Flash News

വനജ്യോത്സന (കവിത)

March 13, 2020 , അബൂതി

vanajyotsna bannerഎവിടെയായിരുന്നിത്രനാളെന്നോര്‍ത്തു…
ഈ കാനനസാരിയുടെയേകാന്തപാതയിലേക്ക്,
ഇടയ്ക്കിടെ തെളിഞ്ഞും മറഞ്ഞും..
വനജ്യോത്സന പോലെ നീയെത്തിനോക്കിയപ്പോള്‍!
ഒരു മാരിമേഘമായെത്തിയെന്‍ ജീവനില്‍
കുളിര്‍ തൂവിക്കടന്നുപോയ കവിതേ..
എന്നോര്‍മ്മ തന്‍ മുറ്റത്ത് നില്‍ക്കുമൊരു
തുളസിക്കതിരായി, ഇനി നിന്നെ പൂജിച്ചിടാം!
എന്‍ കിനാപൂക്കള്‍ക്കന്യമായ് പോയൊരു
വസന്തമന്ദസ്മിതത്തിന്‍റെ ചാരുതയ്ക്കു മേല്‍..
എങ്ങുനിന്നോ വീണൊരീ നിഴല്‍ തൂവലുകള്‍ക്കു മേല്‍…
മിഴിവാര്‍ത്തു നില്‍ക്കയായ് വിരഹമീ പ്രാണനില്‍.
ഇന്നെന്റെയക്ഷരങ്ങള്‍ക്കെന്തിത്ര നാണം?
നിന്നാര്‍ദ്ര മിഴികളില്‍ നോക്കി വിടപറഞ്ഞീടാന്‍….
ഒരു സാഗരം തിരതല്ലുന്നുള്ളില്‍ സ്നേഹാക്ഷരങ്ങളായ്..
എന്നിട്ടുമെന്തേയെന്‍ നനഞ്ഞ തൂലികയിടറുന്നു?
നിനക്ക് നേദിക്കാനിനിയെന്‍റെ കൈയ്യിലൊന്നുമില്ലെങ്കിലും;
വനഗായികെ… നിന്‍ മലര്‍ വീണയില്‍…
ഒരു ദേവരാഗമായ്… വീണലിഞ്ഞീടുവാന്‍
തപം ചെയ്തു വരം തേടി.. ഞാനലഞ്ഞു നിന്‍ വീഥിയില്‍!
സ്വപ്നമായിരുന്നിളം വെയില്‍ ചാഞ്ഞൊരെന്‍ വീഥിയില്‍
നിന്നോട് ചേര്‍ന്നൊരിത്തിരി ദൂരം നടക്കുവാന്‍!
പൊന്‍വെയില്‍ നീരാളം ഞൊറിഞ്ഞുടുത്തെത്തുമ്പോള്‍
നിന്‍ ശ്രീലവദനമെന്‍ കൈക്കുമ്പിളില്‍ കോരുവാന്‍!
ഇനിയിരിക്കാം ഞാനീ മരത്തണലിലിത്തിരി നേരം…
മടക്കയാത്രയ്ക്ക് മുന്നേ….നിന്നെ മാത്രമോര്‍ത്തിത്തിരി നേരം!
മറക്കുവാനരുതാത്ത മനസ്സിനെയുറക്കുവാന്‍
ആവുമോ ഇനിയെനിക്കെന്‍റെ ജീവനില്‍??



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top