Flash News

ചാവുനിലമായി ന്യൂജേഴ്‌സി; പകര്‍ച്ചവ്യാധിക്കെതിരേ കൂടുതല്‍ കരുതല്‍ നടപടികള്‍: ജോര്‍ജ് തുമ്പയില്‍

April 3, 2020

Hospital disinfectingന്യൂജേഴ്‌സി: കൊറോണ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മരണനിരക്കില്‍ ന്യൂജേഴ്‌സി മറ്റു പല കാര്യങ്ങളിലും മുന്നിലായിരുന്നു. എന്നാല്‍ കോവിഡ് 19 വന്നതോടെ, ഹൃദ്രോഗം, അര്‍ബുദം, വിവിധ അപകട മരണങ്ങള്‍ എന്നിവയ്‌ക്കൊന്നും വലിയ വിലയില്ലാതായി. 2018 ലാണ് ന്യൂജേഴ്‌സിയില്‍ വലിയ മരണനിരക്ക് ഉണ്ടായതെന്നാണ ആരോഗ്യവകുപ്പ് അധികൃതര്‍ പുറത്തുവിട്ട ഡേറ്റകള്‍ പറയുന്നത്. ഇപ്പോള്‍ ചാവണോ, ജീവിക്കണോ എന്നു നിശ്ചയിക്കുന്നത് ഇത്തരം ഡേറ്റകളും അവയുടെ വിശകലനങ്ങളുമാണല്ലോ. ശരാശരി 154 മരണങ്ങള്‍ എന്ന കണക്ക് കൊറോണ കുലംകുത്തിയായി മാറിയതോടെ ന്യൂജേഴ്‌സി മറികടന്നിരിക്കുന്നു. ഇതൊരു കണക്കേയല്ല, വരുന്ന ആഴ്ചയാണ് സര്‍വ്വകാല റെക്കോഡ് സൃഷ്ടിക്കപ്പെടുകയെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറയുന്നു.

ആദ്യത്തെ കൊറോണ വൈറസ് കേസ് മാര്‍ച്ച് 4 നാണ് ന്യൂജേഴ്‌സിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 30 ദിവസത്തിനുള്ളില്‍ മൊത്തം 25,590 പോസിറ്റീവ് കേസുകളും 539 മരണങ്ങളുമായി കൊറോണ സംസ്ഥാനത്ത് സര്‍വ്വാധിപത്യം സൃഷ്ടിച്ചു കഴിഞ്ഞു. അതിനു മുന്‍പു വരെ കൊറോണ എന്ന വിദേശ പകര്‍ച്ചവ്യാധിയെക്കുറിച്ച് ഗൂഗിളില്‍ സേര്‍ച്ച് ചെയ്തിരുന്നവര്‍ ഇന്ന് മരണത്തെ ഭയന്ന് മാസ്ക്കുകള്‍ക്കുള്ളിലായി ജീവിതം. ഓരോ 15 മിനിറ്റിലും കൈകള്‍ കഴുകുന്നു, മറ്റുള്ളവരെ കഴുകാന്‍ പ്രേരിപ്പിക്കുന്നു, സാമൂഹിക അകലം പാലിക്കുന്നു. രോഗം ബാധിച്ചാല്‍ കുടുംബത്തിലുള്ളവരെയും കൊണ്ട് ഒളിച്ചോടാനുള്ള സങ്കേതം അന്വേഷിക്കുന്നു. വീട്ടിലേക്ക് ആവശ്യമുള്ളതൊക്കെയും സംഭരിക്കാന്‍ നാലുനേരം ഗ്രോസറി സ്‌റ്റോറുകളില്‍ കയറിയിറങ്ങുന്നു.

Maskന്യൂജേഴ്‌സിയുടെ തലയ്ക്ക് മീതേയാണ് കൊറോണ തൂങ്ങി നിന്നാടുന്നത്. രോഗബാധിതര്‍ ഇരട്ടിയാകുമെന്നും സൂക്ഷിക്കണമെന്നും അധികൃതര്‍ പറയുന്നുണ്ട്, പക്ഷേ അതിനുള്ള സംവിധാനങ്ങള്‍ എവിടെയെന്നു ചോദിച്ചാല്‍ കണ്‍വന്‍ഷന്‍ സെന്ററുകളും ഒഴിഞ്ഞയിടങ്ങളിലുമാണ് സിറ്റി മേയറുടെയും ഗവര്‍ണറുടെയും കണ്ണ്. ഇതിനു വേണ്ടി ആറോളം മൈതാനങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടെത്തി പൊതുജനങ്ങള്‍ക്ക് പ്രവേശം നിഷേധിച്ചു കഴിഞ്ഞു. ആശുപത്രി വരാന്തകള്‍ ഇനി ടെന്റുകളിലേക്ക് മാറുമെന്നു സാരം. ബര്‍ഗന്‍ കൗണ്ടിയില്‍ നാലായിരത്തോളം രോഗബാധിതരുണ്ട്. യൂണിയന്‍, ഹഡ്‌സണ്‍, എസെക്‌സ്, മിഡില്‍സെക്‌സ് എന്നീ കൗണ്ടികളിലാണ് രണ്ടായിരത്തിനു മുകളില്‍ രോഗബാധിരുള്ളത്. അറ്റ്‌ലാന്റിക്ക്, കേപ് മേ, കംബര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചിട്ടില്ല. അതോര്‍ത്ത് ആശ്വാസം! എന്നാല്‍ ബെര്‍ഗന്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്, 120 പേര്‍. എസെക്‌സും തൊട്ടു പിന്നാലെയുണ്ട്, 99 പേരുമായി.

വൈറസ് എങ്ങനെ പടരുന്നു എന്നതിനെക്കുറിച്ചുള്ള വിദഗ്ദ്ധരുടെ ധാരണ ഇപ്പോഴും പരിമിതമാണ്. പക്ഷേ ഒന്നറിയാം, കൂടെ ജോലി നോക്കുന്നവര്‍ക്ക് ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ സര്‍ക്കസ് കാണിക്കുകയാണ് ജോലിക്കു പോകുന്ന ഓരോരുത്തരും. ഓരോ നിമിഷവും ജാഗ്രതാ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പക്ഷേ, മാസ്ക്കുകള്‍ ധരിച്ചാല്‍ എല്ലാം സെയ്ഫാണെന്ന ധാരണയാണ് പലര്‍ക്കും. എന്‍95 മാസ്ക്ക് ആരോഗ്യരംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി മാറ്റി വെക്കാന്‍ ശ്രമിക്കുക. ആ മേഖലയിലാണ് ഇപ്പോള്‍ ഏറെ ദൗര്‍ലഭ്യം അനുഭവപ്പെടുന്നത്. മലയാളി സമൂഹം ഏറെയുള്ള ഇവിടെ അവരെങ്കിലും കേള്‍ക്കാന്‍ ആവര്‍ത്തിച്ചു പറഞ്ഞോട്ടെ, കൈ കഴുകുക! കുറഞ്ഞത് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് സ്ക്രബ് ചെയ്യുക, എന്നിട്ട് വൃത്തിയുള്ള തൂവാല കൊണ്ട് ഉണക്കുക അല്ലെങ്കില്‍ വായു വരണ്ടതാക്കുക. രോഗികളില്‍ നിന്ന് അകലം പാലിക്കുക. പനി അല്ലെങ്കില്‍ ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്ന ആരില്‍ നിന്നും ആറടി അകലെ നില്‍ക്കാന്‍ ശ്രമിക്കുക, നിങ്ങള്‍ക്ക് അസുഖമുണ്ടെങ്കില്‍ ജോലിക്ക് പോകരുത് (ആശുപത്രിയില്‍ ജോലി ചെയ്യുന്നവരെ ഉദ്ദേശിച്ചല്ല ഇതു പറയുന്നത്. നിങ്ങളുടേത് ജോലിയല്ല, സേവനമാണ്. നിങ്ങളെ മാത്രം പ്രതീക്ഷിച്ചാണ് രോഗികള്‍ മരണത്തോടു മല്ലടിച്ചു ആശുപത്രിയില്‍ കഴിയുന്നത്. ഇതിനുള്ള പ്രതിഫലം ദൈവത്തിന്റെ കാരുണ്യമാണ്). അവശ്യ വസ്തുക്കള്‍ കുറഞ്ഞത് 30 ദിവസത്തേക്കുള്ളതു സംഭരിക്കാന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. നിങ്ങള്‍ക്ക് ചെറിയ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്കുള്ള ഭക്ഷണം, ഡിറ്റര്‍ജന്റ്, ഡയപ്പര്‍ എന്നിവ മറക്കരുത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ പുരുഷന്മാര്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി മാസ്ക്കുകളുടെ അഭാവമോ, രോഗപ്രതിരോധ മരുന്നുകളോ അല്ല. മറിച്ച്, മുടിമുറിക്കാന്‍ കഴിയുന്നില്ലെന്നതാണ്. പലരുടെയും മുഖത്തിന്റെ ആകൃതിക്കു തന്നെ മാറ്റം, പലരും മുടിയൊന്നു മുറിച്ചാല്‍ തന്നെ രോഗഭീതിയില്‍ നിന്നും രക്ഷപ്പെടാമായിരുന്നുവെന്ന മട്ടിലാണ് പെരുമാറ്റം. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി മാര്‍ച്ച് 19 ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി ബാര്‍ബര്‍ഷോപ്പുകളും ഹെയര്‍ സലൂണുകളും അടപ്പിച്ചതാണ്. ഇപ്പോള്‍ പലരും സ്വന്തം മുടി എങ്ങനെ മുറിക്കാമെന്ന് ചിന്തിക്കുന്നു. അത്തരമൊരു മുടി വളര്‍ത്തല്‍ പരീക്ഷിക്കാന്‍ ധൈര്യമുണ്ടെങ്കില്‍, ന്യൂജേഴ്‌സിയിലെ മികച്ച ബാര്‍ബര്‍മാരില്‍ നിന്ന് നേരിട്ട് ചില ടിപ്പുകള്‍ സ്വന്തമാക്കാം. സോമര്‍ഡെയ്‌ലിലെ വെബിന്റെ ബാര്‍ബര്‍ഷോപ്പിലെ ജേസണ്‍ വെബ്, മോണ്ട്‌ക്ലെയറിലെ വി. സോസ ഗ്രൂമിംഗ് ബാറിലെ സെയ്ന്‍ കീസ്, സ്പ്രിംഗ് ലേക്കിലെ ഫാദേഴ്‌സ് മുസ്താഖിലെ ജോണ്‍ ഹുന്‍ എന്നിവരാണ് ആവശ്യക്കാരെ സഹായിക്കാനായി തയ്യാറായിരിക്കുന്നത്.
അതേസമയം, ന്യൂജേഴ്‌സിയിലെ നിരവധി ഡ്രൈവര്‍മാര്‍ക്കെതിരേ കര്‍ശന നടപടികളുമായി പോലീസ് രംഗത്തു വന്നു. ന്യൂവാര്‍ക്ക്, ഓറഞ്ച്, ഈസ്റ്റ് ഓറഞ്ച്, ഇര്‍വിങ്ടണ്‍ എന്നിവിടങ്ങളിലെ ഡ്രൈവര്‍മാരാണ് സാമൂഹിക അകലം എന്ന ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്കെതിരേ സമന്‍സ് അയക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.

shoprite queueചാകാന്‍ പോകുമ്പോഴും കൈയിലൊരു തോക്കുണ്ടെങ്കില്‍ വൈറസിനെ അകറ്റാമെന്ന മട്ടിലാണ് ഇവിടുത്തെ തോക്കുവില്‍പ്പന. അവശ്യവസ്തുക്കളുടെ പട്ടികയില്‍ തോക്കിനെ കൂടി ഉള്‍പ്പെടുത്തി കഴിഞ്ഞദിവസം ഉത്തരവിറങ്ങിയിരുന്നു. പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇതു സംബന്ധിച്ച് വില്‍പ്പനക്കാര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. പക്ഷേ, ആരു കേള്‍ക്കാന്‍! വിവിധ സൈസിലും സ്റ്റൈലിലുമുള്ള തോക്കുകള്‍ക്ക് വേണ്ടി ആണും പെണ്ണും ക്യൂ നില്‍ക്കുന്നു.

കഴിഞ്ഞ ദിവസം അമേരിക്കന്‍ മലയാളികളെ കണ്ണീരിലാഴ്ത്തി തോമസ് ഡേവിഡ് എന്ന പത്തനംതിട്ട സ്വദേശി കോവിഡ് 19നെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ മരണമടഞ്ഞിരുന്നു. പരേതനു വേണ്ടിയുള്ള ഓണ്‍ലൈന്‍ പ്രാര്‍ത്ഥന ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയ മാര്‍ നിക്കളോവോസ്, മര്‍ത്തോമസഭ നോര്‍ത്ത് അമേരിക്ക-യൂറോപ് ഭദ്രാസന എപ്പിസ്‌കോപ്പ റവ. ഡോ. ഐസക്ക് മാര്‍ ഫീലക്‌സിനോസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന ടെലി കോണ്‍ഫറന്‍സ് മീറ്റിങ്ങില്‍ വിവിധ സാമൂഹിക നേതാക്കന്മാര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുമെന്നു കേരള ഹെല്‍പ്പ് ലൈനിനു വേണ്ടി അനിയന്‍ ജോര്‍ജ് അറിയിക്കുന്നു.

ഈ പ്രയാസകരമായ സമയത്ത് സഹായവാഗ്ദാനങ്ങളുമായി പലരും സന്നദ്ധരാണെന്നിരിക്കേ, പറ്റുന്ന ഒരു അവസരം വന്നിട്ടുണ്ട്. ലിവിങ്സ്റ്റണിലുള്ള സെന്റ് ബാര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ കോവിഡ് 19 ബാധിച്ച് മരണത്തെ മുന്നില്‍ കണ്ട് കഴിയുന്ന രോഗികള്‍ക്കും ബന്ധുമിത്രാദികള്‍ക്കുമായി അവസാന നിമിഷങ്ങള്‍ ചെലവഴിക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ (ലാപ്‌ടോപ്പ് ഒഴികെയുള്ളവ)- ടാബ് ലെറ്റ്, ഐപാഡ്, സ്മാര്‍ട്ട്‌ഫോണ്‍ തുടങ്ങിയ വൈഫൈയുമായി ബന്ധിപ്പിക്കാവുന്നവ സംഭാവന ചെയ്യാന്‍ സന്നദ്ധതയുള്ളവര്‍ ഈ ആശുപത്രിയിലെ സ്റ്റാഫ് ആയ ഡോ.ജോളി കുരുവിളയെ വിളിക്കുക (973) 668-1577.Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top