Flash News

വിശാഖപട്ടണത്ത് വീണ്ടും വാതകച്ചോര്‍ച്ച; അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു

May 8, 2020

vizag-gas-leak-759വിശാഖപട്ടണം: വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെ 11 പേരുടെ ജീവനുകള്‍ കവര്‍ന്ന വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍ കെമിക്കല്‍ പ്ലാന്റില്‍ നിന്നും വീണ്ടും വാതകം ചോരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പ്ലാന്റില്‍ നിന്നും വീണ്ടും വാതകം ചോരാന്‍ തുടങ്ങിയത്. ആദ്യ ഘട്ടത്തിലെ ചോര്‍ച്ചയെ തുടര്‍ന്ന് സമീപ പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു. വാതക ചോര്‍ച്ച നിര്‍വ്വീര്യമാക്കുന്നതിനായി ഗുജറാത്തില്‍ നിന്നും എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ പാരാ-ടെര്‍ഷ്യറി ബ്യൂട്ടില്‍ കാറ്റെകോള്‍ എത്തിച്ചിട്ടുണ്ട്. സ്‌റ്റൈറീന്‍ വാതകം ചോര്‍ന്നതാണ് അപകടകാരണം. 11 പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. 20 പേരുടെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നത്.

വാതക ചോര്‍ച്ച വീണ്ടും ഉണ്ടായ സാഹചര്യത്തില്‍ പ്രശ്‌നബാധിത മേഖലയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലുള്ളവരെ ഒഴിപ്പിച്ചു. പ്രത്യേക ബസിലാണ് ആളുകളെ അവരുടെ ബന്ധു വീടുകളിലേക്ക് മാറ്റിയത്. ഒഴിഞ്ഞുപോയവര്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് സ്വന്തം വീടുകളില്‍ മടങ്ങിയെത്തുന്നത് സുക്ഷിതമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൂനെയില്‍ നിന്നുള്ള പ്രത്യേക എന്‍ഡിആര്‍എഫ് സംഘമാണ് പ്രദേശത്ത് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇവര്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുമുണ്ട്.

വിഷവാതകം ശ്വസിച്ച് ഒട്ടേറെ കന്നുകാലികളും അവശനിലയിലായിട്ടുണ്ട്. ഏക്കറുകണക്കിന് കാര്‍ഷിക വിളകളെയും ഇത് ബാധിച്ചു. ഫാക്ടറിയോട് ചേര്‍ന്ന പ്രദേശത്ത് കാര്‍ഷിക വിളകള്‍ വാടിക്കരിഞ്ഞതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുലര്‍ച്ചെ ഉറക്കത്തിലായിരുന്ന പ്രദേശവാസികളെ അപ്രതീക്ഷിതമായാണ് വിഷപ്പുക വിഴുങ്ങിയത്. ഉറക്കത്തിനിടെ തൊലി വല്ലാതെ പൊള്ളുകയും കണ്ണ് എരിയുകയും ശ്വാസമെടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയും ചെയ്തതോടെ ഓരോരുത്തരും ഞെട്ടിയെഴുന്നേല്‍ക്കുകയായിരുന്നു. ചൂടുകാലമായതിനാല്‍ ജനല്‍ തുറന്നിട്ടാണ് ഇവര്‍ കിടന്നുറങ്ങിയിരുന്നത്. വീടുകൡല്‍ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോള്‍ എല്ലായിടത്തും പുലര്‍കാല മഞ്ഞുപോലെ ഗ്യാസ് നിറഞ്ഞിരിക്കുന്നു. ഒന്നും വ്യക്തമായി കാണാന്‍ കഴിയുന്നുണ്ടായിരുന്നില്ല. റോഡില്‍ നടന്നുകൊണ്ടിരുന്ന ആളുകളൊക്കെ കുഴഞ്ഞുവീണുകൊണ്ടിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും പെടുന്നനെ ബോധരഹിതരായി വീഴുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ഒരു നിശ്ചയവുമില്ലായിരുന്നുവെന്ന് പ്രദേശവാസിയായ നവീന്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top