Flash News

വ്യാജ പ്രചാരണങ്ങള്‍ക്കുള്ള സമയമല്ലിത്; ഒറ്റക്കെട്ടായി കൊവിഡ്-19നെതിരെ അണിനിരക്കുക: മാതാ അമൃതാനന്ദമയി മഠം

March 26, 2020 , .

AOC00136കോവിഡ്-19 രോഗബാധയുമായി ബന്ധപ്പെട്ട അടിയന്തിര സാഹചര്യത്തില്‍ കഴിഞ്ഞ ഒന്നര മാസത്തോളമായി എല്ലാ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക്, അതാതു ദിവസത്തെ സ്ഥിതിഗതികള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ആശ്രമത്തില്‍ നിന്നും ഇമെയില്‍ മുഖാന്തിരം അയക്കുന്നുണ്ട്. കൂടാതെ ആലപ്പാട് പഞ്ചായത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാ ദിവസവും ആശ്രമം സന്ദര്‍ശിക്കുകയും, വിവരങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. ചൈന, തായ്‌ലന്‍റ്, ഇറാന്‍, ഇറ്റലി, റിപ്പബ്ലിക്ക് ഓഫ് കൊറിയ, സിങ്കപ്പൂര്‍, മലേഷ്യ, ജപ്പാന്‍, തായ്‌വാന്‍, വിയറ്റ്നാം, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ളവരെയാണ് ആദ്യഘട്ടത്തില്‍ കൊറന്‍റൈന്‍ ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.

എന്നിരുന്നാലും സാഹചര്യത്തിന്‍റെ തീവ്രത കണക്കിലെടുത്ത് വിദേശത്തു നിന്നെത്തിയ എല്ലാവരെയും മഠം ഹോം കൊറന്‍റൈനില്‍ വച്ചിരുന്നു. അങ്ങനെ ഫെബ്രുവരി 25നു ശേഷം വിദേശത്തു നിന്നു വന്ന 58 പേരെ ഹോം കൊറന്‍റൈനില്‍ താമസിപ്പിച്ചിരുന്നു. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും അവരൊന്നും മുറിവിട്ട് പുറത്തുവരികയോ, മറ്റുള്ളവരുമായി ഇടപഴകുകയോ ചെയ്യുന്നില്ല. അവരുടെ ആരോഗ്യ വിവരങ്ങള്‍ ഓരോ ദിവസവും ജില്ലാ മെഡിക്കല്‍ ഓഫീസിനെയും, പഞ്ചായത്ത് ആരോഗ്യ പ്രവര്‍ത്തകരെയും അറിയിക്കുന്നുണ്ട്. എന്ന് മാത്രമല്ല, മൂന്നാഴ്ചയിലധികമായി ആശ്രമത്തില്‍, വിദേശികളോ സ്വദേശികളോ ആയ ഒരാളെപ്പോലും പുറത്തുനിന്നും പ്രവേശിപ്പിക്കുന്നില്ല. മാര്‍ച്ച് 5ന് തന്നെ ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് ആശ്രമം പ്രസിദ്ധീകരിച്ചിരുന്നു.

കോവിഡ് 19മായി ബന്ധപ്പെട്ട് നാം എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്, അതുകൊണ്ടുതന്നെ എല്ലാ പ്രവര്‍ത്തനങ്ങളും വളരെ സുതാര്യമായി തന്നെയാണ് ആശ്രമം മുന്നോട്ടു കൊണ്ടുപോകുന്നത്. സര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുകയും, ഓരോ ദിവസത്തേയും കാര്യങ്ങള്‍ അവരെ അറിയിക്കുകയും ചെയ്യുന്നുണ്ട്. ജില്ലാ ഭരണാധികാരികള്‍ അയക്കുന്ന ഡോക്ടര്‍മാര്‍ അടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സംഘം മഠത്തിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ തരികയും ചെയ്യുന്നുണ്ട്.

വിഷയത്തില്‍ ഏതെങ്കിലും തരത്തിലുള്ള കൂടുതല്‍ വിശദീകരണം ആവശ്യമെങ്കില്‍ ജില്ലാ ആരോഗ്യവകുപ്പ് അധികൃതരെ ബന്ധപ്പെട്ട് അന്വേഷിക്കാവുന്നതാണ് . ഇന്ന് മാര്‍ച്ച് 26നും റവന്യൂ, പോലീസ് ആരോഗ്യ വകുപ്പുകള്‍ ആശ്രമം സന്ദര്‍ശിക്കുകയും, വിശദമായ പരിശോധന നടത്തുകയും, സ്ഥിതിഗതികള്‍ തൃപ്തികരം ആണെന്ന് രേഖപ്പെടുത്തുകയും ചെയ്തു. ആര്‍ഡിഓയുടെ ചുമതലയിലുള്ള സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍, ശ്രീ. ആര്‍. സുമീതന്‍ പിള്ള, കോവിഡ് 19 ജില്ലാ നോഡല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശശി, കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസ് ഹെല്‍ത്ത് ടെക്നിക്കല്‍ അസ്സിസ്റ്റന്‍റ് ഡോ. നാരാണയണന്‍, ആലപ്പാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. അരുണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിരോധ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ മഠത്തിലെത്തിയത്. കരുനാഗപ്പള്ളി താലൂക്ക് തഹസീല്‍ദാര്‍ ശ്രീമതി സജിത ബീഗത്തോടൊപ്പം കരുനാഗപ്പള്ളി, ആലപ്പാട്, ക്ളാപ്പന വില്ലേജുകളിലെ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, മറ്റ് ആരോഗ്യ വകുപ്പ് പ്രതിനിധികള്‍, പോലീസ് അധികാരികള്‍ എിവരും സംഘത്തിലുണ്ടായിരുന്നു.

വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്ന നടപടിയില്‍ നിന്നും എല്ലാവരും മാറി നില്‍ക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top