Flash News

കൊറോണ വൈറസ്: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തി സൗദി അറേബ്യ; ഇഖാമ ഉള്ളവര്‍ 72 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തണമെന്ന്

March 12, 2020

1525169റിയാദ്: ‘കൊവിഡ്-19’ മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് സൗദി അറേബ്യ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു. ഇഖാമ ഉള്ളവര്‍ക്ക് തിരിച്ചെത്താന്‍ 72 മണിക്കൂര്‍ സമയവും അനുവദിച്ചിട്ടുണ്ട്.

അതേസമയം, സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യ, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ബാധകമല്ല. വാണിജ്യ, ചരക്ക് ഗതാഗതത്തിനും തടസമില്ല. മാത്രമല്ല അസാധാരണമായ കേസുകള്‍ക്ക് ഇളവ് അനുവദിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ യൂറോപ്യൻ യൂണിയൻ, സ്വിറ്റ്സർലൻഡ്, ശ്രീലങ്ക, ഫിലിപ്പൈൻസ്, സുഡാൻ, ദക്ഷിണ സുഡാൻ, എത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും തടഞ്ഞു.

തിങ്കളാഴ്ച മുതല്‍ യുഎഇ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളിലേക്കുള്ള യാത്ര സൗദി നിരോധിച്ചിരുന്നു. കുവൈത്ത്, ബഹറൈന്‍, ഈജിപ്ത്, ഇറാഖ്, ലബനൻ, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്.

‘കൊവിഡ്-19’ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ യാത്ര വിവരങ്ങളും രോഗ വിവരങ്ങളും മറച്ച് വെച്ച് സൗദിയില്‍ പ്രവേശിച്ചാല്‍ അഞ്ച് ലക്ഷം റിയാല്‍ (98.96 ലക്ഷം രൂപ) പിഴ ഈടാക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിരുന്നു. ‘കൊവിഡ്-19’ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച ശേഷം രോഗ വിവരങ്ങള്‍ മറച്ച് വെച്ച് സൗദി വഴി വരുന്ന യാത്രക്കാരുടെ എണ്ണം വര്‍ധിച്ച പശ്ചാത്തലത്തിലായിരുന്നു നടപടി.

‘കൊവിഡ്-19’ ബാധിത രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവര്‍ നിര്‍ബന്ധമായും ആരോഗ്യ സേവന കേന്ദ്രങ്ങളുമായി ബന്ധപ്പെടണമെന്ന് ഭരണകൂടം നിർദ്ദേശിച്ചിട്ടുണ്ട്. 937 എന്ന ടോള്‍ ഫ്രീ നമ്പറിലാണ് ബന്ധപ്പെടേണ്ടത്.

‘കൊവിഡ്-19’ പടരുന്ന പശ്ചാത്തലത്തില്‍ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതമായി അടച്ചിടാനും ഭരണകൂടം ഞായറാഴ്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗബാധ തടയുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പള്ളികളും അടച്ചിടുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ 45 ‘കൊവിഡ്-19’ കേസുകളാണ് സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിനാളുകൾ  രാജ്യത്ത് നിരീക്ഷണത്തിലാണ്. ഇറാനില്‍ നിന്നും എത്തിയവര്‍ക്കാണ് സൗദിയില്‍ ആദ്യം ‘കൊവിഡ്-19’ സ്ഥിരീകരിച്ചത്. ബാക്കിയുള്ളവര്‍ക്ക് ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിലൂടെയാണ് രോഗം പിടിപെട്ടതെന്ന്  കണക്കാക്കുന്നു.

‘കൊവിഡ്-19’ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കുവൈത്തിലും സര്‍ക്കാര്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി മാര്‍ച്ച് 29 വരെ രാജ്യത്ത് പൊതുഅവധി പ്രഖ്യാപിച്ചു. എല്ലായിടത്തു നിന്നുമുള്ള വിമാന സര്‍വീസുകളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ റദ്ദാക്കിയതായും ഭരണകൂടം അറിയിച്ചു.

ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട  കൊറോണ വൈറസ് ബാധ ഇതുവരെ നാലായിരത്തില്‍ അധികം പേരുടെ ജീവനെടുത്തു  കഴിഞ്ഞു. ഇന്ത്യ അടക്കം നൂറിലേറെ രാജ്യങ്ങളിലാണ് ഇതുവരെ ‘കൊവിഡ്-19’ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top