Flash News

ന്യൂയോര്‍ക്കില്‍ കുട്ടികളില്‍ കാണുന്ന അപൂര്‍വ രോഗത്തെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു

May 15, 2020

Kawasakiന്യൂയോര്‍ക്ക്: യുഎസിലെ കൊറോണ വൈറസ് ആഗോള പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ കുട്ടികളില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട അപൂര്‍വ കോശജ്വലന രോഗത്തിന്‍റെ 110 കേസുകള്‍ അന്വേഷിക്കുന്നു. സ്ഥിതി ഗൗരവമുള്ളതാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു. ഈ രോഗം ബാധിച്ച് മൂന്ന് കുട്ടികളുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

കുട്ടികളില്‍ കാണുന്ന അപൂര്‍‌വ്വ രോഗവും മരണവും കോവിഡ് 19 മായി ബന്ധപ്പെട്ട ‘പീഡിയാട്രിക് മള്‍ട്ടി സിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം’ എന്ന കടുത്ത കോശജ്വലന രോഗവുമായി ബന്ധപ്പെട്ടതാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

ഇതുവരെ, അഞ്ച്, ഏഴ് വയസ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികളും 18 വയസുള്ള കൗമാരക്കാരനും ഈ രോഗം മൂലം മരിച്ചു.

‘കവാസാക്കി’ രോഗം അല്ലെങ്കില്‍ ‘ടോക്സിക് ഷോക്ക്’ പോലുള്ള സിന്‍ഡ്രോം എന്നിവയ്ക്ക് സമാനമായ കുട്ടികളില്‍ കോവിഡ് 19 സംബന്ധമായ 110 കേസുകള്‍ ന്യൂയോര്‍ക്ക് ആരോഗ്യവകുപ്പ് ഇപ്പോള്‍ പരിശോധിക്കുന്നുണ്ടെന്നും, ഇത് ഗുരുതരമായ അവസ്ഥയാണെന്നും ആശങ്കാജനകമാണെന്നും ഗവര്‍ണ്ണര്‍ വ്യാഴാഴ്ച കൊറോണ വൈറസിനെക്കുറിച്ചുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ അപൂര്‍വ രോഗത്തെക്കുറിച്ച് അന്വേഷിക്കുന്നതില്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റും ആരോഗ്യ വകുപ്പും അമേരിക്കയില്‍ മുന്‍പന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്ക് കൂടാതെ മറ്റ് 16 സംസ്ഥാനങ്ങളും സമാനമായ കേസുകള്‍ പരിശോധിക്കുന്നുണ്ട്.

Kawasaki1വരും ദിവസങ്ങളിലും ആഴ്ചകളിലും കേസുകള്‍ വര്‍ദ്ധിക്കുമെന്നും, കുടുംബം ജാഗ്രത പാലിക്കണമെന്നും, കുട്ടികള്‍ക്ക് അഞ്ച് ദിവസത്തില്‍ കൂടുതല്‍ പനിയുണ്ടോ, കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നതിനോ ഏതെങ്കിലും പാനീയം കുടിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടോ എന്നും പരിശോധിക്കണമെന്നും ക്വോമോ മുന്നറിയിപ്പ് നല്‍കി. വയറു വേദന, വയറിളക്കം അല്ലെങ്കില്‍ ഛര്‍ദ്ദി, ചര്‍മ്മത്തിന്‍റെ നിറം, ശ്വാസം മുട്ടല്‍, അലസത, ക്ഷോഭം അല്ലെങ്കില്‍ ആശയക്കുഴപ്പം എന്നിവ ഉണ്ടെങ്കില്‍ അടിയന്തര വൈദ്യസഹായം തേടണം. അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊറോണ വൈറസ് ബാധിച്ച കുട്ടികളിലാണ് ഈ രോഗം വരുന്നത്. അവരുടെ ശരീരത്തില്‍ വൈറസിനെതിരെ ആന്‍റിബോഡികള്‍ ഉണ്ട് അല്ലെങ്കില്‍ അവര്‍ ഇപ്പോഴും വൈറസ് ബാധിതരാണ്. ഒരു വയസ്സിന് താഴെ മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.

നൂറിലധികം കേസുകള്‍ കാണുമ്പോള്‍ അതിന്‍റെ വ്യാപനത്തെക്കുറിച്ച് പറയുമ്പോള്‍ അത് തീര്‍ച്ചയായും ഭയപ്പെടുത്തുതാണെന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു.

കുട്ടികളില്‍ കോവിഡ് 19 മായി ബന്ധപ്പെട്ട അപൂര്‍വ രോഗം ഉണ്ടാകുന്നത് വളരെ ആശങ്കാജനകമാണെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. കാരണം കൊറോണ വൈറസ് ബാധിച്ച കുട്ടികളെ ഇതുവരെ വളരെ കുറച്ച് മാത്രമേ ബാധിച്ചിട്ടുള്ളൂ. രോഗം ബാധിച്ച കുട്ടികളുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ഇപ്പോഴും അപൂര്‍വമായ ഒരു അവസ്ഥയാണെങ്കിലും, നഗര അധികാരികള്‍ ഇത് ഗൗരവമായി എടുക്കുകയും വളരെ ജാഗ്രത പാലിക്കുകയും ചെയ്യുന്നുണ്ട്. ന്യൂയോര്‍ക്ക് സിറ്റിയില്‍ 100 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും, അതില്‍ 55 കേസുകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെന്നും അല്ലെങ്കില്‍ ആന്‍റിബോഡികളില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശിശുരോഗവിദഗ്ദ്ധര്‍ ഉടന്‍ തന്നെ ഈ രോഗം കണ്ടെത്തി കുട്ടികളെ സ്പെഷ്യലിസ്റ്റുകളിലേക്ക് അയയ്ക്കേണ്ടത് അത്യാവശ്യമാണെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇത്തരം കേസുകള്‍ വരാന്‍ തുടങ്ങിയതിനാല്‍ ഈ സിന്‍ഡ്രോം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

ചില യൂറോപ്യന്‍ രാജ്യങ്ങളില്‍, കുട്ടികളില്‍ ഈ അപൂര്‍വ രോഗത്തിന്‍റെ കേസുകള്‍ അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇത് കവാസാക്കി സിന്‍ഡ്രോമിന് സമാനമാണ്, പക്ഷേ ഇത് വളരെ അപൂര്‍വമാണെന്ന് തോന്നുന്നു എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശാസ്ത്രജ്ഞന്‍ ഡോ. മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top