Flash News

കൊറോണ! ലോകത്തെയാകെ പേടിപ്പെടുത്തി പായുന്ന അഗോചര ഭീകരന്‍ !!!

March 22, 2020 , ജോര്‍ജ് നെടുവേലില്‍, ഫ്ലോറിഡ

Corona lokatheyake bannerഒരു മാസക്കാലമായി പത്രമാധ്യമങ്ങളിലും ചാനലുകളിലും പരസ്പര സംഭാഷണങ്ങളിലും മുഖ്യ ചര്‍ച്ചാ വിഷയമായിരിക്കുന്നു കൊറോണ. മുന്‍ കാലങ്ങളില്‍ കൊറോണ എന്ന് കേട്ടിരുന്നത് കാറിനോടും (ടൊയോട്ടാ കൊറോണ), ചെരുപ്പ് കമ്പനിയോടും (കൊറോണ/ കറോണ സാഹു ഷൂ കമ്പനി ഇന്ത്യ) ബീയറിനോടും (കൊറോണ ബീയര്‍) ചേർത്തായിരുന്നു. പെട്ടെന്നാണ്, വ്യത്യസ്തമായ ഒരു കൊറോണ ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ലോകകമ്പോളങ്ങളില്‍ ചീനച്ചരക്കുകളുടെ ബാഹുല്യം ദിവസേന ഏറിവരുന്നതിനിടയില്‍, ചീനയില്‍നിന്നുതന്നെ കോറോണയും ആഗോളവ്യാപകമായി പടര്‍ന്നിരിക്കുന്നു. ലണ്ടന്‍, ന്യൂയോര്‍ക്ക് നഗരങ്ങളെക്കാളും ജനസാന്ദ്രതയുള്ള ചീനനഗരമാണ് വുഹാന്‍. ആ നഗരത്തിന്റെ ചൊടിപ്പിനും ചെളിപ്പിനും, നഗ്ന നേത്രങ്ങള്‍ക്കു ഗോചരമല്ലാത്ത കൊറോണ പൂട്ടിട്ടിരിക്കുന്നു. നഗരത്തിലെ ലക്ഷക്കണക്കിനു നിവാസികളെ പരിഭ്രാന്തരാക്കിയിരിക്കുന്നു. ചൈനാ വന്‍കരയെ വട്ടത്തിലാക്കിയിരിക്കുന്നു. നൂറ്റിയമ്പതിലധികം ലോകരാഷ്ട്രങ്ങളില്‍ ആധിയും അങ്കലാപ്പും സൃഷ്ടിച്ചിരിക്കുന്നു. ചൈനയില്‍ മാത്രം കൊറോണ 250-തിലധികം ജീവനപഹരിച്ചുകഴിഞ്ഞിരിക്കുന്നു. പതിനായിരങ്ങള്‍ അതിന്റെ നീരാളിപ്പിടുത്തത്തില്‍ നട്ടംതിരിയുന്നു. ഭരണകൂടങ്ങള്‍ പൊതുജീവിതത്തിന് കർശന നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. ജനങ്ങളുടെ ജീവിതശൈലിക്കും ചിന്താഗതിക്കും സമ്പ്രദായങ്ങള്‍ക്കും മാറ്റം അനിവാര്യമാക്കിയിരിക്കുന്നു. “ഇരുളടഞ്ഞ മണിക്കൂറുകളിലൂടെയാണ് രാജ്യം കടന്നുപോകുന്നത്” ലോകമഹായുദ്ധകാലത്തു് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ബ്രിട്ടനെ അനുസ്മരിപ്പിച്ചു. ലോകം ഇന്ന് യുദ്ധഭീതിയിലല്ല. പക്ഷെ കൊറോണാ ഭീകരതയില്‍ വളരെയേറെ കഷ്ടപ്പെടുന്നു രാജ്യമാണ് ഇറ്റലി. പ്രധാനമന്ത്രി ഗില്‍സെഫ് കോന്റെ, ചർച്ചിലിന്റെ യുദ്ധകാലപ്രസ്താവം ഉദ്ധരിച്ചുകൊണ്ടാണ് കൊറോണ വിഷയത്തില്‍ പ്രതികരിച്ചത്. അനേകം ലോകരാഷ്ടങ്ങളും സര്‍ക്കാരുകളും ഇന്ന് യുദ്ധകാലത്തേക്കാള്‍ കഷ്ടതരമായ സ്ഥിതിയിലും ഭീതിയിലുമാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ കൊറോണായോട് പൊരുതാന്‍ സര്‍ക്കാരുകള്‍ തയ്യാറെടുക്കുന്നു, ജനങ്ങളെ ആഹ്വാനം ചെയ്യുന്നു.

ക്ഷണനേരത്തിനുള്ളില്‍ ശത്രുവിനെ പൊടിഭസ്മമാക്കാമെന്ന്‌ വീമ്പടിക്കുന്ന ആയുധശക്തികള്‍ ദൃഷ്ടിഗോചരമല്ലാത്ത കൊറോണ ശത്രുവിനു മുന്‍പില്‍ ഇതികര്‍ത്തവ്യതാമൂഢരായി മിഴിച്ചുനില്‍ക്കുന്നു. അവരുടെ വിപുലമായ ആയുധ ശേഖരങ്ങള്‍ ശതുസംഹാരത്തിനുതകാതെ പാഴായിക്കിടക്കുന്നു.

പതിനാലു ദിവസത്തെ വീട്ടറസ്റ്റിലാണ് ഇറ്റാലിയന്‍ ജനത. പൊതുജീവിതം കര്‍ശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇറ്റലിയില്‍ മാത്രമല്ല, മിക്കവാറും എല്ലാ ലോകരാഷ്ടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

രാഷ്ട്രീയക്കാരും മതമേധാവികളും തൊഴിലാളി മേലാളന്മാരും കൊറോണ വിഷയത്തില്‍, വൈദ്യരംഗത്തു വര്‍ത്തിക്കുന്നവരെ കടത്തിവെട്ടാന്‍ വായ് തുറക്കുന്നു. വാചാലരാകുന്നു. പ്രതിവിധി കല്‍പ്പിക്കുന്നു.

പ്രസിഡന്റ് ട്രമ്പ് അതിവേഗം കാര്യം മനസ്സിലാക്കി. ചിലരുടെ ‘പൊളിപറഞ്ഞു പറ്റിക്കാനുള്ള ശ്രമം’(hoax) ആണെന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അഭിപ്രായം ഇരുമ്പുലക്ക അല്ലെന്നുള്ള ന്യായത്തില്‍ അദ്ദേഹത്തിനു ഇനിയും മാറ്റി മാറ്റി പറയാനുള്ള അവകാശം ഉണ്ട്. ഭൂമിയില്‍ ജനിച്ചവര്‍ക്കെല്ലാമുള്ള അവകാശമാണല്ലോ അത്!

ആള്‍ക്കൂട്ടങ്ങള്‍ക്ക് അവധി കൊടുക്കണമെന്ന് നമ്മുടെ മുഖ്യമന്ത്രി ആഹ്വാനം ചെയ്തു. എന്നാല്‍ മുഖ്യമന്ത്രിയുടെ ആഹ്വാനമോ കളക്ടറുടെ നിര്‍ദ്ദേശമോ തങ്ങള്‍ക്കു സ്വീകാര്യമല്ല എന്നാണ് തൃശൂരിലെ CITU നേതാക്കളുടെ നിലപാട്. കേരള സാഹിത്യ അക്കാഡമി ആസ്ഥാനത്തുവെച്ചു് യോഗംകൂടി അവര്‍ നിലപാട് വ്യക്തമാക്കുകയും ചെയ്തു. കളക്റ്ററുടെ കൊറോണാപ്പേടി മാറ്റിക്കൊടുത്തുവെന്നാണ് നേതാവ് അവകാശപ്പെടുന്നത്. അല്ലെങ്കിലെന്ത്, തൊഴിലാളി സംഘടനകളുടെ കീശയിലാണല്ലോ കേരളത്തിലെ സര്‍ക്കാരുകള്‍ എല്ലാം തന്നെ ഉറങ്ങുന്നത്.

ഇത്തരുണത്തില്‍ 1962-ലേക്ക് ഒരു പ്രയാണം. ഒരു ചെ തൊ സെ (ചെത്തു തൊഴിലാളി യൂണിയന്‍ സെക്രട്ടറി) അമേരിക്കയെ ഞെട്ടിച്ച വെല്ലുവിളി ഉയര്‍ത്തി: “ചുണയുണ്ടെങ്കില്‍ പ്രസിഡന്റ് കെന്നഡി അന്തിക്കാട് നിയോജക മണ്ഡലത്തില്‍ എന്നോട് മത്സരിക്കട്ടെ! കെട്ടിവെച്ച കാശു പോയാല്‍ കരയരുത്!” അതാണ് അന്തിക്കാട് ഉള്‍പ്പെട്ട തൃശൂര്‍! അന്നും ഇന്നും.

ചൈനയില്‍ നിന്നും വരുന്ന കൊറോണ കറകളഞ്ഞ കമ്മ്യൂണിസ്റ്റുകളായ തങ്ങളെ കുഴപ്പത്തിലാക്കുകയില്ല എന്നാണ് CITU നേതാവിന്റെ യുക്തി. കൂടാതെ ഇന്ത്യാ – ചീന ഭായി, ഭായി എന്നാണല്ലോ നെഹ്‌റുവും പാടിയിരുന്നത്.

മധ്യപ്രദേശിലെ മുഖ്യമന്ത്രി കൊറോണായെ കാണുന്നത് മന്തിസഭയുടെ താല്‍ക്കാലിക രക്ഷകനായിട്ടാണ്. പെട്ടെന്നുള്ള അന്ത്യത്തില്‍നിന്നും രക്ഷിച്ച് ഈ മാസം 26 വരെ ജീവന്‍ നീട്ടിക്കൊടുത്തിരിക്കുന്നു. കൊറോണ എത്ര നല്ലവന്‍! കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസ്കാര്‍ക്കും ഒരുപോലെ വേണ്ടപ്പെട്ടവന്‍! നന്മ ചെയ്യുന്നവന്‍!

മതമേധാവികള്‍ക്കും കൊറോണാക്കും തമ്മിലെന്ത്!

വെളിപാടു പുസ്തകത്തിലേ ഒരു ദൃശ്യം പോലെയെന്ന് ചില പഴയനിയമ പണ്ഡിതന്മാര്‍ കൊറോണായെ വിശേഷിപ്പിക്കുന്നു. നല്ല കാര്യം. ഒരു രംഗമെങ്കില്‍ ഒരു രംഗം. മനസ്സില്‍ മറന്നു കിടക്കുന്ന സുവിശേഷ സൂക്തങ്ങളും മറഞ്ഞു കിടക്കുന്ന സുവിശേഷ രംഗങ്ങളും വെളിവാക്കിത്തരുന്ന കൊറോണ നല്ലവന്‍ തന്നെ!

മാതാ അമൃതാനന്ദമയി കഴിഞ്ഞ ദിവസം ഒരു കാര്യം വെളിപ്പെടുത്തുകയുണ്ടായി. മനുഷ്യരാശിക്ക്‌ ദോഷകരമായതെന്തോ സംഭവിക്കാന്‍ പോകുന്നതായി 2002 -ല്‍ അവര്‍ പ്രവചിച്ചിരുന്നു. പതിനെട്ടു വര്‍ഷത്തിനുശേഷം അത് സംഭവിച്ചിരിക്കുന്നു!

അഖില ഭാരത ഹിന്ദു മഹാസഭയും കൊറോണയുടെ പേരില്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. പ്രതിരോധത്തിലാണ് അവര്‍ക്കു പഥ്യം. കാര്യം നിസ്സാരം! ഒരു വര്‍ഷക്കാലത്തേക്ക് സ്ത്രീ പുരുഷന്മാര്‍ ലൈ൦ഗിക ബന്ധത്തില്‍ ഏർപ്പെടാതിരിക്കുക. സ്നേഹ
പ്രകടനങ്ങള്‍ക്ക് അവധി കൊടുക്കുക. ഹിന്ദുമത വിശ്വാസികള്‍ കൂടെക്കൂടെ ഓം നമഃശിവായ ഉരുവിടുക. മറ്റു മതസ്ഥര്‍ അവരവരുടെ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ ഉച്ചരിക്കുക. വിമാനമിറങ്ങുന്ന വിദേശികളെ ചാണകക്കുറി ചാര്‍ത്തുക. ഗോമൂത്രം കുടിക്കാന്‍ കൊടുക്കുക. കൊറോണ ബാധ സംശയിക്കുന്ന വിദേശത്തലവന്മാര്‍ക്ക് ഗോമൂത്രം എത്തിച്ചു കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്സാഹിക്കുക. ഹിന്ദു മഹാസഭാ തലവന്റെ നിര്‍ദേശങ്ങളാണിവയെല്ലാം. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ ഹരിയാനയില്‍ ഒരു ഗോമൂത്രപ്പാര്‍ട്ടി സംഘടിപ്പിക്കുകയുണ്ടായി. മറ്റിടങ്ങളിലും പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കരിമ്പിന്‍ നീര്, തേന്‍, ഇളനീര്‍ എന്നിവ ചേര്‍ത്തും ഗോമൂത്രപാനം നടത്താം. ‘വിദേശ ഭീകരനാണ്‌ കൊറോണ, അവനെ വിജയിക്കാന്‍ അനുവദിക്കരുത്’ അവരുടെ മുദ്രാവാക്യമാണിത്.

തമിഴകത്ത് നിയമസഭയില്‍ കൊറോണാ വിഷയത്തില്‍ പൊരിഞ്ഞ ചര്‍ച്ച നടക്കുന്നു. 70 കഴിഞ്ഞവര്‍ക്ക് ബാധ ഉണ്ടാകാനുള്ള സാധ്യത ജാസ്തിയാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചു. 80 കഴിഞ്ഞ ഒരു സാമാജികന്റെ പ്രതികരണം ഉടനെ വന്നു. “എങ്കില്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണം. അല്ലെങ്കില്‍ അടുത്തുതന്നെ ഒട്ടേറെ ഉപതെരെഞ്ഞെടുപ്പുകള്‍ വേണ്ടിവരും.”

എറണാകുളം ജില്ലാ ബി ജെ പി തലവന്റെ സ്ഥാനാരോഹണം. കേവലം 42 ആള്‍ക്കാരെ മാത്രം സമ്മേളനപ്പന്തലില്‍ പ്രവേശിപ്പിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പന്തലിനു പുറത്ത് നില്‍ക്കേണ്ടിവന്നു. എന്നാലെന്ത്? 50 എന്ന ലക്ഷ്മണരേഖ പന്തലിനുള്ളില്‍ പ്രാവര്‍ത്തികമാക്കി. നിയമവും നിയന്ത്രണവും ഇഷ്ടപ്പെടുന്നവരല്ല മലയാളികള്‍ എന്ന് ആര്‍ക്ക് പറയാനാവും?

കേരളത്തിലെ ധ്യാന കേന്ദ്രങ്ങള്‍ക്കും ആരാധനാലയങ്ങള്‍ക്കും ബി ജെ പി യുടെ എറണാകുളം സമ്മേളനം മാതൃകയാക്കിക്കൂടേ എന്ന് ചോദിക്കണമെന്നുണ്ട്! എങ്കിലും പ്രാഥമിക പള്ളിക്കൂടത്തില്‍ കന്യാസ്ത്രീകള്‍ പഠിപ്പിച്ച ആശയടക്കം, അടക്കം പാലിക്കാന്‍ പ്രേരിപ്പിക്കുന്നു!

ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ തോമസ് ഫ്രിഡ്‌മാന്‍ മാര്‍ച്ച് 17 – ലെ പത്രത്തില്‍ എഴുതി: ക്രിസ്തുവിനു മുന്‍പ്, ക്രിസ്തുവിനു പിന്‍പ് എന്നതിനു പകരമായി കോറോണയ്ക്കു മുന്‍പ്, കൊറോണയ്ക്കു പിന്‍പ് എന്ന് വരുംകാലങ്ങളില്‍ രേഖപ്പെടുത്തേണ്ടിവന്നേക്കാം! ന്യൂയോര്‍ക്ക് ടൈംസിലെത്തന്നെ ഫ്രാങ്ക് ബ്രൂണി അതേ ദിവസത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത് സെപ്റ്റംബര്‍ പതിനൊന്നിനെക്കാള്‍ പേടിപ്പെടുത്തുന്നതാണ് കൊറൊണായുടെ വെല്ലുവിളി എന്നാണ്. ഭീകരര്‍ വിജയിക്കാന്‍ അനുവദിക്കരുത് എന്നതായിരുന്നു സെപ്റ്റംബര്‍ പതിനൊന്നിന്റെ മുദ്രാവാക്ക്യം. ഹിന്ദു മഹാസഭയുടെ മുദ്രാവാക്യവും അത് തന്നെയല്ലേ? സെപ്റ്റംബര്‍ പതിനൊന്നിനുശേഷം പ്രസിഡന്റ് ബുഷ് അമേരിക്കന്‍ ജനതയോട് ആവശ്യപ്പെട്ടു: “നിങ്ങളുടെ ആനന്ദം എടുത്തുകളയാന്‍ ആരെയും അനുവദിക്കരുത്, സാധാരണ ജീവിതം നയിക്കുക, ദിനചര്യകള്‍ക്കു മുടക്കം വരുത്തരുത്, ജാഗ്രത പാലിക്കുക. ഡിസ്നി ലാന്‍ഡിലും ഡിസ്നി വേള്‍ഡിലും പോയി അടിച്ചു പൊളിക്കുക!”

എന്നാല്‍, ഈ കൊറോണക്കാലത്തെ സ്ഥിതി എന്താണ്. എടുത്തുകളയാന്‍ ആനന്ദമെവിടെ? സാധാരണ ജീവിതം സാധ്യമാണോ? ദിനചര്യകള്‍ നമ്മുടെ നിയന്ത്രത്തിലാണോ? അടിച്ചു പൊളിക്കാനുള്ള ഇടങ്ങള്‍ ലോകത്തെവിടെയും അടഞ്ഞു കിടക്കുകയല്ലെ? നിശ്ചയമില്ലാത്ത നാളെയും കടുത്ത വിലക്കുകളും കര്‍ഫ്യൂവും അല്ലേ നാം ഓരോ ദിവസവും കാണുന്നത്.

അംഗല ചിന്തകനായ തോമസ് ഹോബ്‌സ്‌ 1651 – ല്‍ പരാമര്‍ശിച്ച അരോചകവും മൃഗീയവും ഹ്രസ്വവുമായ ജീവിതത്തിലേക്ക്, തോമസ് ഫ്രിഡ്‌മാന്‍ വിഭാവന ചെയ്ത AC (after corona) കാലഘട്ടത്തില്‍ മനുഷ്യരാശി നിപതിക്കാന്‍ ഇടയുണ്ടോ? ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിലരെങ്കിലും അപ്രകാരം ചിന്തിച്ചെന്നുവരാം!

1798 കാലത്ത് ജീവിച്ചിരുന്ന സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു തോമസ് റോബര്‍ട്ട് മാല്‍ത്തസ്. അദ്ദേഹം ഒരു പുരോഹിതനുമായിരുന്നു. ക്രമാതീതമായ ജനസംഖ്യാ വര്‍ദ്ധനയില്‍ അദ്ദേഹം ആകുലനായിരുന്നു. “ഒരു ശിശു രണ്ടു കരങ്ങളും ഒരു ചെറു വാവട്ടവുമായി ഭൂജാതനാകുന്നു. പക്ഷെ, ജനിച്ച നിമിഷം മുതല്‍ ശിശുവിന്റെ വായ് പണി തുടങ്ങുന്നു. കരങ്ങള്‍ പണിയെടുക്കാന്‍ പതിറ്റാണ്ടോളം കാത്തിരിക്കണം. ശാസ്ത്രീയമായ കൃഷിയോ കടുംകൃഷിയോ പോലും നിറലക്ഷങ്ങളെ (teeming millions) പോറ്റാനുള്ള ഭക്ഷണസാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാനിടയില്ല. തിന്നാന്‍ കോടിക്കണക്കിനു വായകള്‍. തിന്നാനുള്ളത് കഷ്ടി.” ‘ഏക്ക് അനാര്‍ സദ് ബീമാര്‍’ (ഒരു മാതളപ്പഴം, കാത്തിരിക്കുന്നത് നൂറുകണക്കിനു രോഗികള്‍) എന്ന് ഉറുദുവില്‍ പറയുന്ന സ്ഥിതിവിശേഷം. “ദൈവം മനുഷ്യനു നല്‍കിയിരിക്കുന്ന ബുദ്ധി ഉപയോഗിച്ച്, പെരുകുന്ന എണ്ണത്തിന് പരിധിയുണ്ടാക്കിയില്ലെങ്കില്‍, പ്രകൃതി ആ ചുമതല ഏറ്റെടുക്കേണ്ടിവരും.” അദ്ദേഹം ഒരു ലേഖനത്തില്‍ എഴുതി. പഞ്ഞം, പട, പ്രളയം, സുനാമി, വസന്ത എന്നിവയാണ് പ്രകൃതിയുടെ മാര്‍ഗ്ഗങ്ങള്‍. ഇപ്പോള്‍ പ്രകൃതിയുടെ പുറപ്പാട് കൊറോണാ വസന്തയെ കൂടെ കൂട്ടിയാണ്.

ഒരു കാര്യം പറയാതെ വയ്യ! മതത്തിന് ആളെക്കൂട്ടാന്‍ ചിലര്‍ ഉത്സാഹിക്കുന്നു. അരമനകളുടെ സുഖലോലുപതയില്‍ മദിച്ചാണ് അവര്‍ മരുവുന്നത്. ചലിക്കുന്ന കൊട്ടാരങ്ങളില്‍ ചരിക്കുന്നു. എല്ലാം രാജകീയ പ്രൗഢിയില്‍ അനുഭവിക്കുന്നു, പാടത്തും പണിശാലകളിലും വിയര്‍പ്പൊഴുക്കുന്നവരെയും വിധവകളെയും ചൂഷണം ചെയ്ത്. അവര്‍ക്ക് ഒരു ഇഷ്ട സുകൃത ജപമുണ്ട്. ‘വലിയ കുടുംബം, സന്തുഷ്ട കുടുംബം.’

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ, സുഖവും സന്തോഷവും സന്തുഷ്ടിയും ആരനുഭവിക്കുന്നു, ആരുടെ ചെലവില്‍ എന്ന് നാം മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സന്തോഷത്തിലും സന്തുഷ്ടിയിലും മതിമറന്ന് അവര്‍ നിത്യവും വിളിച്ചു പറയുന്നു: ‘സകലസൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞു മുടിചൂടി നില്‍ക്കുന്നുവെന്ന്.’

നമ്മുടെ പ്രിയങ്കരനായ തിരക്കഥാകൃത്തു ബിബിന്‍ ജോര്‍ജിന്റെ കൊറോണായുമായി ബന്ധപ്പെട്ട ഒരു ഫേസ്ബുക്ക് സന്ദേശം വായനക്കാരുമായി പങ്കുവെക്കണമെന്ന് ആഗ്രഹിക്കുന്നു. സാരമിതാണ്. തന്റെ പേരില്‍ തമ്മില്‍ത്തല്ലിയും തലകീറിയും കൈവെട്ടിയും കത്തിച്ചും കള്ളക്കച്ചവടം നടത്തിയും കഴിയുന്ന മനുഷ്യരെക്കൊണ്ട് ദൈവത്തിനു മടുത്തു. കഴിവുള്ളതെല്ലാം ചെയ്തിട്ടും മനുഷ്യര്‍ക്ക് മാറ്റമില്ല. മാറാന്‍ മതങ്ങള്‍ അനുവദിക്കുന്നില്ല. അറ്റ കൈക്ക്‌ ദൈവം പ്രയോഗിച്ചതാണ് കൊറോണ. അത് ഫലിച്ച ലക്ഷണമുണ്ട്. പള്ളികള്‍ അടച്ചു. അമ്പലങ്ങള്‍ക്ക് താഴിട്ടു. ധ്യാനകേന്ദ്രങ്ങളിലെ അട്ടഹാസങ്ങള്‍ക്കു അറുതി വന്നു. നൃപാസനങ്ങളില്‍നിന്നും നൃപന്മാര്‍ പമ്പകടന്നു. പ്രജകള്‍ നൃപന്മാരെ മനസ്സിലാക്കി! രോഗശാന്തിക്ക് ആശൂപത്രികളാണ് അഭയമെന്ന് അനേകര്‍ക്ക്‌ അറിവുവെച്ചു.

സുപ്രധാനമായ ഒരു സുവിശേഷ സൂക്തമുണ്ട്: “അറിവ് നിങ്ങളെ സ്വാതന്ത്രരാക്കും! അത് മറക്കാതിരിക്കാന്‍ ഓർമ്മിക്കുക!”


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top