Flash News

ഗ്രാമത്തിലെ പെണ്‍‌കുട്ടി (തുടര്‍ക്കഥ 21)

March 15, 2020 , അബൂതി

adhyayam 6 bannerവീടിന്റെ മുറ്റത്ത് ആധിയോടെ നില്‍ൽക്കുന്ന അമ്മയെ കണ്ടപ്പോള്‍, മുന്‍കാലത്തെ ചില ദിനങ്ങള്‍ അവളുടെ മനസ്സിലേക്ക് കടന്നു വന്നു. എല്ലാവരുമുണ്ടായിരുന്നു; ആധിപിടിച്ച മുഖവുമായി മുറ്റത്ത് തന്നെ. അവളെ കണ്ടപ്പോള്‍ സിദ്ധു ഓടിവന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു..

“സോറി അമ്മാ… സോറി… ഞാന്‍ പറഞ്ഞിട്ടല്ലേ അങ്ങോട്ട് പോയത്? അതോണ്ടല്ലേ ഇതൊക്കെ ഉണ്ടായത്.. സോറി അമ്മാ… ഞാന്‍ അമ്മയുടെ ബാഡ് ലക്കാ… ഞാന്‍ അമ്മയുടെ.. ബാഡ് ലക്കാ..”

അവളവന്റെ ശിരസ്സില്‍ തലോടിക്കൊണ്ട് പറഞ്ഞു.

“ഒന്ന് പോടെര്‍ക്കാ.. ഓരോരോ കന്നന്തിരിവു പറയാതെ… അതിന് നമ്മക്കൊന്നും പറ്റീല്ലല്ലോ… നമ്മളിനിയും പോകും…. വീടും വെക്കും. പോരെ…? പേടിച്ചാലൊളിക്കാന്‍… ഇവിടെ കാടൊന്നുമില്ല മോനെ…”

അവന്‍ മുഖമുയര്‍ത്തി അവളെ നോക്കി. ആ മുഖം പ്രകാശമാനമായിരുന്നു…

“സത്യം….?”

“സത്യം… നിയാണെ സത്യം..” അവള്‍ അവന്റെ നെറ്റിയില്‍ ഒരുമ്മ കൊടുത്തു. എല്ലാവര്‍ക്കും ആശ്വാസമായി. തീമഴയുമായി വന്നൊരു മേഘം അകന്നകന്നു പോയിരിക്കിന്നു.

വീടിനോട് ചാരിയുള്ള ടൈലറിംഗ് യൂണിറ്റൊക്കെ വിനോദ് നടന്നു കണ്ടു. പണി കഴിഞ്ഞ സ്റ്റാഫോക്കെ പോവുന്ന നേരമായിരുന്നു. ശാരദക്കുട്ടി ചയയുമായി വന്നു. ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ വിനോദ് ശാരദക്കുട്ടിയോട് ചോദിച്ചു.

“ആഹാ… ചായയുണ്ടാക്കാനൊക്കെ പഠിച്ചല്ലോ…”

അവളൊരു പുഞ്ചിരി മാത്രം തിരിച്ചു നല്‍കി. വേണുവിനെ നോക്കിക്കൊണ്ട് വിനോദ് പറഞ്ഞു.

“ഇവളുണ്ടല്ലോ, ചെറുപ്പത്തില്‍ ഭയങ്കര വികൃതിയായിരുന്നു. ഹാജ്യാരുടെ പറമ്പിലെ മാവിലേക്ക് ഇവളെറിഞ്ഞ ഏറ് കൊണ്ടത്, എന്റെ മണ്ടയ്ക്കായിരുന്നു. അതില്‍ പിന്നെ ഒരു നാലഞ്ച് മാസം എന്നെ കണ്ടാല്‍ എലിവാണം വിട്ട പോലെ ഒരോട്ടമുണ്ട് ഇവള്‍ക്ക്….”

വിനോദ് ആ ഓർമ്മയില്‍ ഒന്നിളകിച്ചിരിച്ചു.

“അയ്യോ…” കൗതുകത്തോടെ ശാരദക്കുട്ടി പറഞ്ഞു. “അതൊക്കെ ഓര്‍മ്മയുണ്ടോ..? ഈശ്വരാ… അതെത്ര ചെറുപ്പത്തിലാ… ഞാന്‍ സ്‌കൂളില്‍ പോക്ക് പോലും തുടങ്ങീട്ടില്ല…”

സിദ്ധുവിന് അതൊരു വലിയ തമാശയായിരുന്നു. അവന് ചിരി നിയന്ത്രിക്കാനായില്ല.

“എന്ത് രസമുണ്ടായിരുന്നു അന്നൊക്കെ അല്ലെ..?” വിനോദ് ആരോടെന്നില്ലാതെ ചോദിച്ചു. പിന്നെ അവളെ നോക്കിപ്പറഞ്ഞു…

“നമ്മളൊന്നും വളരണ്ടായിരുന്നു… അല്ലെ? കുറുക്കന്‍ കുണ്ടിലെ കുളിയും… പാടത്തെ കളിയും…. ആശാരിക്കാവിലെ താലപ്പൊലിയും… സ്‌കൂളിലെ കച്ചറയുമൊക്കെയായി… എന്നും അങ്ങിനെ നിന്നിരുന്നെങ്കില്‍… എന്ത് രസായിരുന്നു അല്ലെ?”

അവളുടെ ചുണ്ടില്‍ നേര്‍ത്തൊരു പുഞ്ചിരി മിന്നി വന്നു. ഓര്‍മ്മകള്‍ മനസ്സില്‍ ആലിപ്പഴം പോലെ പെയ്തിറങ്ങുന്നു..

എല്ലാവരും പുഞ്ചിരിയോടെ വിനോദിനെ യാത്രയാക്കി. അത്താഴം കഴിഞ്ഞിട്ട് പോയാല്‍ പോരെ എന്ന വേണുവിന്റെ ചോദ്യത്തിന്, മോള്‍ രാധേച്ചിയുടെ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്ന് മറുപടി. അവന്റെ ആ പോക്ക് നോക്കി അവള്‍ വീട്ടുമുറ്റത്ത് ഒരു ശിലാപ്രത്രിമ പോലെ നിന്നു..

ദൈവമേ… എനിക്കിത്രയും പ്രിയപ്പെട്ടവരൊക്കെ ഉണ്ടായിരുന്നോ ഈ മണ്ണില്‍? അവളുടെ ഉള്ളില്‍ നിന്നൊരു തണുത്ത നെടുവീര്‍പ്പ്, ഉയര്‍ന്നു വന്നു.

ചില ദിവസങ്ങള്‍ക്കു ശേഷം. നിറഞ്ഞ കണ്ണുകളോടെ അവള്‍ നോക്കിനിന്നു. ഇരുമ്പഴികള്‍ക്കപ്പുറത്തു നിന്നും, ഒരു മന്ത്രം പോലെ സുകു അവളോട് പറഞ്ഞു കൊണ്ടേയിരുന്നു.

“പോകുമ്പോള്‍ ചത്തുപോകണം…. ചത്താണ് പോകുന്നതെങ്കില്‍… മറക്കാനെളുപ്പമാ… ചത്തല്ല പോകുന്നതെങ്കില്‍… പിന്നെ മറക്കാമ്പറ്റൂല്ല….”

അവനതാവര്‍ത്തിച്ചു കൊണ്ടേയിരുന്നു. ഒരുവേള വേണുവിനെ നോക്കി പകച്ചു നിന്നു. ഒന്നും മിണ്ടാതെ. പിന്നെ വിനോദിനെ നോക്കി പല്ലിളിച്ചു കാണിച്ചു. അവനെ സുകു തിരിച്ചറിയുന്നുണ്ടെന്ന് തോന്നുന്നു. അത് കൊണ്ടായിരിക്കും അവനോട് ഒരു ബീഡി തരുമോ എന്ന് ചോദിച്ചത്. വിനോദ് കൂടെയുള്ള ഡോക്ടറെ നോക്കിയപ്പോള്‍ അയാള്‍ നിഷേധാര്‍ത്ഥത്തിൽ തല വെട്ടിച്ചു…

രണ്ടു മൂന്നു പ്രാവശ്യം ബീഡി ചോദിച്ച സുകു പിന്നെ അത് നിര്‍ത്തി.

“സുകു….” അവള്‍ ആര്‍ദ്രമായ ശബ്ദത്തില്‍ അവനെ വിളിച്ചു..

അവന്‍ ഞെട്ടിപ്പിടഞ്ഞ് അവളെ തുറിച്ചു നോക്കി.. പിന്നെ കറപിടിച്ച പല്ലുകള്‍ കാട്ടി ഒന്നിളിച്ചു. അവന്റെ കുഴിഞ്ഞ കണ്ണുകള്‍ തിളങ്ങി. ആകാംഷയോടെ അവന്‍ അവളോട് ചോദിച്ചു…

“കണ്ടോ….? അവളെ കണ്ടോ…?”

അവള്‍ വേദനയോടെ ചോദിച്ചു.. “സുകുവിനെന്നെ മനസ്സിലായില്ലേ… ഇത് ഞാനാ…ശരിക്കും നോക്ക്യേ…”

അവന്‍ അവളെ തുറിച്ചു നോക്കിക്കൊണ്ട് കുറെ നേരം നിന്നു… പിന്നെ തിരിഞ്ഞു. ആ സെല്ലിലൂടെ ഉലാത്തുന്നതിനിടയില്‍ പിറുപിറുത്തുകൊണ്ടേയിരുന്നു…

“കറുത്ത മാനം.. കറുത്ത മണ്ണ്.. കൂടെ.. കറുത്തവന്റെ കരിഞ്ഞു പോയ കറുത്ത സ്വപ്‌നങ്ങളും.. കറുത്ത മനസ്സുള്ള പെണ്ണൊരുത്തിയും…”

ഇടയ്‌ക്കൊരുവട്ടം അവന്‍ സ്വന്തം തല ചുമരില്‍ ആഞ്ഞടിക്കുന്നത് കണ്ടപ്പോള്‍ അവളുടെ നെഞ്ച് പൊടിഞ്ഞു. കണ്ടുനില്‍ക്കാനാവാതെ മുഖം തിരിച്ച അവളുടെ അടുത്തു വന്ന് ബാബു പറഞ്ഞു..

“വാ ചേച്ചീ… ഇതൊന്നും കണ്ടിരിക്കാനാവുന്നില്ല….”

അവളവനെ ദയനീയമായി നോക്കിയപ്പോഴേക്കും, കണ്ണുകള്‍ രണ്ടരുവികളെ പ്രസവിച്ചിരുന്നു. അവളത് തുടക്കാന്‍ മറന്നു.

തിരികെ നടക്കുന്നതിനിടയില്‍ ഡോക്ടറോട് വിനോദ് സുകുവിന്റെ അവസ്ഥയെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങിനെ പറഞ്ഞു.

“സ്ഥിരമായി കാണുന്ന ആള്‍ക്കാരെ പോലും തിരിച്ചറിയാന്‍ അവനാവില്ല. ഇവിടെ പലതരം കേസുകള്‍ വന്നിട്ടുണ്ടെങ്കിലും ഇതു പോലെ പെക്യുലര്‍ കേസ് അപൂര്‍വമാണ്….. അയാളിത്രയും കാലം ആരെയും ഉപദ്രവിച്ചില്ല എന്നതൊരു മഹാത്ഭുതമാണ്… ഒരു മൊട്ടു സൂചിയുടെ മൊട്ടിലേക്കൊരാറ്റം ബോംബിന്റെ മുഴുവന്‍ സംഹാരശേഷിയും ആവാഹിച്ച പോലെയാണവന്റെ മനസ്സിപ്പോള്‍… അതായത്… അടുത്ത നിമിഷം അയാളെന്താണ് പ്രവര്‍ത്തിക്കുക എന്നത്… ആര്‍ക്കും പ്രവചിക്കാനാവില്ല….”

“പക്ഷെ ഡോക്ടര്‍…..” വിനോദ് ഇടയ്ക്കു കയറി ചോദിച്ചു..

“ഇവളെ അവന്‍ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ…. രാജനെ അവന്‍ തിരിച്ചറിഞ്ഞത് കൊണ്ടല്ലേ… രാജനെ കൊന്നത്?”

ഡോക്ടര്‍ നടത്തം നിര്‍ത്തി വിനോദിനെ നോക്കി…

“നോക്കൂ…. സാനിറ്റിയും ഇന്‍സാനിറ്റിയും ഒരു നദിക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള രണ്ടു കരകളാണെന്ന് വെക്കുക. ഈ രണ്ടു കരകളെ ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്.. നമ്മളെല്ലാവരും ദിനേനെ ആ പാലത്തിലൂടെ പലവട്ടം അങ്ങോട്ടും ഇങ്ങോട്ടും പോകുന്നവരാണ്. അതായത് എല്ലാ മനുഷ്യരും ചിലപ്പോള്‍ നോർമ്മലും ചിലപ്പോള്‍ ഭ്രാന്തന്മാരുമാണ്. ഞാനും നിങ്ങളും ഒക്കെ… അപ്പോള്‍….”

തൊട്ടടുത്തൊരു സെല്ലില്‍ നിന്നും, ഒരു ഭ്രാന്തന്‍ ബാങ്ക് വിളിക്കുന്നത് കേട്ടപ്പോള്‍ ഡോക്ടര്‍ ഒന്ന് നിര്‍ത്തി. പിന്നെ തന്റെ കണ്ണുകള്‍ അടച്ച് നിശബ്ദത പാലിച്ചു. ബാങ്ക് അവസാനിച്ചില്ല, അതിന്റെ മുൻപേ മറ്റു പല സെല്ലില്‍ നിന്നും പല വിധത്തിലുള്ള ശബ്ദ കോലാഹലങ്ങള്‍ ഉയർന്നു. അഞ്ചാറ് നിമിഷം കൊണ്ടത് അടങ്ങി. ഭീകരമായിരുന്നു ആ നിമിഷങ്ങള്‍. ആരെയും പേടിപ്പിക്കുന്നത്. ഭയന്ന് ചൂളിപ്പോയ അവള്‍, ആ കടുത്ത ബഹളത്തിന്റെ പിന്നാലെ വന്ന പേടിപ്പെടുത്തുന്ന നിശബ്ദതയില്‍ വിറങ്ങലിച്ചു നിന്നു. ഡോക്ടര്‍ അപ്പോഴും കണ്ണുകളടച്ചിരിക്കുകയാണ്. അടുത്തെവിടെ നിന്നോ ശൂ ശൂ എന്നൊരു വിളി കേട്ടപ്പോള്‍ അവരെല്ലാവരും നോക്കി. ഒരു തടിമാടനായ മനുഷ്യന്‍ സെല്ലിന്റെ അകത്തു നിന്നും അവളെ കൈകാട്ടി വിളിക്കുന്നു…

അവള്‍ക്ക് പേടി തോന്നി. അയാള്‍ ചിരിച്ചു കൊണ്ടവളോട് അടുത്തേക്ക് വാ എന്നാംഗ്യം കാണിച്ചു. ചില നിമിഷങ്ങള്‍ കാത്തുനിന്നിട്ടും ആവളടുത്തേയ്ക്ക് വരാതായപ്പോള്‍ അയാൾ വിളിച്ചു ചോദിച്ചു.

“ഇജ്ജിന്നലെ കെടന്നത്… അന്റെ കെട്ട്യോന്റെ കൂടേണോ… അതോ… ഓന്റെ ബപ്പാന്റെ കൂടെ?”

ആ ചോദ്യം കെട്ടവരൊക്കെ നടുങ്ങി. ഡോക്ടര്‍ കണ്ണ് തുറന്നു…

“പോന്നോളൂ… ഇനിയിവിടെ നിന്നാല്‍… അവന്‍ തുണിയില്ലാതെ നില്‍ക്കുന്നത് കാണേണ്ടി വരും..”

ഡോക്ടര്‍ നടന്നു തുടങ്ങി.

“അതെന്താ അയാളങ്ങിനെ ചോദിക്കുന്നത്..?” ബാബുവിന് സംശയം അടക്കാനായില്ല…

“സ്വന്തം ഭാര്യയെ… സ്വന്തം കിടപ്പുമുറിയില്‍… സ്വന്തം പിതാവിന്റെ കൂടെ കണ്ടതാ. രണ്ടാളെയും തുണ്ടം തുണ്ടമാക്കി. ഇപ്പോളിതാ കഥ. മനുഷ്യന്റെ ഓരോരോ കാര്യങ്ങളെ. ഇതൊക്കെ ചെറുത്. ഇവിടെ ഈ സെല്ലില്‍ കിടക്കുന്ന ഒരു മനുഷ്യനും ഓരോ കഥയുണ്ട്. കേള്‍ക്കുന്നവന്റെ ചങ്ക് പൊട്ടിപ്പോവുന്ന കഥ.”

ആരുമൊന്നും മിണ്ടിയില്ല… അല്ലെങ്കില്‍ തന്നെ എന്ത് മിണ്ടാന്‍.. ഡോക്ടര്‍ തുടർന്നു.

“ആ… അപ്പോള്‍ നമ്മള്‍ പറഞ്ഞു വന്നത്… നോര്‍മ്മലിന്റെയും.. അബ്‌നോര്‍മ്മലിന്റെയും ഇടയിലെ പാലത്തെ കുറിച്ച്. പറഞ്ഞല്ലോ… എല്ലാ മനുഷ്യരും പലപ്പോഴും ആ പാലത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും പോയിവരുന്നവരാണ്. ഇതിലാരാണോ ഇപ്പുറത്ത് കൂടുതല്‍ സമയം ചിലവഴിക്കുന്നത്… അവരെ നമ്മള്‍ നോര്‍മ്മലെന്നു വിളിക്കും. അപ്പുറത്ത് കൂടുതല്‍ തങ്ങുന്നവരെ ഭ്രാന്തനെന്നും.”

ഡോക്ടര്‍ ഒന്ന് നിര്‍ത്തി. പിന്നെ അവരെ ഓരോരുത്തരെയും മാറിമാറി നോക്കി. അയാളുടെ മുഖം ആകെ വലിഞ്ഞു മുറുകിയിരുന്നു. കണ്ടാല്‍ പേടി തോന്നും. ആ കണ്ണുകള്‍ ചുവന്നിരുന്നു. കനല്‍ പോലെ. മൂര്‍ച്ചയേറിയ ശബ്ദത്തില്‍ അയാളവരോട് ചോദിച്ചു.

“ഇതില്‍ എവിടെ താമസിക്കാനാണ് നിങ്ങള്‍ക്കിഷ്ടം…?”

അവരായാളെ പകച്ചു നോക്കി. ഒന്നും മിണ്ടാനാവാതെ അവരുടെ ഭയത്തോടെയുള്ള നോട്ടം കണ്ടപ്പോള്‍ അയാളുറക്കെയുറക്കെ പൊട്ടിച്ചിരിച്ചു…

“കണ്ടോ…. കണ്ടോ? ഇപ്പോള്‍ കുറച്ചു നിമിഷങ്ങള്‍ ഞാനും നിങ്ങളും പാലത്തിന്റെ അപ്പുറത്തായിരുന്നു. ദേഷ്യം…. ഭയം…. അനിഷ്ടം…. സങ്കടം…. പ്രതികാരം…. കാമം…. പ്രണയം….. സ്വാര്‍ത്ഥത…. വിശപ്പ്…. ദാരിദ്ര്യം… സമ്പന്നത…. അന്ധമായ ആശയ വിധേയത്വം…. ഇതൊക്കെ മനുഷ്യനെ ആ പാലത്തിന്റെ അപ്പുറത്തേക്ക് കൊണ്ടുപോകുന്നു. ചിലര്‍ വേഗം തിരിച്ചു വരുന്നു. ചിലര്‍ അവിടെത്തന്നെ നില്‍ക്കുന്നു. മനസിലാവുന്നുണ്ടോ?

അവരൊന്നും പറയാതെ നോക്കി നില്‍ക്കെ അയാള്‍ തുടര്‍ന്നു…

“എവിടെ മനസ്സിലാവാന്‍…! അല്ലെ…? നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ നിങ്ങള്‍ നോര്‍മ്മലും….. ഈ സെല്ലില്‍ കഴിയുന്നവര്‍ ഭ്രാന്തന്മാരുമാണെന്ന്? ഹഹഹഹ….. അങ്ങിനെയല്ല. നമ്മളെല്ലാവരും ഭ്രാന്തന്മാരും… അവര്‍ മാത്രം നോര്‍മ്മലുമാണ്. നമ്മള്‍…”
“ഡോക്ടര്‍…..”

വേണു ഇടയ്ക്ക് കയറി വിളിച്ചപ്പോള്‍ അയാള്‍ നിര്‍ത്തി…

“ഡോക്ടര്‍.. പ്ലീസ്. സുകുവിനെ കുറിച്ച് പറയൂ…”

“യെസ്… യെസ്…. സുകു… സുകുവിനെ കുറിച്ച്… ഞാന്‍ പറഞ്ഞു വന്നത്… വളരെ സിംപിളായ ഒന്നാണ്. അതായത്… സുകുവും ഈ പാലത്തിലൂടെ… അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നവനാണ്. അപ്പുറത്തുള്ളപ്പോള്‍… സുകു… സുകുവിനെപ്പോലും തിരിച്ചറിയുന്നില്ല. അവന്റെ മനസ്സിലാകെ ഒരു മൂടല്‍മഞ്ഞായിരിക്കും. ആ സമയങ്ങളിലെല്ലാം അവന്‍… ആരെയോ കാത്തിരിക്കുകയാണ്. അതൊരു പെണ്ണാണ്. അത് ചിലപ്പോള്‍ ഇയാളാവാം. അല്ലെങ്കില്‍ അവന്റെ ഭാര്യയാവാം. എന്നാല്‍ പാലത്തിന്റെ ഇപ്പുറത്തെത്തുമ്പോള്‍… അവനെല്ലാവരെയും തിരിച്ചറിയുന്നുണ്ട്. അവന്റെ ജീവിതവും… അവസ്ഥയും തിരിച്ചറിയുന്നുണ്ട്. അതിന്റെ അര്‍ഥം… നിങ്ങള്‍ പറഞ്ഞ രാജനെ അവന്‍ കൊന്നത്…. ആ തിരിച്ചറിവിന്റെ പുറത്താണ്…”

അവര്‍ വിറങ്ങലിച്ചു പോയി… വിനോദിന് ചോദിക്കാന്‍ വാക്കുകൾ കിട്ടിയില്ല…

“അപ്പോ…”

“യെസ്….” ഡോക്ടര്‍ അവന്റെ മുഖത്തേയ്ക്ക് നോക്കി. നടത്തം നിര്‍ത്തി.

“ഹീ വാസ് വേരിമച്ച് നോര്‍മ്മല്‍. അവനത് ചെയ്യുമ്പോള്‍ തികച്ചും നോര്‍മ്മലായിരുന്നു. പോലീസുകാരുടെ റിപ്പോര്‍ട്ടില്‍ വളരെ വ്യക്തമായി പറയുന്നുണ്ട്. നാട്ടിലെ പല ആളുകളും പറഞ്ഞതായിട്ട്. ചില സമയങ്ങളിലൊക്കെ സുകു തനിച്ചിരുന്ന് കരയുന്നത് അവര്‍ കണ്ടിട്ടുണ്ടെന്ന്. നോക്കൂ… അബ്‌നോര്‍മ്മലായ ഒരാള്‍ കരയില്ല. കണ്ണീര്‍… ഭ്രാന്തില്ല എന്നതിന്റെ തെളിവാണ്.”

അവര്‍ നടുക്കത്തോടെ കേട്ടു നില്‍ക്കുകയായിരുന്നു… എന്ത് പറയണം എന്നാര്‍ക്കും അറിയില്ലായിരുന്നു.. ഡോക്ടര്‍ ഒന്നും പറയാതെ മുന്നോട്ട് നടന്നപ്പോള്‍ അവരും കൂടെ കൂടി. കുറച്ചു സമയത്തിനു ശേഷമാണ് വിനോദ് ചോദിച്ചത്…

“ഡോക്ടര്‍… അപ്പോള്‍ അവന്റെ ഇന്‍സാനിറ്റി പ്ലീ..?”

“അതൊന്നും പ്രശ്നമല്ല…. വീ കാന്‍.”

വിനോദ് എന്താണ് ചോദിച്ചതെന്ന് അവള്‍ക്കോ, ബാബുവിനോ മനസ്സിലായില്ല. അവളതിനെക്കുറിച്ച് ചിന്തിച്ചതുമില്ല.. അവളുടെ ഉള്ളില്‍ ഡോക്ടര്‍ പറഞ്ഞതായിരുന്നു…

ആ വാഹനത്തിന്റെ ഉള്ളില്‍ ഞാനിരിക്കുമ്പോള്‍, ആ വൃത്തികെട്ട സമയത്ത്, സുകുവിന് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. ദൈവമേ… എനിക്കത് മനസ്സിലായില്ലല്ലോ….

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top