Flash News

രാജ്യദ്രോഹവും അഴിമതിയും: സൗദിയില്‍ അറസ്റ്റ് തുടരുന്നു; രാജകുമാരന്മാര്‍ക്ക് പിന്നാലെ സൈനിക ഓഫീസര്‍മാരടക്കം 300 പേര്‍ അഴിക്കുള്ളില്‍

March 17, 2020

Saudi arrestsറിയാദ്: ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് സൗദി രാജാവ് സല്‍മാന്റെ സഹോദരന്‍ അഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍, അനന്തരവന്‍ മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരന്‍ എന്നിവരടക്കം മൂന്ന് പ്രമുഖ രാജകുമാരന്മാരെ ദിവസങ്ങള്‍ക്ക് മുമ്പ്  അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി വീണ്ടും സൗദിയില്‍ കൂട്ട അറസ്റ്റ്. സൈനിക ഓഫീസര്‍മാര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍, സര്‍ക്കാരിന്റെ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ 300 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. അഴിമതി, കൈക്കൂലി തുടങ്ങിയ കേസിലാണ് അറസ്റ്റ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2017-ലും കൂട്ട അറസ്റ്റ് നടന്നിരുന്നു. അന്ന് ലോക കോടീശ്വരന്‍ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പ്പെടെയുള്ള നൂറിലധികം രാജകുമാരന്‍മാരെയും വ്യവസായികളെയുമാണ് അറസ്റ്റ് ചെയ്തിരുന്നത്.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.. സൗദി അഴിമതി വിരുദ്ധ കമ്മീഷനായ നസഹയുടെ നേതൃത്വത്തിലാണ് അറസ്റ്റ് നടക്കുന്നത്.  298 ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുവെന്ന് നസഹ ട്വീറ്റ് ചെയ്തു. 40 കോടിയോളം റിയാലിന്റെ അഴിമതിയാണ് ഇവര്‍ നടത്തിയതെന്നും കമ്മീഷന്‍ അറിയിച്ചു.

അറസ്റ്റിലായവരില്‍ എട്ട് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 2005-2015 കാലയളവില്‍ സര്‍ക്കാര്‍ കരാറുകള്‍ നല്‍കിയതില്‍ അഴിമതി നടത്തിയതാണ് ഇവര്‍ക്കെതിരായ കുറ്റം. മാത്രമല്ല, കള്ളപ്പണം വെളുപ്പിച്ചുവെന്ന കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കിഴക്കന്‍ പ്രവിശ്യയില്‍ നിന്നുള്ള ആഭ്യന്തര മന്ത്രാലയത്തിലെ 29 ഉദ്യോഗസ്ഥരും അറസറ്റിലായവരില്‍ ഉള്‍പ്പെടും. മൂന്ന് കേണല്‍ പദവിയുള്ള ഉദ്യോഗസ്ഥരും ഇതിലുണ്ട്. കൂടാതെ ഒരു മേജര്‍, ഒരു ബ്രിഗേഡിയര്‍ ജനറല്‍ എന്നിവരും ഇതിലുണ്ട്. നിയമവകുപ്പുമായി ബന്ധപ്പെട്ടവരും അറസ്റ്റിലായിട്ടുണ്ട്.

കൈക്കൂലി സ്വീകരിച്ചതിന് രണ്ട് ജഡ്ജിമാര്‍ പിടിയിലായിട്ടുണ്ട്. റിയാദിലെ അല്‍ മആരിഫ സര്‍വകലാശാലയിലെ ഒമ്പത് ഉദ്യോഗസ്ഥരും അറസ്റ്റിലായി. സര്‍വകലാശാലയിലെ കെട്ടിടം ഭാഗികമായി തകരുകയും ചിലര്‍ മരിക്കാനിടയാകുകയും ചെയ്ത സംഭവത്തിലാണ് ഒമ്പത് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതെന്ന് നസഹ അറിയിച്ചു.

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തതും ഇപ്പോള്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതും തമ്മില്‍ ബന്ധമില്ലെന്നാണ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തത് . ഇപ്പോഴത്തെ അറസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ടാണ്.

മുമ്പ് സൗദിയുടെ കിരീടവകാശി ആയിരുന്നു മുഹമ്മദ് ബിന്‍ നയിഫ് രാജകുമാരന്‍. മാത്രമല്ല, ആഭ്യന്തര മന്ത്രിയുടെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. 2017-ലാണ് ഇദ്ദേഹത്തെ മാറ്റി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കിരീടാവകാശി ആയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top