Flash News

ഗ്രാമത്തിലെ പെണ്‍‌കുട്ടി (തുടര്‍ക്കഥ – 22)

March 22, 2020 , അബൂതി

adhyayam 22 bannerഇരുട്ടിന്റെ വന്യതയിലേക്ക് തുറന്നുവച്ച മിഴികളുമായി മലര്‍ന്നു കിടക്കുകയായിരുന്നു അവള്‍. മനസ്സ് മുഴുവന്‍ സുകുവാണ്. ഒരു അഗ്നിനാഗം പോലെ, മനസ്സിലവനെക്കുറിച്ചുള്ള ഓര്‍മ്മകളും ചിന്തകളും ഇഴഞ്ഞുനടക്കുന്നു. ഇനിയവനൊരു മടക്കമുണ്ടാകുമോ? അറിയില്ല. പ്രാര്‍ത്ഥിക്കാം. ആഗ്രഹിക്കാം. എല്ലാം മാറി അവന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്നൊരു നാള്‍, അധികം താമസിയാതെ ഉണ്ടാവട്ടെ.

ഹോസ്പിറ്റലില്‍ നിന്നും പിരിയാന്‍ നേരം വിനോദ് പറഞ്ഞ വാക്കുകള്‍, ഇപ്പോഴും കാതില്‍ മുഴങ്ങുന്നുണ്ട്.

“അവനെല്ലാം മാറും. തിരിച്ചറിവുണ്ടാകുന്ന ഒരു ദിവസം വരും. അന്ന്… നീ അവനെ ഉപേക്ഷിക്കരുത്. കൂടെ നിര്‍ത്തിക്കൊള്ളണം. ഒരിക്കല്‍ പ്രിയപ്പെട്ടവന്‍… പെണ്ണിനെന്നും പ്രിയപ്പെട്ടവനായിരിക്കുമെന്നറിയാം.”

ഒരു മറുപടിയും പറയാനാവാതെ, വിനോദിന്റെ കണ്ണുകളിലേക്ക് പകച്ചു നോക്കിനില്‍ക്കേണ്ടി വന്നു. എന്ത് പറയണം അവനോട്. സുകുവിനെ സ്വീകരിക്കുക എന്നൊക്കെ പറഞ്ഞാല്‍, അതൊന്നും താന്‍ ചിന്തിച്ചിട്ടു പോലുമില്ല. അവന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ വല്ലാത്ത ദുഃഖമുണ്ട്. അസഹ്യമായ വേദനയുണ്ട്. അതിന്റെ അപ്പുറമുള്ള മോഹങ്ങള്‍ക്കൊന്നും ഉള്ളിലിപ്പോള്‍ ഇടമില്ല.

വാതില്‍ തുറക്കുന്ന ശബ്ദം കേട്ടു. അടുത്ത നിമിഷം ലൈറ്റ് തെളിഞ്ഞു. കണ്ണുകളഞ്ചി. മുറുക്കെ ചിമ്മിയ കണ്ണുകള്‍, മെല്ലെ തുറന്നപ്പോള്‍ മുന്നില്‍ വിഷാദ ഭാവവുമായി നില്‍ക്കുന്ന സിദ്ധു. അവനവളുടെ അരികെ കട്ടിലില്‍ ഇരുന്നു.

“എന്താമ്മാ… സുഖമില്ലേ?” അവളുടെ നെറ്റിയില്‍ പുറങ്കൈ വച്ചുകൊണ്ടായിരുന്നു ചോദ്യം. അവളാ കൈ പിടിച്ചുമാറ്റി. അവനെ നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. അതിന്, അവന്റെ മനസ്സ് തണുപ്പിക്കാന്‍ മാത്രമുള്ള വെളിച്ചമില്ലായിരുന്നു.

“ഒന്നൂല്ല…. ചെറ്യേ തലവേദന.” അവളൊരു കള്ളം പറഞ്ഞു. ആരുമൊന്നും മിണ്ടാതെ ഒരല്പ സമയം കഴിഞ്ഞുപോയി. വിഷമത്തോടു കൂടിയാണ്, സിദ്ധു ചോദിച്ചത്.

“അമ്മാ… ഒരു കാര്യം ചോദിക്കട്ടെ? വിഷമാവുമോ? ദേഷ്യാവുമോ?”

അവളെഴുന്നേറ്റിരുന്നു. അവനെ തന്നിലേക്ക് ചേര്‍ത്തു. ആ നെറുകിയില്‍ ഒരുമ്മ വച്ചു.

“ദേഷ്യോ? നിന്നോടോ? ചോദിക്കെടാ…”

പിന്നെയും സംശയിച്ചു നിന്നു അവനൊരല്പ നേരംകൂടി.

“അമ്മയെന്തിനാ.. ആ.. ഭ്രാന്തനെ സഹായിക്കുന്നത്? അയാളമ്മയെ ഉപദ്രവിച്ച ആളല്ലേ? എനിക്കിഷ്ടമല്ല. അയാളെയും…. അയാളെ സഹായിക്കുന്നതും.”

അവള്‍ അമ്പരക്കുക മാത്രമല്ല, കടുത്ത ഹൃദയവേദനയിലൂടെ കടന്നുപോവുകയും ചെയ്തു. സിദ്ധുവിന്റെ മുഖം മുഴുവന്‍, സുകുവിനോടുള്ള വെറുപ്പായിരുന്നു. അവളുടെ മനസ്സിന്റെ ഉള്ളിലൊരു മുള്ളുകമ്പി കൊരുത്തി വലിക്കുന്നുണ്ട്. എങ്കിലും, അവള്‍ അതൊന്നും പുറത്തു കാണിച്ചില്ല.

“പിന്നെ… നമ്മള്‍ സഹായിക്കണ്ടെ? എന്റെ ജീവന്‍ രക്ഷിച്ച ആളല്ലേ? സുകുവിന് വേറാരും ഇല്ലല്ലോ…”

സിദ്ധു ഒന്നും പറഞ്ഞില്ല. എങ്കിലും തൃപ്തനല്ല എന്നാ മുഖം കണ്ടാലറിയാം. അവന്‍ മെല്ലെ തിരികെ നടന്നു തുടങ്ങിയപ്പോള്‍ അവള്‍ വിളിച്ചു.

“സിദ്ധൂ….”

നോക്കുമ്പോള്‍ അവന്റെ കണ്ണുകള്‍ നനഞ്ഞിരുന്നു.

“വാ… ഇവിടെ വാ…”

അവള്‍ ഒരു കൈകളും നീട്ടി, ഒരു കൊച്ചുകുഞ്ഞിനെ വിളിക്കുമ്പോലെ അവനെ വിളിച്ചു. അവനടുത്തു വന്നപ്പോള്‍ ബലമായി അവനെ പിടിച്ച്, തന്റെ അരികത്തിരുത്തി. അവന്റെ കോലന്‍ മുടിയിലൂടെ വിരലൊടിച്ചു മെല്ലെ പറഞ്ഞു.

“മോനേ.. അമ്മയ്ക്കൊരു സ്വപ്നമേ ഉള്ളൂ. അത് നീയാണ്. നീ മാത്രം. സുകുവിന് പറ്റുന്ന സഹായൊക്കെ ചെയ്യണം. അത് കടമയാണ്. ന്റെ മോന്‍… അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട. ട്ടൊ..”

അവന്‍ തലകുലുക്കി. തന്റെ ചോദ്യം അമ്മയെ വിഷമിപ്പിച്ചു എന്നവന്‍ തിരിച്ചറിഞ്ഞിരുന്നു. പക്ഷെ, സുകുവിനെ ഉള്ളിന്റെ ഉള്ളില്‍ ഉള്‍ക്കൊള്ളാനാവുന്നുമില്ല. ആ അന്തഃസംഘര്‍ഷത്തിലായിരുന്നു അവന്റെ മനസ്സ്. എങ്കിലും, അവനവളുടെ കവിളില്‍ ഒരു സ്നേഹചുംബനം നല്‍കാൻ മറന്നില്ല.

കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു. ഇന്നു രാവിലെ വേണു വന്നവളെ വിളിച്ചതാണ്. ഇന്ന്, സുകുവിനെ കോടതിയില്‍ ഹാജരാക്കുന്നുണ്ട്.

“ഞാനില്ല.. നീ പോയാല്‍ മതി.”

അവള്‍ പറഞ്ഞൊഴിഞ്ഞു. ഇതിനോടകം, സുകുവിനെ സിദ്ധുവിന് ഇഷ്ടമല്ല എന്ന് ഏറെക്കുറെ അവിടെ എല്ലാവര്‍ക്കും മനസ്സിലായിരുന്നു. അമ്മയും സിദ്ധുവിന്റെ പക്ഷത്ത് തന്നെയാണ്. സുകുവിനെ കുറിച്ച് സഹതാപത്തോടെ ആര് സംസാരിച്ചു തുടങ്ങിയാലും അമ്മ പറയും. “അന്ന്.. ന്റെ കുട്ടിയെന്റെ മടിയിലൊലിപ്പിച്ച കണ്ണീരിന്റെ ചൂട്… ഇപ്പളുമെന്നെ പൊള്ളിക്കുന്നുണ്ട്…”

അവനെ കാണാന്‍, പിന്നീടൊരിക്കലും ആവളാശുപത്രിയില്‍ പോയിട്ടില്ല. വിനോദും, വേണുവും, ബാബുവുമൊക്കെ കാര്യങ്ങള്‍ അന്വേഷിച്ച് നടത്തുന്നുണ്ട്. നല്ല ചികിത്സ കിട്ടിത്തുടങ്ങിയപ്പോള്‍, സുകുവിന് ചില മാറ്റങ്ങളൊക്കെ ഉണ്ടത്രേ. അവളുടെ ഉള്ളില്‍, അവന്‍ രക്ഷപ്പെടണമെന്നേ ഉള്ളൂ. ശേഷം, അവന് അവന്റെ വഴിയും, തനിക്ക് തന്റെ വഴിയും. സിദ്ധുവിനെ വിഷമിപ്പിക്കുന്ന ഒന്നും താന്‍ ചെയ്യില്ലെന്നവള്‍ തീർച്ചപ്പെടുത്തിയതാണ്.

കുഞ്ഞുടുപ്പുകള്‍ക്കുള്ള ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യാനായി പോയതായിരുന്നു ബാബു. ഒരു ഒന്നര മണിയെങ്കിലും ആയിട്ടുണ്ടാകും. ഭക്ഷണം കഴിച്ച് നടുവൊന്ന് നിവര്‍ക്കാന്‍ കിടന്നതാണവള്‍. അപ്പോഴാണ്, വേണുവും ബാബുവും ഒരുമിച്ച് തിരിച്ചു വന്നത്. രണ്ടു പേരുടെയും മുഖം കുനിഞ്ഞിരുന്നു.

എന്താ കാര്യമെന്ന അമ്മയുടെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവര്‍ നിന്നപ്പോള്‍, അവള്‍ ബാബുവിന്റെ ചുമലില്‍ ഒരു കുഞ്ഞു ഇടിവച്ചു കൊടുത്താണ് ചോദിച്ചത്. “എന്താടാ… വെറുതെ മനുഷ്യനെ പേടിപ്പിക്കാതെ… എന്താ പ്രശ്നം?”

അവനവളെ നോക്കിയപ്പോള്‍, കണ്ണകള്‍ നിറഞ്ഞിരുന്നു. വിറയ്ക്കുന്ന ശബ്ദത്തോടെ അവന്‍ പറഞ്ഞു.

“ചേച്ചീ… സുകു പോയി…”

“പോക്യെ..? എങ്ങട്ട്…?” അവള്‍ക്ക് ഒന്നും മനസ്സിലായില്ല.

“കോടതിക്കെട്ടിടത്തിന്റെ രണ്ടാമത്തെ ഫ്ളോറീന്ന് താഴത്തേക്ക് ചാടി…. ഒന്നിനും നേരം കിട്ടീല…” വേണുവാണ് പറഞ്ഞത്.

ഈശ്വരാ…. എന്നൊരു വിളി, അമ്മയുടെ തൊണ്ടയില്‍ കുരുങ്ങി. നെഞ്ചില്‍ കൈവച്ചവര്‍ പറഞ്ഞു..

“ആ കുട്ടിയെന്ത്യേ ഈ കാട്ട്യേത്‌…? കഷ്ടായിപ്പോയല്ലോ… ഈശ്വരാ.”

അമ്മയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എത്രയൊക്കെ ദേഷ്യമുണ്ടെന്നു പറഞ്ഞാലും, അവളുടെ ജീവന്‍ രക്ഷിച്ച ആളല്ലേ. ഉള്ളിന്റെ ഉള്ളില്‍ അവനോടൊരു ദീനാനുകമ്പ ഇല്ലാഞ്ഞിട്ടല്ല. അവന്‍ ചെയ്ത പ്രവര്‍ത്തി മറക്കാനാവാത്തതു കൊണ്ടായിരുന്നു, ഉള്ളിലെ ദേഷ്യം. അവനവളുടെ ഉള്ളിലുണ്ടാക്കിയ മുറിവിന്റെ ആഴം, ആ അമ്മയ്ക്ക്, നല്ല പോലെ അറിയാമായിരുന്നല്ലോ? ഇപ്പോഴിതാ, അവന്‍ സ്വയം മരണത്തിലേക്കെടുത്തു ചാടിയിരിക്കുന്നു. ഇനിയെന്ത് ദേഷ്യം…? ഇനിയെന്ത് വിരോധം…?

സിദ്ധുവും അമ്പരന്നിരിക്കുകയായിരുന്നു. സുകു മരിച്ചിരിക്കുന്നു എന്ന് മാത്രമേ അവനറിയൂ. മരണമെന്താണെന്നും, അത് ജീവിച്ചിരിക്കുന്നവരില്‍ നിറയ്ക്കുന്ന നോവിന്റെ ചൂടെന്താണെന്നും, സത്യത്തില്‍ അവനറിയില്ല. ഓര്‍മ്മ വെച്ചതില്‍ പിന്നെ അവനൊരു മരണവും അഭിമുഖീകരിച്ചിട്ടില്ല.

അവളുടെ മനസ്സിലൊരു കരിനാഗമിഴഞ്ഞു. ഹൃദയഭിത്തികളെ അത് കൊത്തിമുറിവേല്പിച്ചു. കണ്ണീര്‍ നെഞ്ചില്‍ കിടന്നു തിളച്ചു. അസഹ്യമായ ദുഃഖഭാരം, അവളുടെ ഉടല്‍ തളര്‍ത്താന്‍ പരിശ്രമിച്ചിട്ടും, അവള്‍ വീഴാതെ നിന്നു. പതറിയ കണ്ണുകള്‍ സിദ്ധുവില്‍ ചെന്നു നിന്നു. അവന്റെ പകച്ച കണ്ണുകളില്‍, അവളുടെ കണ്ണുകള്‍ ഒരല്പ നേരം കൊരുത്തു നിന്നു. പിന്നെ മെല്ലെ അവള്‍ വേണുവിനെ നോക്കി. പെയ്യാനൊരുങ്ങി നില്‍ക്കുന്നൊരു ഘനഭാരം ആ കണ്ണുകളില്‍ മൂടി നിന്നെങ്കിലും, അവള്‍ മെല്ലെ മന്ത്രിച്ചു.

“ആ…. അത്രേ വിധിച്ചിട്ടുള്ളു…. അത്രേ വിധിച്ചിട്ടുള്ളു….”

അവളുടെ ഇടറിയ ശബ്ദം കേട്ടപ്പോള്‍ അമ്മയുടെ നെഞ്ച് പിടഞ്ഞു. അവള്‍ പ്രജ്ഞതയറ്റ് വീണു പോവുകയാണെങ്കില്‍ പിടിക്കാനെന്ന വണ്ണം വേണു അവളുടെ അടുത്തേയ്ക്ക് വന്നു. അവള്‍ സിദ്ധുവിന്റെ മുഖത്തേയ്ക്ക് നോക്കി ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു. മാറാല പോലെ പിഞ്ഞിപ്പോയ ഒരു പുഞ്ചിരിയായി അത് മാറി.

“മോനെന്തിനാ… വെഷമിക്കുന്നത്? അതൊന്നും സാരമില്ലെടാ…”

ആരും ഒന്നും പറഞ്ഞില്ല. കുറച്ചു നേരത്തെ മൗനത്തിനൊടുവില്‍ ബാബു ചോദിച്ചു.

“ചേച്ചിക്കൊന്ന് കാണണ്ടേ? അവസാനമായി….”

“ഏഎ… വേണ്ട… വേണ്ട…. ഞാനെന്തിനാ… കാണുന്നത്… പോട്ടെ… സമാധാനായി പോട്ടെ…”

അവള്‍ മെല്ലെ തിരിഞ്ഞു നടന്നു. അവളിപ്പോള്‍ വേച്ചു വീണുപോകുമല്ലോ, എന്നാ പോക്കു കാണുന്നവര്‍ക്ക് തോന്നാം. അത്രയും ദുര്‍ബലമായിരുന്നു അവളുടെ നടത്തം. പിറകില്‍ നിന്ന് അമ്മാ എന്ന സിദ്ധുവിന്റെ വിളി കേട്ടില്ല. നേരെ റൂമില്‍ കയറി വാതിലടച്ചു. അവിടെയുണ്ടായിരുന്ന തോര്‍ത്തുമുണ്ടെടുത്ത് സ്വന്തം വായയിലേക്ക് കുത്തിത്തിരുകി ഒരൊറ്റ കരച്ചിലായിരുന്നു. അനിയന്ത്രിതമായ കരച്ചില്‍. ചുമരിലേക്കു ചാരി മുഖം മുഴുവന്‍ തോര്‍ത്തില്‍ പൊതിഞ്ഞ്, കരഞ്ഞുകൊണ്ടവളിവിടെ ഇരുന്നു.

പുറത്താരും തന്റെ ശബ്ദം കേള്‍ക്കാതിരിക്കട്ടെ എന്നവള്‍ ആഗ്രഹിച്ചിരിക്കാം. എന്നിട്ടും അവരാ ചില്ലുടയുന്ന പോലുള്ള കരച്ചില്‍ കേട്ടു. സിദ്ധുവിന് അങ്കലാപ്പായി. അവനോടി വന്ന് വാതിലില്‍ മുട്ടി വിളിച്ചു. പിന്നാലെ വന്ന അമ്മ അവനെ തടഞ്ഞു. വേണ്ടെന്ന് തല കൊണ്ടാംഗ്യം കാണിച്ചു. കരഞ്ഞുകൊണ്ട് തന്റെ ചുമലിലേക്ക് ചാഞ്ഞ സിദ്ധുവിനെയും കൊണ്ട് അമ്മ വേണുവിന്റേയും ബാബുവിന്റേയും അരികിലെത്തി. അവരെ നോക്കി, സ്വയം സമാധാനിക്കാണെന്ന വണ്ണം പറഞ്ഞു.

“അരിയറ്റു…. ചാവു വന്നു വിളിച്ചാല്‍ പോവാണ്ടിരിക്കാനാവില്ലല്ലോ? എന്നാലും എന്റീശ്വരാ… ഒരു വല്ലാത്ത വിധിയായിപ്പോയി..”

അവളുടെ അമര്‍ത്തിയ കരച്ചിലിന്റെ ശബ്ദം മാത്രം അവര്‍ക്കിടയിലേക്കൊരു തീക്കാറ്റു പോലെ അലച്ചലച്ചു വന്നു.

പിറ്റേന്ന് വൈകുന്നേരം; വൈദ്യുതി ശ്മശാനത്തിന്റെ പുകക്കുഴലുകളില്‍ നിന്നും, കരിമ്പുക, കറുത്ത പക്ഷികളെ പോലെ വിണ്‍മേഘക്കൂടുകള്‍ തേടി പറന്നുയരുമ്പോള്‍, നോക്കി നില്‍ക്കുന്ന വിനോദിന്റെ കണ്ണുകളില്‍ നീര്‍ തുളുമ്പിയിരുന്നു…

“ഒരുമിച്ച് കളിച്ചു വളര്‍ന്നതാ. എന്തൊക്കെയായാലും…. അവനിങ്ങനെ വരരുതായിരുന്നു. പാവം..”

അവന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ചു ഡോക്ടര്‍

“അവനാ പാലത്തിന്റെ ഇക്കരെ വന്നപ്പോള്‍… ഇത്തവണ.. അക്കരെയ്ക്ക് പോകാന്‍ മനസ്സു വന്നിരിക്കില്ല. തന്റെ എല്ലാ ഭാരങ്ങളും ഇല്ലാതാക്കാന്‍… അവനവന്റെ ശരീരത്തിന്റെ ഭാരം ഭൂമിക്ക് നല്‍കി. ഇനിയവന്‍ ജനിക്കട്ടെ. ഒരു സുവര്‍ണ്ണ ശലഭമായി.”

തന്നെ നോക്കിയ വിനോദിന്റെ കണ്ണുകളില്‍ നോക്കി പുഞ്ചിരിച്ചുകൊണ്ടദ്ദേഹം വീണ്ടും തുടര്‍ന്നു.

“മരണത്തെ അവഗണിക്കുന്നതിനേക്കാളുത്തമം പുല്‍കുന്നതത്രെ. ഓരോരുത്തരുടേയും കാലടികള്‍… അവരവരുടെ മരണത്തിലേക്കല്ലേ? അവനവന്റെ മരണത്തെ പുല്‍കി. ആശ്വാസം നിങ്ങളെ പുല്‍കട്ടെ..”

യാത്രപറയാനൊന്നും നില്‍ക്കാതെ അദ്ദേഹം മെല്ലെ അവര്‍ക്കിടയില്‍ നിന്നും നടന്നകലുമ്പോള്‍, അവരയാളെ നോക്കി നിന്നു.

സുകു എന്ന ആത്മാവ്, പിഞ്ഞിത്തുടങ്ങിയ ശരീരമെന്ന വസ്ത്രമുപേക്ഷിച്ച് യാത്രയായി. മണ്ണിലെ ജീവിതത്തിന്റെ യാതൊരു വിധ ആലഭാരങ്ങളുമില്ലാതെ, യാതൊരു വിധ വിഭ്രാന്തികളും പിടിക്കപ്പെടാത്തൊരു ലോകത്തിലേക്ക്, അവന്‍ യാത്രയായി.

ഒരുപിടി വിഭൂതിയായി, മണ്‍കുടത്തിലവനെ ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ വിനോദിന്റെ കൈവിറച്ചു. മണ്ണില്‍ ഒരുമിച്ചു നടത്തം തുടങ്ങിയ കൂട്ടരില്‍ ചിലര്‍ മുന്നേ യാത്ര പോകുന്നു. അവര്‍ മണ്ണില്‍ ജീവിച്ചിരിക്കുന്നവരുടെ ഓര്‍മ്മകളില്‍ വേദനയുടെ മുള്‍ച്ചെടികളായി മാറുന്നു. മറവിയെന്ന വരം കാലമെന്ന മഹാസംവിധായകന്‍ അനുഗ്രഹിച്ചു നല്‍കും വരെ, അവര്‍ കൂടെ നടന്നവരുടെ ഉള്ളില്‍ നോവിന്റെ മുള്ളുകൾ തറച്ചുകൊണ്ടേയിരിക്കും. അന്നോളം അവരുണ്ടാക്കിയ ശൂന്യതയിലേക്ക് നോക്കിയിരിക്കാന്‍ വിധിക്കപ്പെട്ടവര്‍, ആ ശൂന്യതയുടെ മാളത്തില്‍ നിന്നവര്‍, തങ്ങളിലേക്കിറങ്ങിവന്നെങ്കിലെന്ന് വെറുതെ കൊതിച്ചുപോകും…

തുടരും


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top