Flash News

കൊറോണ ആക്രമണവും ഇന്ത്യയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

March 22, 2020

corona akramanavum bannerഏറെ വൈകിയാണെങ്കിലും ആഗോള മഹാമാരിയായ കൊറോണ വൈറസിനെതിരെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത് ആശ്വാസമായി. രാജ്യം നേരിടുന്ന അടിയന്തര പരിതസ്ഥിതിയില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും നയിക്കുകയും ചെയ്യേണ്ട ഭരണാധികാരി ആണല്ലോ നരേന്ദ്ര മോദി.

രണ്ടാം ലോകയുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് രാജ്യം എത്തിയേക്കുമെന്ന സൂചന പ്രധാനമന്ത്രി നല്‍കുന്നു. വികസിത രാജ്യങ്ങള്‍പോലും കൊറോണ മഹാമാരിയുടെ വ്യാപക പ്രത്യാഘാതം നേരിടുമ്പോള്‍ 130 കോടി ജനങ്ങളുള്ള ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പ്രതിസന്ധി സാധാരണമായ ഒന്നല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യം ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിട്ടെങ്കിലും പ്രതിസന്ധി മറികടന്നെന്നും സ്ഥിതിഗതികള്‍ ശരിയായെന്നും ധാരണ പരന്നിട്ടുണ്ട്.

PHOTOകൊറോണയുടെ പ്രത്യാഘാതം ഇന്ത്യയെ ബാധിക്കില്ലെന്ന് കരുതുന്നതു തെറ്റാണെന്ന് പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. രാജ്യം ഏറെ പ്രതീക്ഷയോടെ കാതോര്‍ത്ത പ്രസംഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത് ജാഗ്രതയും ഏകോപനവും പ്രഖ്യാപിക്കുന്ന ജനതാ കര്‍ഫ്യൂ ഞായറാഴ്ച നടപ്പാക്കാനും സാമൂഹിക അകലവ്യവസ്ഥ വരും ആഴ്ചകളിലും പാലിക്കാനുമാണ്. അവശ്യ മേഖലയിലുള്ളവരൊഴികെ വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ. രണ്ടുമാസമായി ലോകത്താകെ ഉത്ക്കണ്ഠയോടെയും ജാഗ്രതയോടെയും നേരിടുന്ന കൊറോണ വൈറസിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് ആദ്യമായി നടത്തുന്ന ഇടപെടല്‍ കാതുകൂര്‍പ്പിച്ചാണ് ജനങ്ങള്‍ കേട്ടത്. ഇതിന്റെ ഭാഗമായി രാജ്യം നേരിടുന്ന ആഗോളമാന്ദ്യത്തിനു പിറകെ വൈറസ് ഭീഷണികൂടി രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തില്‍ അതിന്റെ രൂക്ഷമായ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് ഒരു പദ്ധതിയും പക്ഷേ പ്രധാനമന്ത്രി മുന്നോട്ടുവെച്ചില്ല.

വിമാന-കപ്പല്‍ ഗതാഗതങ്ങള്‍ നിശ്ചലമാകുകയും പൊതുഗതാഗതംതന്നെ ഏറെക്കുറെ റദ്ദാക്കപ്പെടുകയും വ്യാപാര- കച്ചവട മേഖലകള്‍ ശൂന്യമാകുകയും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ആശുപത്രികളെപോലും സമീപിക്കാതെ വീട്ടില്‍ കഴിയുന്ന ജാഗ്രതകൊണ്ടു മാത്രം ലോകം നേരിട്ടിട്ടില്ലാത്ത ഈ ആരോഗ്യ പ്രതിസന്ധിക്കു പരിഹാരമാകില്ല. സമ്പദ് വ്യവസ്ഥയ്‌ക്കേല്‍ക്കുന്ന ആഘാതം നേരിടാന്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മസമിതിയെ രൂപീകരിച്ചിട്ടുണ്ടെന്നു മാത്രമാണ് പ്രധാനമന്ത്രി അറിയിച്ചത്.

കൊറോണ വൈറസ് രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്ന് നേരിട്ടുപറയാതെ വ്യക്തമാക്കിയ പ്രധാനമന്ത്രി അതിനെ സാമ്പത്തികമായി പ്രതിരോധിക്കാനുള്ള ചുമതല സംസ്ഥാന സര്‍ക്കാറുകളുടെയും സ്വകാര്യ ബിസിനസ്- വ്യാപാര ഉടമകളുടെയും തലയില്‍ കെട്ടിവെക്കുന്നതാണ് കണ്ടത്. പുതിയ സാഹചര്യത്തില്‍ ജോലിക്കെത്താന്‍ കഴിയാത്ത താഴേക്കിടയിലുള്ള ജീവനക്കാര്‍ക്ക് വേതനം തടയരുതെന്നും വെട്ടിക്കുറയ്ക്കരുതെന്നും സ്വകാര്യ സ്ഥാപനങ്ങളും വാണിജ്യ- വ്യാപാര മേഖലകളും ശ്രദ്ധിക്കണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

അവ്യക്തവും പൊള്ളയുമായ ഒരു പദ്ധതിയാണ് പ്രധാനമന്ത്രി രാജ്യത്തിനുമുമ്പില്‍ വെച്ചതെന്നു പറയാതിരിക്കാന്‍ വയ്യ. ആരോഗ്യ മേഖലയിലെ ഗവേഷണ സ്ഥാപനങ്ങളുമായോ വിദഗ്ധരുമായോ സര്‍ക്കാറിനു കീഴിലുള്ള സംവിധാനങ്ങളുമായോ മന്ത്രിസഭയില്‍പോലുമോ ആലോചിച്ച് രൂപംകൊടുത്ത പദ്ധതിയല്ല പ്രധാനമന്ത്രി രാജ്യത്തിനുമുമ്പില്‍ വെച്ചത്.

‘നിങ്ങളോട് എന്തെങ്കിലും എപ്പോഴൊക്കെ ഞാന്‍ ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴൊന്നും നിങ്ങളെന്നെ നിരാശനാക്കിയിട്ടില്ല. നിങ്ങളുടെ അടുത്ത കുറേ ആഴ്ചകള്‍ ഇപ്പോള്‍ എനിക്കാവശ്യമുണ്ട്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു തെരഞ്ഞെടുപ്പു പ്രചാരണ പ്രസംഗത്തിലെന്നപോലെ.

ലോകം അംഗീകരിക്കുന്ന സാമ്പത്തിക വിദഗ്ധനും രണ്ടുതവണ മോദിക്കുമുമ്പ് പ്രധാനമന്ത്രിയുമായിരുന്ന മന്‍മോഹന്‍ സിംഗ് കൊറോണ എന്ന മഹാമാരി ഇന്ത്യയുടെ സാമൂഹിക-ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയായി സൃഷ്ടിക്കാന്‍പോകുന്ന അപകടത്തെക്കുറിച്ച് മോദി ഗവണ്മെന്റിന് മുന്നറിയിപ്പു നല്‍കിയിരുന്നു. അതിന്റെ ഗൗരവം ചൂണ്ടിക്കാട്ടിയും അതിനോടു പ്രതികരിക്കാന്‍ പ്രധാനമന്ത്രി മോദി തയാറാകാത്തതിനെ വിമര്‍ശിച്ചും കഴിഞ്ഞവാരം ഈ പംക്തിയില്‍ എഴുതിയിരുന്നതാണ്. അത് എത്രമാത്രം ശരിയായിരുന്നു എന്ന് പ്രധാനമന്ത്രി മോദിതന്നെ രാജ്യത്തോടുള്ള പ്രക്ഷേപണ പ്രസംഗത്തില്‍ സ്വയം വെളിപ്പെടുത്തിയിരിക്കയാണ്.

രണ്ടുമാസമായി ലോകരാഷ്ട്രങ്ങളെ തീ തീറ്റിക്കുന്ന കൊറോണ മഹാമാരിയെക്കുറിച്ച് മഹാനായ നമ്മുടെ പ്രധാനമന്ത്രി എന്തുകൊണ്ട് ഇതുവരെ തീര്‍ത്തും നിശബ്ദനായി? പെട്ടെന്നിപ്പോള്‍ മൗനം ഭഞ്ജിച്ചതിന്റെ കാരണമെന്താണ്? എന്നിട്ടും ജനങ്ങളെ ഭിന്നിപ്പിച്ചു നിര്‍ത്തിയിട്ടുള്ള രാജ്യത്തെ അവസ്ഥയ്ക്ക് പരിഹാരം നിര്‍ദ്ദേശിക്കാതെയും സാമ്പത്തിക പ്രതിവിധി കാണാതെയും അദ്ദേഹം പാതിചുട്ട നിര്‍ദ്ദേശവുമായി വന്നതെന്തുകൊണ്ട്? പ്രധാനമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രകടിപ്പിച്ച ഉത്ക്കണ്ഠയോട് നന്ദി പറഞ്ഞുകൊണ്ടുതന്നെ ഒരു രാഷ്ട്രീയ ഒറ്റയാനെപ്പോലെ പ്രധാനമന്ത്രി പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി പരിശോധിക്കാതെ വയ്യ.

ചൈനയില്‍നിന്നുള്ള കൊറോണ വൈറസ് ബാധ ഇന്ത്യയില്‍ ആദ്യമായി കണ്ടത് കേരളത്തില്‍ ജനുവരി 30നായിരുന്നു. അതു ബോധ്യപ്പെട്ടതോടെ മറ്റു രാജ്യങ്ങള്‍ ചെയ്തതുപോലുള്ള അടിയന്തര പ്രതിരോധ നീക്കങ്ങള്‍ക്കും ഇടപെടലിനും പ്രധാനമന്ത്രി മുതിര്‍ന്നില്ലെന്നത് അനുഭവമാണ്. കേരളം അതിന്റെ പ്രത്യേക പരിതസ്ഥിതിവെച്ച് പ്രവര്‍ത്തിച്ചതും സാധാരണ ഗതിയിലുള്ള കേന്ദ്രതല ബന്ധങ്ങള്‍ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പതിവുപോലെ സഹായകമായിട്ടുണ്ട്. എന്നാല്‍ ഇതൊരു ദേശീയ മഹാദുരന്തമാണെന്നും ഇന്ത്യ ഒറ്റയ്ക്കല്ല, സാര്‍വ്വദേശീയ സഹകരണത്തോടെ ഇടപെടേണ്ട കാര്യമാണെന്നും പ്രധാനമന്ത്രിക്ക് തോന്നിയില്ല.

ഹോംകോങും തായ് വാനും സിംഗപ്പൂരും പോലുള്ള കൊച്ചുരാജ്യങ്ങള്‍ അന്നേ അപകടം മനസിലാക്കി സ്വീകരിച്ച നടപടികള്‍ പരിശോധിച്ചാലേ നമ്മുടെ വീഴ്ച മനസിലാകൂ. ദക്ഷിണ കൊറിയയും മഹാമാരി തിളച്ചുമറിഞ്ഞ ചൈനതന്നെയും സ്വീകരിച്ച നടപടികളുടെ കാര്യമിരിക്കട്ടെ.

വൈറസ് രാജ്യാതിര്‍ത്തികളില്ലാതെ, രാഷ്ട്രീയംനോക്കാതെ ലോകത്തിനുമുമ്പില്‍ പുതുതായി ഇറങ്ങിയ, മരുന്നും പ്രതിവിധിയും കണ്ടുപിടിക്കാത്ത ഒരു മഹാമാരിയാണ്. അതില്‍നിന്ന് 130 കോടി ജനങ്ങളെ എങ്ങനെ സംരക്ഷിക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രി മോദി കഴിഞ്ഞ രണ്ടുമാസക്കാലം എന്തുചെയ്തു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം. കഴിഞ്ഞ പംക്തിയില്‍ ചൂണ്ടിക്കാണിച്ചതുപോലെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്ത സുഹൃത്തായ പ്രധാനമന്ത്രി മോദിയും മാരകമായ കൊറോണ വൈറസിനോടുള്ള സമീപനത്തില്‍ ഒരേ മനസ്സാണോ പുലര്‍ത്തിയിരുന്നത് എന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു.

കൊറോണ വൈറസ് ബാധിച്ച് ഏതാനുപേര്‍ മരിച്ചതില്‍ എന്തിനാണിത്ര വേവലാതിപ്പെടാന്‍ എന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പ്രതികരിച്ചത്. കഴിഞ്ഞവര്‍ഷം അമേരിക്കയില്‍ ഇതിന്റെയൊക്കെ എത്രയോ ഇരട്ടി ആളുകള്‍ സാധാരണ പനിപിടിച്ച് മരിച്ചിട്ടുണ്ട്. എന്നിട്ടും അമേരിക്ക മുന്നോട്ടുപോയി. അവിടത്തെ ജനങ്ങളെതന്നെ അമ്പരപ്പിച്ചുകൊണ്ട് ട്രംപ് ആദ്യം എടുത്ത നിലപാട് അതായിരുന്നു.

എന്നാല്‍ മാര്‍ച്ച് 13ന് പ്രസിഡന്റ് ട്രംപിന് കൊറോണ വൈറസിന്റെ പേരില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവന്നു. അയ്യായിരം കോടി രൂപ കൊറോണയെ ചെറുക്കാന്‍ നീക്കിവെക്കേണ്ടതായും. തന്റെ നിസംഗ നയമാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയതും അമേരിക്ക നേരിടുന്ന മാന്ദ്യം ഗുരുതരമാക്കിയതും എന്ന വിമര്‍ശനങ്ങള്‍ക്കിടയില്‍. ഇതിന്റെയൊന്നും ഉത്തരവാദിത്വം ഏല്‍ക്കാന്‍ തയാറായില്ലെങ്കിലും അമേരിക്ക മാന്ദ്യം നേരിടുകയാണെന്ന സത്യം ട്രംപ് ആദ്യമായി അംഗീകരിച്ചതും മാര്‍ച്ച് 13നാണ്.

ഇതിന്റെ തൊട്ടുപിറകെ ജി.7 രാജ്യങ്ങളിലെ പ്രമുഖരായ ജര്‍മ്മനിയും ഫ്രാന്‍സും കൊറോണ മഹാമാരിക്കെതിരെ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുമായി രംഗത്തുവന്നു. മാര്‍ച്ച് 16ന് രാത്രി എട്ടുമണിക്ക് ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മാക്രോണ്‍ രാജ്യത്തെ ടെലവിഷനിലൂടെ അഭിമുഖീകരിച്ചു: ‘നമ്മളൊരു യുദ്ധത്തിലാണ്. സമാധാനകാലത്ത് സ്വീകരിക്കാത്ത അസാധാരണ നടപടികള്‍ കൊറോണ വ്യാപനത്തിനെതിരെ സ്വീകരിക്കേണ്ടി വന്നിരിക്കുന്നു. ‘നാളെ ഉച്ചമുതല്‍ പതിനഞ്ചു ദിവസത്തേക്ക് വളരെ അടിയന്തര കാര്യങ്ങള്‍ക്കല്ലാതെ ജനസഞ്ചാരം നിയന്ത്രിച്ചിരിക്കുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ ശിക്ഷിക്കും’ – മാക്രോണ്‍ മുന്നറിയിപ്പു നല്‍കി.

അടുത്ത ഞായറാഴ്ച നടക്കാനിരുന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളും എല്ലാ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളും നിര്‍ത്തിവെക്കാനും തീരുമാനിച്ചു. ഏറ്റവും കൂടുതല്‍ കൊറോണ ബാധയുണ്ടായ അല്‍സാസില്‍ ഒരാശുപത്രി അടിയന്തരമായി നിര്‍മ്മിക്കാനും രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍നിന്ന് രോഗികളെ മറ്റ് ആശുപത്രികളിലേക്ക് എത്തിക്കാനും ഫ്രഞ്ച് പ്രസിഡന്റ് സൈന്യത്തിന് ഉത്തരവു നല്‍കി. ബിസിനസ് തകര്‍ച്ച അടിയന്തരമായി നേരിടാന്‍ അസാധാരണ സാമ്പത്തിക നടപടികള്‍ സ്വീകരിച്ചു. ചെറുകിട ബിസിനസ്സുകാരെയും കച്ചവടക്കാരെയും അടിയന്തരമായി സഹായിക്കാന്‍ ഒരു ഐക്യദാര്‍ഢ്യ ഫണ്ടും പ്രഖ്യാപിച്ചു.

ലക്ഷക്കണക്കില്‍ പൗരന്മാര്‍ കൊറോണ ബാധിച്ചതിനെ തുടര്‍ന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ ഇടപെടല്‍. രോഗത്തെ നേരിടാന്‍ രൂപീകരിച്ച ക്രൈസിസ് മാനേജ്‌മെന്റ് സംഘങ്ങളുമായും രണ്ട് മുന്‍ പ്രസിഡന്റുമാരുമായും സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ളവരുമായുമൊക്കെ അടിയന്തര ചര്‍ച്ച നടത്തിയശേഷമാണ് ഫ്രഞ്ച് പ്രസിഡന്റ് അവിടെ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തിയത്.

രണ്ടുദിവസം കഴിഞ്ഞ് മാര്‍ച്ച് 18ന് ജര്‍മ്മനിയുടെ ചാന്‍സലര്‍ അഞ്ചേല മെര്‍ക്കലും ജര്‍മ്മന്‍ ജനതയെ ടെലിവിഷനിലൂടെ അഭിസംബോധനചെയ്തു. ചാന്‍സലറെന്ന നിലയില്‍ അസാധാരണമായി ഫെഡറല്‍ സര്‍ക്കാറിലെ സഹപ്രവര്‍ത്തകരെ പ്രതിനിധീകരിച്ച് ജനങ്ങളെ അഭിമുഖീകരിക്കുകയാണെന്ന ആമുഖത്തോടെ. രണ്ടാം ലോകയുദ്ധത്തിനുശേഷം ഇതുപോലൊരു വെല്ലുവിളി നേരിട്ടിട്ടില്ല. സമൂഹത്തിലെ ഓരോരുത്തരെയും സംരക്ഷിക്കാനും സാമ്പത്തിക – സാമൂഹിക – സാംസ്‌ക്കാരിക തകര്‍ച്ച ഇല്ലാതാക്കാനും കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ എല്ലാവരും ചേര്‍ന്ന് സഹകരിക്കണം.

ബര്‍ലിനിലെ റോബര്‍ട്ട് കോച്ച് ഇന്‍സ്റ്റിറ്റ്യൂട്ടെന്ന ഗവേഷണ സ്ഥാപനവുമായും ശാസ്ത്രജ്ഞരുമായും ആലോചിച്ചശേഷമാണ് മെര്‍ക്കല്‍ രോഗപ്രതിരോധ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ വാക്‌സിനോ മരുന്നോ കണ്ടെത്താനുള്ള അടിയന്തര ശ്രമങ്ങള്‍ തുടരുന്നതിനിടെ പ്രതിരോധ നടപടികളിലൂടെ സമയം നീട്ടിക്കൊണ്ടുപോകാനാണ് ജര്‍മ്മനി തീരുമാനിച്ചത്. പരമാവധി പൊതുജീവിതം അടച്ചിടാന്‍ നിര്‍ബന്ധിതമാണ്. സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. അവര്‍ ഉറപ്പുന്ല്‍കി,

സാമ്പത്തിക ക്രമവും വിതരണവും ഉറപ്പുവരുത്തും. നാടകീയമായ ഈ നിയന്ത്രണങ്ങളെ സ്വീകരിക്കാനും എല്ലാ മേളകളും ജനംകൂടുന്ന പരിപാടികളും നിര്‍ത്തിവെക്കാനും അവര്‍ ആവശ്യപ്പെട്ടു. വന്‍ സാമ്പത്തിക പ്രതിസന്ധിക്കിടയിലും വന്‍കിടകമ്പനികളും കച്ചവട സ്ഥാപനങ്ങളും ഭക്ഷണശാലകളും രാജ്യത്തു പ്രവര്‍ത്തിക്കും. ജോലികള്‍ സര്‍ക്കാര്‍ സംരക്ഷിക്കും. ജനങ്ങള്‍ക്കുണ്ടായ സാമ്പത്തിക പ്രത്യാഘാതത്തിന് പരമാവധി തടയിടും. തൊഴിലുടമകളെയും ജീവനക്കാരെയും ഈ പരീക്ഷണ ഘട്ടത്തില്‍ സംരക്ഷിക്കാന്‍ വേണ്ടതു ചെയ്യും. ഫെഡറല്‍ ഗവണ്മെന്റിനുവേണ്ടി അഞ്ചേല മെര്‍ക്കല്‍ ഉറപ്പുനല്‍കി.

ജര്‍മ്മന്‍ ചാന്‍സലര്‍ മെര്‍ക്കലിന്റെ രാജ്യത്തോടുള്ള അഭ്യര്‍ത്ഥനയ്ക്കു തൊട്ടു പിറ്റേന്ന് വൈകുന്നേരം എട്ടുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ടെലവിഷനിലൂടെ രാജ്യത്തിനുമുമ്പില്‍ പ്രത്യക്ഷപ്പെട്ടു. കൊറോണ പ്രതിസന്ധിയെപ്പറ്റി ജനങ്ങളോട് സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം വായിച്ചാല്‍ അതില്‍ പലതും ഫ്രഞ്ച് പ്രസിഡന്റിന്റെയും ജര്‍മ്മന്‍ ചാന്‍സലറുടെയും പ്രസംഗത്തില്‍നിന്ന് കടമെടുത്തതാണെന്നു ബോധ്യപ്പെടും. എന്നാല്‍ അതിലെ നയവും നിലപാടും പ്രസിഡന്റ് ട്രംപ് എടുത്ത പഴയ നിലപാടിന്റെ തുടര്‍ച്ചയാണെന്നും.

ഇത്രയും പറഞ്ഞതില്‍നിന്നും ഈ താരതമ്യത്തില്‍നിന്നും നമ്മുടെ പ്രധാനമന്ത്രിയുടെ സമീപനവും ലക്ഷ്യവും വായിച്ചെടുക്കാം. അതുകൊണ്ട് തല്‍ക്കാലം ഇവിടെ നിര്‍ത്തുന്നു.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top