്‍റുകളുടെ നിര്‍മാണം.
● പൊതുമരാമത്തു വകുപ്പു നിയന്ത്രണത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കി.

കോണ്‍ഗ്രസിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം; 66ല്‍ 63 പേര്‍ക്കും കെട്ടിവച്ച പണം നഷ്ടം

congress2013 വരെ ഡല്‍ഹിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് ഇത്തവണ നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി. ഒരു സീറ്റു പോലും ജയിക്കാനാകാതെ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാഴ്ച വച്ചത്.

70 സീറ്റില്‍ 66 ഇടത്താണ് കോണ്‍ഗ്രസ് മത്സരിച്ചത്. നാലിടത്ത് സഖ്യകക്ഷിയായ ആര്‍.ജെ.ഡി മത്സരിച്ചു. 63 ഇടത്തും കോണ്‍ഗ്രസിന് കെട്ടിവച്ച പണം നഷ്ടമായി. ഗാന്ധിനഗര്‍, ബദ്‌ലി, കസ്തൂര്‍ബാ നഗര്‍ എന്നിവിടങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് പണം തിരിച്ചു കിട്ടിയത്. ആം ആദ്മിയില്‍ നിന്ന് കോണ്‍ഗ്രസിലേക്ക് ചേക്കേറി ചാന്ദ്‌നി ചൗക്ക് മണ്ഡലത്തില്‍ മത്സരിച്ച അല്‍ക്ക ലാംബയ്ക്കും സ്വന്തം കാശ് തിരിച്ചെടുക്കാനായില്ല. 2015ല്‍ ജയിച്ച മണ്ഡലത്തിലാണ് ഇത്തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ അവര്‍ മത്സരിച്ചത്.

തെരഞ്ഞെടുപ്പ് ചട്ട പ്രകാരം മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ ആറു ശതമാനം വോട്ടു കിട്ടുന്നവര്‍ക്കു മാത്രമാണ് കെട്ടിവച്ച പതിനായിരം രൂപ തിരിച്ചു ലഭിക്കുക. ബദ്ലിയില്‍ ദേവേന്ദര്‍ യാദവ്, കസ്തൂര്‍ബ നഗറില്‍ അഭിഷേക് ദത്ത്, ഗാന്ധി നഗറില്‍ അര്‍വിന്ദര്‍ സിംഗ് ലവ്ലി എന്നിവരാണ് കോണ്‍ഗ്രസിനായി കളത്തിലിറങ്ങിയിരുന്നത്.

ഷീല ദീക്ഷിത്ത് മന്ത്രിസഭകളില്‍ മൂന്ന് തവണ മന്ത്രിയായ എ.കെ വാലിയ അദ്ദേഹത്തിന്റെ മണ്ഡലമായ കൃഷ്ണ നഗറില്‍ 3.77% വോട്ട് മാത്രമാണ് നേടിയത്. ദല്‍ഹി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുഭാഷ് ചോപ്രയുടെ മകള്‍ ശിവാനി ചോപ്ര 5.42% വോട്ടാണ് നേടിയത്. മുതിര്‍ന്ന നേതാവ് കീര്‍ത്തി ആസാദിന്റെ ഭാര്യയായ പൂനം ആസാദിന് ബറേലിയില്‍ ലഭിച്ചത് രണ്ടു ശതമാനം വോട്ടു മാത്രം. ജംഗ്പുര മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് തര്‍വീന്ദര്‍ സിംഗ് മര്‍വാക്ക് 3000 വോട്ട് മാത്രമാണ് ലഭിച്ചത്.

70 സീറ്റില്‍ ഒരിടത്തു മാത്രമാണ് പാര്‍ട്ടി രണ്ടാം സ്ഥാനത്തെത്തിയത്. വിധിയില്‍ സംപൂജ്യരായതിന് ഒപ്പം തലസ്ഥാനത്തെ വോട്ട് ഓഹരിയിലും കോണ്‍ഗ്രസിന് വന്‍ കുറവുണ്ടായി. 4.1 ശതമാനം മാത്രമാണ് വോട്ട് ഓഹരി. ആം ആദ്മിക്ക് 52 ഉം ബി.ജെ.പിക്ക് 40 ഉം ശതമാനം വോട്ടു കിട്ടിയ വേളയിലാണിത്. 2015ല്‍ കോണ്‍ഗ്രസിന് 9.7 ശതമാനം വോട്ടാണ് കിട്ടിയിരുന്നത്. 2008ലെ നാല്‍പ്പത് ശതമാനത്തില്‍ നിന്നാണ് പാര്‍ട്ടി ഒറ്റയക്കത്തിലേക്ക് ഇടിഞ്ഞത്.

ഇന്ന് വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഒരിടത്ത് മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്തത്. എന്നാല്‍ അതു നിലനിര്‍ത്താന്‍ പാര്‍ട്ടിക്കായില്ല. അതേസമയം, തങ്ങള്‍ തോറ്റെങ്കിലും ബി.ജെ.പി ജയിച്ചില്ലല്ലോ എന്നു മാത്രം കോണ്‍ഗ്രസിന് ആശ്വസിക്കാം. പി. ചിദംബരം അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങളില്‍ ഈ ആശ്വാസം നിഴലിച്ചു കണ്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top