Flash News

തിരുവല്ല ബേബി എന്ന അതികായകന്‍ (ഒരു അനുസ്മരണം‌)

April 12, 2020 , ഡോ. നന്ദകുമാര്‍ ചാണയില്‍

Thiruvalla baby anusmaranamബന്ധുമിത്രാദികളുടെ വിരഹമാണല്ലോ അവരെ അതിജീവിച്ചു ജീവിച്ചിരിക്കുന്നവരുടെ ഏറ്റവും വലിയ ദുഃഖം. “Separation of friends and families is one of the most distressful circumstances attendant on penury “ എന്ന ഉദ്ധരണി എത്രയും അന്വര്‍ത്ഥമാക്കുന്ന നിമിഷങ്ങളാണവ. സുഹൃത്തുക്കള്‍ക്കിടയില്‍ ബേബിച്ചായന്‍ എന്നറിയപ്പെടുന്ന ഇദ്ദേഹം നൂറ്റിനാല്പതോളം ചലച്ചിത്രങ്ങള്‍ക്ക് കലാസംവിധായകനായി മികവ് തെളിയിച്ചതിനുശേഷമാണ് അമേരിക്കയിലേക്ക് സ്ഥിരതാമസമാക്കിയത്‌.

ഇവിടെ വന്നതിനു ശേഷവും ചിത്രരചയിതാവ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, കലാസംവിധായകന്‍, എന്നീ തട്ടകങ്ങളില്‍ തിളങ്ങിക്കൊണ്ടു തന്നെ തന്റെ കരവിരുത് പത്തെണ്‍പതു ആരാധനാലയങ്ങളിലെ ശില്പിയായും ശോഭിച്ചു. കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ഒരു ആദ്യകാല പ്രവര്‍ത്തകന്‍ കൂടിയായിരുന്നു ഇദ്ദേഹം. ഈ സംഘടനയുമായി ഞാന്‍ ന്യൂയോര്‍ക്കിലെത്തിയ കാലം മുതലുള്ള എന്റെ ആത്മബന്ധം മൂലമാണ് എനിക്ക് ഇദ്ദേഹത്തെ പരിചയപ്പെടാനിടവന്നത്.

തൊണ്ണൂറുകളുടെ ഉത്തരാര്‍ദ്ധത്തിലാണെന്നു തോന്നുന്നു, ക്യൂന്‍സിലെ മാര്‍ട്ടിന്‍ വാന്‍ ബ്യുറേന്‍ ഹൈസ്കൂളില്‍ വെച്ചു ‘കേരളത്തിലെ ചരിത്ര നായകന്മാര്‍’ എന്ന പേരില്‍ ഒരു ദൃശ്യാവിഷ്‌കാരം നിരവധി ചരിത്ര കഥാപാത്രങ്ങളെ നിരത്തി ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കുകയുണ്ടായി. അത് കാണാന്‍ ഞാന്‍ പത്നീസമേതനായി പോയിരുന്നു. എന്നെ കണ്ടമാത്രയില്‍ ബേബിച്ചായന്‍ ‘മാഷിങ്ങ് വന്നേ’ എന്നും പറഞ്ഞു എന്നെ ഒരു മുറിയിലേക്ക് കൊണ്ടുപോയി.

ഇതെന്തിനാണെന്നു ഞാന്‍ അമ്പരന്നു. എന്നോട് പെട്ടെന്ന് മേല്‍ക്കുപ്പായങ്ങളൊക്കെ അഴിക്കാന്‍ പറഞ്ഞു. ഹൈസ്കൂളില്‍ വെച്ചു ഒരു ലഘു നാടകത്തില്‍ ഒരു ചെറിയ റോള്‍ മാത്രം അഭിനയിച്ചിട്ടുള്ള എനിക്ക് ഇത്തരം കലാവൈഭവമൊന്നുമില്ലെന്നു പറഞ്ഞു ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും “മാഷ് ഒന്ന് മിണ്ടാതിരി” എന്നും പറഞ്ഞു നിമിഷനേരങ്ങള്‍ക്കുള്ളില്‍ എന്നെ വേലുത്തമ്പി ദളവയാക്കി മാറ്റി. ഈ സംഭവമാണ് എന്നെ അദ്ദേഹവുമായി കൂടുതല്‍ അടുപ്പിച്ചത്.

ഈ കലാപ്രതിഭക്കു എന്റെയും കുടുംബത്തിന്റെയും ആദരാഞ്ജലികള്‍. ഒപ്പം പരേതന്റെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. സന്തപ്തരായ കുടുംബാംഗങ്ങള്‍ക്കു ഈ വിയോഗത്തില്‍ അനുശോചനങ്ങളും ആത്മധൈര്യവും നേരുന്നു!!!Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top