Flash News

സയാമീസ് (കവിത)

February 20, 2020 , ഡോ. ദീപ ബിജോ അലക്സാണ്ടര്‍

Sayamese bannerകൂടെപ്പിറന്നവള്‍
ഒപ്പം വളര്‍ന്നവള്‍
ഒറ്റയൊരുടലും
ഇരട്ട മനസ്സും.

അവള്‍-കാറ്റ്,
ഞാന്‍ പ്രതിമ.

തീരുന്നേയില്ല തര്‍ക്കം
ഒറ്റയ്ക്കാവുമ്പോള്‍
നീയല്ല ഞാനെന്ന്,
ഞാനാണ് നീയെന്നൊക്കെ.

ചില നേരങ്ങളില്‍
കണ്ണില്‍ തുളുമ്പു-
മവളുടെ കണ്ണീര്‍.
ചുണ്ടുകളില്‍
ഊര്‍ന്നു വരു-
മവളുടെ പുഞ്ചിരി.

അരക്കുറഞ്ഞ
ചുണ്ടിന്‍ വിടവില്‍
പൊട്ടി വീഴും
പിറുപിറുപ്പുകള്‍.

മുഖം കുനിക്കുമ്പോള്‍
പാളി വരും
മുന വച്ച നോട്ടവും
ചോദ്യങ്ങളും.

കണ്ണടച്ചിരുളാക്കവേ
കണ്ടില്ലേ,കേട്ടില്ലേയെന്നു
ഉള്ളു കുലുക്കും
ഉണര്‍ത്തുവിളികള്‍.

ജീവിതമെന്നു
പറഞ്ഞൊഴിയുമ്പോള്‍
“ഇതോ ജീവിത”മെന്നു
കൈ മലര്‍ത്തല്‍.

വയ്യ!

കൊല്ലാന്‍ നോക്കണ്ട;
ഒറ്റച്ചങ്കല്ലേ,
നീയും ചാകുമെന്നവള്‍.

മിണ്ടരുത്,
അനങ്ങരുത്,
ചിരിയ്ക്കരുത്,
കരയരുത്,
ചിന്തകളോ
ഒട്ടുമരുത്.

കൊന്നാലും ചാകാത്തവളെ
കൊല്ലാതെ കൊല്ലുന്നൊ-
രൊറ്റമൂലി കൊണ്ട്
ഇനിയൊന്നനങ്ങാതെ
തളര്‍ത്തിക്കിടത്തണം.

എന്നിട്ടു വേണമെനിക്ക്
നല്ലൊരു പ്രതിമയാകാന്‍.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top