Flash News

നമ്മുടെ മുംബൈ നഗരം! (കവിത)

March 18, 2020 , തൊടുപുഴ കെ ശങ്കര്‍, മുംബൈ

nammude mumbai bannerമുംബൈ നഗരം മഹാ സാഗരം! മഹാത്ഭുതം
മുമ്പെങ്ങുമെവിടെയും കാണാത്ത മായാപുരം!
ഒഴുകിച്ചേരുന്നിതിലെത്രയോ ദിക്കില്‍ നിന്നും
പുഴകള്‍ പലതതില്‍, നിര്‍ഭരം കല്ലോലങ്ങള്‍!

ഈ മഹാനഗരത്തില്‍ ഇരവും പകലുപോല്‍
ഇഴുകിച്ചേരുന്നിതില്‍ വ്യത്യസ്ത സംസ്കാരങ്ങള്‍!
ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യനും ഒരുമതന്‍
ബിന്ദുവില്‍ സൗഹാര്‍ദ്ദത്തില്‍ നിത്യവും വര്‍ത്തിക്കുന്നു!

ഭാഷയില്‍, ഭക്ഷണത്തില്‍, ജീവിത ശൈലികളില്‍
വേഷത്തില്‍, ജോലികളില്‍, ഭോജന വിധികളില്‍,
വിദ്യയില്‍, വേതനത്തില്‍, വിത്തത്തില്‍, വീക്ഷണത്തില്‍
വൈവിദ്ധ്യമുണ്ടെന്നാലും, മറക്കും കൂട്ടായ്മയില്‍!

കൊണ്ടാടുന്നിവിടെല്ലാ, ഉത്സവങ്ങളുമതി
കേമമായ്, കെങ്കേമമായ്,ആര്‍ഭാട പുരസ്സരം!
ഭക്തി സാന്ദ്രമാമന്തരീക്ഷമുണ്ടിവിടെങ്ങും
ഭക്തിയില്‍ പ്രഥമരീ, ജനങ്ങള്‍, ആരെക്കാളും!

വര്‍ണ്ണ ധൂളികള്‍ വാരി, യെറിഞ്ഞു പരസ്പ്പരം
വിളയാടുന്നു ‘ഹോളി’ കൊണ്ടാടും ദിവസത്തില്‍!
നിറങ്ങള്‍ പരസ്പ്പരം പീച്ചിയും, വാരിത്തേച്ചും
നിറഞ്ഞ മോദത്തോടെ, ഘോഷിക്കുന്നഖിലരും!

യാത്രാ സൗകര്യമെത്ര മെച്ചമീ നഗരിയില്‍
മാത്രയില്‍ നിനച്ചിട, ത്തെത്തുവാനാകും വിധം!
അണുശക്തി തന്‍ മുഖ്യ കേന്ദ്രമേ യിവിടല്ലോ
അന്യനാടുകള്‍ പോലും മതിക്കുമിടം മുംബൈ!

ആത്മീയ ഗുരുഭൂതര്‍, രാഷ്ട്രീയ നേതാക്കന്മാര്‍
സ്വാതന്ത്ര്യ ലബ്ധിക്കായി, വീറോടെ പൊരുതിയോര്‍,
സംഗീത സാമ്രാട്ടുകള്‍, വ്യവസായ പ്രമുഖര്‍
സങ്കര സംസ്ക്കാരത്തിന്‍, മാതൃകാ പീഠം മുംബൈ!

പ്രസിദ്ധ ക്ഷേത്രങ്ങളും, മസ്ജിദും, പള്ളികളും,
വിശിഷ്ട തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, തീര്‍ത്ഥങ്ങളും,
വരുമാനത്തിനൊത്ത ഭക്ഷണ ശാലകളും
ഒരുമിച്ചെല്ലാമൊത്ത മാതൃകാ, പുരം മുംബൈ!

ഉണ്ടിവിടുന്നല്ലേറെ, പ്രവാസി സമാജങ്ങള്‍
ഉണര്‍ന്നു പ്രവര്‍ത്തിപ്പു, സോത്സാഹം, സജീവമായ്!
വിഷുവും, പൊന്നോണവും, അയ്യപ്പ പൂജകളും
വിസ്മയാവഹമായി, കൊണ്ടാടും വര്‍ഷാ വര്‍ഷം!

നമ്മുടെ സമാജങ്ങള്‍, നാള്‍ക്കു നാള്‍ വളരട്ടെ
നന്മ തന്‍ പൂത്തിരികള്‍, എമ്പാടും വിരിയട്ടെ!
നമ്മുടെ സോദരങ്ങള്‍ മേല്‍ക്കു മേല്‍ ഉയരട്ടെ
നാടിന്റെയഭിമാന ഭാജനങ്ങളാവട്ടെ!

ഹര്‍ഷരായ് സമാജങ്ങള്‍ ഒരുക്കുന്നോണസ്സദ്യ
വര്‍ഷങ്ങളായിട്ടെത്ര മോടിയില്‍ സുഭിക്ഷമായ്!
ഓണക്കളികളുമുണ്ടോരോരോപ്രായത്തിനും
ഒത്തുപോകും പോല്‍, അഭിരുചിയ്ക്കും, പ്രിയത്തിനും!

അഭയകേന്ദ്രം മുംബൈ നഗരം മുമ്പേ മുതല്‍
അഭിലാഷങ്ങള്‍ പൊട്ടി വിരിയുമാശാ കേന്ദ്രം!
മുംബാ ദേവിതന്‍ കൃപാ കടാക്ഷമൊന്നാലല്ലോ
മുംബൈവാസികള്‍നമ്മള്‍, വര്‍ത്തിപ്പൂ, സുരക്ഷിതം!

എത്രയോ പ്രതീക്ഷകള്‍, മോഹങ്ങള്‍ നെഞ്ചിലേറ്റി
ഏറെ മനുഷ്യാത്മാക്കള്‍ ഇവിടെ ചേക്കേറുന്നു!
ഉയരാനിതുപോലെ യോഗ്യമാമിടമില്ല
ഉടയാനുമിതുപോല്‍, യോജ്യമാമിടമില്ല!

സര്‍വ്വര്‍ക്കും വിദ്യാഭ്യാസം നേടുവാന്‍ പര്യാപ്തമാം
സര്‍വ്വ കലാശാലകള്‍, ഏറെ വിദ്യാലയങ്ങള്‍!
ഏതൊരു തൊഴില്‍ ചെയ്തും ജീവിയ്ക്കാനുതകും പോല്‍
എന്തെല്ലാം സൗകര്യങ്ങള്‍, ഈ മഹാ നഗരത്തില്‍!

ആഗോള പ്രശസ്തമാം, ‘ഗേറ്റ് വേ ഒഫ് ഇന്ത്യയും’,
അംബര ചുംബികളാം, ഒട്ടേറെ സൗധങ്ങളും!
അഖില ലോകം വാഴ്ത്തും, മുംബൈ തന്‍ ബഹുമുഖം
ആരെത്ര ചോന്നെന്നാലും, ആകുമോ മുഴുവനും!

ഭുവനമെങ്ങും തന്റെ വിഖ്യാതി പരത്തിയ
ശിവാജി മഹാരാജാ, വാണതീ മഹാരാഷ്ട്രാ!
പ്രജകള്‍ സന്തുഷ്ടരായ്, സന്തോഷ ഭരിതരായ്
പാര്‍ത്തിരുന്നൊരാക്കാലം, സ്മൃതിയിലിന്നും നില്‍പ്പു!

മുഖ്യമാമൊരു മേന്മ, ഭാരത രാജ്യത്തിനേ
മുംബൈ നഗരമല്ലോ, വാണിജ്യ തലസ്ഥാനം!
എന്തെന്തു പ്രതിഭകള്‍, എന്തെന്തു മാഹാത്മ്യങ്ങള്‍
എന്തു നാം വര്‍ണ്ണിച്ചാലും തൃപ്തിയാകില്ലാ തെല്ലും!

എത്രയോവൈശിഷ്ട്യങ്ങള്‍ നിറഞ്ഞ മഹാരാഷ്ട്രയില്‍
കാതലാം ബിന്ദുവല്ലോ, മുംബൈ മഹാനഗരം!
തളരാതടിയരെ, സസ്‌നേഹം തീറ്റിപ്പോറ്റി
വളര്‍ത്തും നഗരമേ, നിനക്കു, നമോവാകം!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top