Flash News

തീരങ്ങള്‍ നഷ്ടപ്പെട്ടവര്‍ (ചെറുകഥ): അബൂതി

March 25, 2020

theerangal_nashtappettavar bannerചെറു ചാറ്റല്‍ മഴയായി തുടങ്ങിയതാണ്. അതിപ്പോള്‍, ചരല്‍ വാരിയെറിയുന്ന പോലെയായിരിക്കുന്നു. ഇനി ചൂണ്ടയെറിഞ്ഞിട്ട് കാര്യമില്ല. അയാള്‍ മെല്ലെ ചൂണ്ട മടക്കി. കയ്യില്‍ ബാക്കിയുണ്ടായിരുന്ന മണ്ണിരയെ പുഴവക്കത്തെ കവുങ്ങിന്‍ തോട്ടത്തിലേക്കെറിഞ്ഞു. മീന്‍ കോര്‍മ്പലിലേക്ക് നോക്കിയപ്പോള്‍ നിരാശയുടെ കടല്‍ കുത്തിയ കണ്ണുകളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങിയതയാള്‍ ഇടങ്കൈ കൊണ്ട് അമര്‍ത്തിത്തുടച്ചു. പിന്നെ അതിവേഗം നടന്നു തുടങ്ങി.

കഴിഞ്ഞ രണ്ടു ദിവസമായി ചടച്ചൊരു മഴയായിരുന്നു. ഇന്നൊരെല്പം വെയില്‍ അറച്ചപ്പോള്‍ ചൂണ്ടയുമായി ഇറങ്ങിയതാണ്. മഴക്കാറിന്‍റെ തുണ്ട് പോലുമില്ലാത്ത ആകാശം ആശയിട്ടു തന്നതാണ്. ഇതാ ഇപ്പോള്‍ ക്ഷണനേരം കൊണ്ടതെല്ലാം മാറിയിരിക്കുന്നു. ഇന്നലെയും മിനിഞ്ഞാന്നും അതിന്‍റെ തലേന്നും മുഴുപട്ടിണിയായിരുന്നു. ഇനി കയ്യിലുള്ള ഈ നാല് മീന്‍, പുഴമീന്‍ കമ്പമുള്ള ആരെങ്കിലും വാങ്ങണം. പേശി പേശി അവസാനം കിട്ടുന്ന ചില്ലറത്തുട്ടുകള്‍ക്ക് ഒരു വയര്‍ വിശപ്പിന്‍റെ മുഴുവന്‍ തീയും കെടുത്താനാവില്ല. എന്നാലും ഒരാശ്വാസം കിട്ടും.. ആശ്വാസം മാത്രം!

തോണിക്കാരന്‍ കാക്ക എന്നൊരു പേരിലേക്ക് സ്വത്വം ഉള്‍വലിഞ്ഞു പോയൊരാളാണ് അയാള്‍. പെരിയമ്പലം കടവില്‍ അയാളുടെ യൗവ്വനം തണ്ടൂന്നി തഴമ്പിച്ചു. അല്ലലില്ലായിരുന്നു അന്നൊക്കെ. വീട്ടില്‍ ഭാര്യയും മകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുഴത്തഴമ്പ് വീണ കയ്യിനാല്‍ തന്‍റെ നഗ്നമായ പുറത്ത് അയാള്‍ തഴുകുമ്പോഴൊക്കെ, ഇത്തിരി കൊഞ്ചല്‍ കലര്‍ത്തി ഭാര്യ ചോദിക്കാറുണ്ട്..

“ദെന്താത്.. പാറോത്ത് പോലുണ്ടല്ലോ…”

അയാളുടെ ചെറുചിരിയില്‍ അവളുടെ നേര്‍ത്ത സീല്‍ക്കാരങ്ങള്‍ അലിഞ്ഞു ചേരും. അയാളുടെ കുടിലില്‍ കൊച്ചു കൊച്ചു സന്തോഷത്തില്‍ മത്താപ്പുകള്‍ കത്തിയിരുന്നു അന്നൊക്കെ..

പെരിയമ്പലത്ത് പാലം വന്നപ്പോള്‍ കടവൊഴിഞ്ഞു. പിന്നെ അയാള്‍ മണല്‍ വാരുന്ന ചെറുപ്പക്കാര്‍ക്ക് വേണ്ടി തോണി തുഴഞ്ഞു. നാടായ നാടുകളില്‍ മുഴുവന്‍ മനുഷ്യന്‍റെ ആര്‍ത്തി മണലൂറ്റി മണലൂറ്റി, മിക്ക പുഴകളും പുഴുക്കള്‍ പോലെയായി. നിയമം കര്‍ശനമായപ്പോള്‍ ആ വഴിയും അടഞ്ഞു. മാത്രമല്ല, തോണിക്ക് പകരം ആളുകള്‍ മണല്‍ നേരെ കുട്ടി ലോറികളിലേക്ക് വാരിയിടാനും തുടങ്ങിയിരുന്നു.

നിര്‍ഭാഗ്യം ഇതൊന്നുമായിരുന്നില്ല. ഏഴു വയസ്സുള്ള മകളേയും അയാളെയും ഇരുട്ടത്ത് നിര്‍ത്തിയ, ഭാര്യയുടെ മരണമായിരുന്നു. ചില മരണങ്ങള്‍ അങ്ങിനെയാണ്. മണ്ണില്‍ ബാക്കിയാവുന്നരുടെ ഹൃദയം നെഞ്ചിന്‍ കൂടില്‍ നിന്നും പറിച്ചെടുക്കുന്നവ. അവര്‍ ബാക്കിയാക്കിപ്പോകുന്ന ശൂന്യതയിലേക്ക് നോക്കി, നെടുവീർപ്പിന്റെ, വിരക്തിയുടെ ഉഷ്ണഗുഹകളില്‍ കൂടി ഞെങ്ങി ഞെരുങ്ങി കടന്നു പോകേണ്ടി വരിക. അതൊരു വല്ലാത്ത അനുഭവമാണ്. അനുഭവിച്ചവര്‍ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന, വല്ലാത്തൊരനുഭവം.

ഒരു പെണ്ണ് കെട്ടിക്കൂടെ? ഒരു തുണ വേണ്ടേ? പെണ്‍കുട്ടിയല്ലേ, അവള്‍ക്കൊരു ഉമ്മ വേണ്ടേ? ചൂടുവെള്ളം ഉണ്ടാക്കിത്തരാനൊരാള് വേണ്ടേ? അങ്ങിനെയങ്ങിനെ ചോദ്യങ്ങളുടെ കൂമ്പാരം മുന്നില്‍ കുമിഞ്ഞു കൂടി. ഒന്നും കേട്ടില്ല. മകളെ ഒരു എളേമ്മയുടെ കൈയ്യിലേല്‍പ്പിക്കാന്‍ അയാള്‍ പേടിച്ചു. മകള്‍ക്കു വേണ്ടി ജീവിക്കാമെന്ന് തീരുമാനിച്ചു. തോണിപ്പണി പതുക്കെപ്പതുക്കെ ഇല്ലാതായി. അയാളുടെ ജീവിതം പോലെ പുഴക്കരയില്‍ ആ തോണി വെയിലും മഴയും മഞ്ഞുമേറ്റ് കിടന്നു. അത് വിറ്റ് പണമാക്കാന്‍ പലരും പറഞ്ഞു. കരള്‍ പറിച്ചു വില്‍ക്കാന്‍ പഠിച്ചിട്ടില്ലായിരുന്നു അയാള്‍. ഇടയ്ക്കിടയ്ക്ക് അയാളാ തോണിയുടെ അടുത്ത് ചെന്നിരിക്കും. പ്രണയപരവശനായ കാമുകന്‍, താരുണ്യവതിയായ കാമുകിയുടെ മുതുകിലെന്നവണ്ണം, ചിലപ്പോഴതിനെ തഴുകിക്കൊണ്ടേയിരിക്കും. മറ്റു ചിലപ്പോള്‍ ഒരു കൊച്ചു കുഞ്ഞിനെയെന്ന വണ്ണം അതിനെ കെട്ടിപ്പിടിച്ചുമ്മ വെക്കും. മറ്റു ചിലപ്പോള്‍ ഉമ്മയുടെ മടിത്തട്ടിലേക്കെന്ന പോലെ, അതിന്മേലേക്ക് ചാഞ്ഞ് കിടക്കും. രണ്ടു തുള്ളി കണ്ണുന്നീര്‍ മാത്രം അയാളുടെ അടക്കിയ മൗനത്തിന്റെ ചുട്ടുപഴുത്ത മണ്‍കലത്തിൽ തിളച്ചു.

ചൂണ്ടയിട്ടും, ഒറ്റാല് കുത്തിയും, കുത്തുവല പിടിച്ചുമൊക്കെ പുഴയില്‍ നിന്നയാള്‍ മീന്‍ പിടിച്ചു. എന്നും എപ്പോഴും പുഴയായിരുന്നു അയാള്‍ക്ക് അന്നമൂട്ടിയിരുന്നത്. തന്റെ സങ്കടങ്ങളും സ്വപ്നങ്ങളുമൊക്കെ അയാള്‍ പറഞ്ഞിരുന്നത് പുഴയോടായിരുന്നു. ആ പുഴയ്ക്ക് കുറുകെ, അക്കരെയ്ക്കുമിക്കരേയ്ക്കും തുഴയൂന്നി ചുരുണ്ട തന്റെ യൗവ്വനം അയാളിപ്പോള്‍ ഓർക്കാറില്ല. വേവലാതിപ്പെടാന്‍ അയാള്‍ക്കിപ്പോള്‍ പുതിയ കാര്യമുണ്ടല്ലോ?

വളര്‍ന്നു വന്നൊരു മകള്‍. പതിനാറു വയസ്സ്. അരപ്പട്ടിണിയും അര്‍ദ്ധനഗ്നതയും അതിദാരിദ്ര്യത്തിന്റെ വെറും അലങ്കാരങ്ങള്‍ മാത്രമായിരുന്നു. എന്നിട്ടും അയാള്‍ തന്റെ പൊന്നുമോളെ വളര്‍ത്തി. പക്ഷെ ആലില പോലെ വിറയ്ക്കുന്ന കൗമാരക്കാരിയുടെ ആ മനസ്സ്, അത് മാത്രം അയാളറിഞ്ഞില്ല. ഒരു രാത്രി, തനിക്കു വേണ്ടി ജീവിതം മാറ്റി വച്ച,
വാര്‍ദ്ധക്യത്തിലേക്ക് എത്തിനോക്കി നില്‍ക്കുന്ന, പിതാവിനെ ആ ഇരുട്ടിലെങ്ങനെ നിര്‍ത്തി, അവള്‍ പോയി. ജീവിതത്തിന്റെ പുതിയ ആകാശങ്ങള്‍ തേടി. തെക്കുനിന്നെങ്ങോ വന്നൊരു ചെറുപ്പക്കാരന്റെ കൂടെ.

നേരം വെളുത്തപ്പോള്‍ സഹതാപവും പരിഹാസവും ഇടകലര്‍ത്തി ആശ്വാസവാക്കുകളുമായി നാട്ടുകാരില്‍ ചിലരെത്തി. അവരോടൊക്കെ അയാളൊരു വേദനയെ പറഞ്ഞുള്ളു..

“ഓള്‍ക്ക്… പറഞ്ഞിട്ട് പോകാമായിരുന്നു. നിക്കാഹ് ചെയ്തു കൊടുക്കൂലെ ഞാന്‍? ഇതിപ്പോ… പടച്ചോന് നിരക്കുന്ന പരിപാടിയല്ലല്ലോ…?”

നാട്ടില്‍ പല കഥകളും കേട്ടു. കേട്ടതൊന്നും കേള്‍ക്കാത്ത മട്ടില്‍ അയാള്‍ നടന്നു. ഭൂമിയുടെ ഉള്ളിലേക്ക് പോയൊളിക്കാന്‍ അയാള്‍ക്കാവുമായിരുന്നില്ല. ആഗ്രഹിക്കുമ്പോള്‍ മരിക്കാനും. പലപല കഥകളില്‍ ഒരു കഥ അയാളുടെ നെഞ്ചിന്‍ കൂട് പിളര്‍ത്തി. പുഴയുടെ ആഴങ്ങളില്‍ അയാള്‍ ശ്വാസം മുട്ടിപ്പിടയുവോളം മുങ്ങിക്കിടന്നു. തീരങ്ങളിലെ മുളകളില്‍ ചിലത് പുഴയിലേക്ക് തലകുത്തിയിരുന്നു. ചില മരങ്ങളും ചെടികളും കൂടെയുണ്ടായിരുന്നു. വര്‍ദ്ധിച്ച ഈര്‍ഷ്യയോടെ അവയുടെ തലപ്പുകളില്‍ പിടിച്ചു വലിച്ചു കൊണ്ട് പുഴയൊഴുകി. ആ ഒഴുക്കിന്റെ കൂടെ അങ്ങ് കടലോളം ഒലിച്ചു ചെല്ലാന്‍ അയാള്‍ കൊതിച്ചു. ഏതൊരു വൃത്തികെട്ട മനസ്സിലാണാവോ ആ കഥ ഉരുത്തിരിഞ്ഞത്. ആ മകള്‍, രാത്രി മുഴുവന്‍ തന്നെ ഭോഗിക്കുന്ന പിതാവില്‍ നിന്നും ഓടിയൊളിച്ചതാണത്രേ. അയാളുടെ നെഞ്ചിലൊരു പിഞ്ചു കുഞ്ഞ് തൊണ്ണ് കാട്ടി കരഞ്ഞു. അയാളിലെ പിതാവ് മനസ്സ് പൊട്ടി കരയുന്ന ശബ്ദവും ഗര്‍ഭത്തിൽ പേറി, കടുത്ത കോപത്തോടെ തീരങ്ങളിലും ശിലകളിലും ആഞ്ഞു പ്രഹരിച്ചുകൊണ്ട്, പുഴ കുത്തിയൊലിച്ചു.

പിന്നെ അയാളൊരു അപ്പൂപ്പന്‍ താടിയാവുകയായിരുന്നു. ജരാനരകള്‍ മാന്തിപ്പറിച്ച ഉടലില്‍ സ്വാതന്ത്ര്യത്തിനായി വെമ്പുന്നൊരു ആത്മാവുമായി, അയാള്‍ ആ നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടന്നു. ഈ ഭൂമിയില്‍ ജീവിക്കാന്‍ അയാള്‍ ഒരു കാരണം മാത്രമേ കണ്ടുള്ളൂ. സ്വന്തം ജീവന്‍ സ്വയം ഹനിക്കാന്‍ പടച്ചവന്റെ അടിയാളന്മാര്‍ക്ക് അവകാശമില്ലെന്നത് മാത്രം.

അതൊരു നക്ഷത്രങ്ങളില്ലാത്ത രാത്രിയായിരുന്നു. സമയം സുബഹിയോട് അടുത്തിരിക്കുന്നു. ചെറുതായി പെയ്യുന്ന ചാറ്റല്‍ മഴയത്ത്, പുഴയില്‍ നിന്നും മണല്‍ കോരുകയായിരുന്നു ഒരു കൂട്ടം ചെറുപ്പക്കാര്‍. പഞ്ചായത്ത് റോഡില്‍ നിന്നും പുഴയിലേക്കുള്ള ഇറക്കത്തിലാണ് മിനി ലോറി നിര്‍ത്തിയിരുന്നത്. പുഴയില്‍ നിന്നും വെള്ളമൊലിക്കുന്ന മണല്‍കുട്ടയും തലയിലേറ്റി അവരോരുത്തരായി ലോറിയുടെ അടുത്തേയ്ക്ക് വന്ന് മണല്‍ നിറയ്ക്കുകയായിരുന്നു. അതിലൊരു നിർഭാഗ്യത്തിന്റെ നിമിഷത്തില്‍, കൂട്ടത്തിലൊരു ചെറുപ്പക്കാരന്‍, ബഷീര്‍, തന്റെ കുട്ടയിലെ മണല്‍ വണ്ടിയിലേക്കിടുമ്പോള്‍ ആണത് സംഭവിച്ചത്.

ഇറക്കത്തില്‍, ചാറ്റല്‍ മഴയത്ത് കുതിര്‍ന്ന മണ്ണില്‍ വണ്ടിക്ക് തട വച്ചിരുന്ന കല്ല് മണ്ണിലാണ്ടു പോയി. ചെളിയിലൂടെ ലോറി പുഴയിലേക്ക് നിറങ്ങിയിറങ്ങി. വീണുപോയ അയാളുടെ നെഞ്ചിലൂടെയാണ് പിന്‍ചക്രം നിരങ്ങിയത്. വാരിയെല്ലുകളും നെഞ്ചിന്‍ കൂടും പൊടിഞ്ഞമരുന്ന ശബ്ദം, അയാളുടെ നിലവിളിയില്‍ മുങ്ങിപ്പോയി.

മഴയത്ത് ചോര്‍ന്നൊലിക്കുന്ന വീട്ടില്‍, ആമിന തന്റെ മൂന്ന് കൊച്ചു കുഞ്ഞുങ്ങളെയും മാറോട് ചേര്‍ത്ത് അരണ്ട വെളിച്ചത്തിലേക്ക് മിഴികള്‍ തുറന്നിരുന്നു. വേദനയില്‍ മുങ്ങിയ ഹൃദയം ഞെക്കിപ്പിഴിയുമ്പോള്‍, ഇന്നും, ഇപ്പോഴും അവളുടെ കണ്ണില്‍ നിന്നും രണ്ടിറ്റ് കണ്ണീര്‍, രക്തം കലര്‍ന്നൊഴുന്നുണ്ട്.

വിജനവീഥിയില്‍ വീണുപോയ സഞ്ചാരിയുടെ അരികെ, ചാവ് കാത്തിരിക്കുന്ന കഴുകന്മാരെ പോലൊരു കൂട്ടം പുരുഷന്മാരെ അവള്‍ ഇതിനകം കണ്ടു കഴിഞ്ഞു. പാതിയാത്രയില്‍ ഒറ്റയ്ക്കാവുന്ന ഏതൊരു സ്ത്രീയും അങ്ങിനെ ഒരു ആള്‍ക്കൂട്ടത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടാവും. ബഷീര്‍ വിട്ടു പോയിട്ട് ഒരു വര്‍ഷമാകുന്നു. ജീവിതം വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്ക് വീണത് കഴിഞ്ഞ വര്‍ഷകാലത്താണ്.

ആ ദിവസം… വിളക്കണഞ്ഞു പോയ ദിവസം… ഇന്നും നെഞ്ചിലൊരു ചുട്ടുപഴുത്ത പച്ചിരുമ്പിന്റെ സ്പര്‍ശമാണ്. എത്ര ചങ്കുപൊട്ടി കരഞ്ഞാലും, വിളിച്ചാലും കേള്‍ക്കാത്തൊരു ദൂരത്തേയ്ക്ക് ബഷീറിക്ക പോയെന്ന്, എത്ര ശ്രമിച്ചിട്ടും വിശ്വസിക്കാനായില്ല. മനസ്സത് വിശ്വസിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ, പ്രജ്ഞയറ്റു വീഴുന്നൊരു പഞ്ഞിക്കെട്ട് മാത്രമായിരുന്നു ശരീരം. പിന്നീടെപ്പോഴോ വിശന്നു കരയുന്ന പൈതലുകളുടെ മുഖം, വേർപാടിന്റെ കിടങ്ങ് ചാടിക്കടക്കാന്‍ മനസ്സിന് ധൈര്യം തന്നു. ആണ്‍കിളി മരിച്ചു പോയാല്‍, പട്ടിണിയില്‍ ചത്തു പോകുന്ന വെറും വേഴാമ്പലായി മാറാനാവില്ലായിരുന്നു അവള്‍ക്ക്.

ചോര്‍ന്നൊലിക്കുന്ന വീടിന്റെ മേല്‍ക്കൂര ഒന്ന് ശരിയാക്കണം എന്നുണ്ടായിരുന്നു ബഷീറിന്. കഴുക്കോലും പട്ടികയും അന്നേ ആകെ ചിതലരിച്ചിരുന്നു. മിക്കയിടങ്ങളിലും ഓടിളകിയിട്ടുണ്ട്. എല്ലാം ഒന്ന് നേരെയാക്കാന്‍ ഒത്തിരി പണം വേണമായിരുന്നു. അത് കൊണ്ടാണ്, പകല്‍ ഓട്ടോ ഓടിക്കുന്ന അവന്‍ രാത്രി മണല്‍ കോരാന്‍ പോയത്. ഇനി പറഞ്ഞിട്ടെന്ത് കാര്യം. ബഷീര്‍ മരിച്ചപ്പോള്‍ പള്ളിക്കമ്മിറ്റി ഉത്സാഹിച്ചൊരു പണപ്പിരിവ് നടത്തി. ആ പണം കൊണ്ട് വീട് നന്നാക്കാന്‍ പറ്റില്ലെന്നാരോക്കെയോ പറഞ്ഞത്രേ. രണ്ടു പെണ്മക്കളുണ്ടല്ലോ. അങ്ങിനെ ആ പണം ബാങ്കില്‍ ഇട്ടിരിക്കുകയാണ്. നിത്യവൃത്തിക്കായി ഇപ്പോള്‍ സെയ്‌നുദ്ധീന്‍ ഹാജിയാരുടെ വീട്ടില്‍ വേലയ്ക്ക് പോകുന്നുണ്ട്. അവിടന്ന് കിട്ടുന്ന ചില്ലറത്തുട്ടുകള്‍ കൊണ്ട് അടുപ്പെരിയുന്നു. അത്രമാത്രം.

ബഷീർ മരിച്ച് അധികം കഴിയുന്ന മുന്‍പേ, ചെറുപ്പം വിടാത്തൊരു സ്ത്രീക്ക് പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളോടൊത്ത് ആണ്‍തുണയില്ലാതെ താമസിക്കാന്‍ വലിയ പ്രയാസങ്ങള്‍ നേരിടേണ്ടി വരുന്നൊരു സമൂഹത്തിലാണ് താന്‍ ജീവിക്കുന്നതെന്ന് തിരിച്ചറിഞ്ഞു. ചിലരുടെ അര്‍ത്ഥം വച്ചുള്ള നോട്ടവും ചോദ്യങ്ങളും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു. വീടിന്റെ അടുത്തുള്ള വഴിയില്‍ നിന്നുയരുന്ന ചൂളം വിളികളും അശ്ലീല വാചകങ്ങളും അവഗണിച്ചു. ജനാലയ്ക്കലും വാതിലിലും ഉള്ള തോണ്ടി വിളികള്‍ കേള്‍ക്കുമ്പോള്‍, ഭയത്തോടെ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് ഇരുട്ടിലേക്ക് പതുങ്ങി. അതെല്ലാം തുടര്‍ന്ന് കൊണ്ടേയിരുന്നു. അവളുടെ മനസ്സൊരിക്കലും പതറിയില്ല. ബഷീറിന്റെ സ്നേഹത്തിന്റെ ആ മൂന്നു സമ്മാനങ്ങളെ മാറോടണക്കി, അവന്റെ ഓര്‍മ്മയില്‍, മക്കളെന്ന ഒരേയൊരു സ്വപ്നത്തിലേക്ക് ചുരുണ്ടുകൂടി.

പുഴ വക്കത്തു നിന്നും കാലുകള്‍ വലിച്ചു വച്ച് നടക്കവേ അയാള്‍ക്ക് പെട്ടെന്നൊരു ക്ഷീണം. മഴത്തുള്ളികള്‍ വീണുടയുന്ന മുഖം ഒന്ന് കൂടി ആഞ്ഞു തുടച്ചു നോക്കി. ഇല്ല. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ. വേച്ചു വേച്ചയാള്‍ വഴിയരികോളം എത്തി. കവുങ്ങിന്‍ തോട്ടത്തില്‍ നിന്നും റോഡിലേക്ക് കയറവെ, ചെളിയിലേക്ക് മുഖം കുത്തി വീണു. അപ്പോഴും അയാള്‍ കൈയ്യിലെ ചൂണ്ടയും തുച്ഛമായ മീന്‍ കോര്‍മ്പലും മുറുക്കിപ്പിടിച്ചിട്ടുണ്ടായിരുന്നു.

വെള്ളം നിറഞ്ഞൊരു പാത്രവുമായി ഇറയത്തേയ്ക്ക് വന്നതായിരുന്നു ആമിന. അപ്പോഴാണ് ഒരു ആള്‍ വഴിയിലേക്ക് വീഴുന്നത് കണ്ടത്. കൈയ്യിലെ അലൂമിനിയം പാത്രം വലിച്ചെറിഞ്ഞവള്‍ ഓടിച്ചെന്നു. ആളെ തിരിച്ചറിഞ്ഞപ്പോള്‍ വല്ലാത്ത ഭാവത്തോടെ വിളിച്ചു.. പടച്ചോനേ….

അയാള്‍ എഴുന്നേല്‍ക്കാനുള്ള ശ്രമത്തിലായിരുന്നു. ആമിന അയാളെ ഒരു വശത്തു നിന്നും താങ്ങി. ചെളിപുരണ്ട മുഖമുയര്‍ത്തി അയാള്‍ അവളെ ദയനീയമായൊന്ന് നോക്കി. പിന്നെ അവളുടെ ചുമലില്‍ താങ്ങിയെഴുന്നേറ്റു.

ഇങ്ങള് വരീം… ആമിന അയാളെയും കൊണ്ട് മെല്ലെ മെല്ലെ തന്റെ കൂരയിലേക്ക് നടന്നു. ഇറയത്ത് നിന്നും പകച്ചു നോക്കുന്ന കുഞ്ഞുങ്ങളോട് ഒരു പായയെടുക്കാന്‍ പറഞ്ഞപ്പോള്‍ മൂന്നും കൂടി വീടിന്റെ അകത്തേയ്ക്കോടി. അയാളെ താങ്ങി വീടിന്റെ അകത്തേയ്‌ക്കെത്തിയപ്പോഴേക്കും മൂത്ത മകള്‍ ഒരു പിഞ്ഞിത്തുടങ്ങിയ പുല്പായയും കൊണ്ടെത്തി. അത് വിരിച്ച് അയാളെ അതിലിരുത്തി. അപ്പോഴും അയാളുടെ കൈയ്യിൽ മുറുകെ പിടിച്ചിരിക്കുന്ന ചൂണ്ടയും മീനും അവള്‍ വാങ്ങി. അത് വിട്ടു കൊടുക്കാന്‍ അയാള്‍ക്ക് മടിയുള്ളത് പോലെ. അവള്‍ നേരിയ ബലം പ്രയോഗിച്ചപ്പോള്‍ അയാള്‍ തന്റെ ശുഷ്കിച്ച കൈവിരലുകള്‍ അയച്ചു.

അവള്‍ വേഗം കുറച്ച് വെള്ളവുമായി വന്നു. അയാളുടെ മുഖവും ശരീരവും തുടച്ചു. ക്ഷീണത്തോടെ തന്റെ മുഖത്തേയ്ക്ക് പകച്ച് നോക്കുന്ന അയാളോട് അവള്‍ ചോദിച്ചു.

“ങ്ങക്കെന്താ പറ്റീ….”

അയാള്‍ ഒന്നും പറഞ്ഞില്ല. ആ കണ്ണുകള്‍ നിറഞ്ഞു വന്നു. അത്രമാത്രം. ആമിന അല്പനേരം ആ മുഖത്തേയ്ക്ക് നോക്കികൊണ്ടിരുന്നു. പിന്നെ പതുക്കെ ചോദിച്ചു…

“ങ്ങക്ക് പയിച്ചുണുണ്ടോ…?”

അയാളുടെ ചുണ്ടിലൊരു വിതുമ്പല്‍ വിറച്ചു നിന്നു. പിന്നെ മെല്ലെ മുഖം താഴ്ത്തിയിരുന്നു. അവള്‍ പിന്നെ ഒന്നും ചോദിച്ചില്ല. നേരെ അടുക്കളയിലേക്ക് ചെന്നു. ആ വീട് മുഴുവനും ചോര്‍ന്നൊലിക്കുന്നുണ്ട്. എപ്പോഴാണാവോ അതവരുടെ തലയിലേക്ക് വീഴുക എന്ന നിലയിലാണ്. ആ വീട്ടിലെ മുഴുവന്‍ പാത്രങ്ങളും അകത്ത് നിരത്തി വച്ചിരിക്കുകയായിരുന്നു. അവള്‍ അതില്‍ നിന്നുമൊരു പാത്രമെടുത്തു. അതിലെ വെള്ളം മുറ്റത്തേയ്ക്ക് ചിന്തി. കഞ്ഞിക്കലത്തിന്റെ മൂടി തുറന്നപ്പോള്‍, വേനലില്‍ വറ്റാനായ കിണറിന്റെ അടിയിലെ ഇത്തിരി വെള്ളം പോലെ ഒരല്പം കഞ്ഞി അതിലുണ്ടായിരുന്നു. കഞ്ഞി എന്ന് പറയാന്‍ പറ്റില്ല. നാലഞ്ച് വറ്റുകള്‍ മാത്രമുള്ള വെറും കഞ്ഞിവെള്ളം. കുട്ടികള്‍ കുടിച്ചതിന്റെ ബാക്കി ആമിന തനിക്ക് വേണ്ടി മാറ്റി വച്ചതാണത്. അത് മുഴുവനും അവളാ പാത്രത്തിലേക്ക് ചെരിഞ്ഞു. കുട്ടികള്‍ക്ക് കൊടുത്ത മുളക് ചമ്മന്തിയുടെ പാത്രവും കൂടി എടുത്ത് അവള്‍ അയാളുടെ അടുക്കലേക്ക് ചെന്നു.

തന്റെ മുന്‍പിലെ ആ കഞ്ഞി പാത്രത്തിലേക്കും, ആമിനയുടെയും മക്കളുടെയും മുഖത്തേയ്ക്കും അയാള്‍ മാറി മാറി നോക്കി. അപ്പോഴുമുണ്ടായിരുന്നു അയാളുടെ ചുണ്ടില്‍ കടിച്ചു പിടിച്ചൊരു തേങ്ങല്‍. പിന്നെ ആര്‍ത്തിയോടെ അയാള്‍ കഞ്ഞിവെള്ളം കോരിക്കുടിക്കാന്‍ തുടങ്ങി. ഇടയ്ക്കൊക്കെ ആ പാത്രത്തിലേക്ക് അയാളുടെ കണ്ണില്‍ നിന്നും നീര്‍മുത്തുകള്‍ വീഴുന്നുണ്ടായിരുന്നു.

വയറിലെ കത്തലിനൊരു ആശ്വാസം കിട്ടിയപ്പോള്‍ അയാളുടെ നെഞ്ചിലെ ശ്വാസമൊന്ന് നേരെ നിന്നു. കാഴ്ച തെളിഞ്ഞു. അപ്പോഴാണ് അയാള്‍ നിരത്തി വച്ച പത്രങ്ങളും അതിലേക്ക് ഒരേ താളത്തില്‍ വീഴുന്ന ജലകണങ്ങളും ശ്രദ്ധിച്ചത്. അതിനേക്കാള്‍ അയാളുടെ കണ്ണുകള്‍ ഉടക്കി നിന്നത് ആ മക്കള്‍ തന്റെ മീൻ കോര്‍മ്പലിലേക്ക് കൊതിയോടെ നോക്കുന്ന കാഴ്ചയിലാണ്.

ഒരല്പനേരം കൂടി അയാള്‍ അവിടെയിരുന്നു. യാത്രപറഞ്ഞിറങ്ങാന്നേരം ആമിന അയാളുടെ ചൂണ്ടയും മീനും എടുത്തു കൊടുത്തു. ചൂണ്ട അയാള്‍ വാങ്ങി. മീന്‍ വാങ്ങിയില്ല. ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.

“അത് കുട്ട്യാള്‍ക്ക് കൊടുത്തളാ…”

അയാള്‍ നോക്കിയപ്പോള്‍ കണ്ടു. സ്വര്‍ഗം കിട്ടിയ സന്തോഷം, കുട്ടികളുടെ മുഖത്ത്. അയാള്‍ മെല്ലെ മുറ്റത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ആമിന ചോദിച്ചു..

“മഴ മാറീട്ട് പോയാ പോരെ.. ഇവിടെ ആകെ ഒരു കൊട മാത്രേള്ളൂ… അത് ചൂടിട്ടും കാര്യല്ല…”

“മാണ്ട കുട്ട്യേ… ഈ മഴേം വെയിലൂം എത്ര കൊണ്ടതാ….”

വഴിയിലേക്കിറങ്ങിയ അയാളുടെ മുന്നിലേക്ക് മാനത്ത് നിന്നും പൊട്ടി വീണ പോലെ നാലഞ്ച് ചെറുപ്പക്കാര്‍ ചാടി വീണു. അവരിലൊരാള്‍ അയാളുടെ കഴുത്തിന് പിടിച്ചുലച്ചുകൊണ്ട് ചോദിച്ചു…

“എന്തേനു…. അനക്കോളോടെ… രണ്ടും കൂടി പൊത്തിപ്പിടിച്ചകത്തേക്ക് പോയിട്ട് കൊറേ നേരായല്ലോ…..”

ഒരു വെള്ളിടി തലയിലേക്ക് വീണപോലെ അയാള്‍ ഞെട്ടി. പകച്ചു പോയ അയാള്‍ക്ക് വാക്കുകളൊന്നും കിട്ടിയില്ല. എത്ര നിന്ദ്യമായൊരു ചോദ്യമാണ് അതെന്ന് അയാളുടെ മനം തേങ്ങി. കൂട്ടത്തില്‍ ആരോ പറയുന്നത് കേട്ടു..

“ഓ.. മകള് പോയിട്ട് കൊറേ ആയില്ലേ… ന്നാലും… ഈ വയസ്സാം കാലത്ത്… വല്ലാത്ത ജാതി…. ആ പൊല്യാട്ച്ചിനെക്കൂടി ഇങ്ങട്ടെറെക്കീ…”

ഒരാള്‍ക്കൂട്ടത്തിന്റെ മനസ്സ് അതിലേറ്റവും ദുഷിച്ചവന്റെ മനസ്സാണെന്ന് അയാള്‍ തിരിച്ചറിയുകയായിരുന്നു. തന്റെ മൂക്കിലേക്ക് തുളച്ചു കയറുന്ന മദ്യത്തിന്റെ രൂക്ഷഗന്ധം ആ സംഘത്തിന്റെ മനോനില അയാളെ വിളിച്ചറിയിക്കുന്നുണ്ടായിരുന്നു. അയാള്‍ ആമിനയുടെ വീടിന്റെ ഭാഗത്തെക്കൊന്നെത്തി നോക്കി. ഭാഗ്യം അവളും മക്കളും അകത്താണ്. അയാള്‍ എവിടെ നിന്നോ കിട്ടിയ ധൈര്യത്തില്‍ അവരില്‍ നിന്നും കുടഞ്ഞു മാറി നേരെ അങ്ങാടിയിലേക്കോടി. അതിനിടയില്‍ അയാളുടെ ചൂണ്ടയൊക്കെ എവിടെയോ തെറിച്ചു പോയിരുന്നു.

ആ കനത്ത മഴയില്‍ അധികം ഓടാനൊന്നും അയാളെ കൊണ്ടായില്ല. പിന്നാലെ കാട്ടുനായ്ക്കളെ പോലെ ഓടിയെത്തിയ ആ കൂട്ടം അയാളെ എന്തൊക്കെയോ ചെയ്തു. പേപിടിച്ച നായ്ക്കളെ പോലെയായിരുന്നു അവര്‍. അവസാനം വരിവെള്ളത്തില്‍ കമഴ്ന്നടിച്ചൊരു പഴന്തുണിക്കെട്ട് പോലെ അയാള്‍ കിടന്നു. ചെളിവെള്ളത്തിലേക്ക് അയാളുടെ രക്തം കലര്‍ന്നത് കണ്ടപ്പോഴാണ് ആ ചെറുപ്പക്കാരുടെ മദപ്പാട് തീര്‍ന്നത്.

ആശുപത്രിയുടെ ICU-വിന് മുന്‍പില്‍ അവര്‍ കാത്തു നില്‍ക്കുകയാണ്. നാട്ടിലെ മസ്ജിദിലെ ഇമാമും, സൈനുദ്ധീന്‍ ഹാജിയും, വേറെ നാലഞ്ച് നാട്ടുപ്രമാണിമാരും. രണ്ടു പോലീസ് കോണ്‍സ്റ്റബിള്മാരും അവരുടെ കൂടെ ഉണ്ട്. രണ്ടേ രണ്ടു പ്രാവശ്യമേ അയാള്‍ക്ക് ബോധം വന്നുള്ളൂ. ആദ്യത്തെ പ്രാവശ്യം അയാള്‍ ആവശ്യപ്പെട്ടത്, നാട്ടിലെ പ്രമാണിമാരെയും പള്ളിയിലെ ഇമാമിനെയും കാണണം എന്നായിരുന്നു. പോലീസുകാര്‍ ഇതിനോടകം അക്രമികളെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തന്നെക്കൊള്ളെ ഈ ഇല്ലാക്കഥ പറഞ്ഞുണ്ടാക്കി പിതാവിന്റെ വയസ്സുള്ള ആ മനുഷ്യനെ തല്ലിച്ചതച്ചതില്‍ ആമിനയ്ക്കുള്ള ദുഃഖം ഒരു കടലോളമുണ്ടായിരുന്നു. ബഷീറിന്റെ മരണ ശേഷം ഇന്നോളം അവള്‍ ഈവിധം ചങ്കു പൊട്ടിക്കരഞ്ഞിട്ടില്ല.

ഇമാമിന്റെയും സൈനുദ്ധീന്‍ ഹാജിയുടെയും മറ്റുള്ളവരുടേയുമൊക്കെ മനസ്സില്‍, അയാളുടെ വാക്കുകള്‍ ഒരു കടലായിരമ്പി. പടച്ചവനാണെ, അന്നം കിട്ടാതെ തലചുറ്റി വീണവന്റെ മുന്നിലേക്ക്, ഒരു പാത്രം കഞ്ഞി നീട്ടിയതല്ലാതെ, ആ പാവം പെണ്ണ് വേറൊരു തെറ്റും ചെയ്തിട്ടില്ല. അതിനെ കല്ലെറിയാന്‍ നിങ്ങളാരെയും സമ്മതിക്കരുത്. പടച്ചോന് നിരക്കാത്തതൊന്നും ഞാന്‍ ചെയ്തിട്ടില്ല. ഇതെന്റെ ഒസ്യത്താണ്. നിങ്ങള്‍ക്കറിയാവുന്നത് പോലെ എനിക്കാകെ ഉള്ളത് ആ ഇരുപത് സെന്റ് സ്ഥലവും അതിലെ ചെറിയ വീടുമാണ്. ആമിനയെ എന്റെ മകളായി കണ്ട്, ആ വീടും അതടങ്ങിയ അഞ്ച് സെന്റ് സ്ഥലവും അവള്‍ക്ക് ഇഷ്ടദാനം കൊടുക്കുന്നു. ബാക്കി അഞ്ച് സെന്റ് സ്ഥലം പള്ളിക്കും, പത്ത് സെന്റ് സ്ഥലം എന്റെ മകള്‍ക്കും ഉള്ളതാണ്. എന്നെങ്കിലും അവളോ അവളുടെ മക്കളോ വന്നാല്‍ നിങ്ങളത് അവരെ ഏല്‍പ്പിക്കണം. അതുവരെ ആമിനയും മക്കളും അതനുഭവിച്ചോട്ടെ.

കാത്തിരിപ്പിന്റെ അവസാനം ICU-വിന്റെ വാതില്‍ തുറന്നു. ഡോക്ടര്‍ നിരാശയുടെ ഭാവത്തില്‍ അവരെ നോക്കി. പിന്നെ പതുക്കെ തല വെട്ടിച്ചു കാണിച്ചു. പുഴവക്കത്തൊരു തോണി അനാഥമായി. കലികൊണ്ട പുഴ തീരത്തെ മണ്ണുമാന്തിയെടുത്ത്, ഒരു സംഹാര രുദ്രയെ പോലെ ഇളകിമറിഞ്ഞുകൊണ്ടൊഴുകി. ഇമാമിന്റെ ചുണ്ടില്‍ അറിയാതെ ഒരു ഖുര്‍ആന്‍ വചനം പിടഞ്ഞു..

“ഹേ.. സമാധാനമടഞ്ഞ ആത്മാവേ.. സ്വയം തൃപ്തനായിക്കൊണ്ടും… എന്റെ തൃപ്തി ലഭിച്ചവനായിക്കൊണ്ടും… നീ നിന്റെ രക്ഷിതാവിലേക്ക് മടങ്ങിക്കൊള്ളുക. സല്‍ഗുണസമ്പന്നരായ എന്റെ ദാസന്മാരിലേക്ക് ചേര്‍ന്ന് കൊള്ളുക.. എന്റെ സ്വർഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക….”

ശുഭം


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top