- Malayalam Daily News - http://www.malayalamdailynews.com -

ബഹുമാനപ്പെട്ട മൂത്രം

Bahumanappetta moothram‘ഈ മനുഷ്യര്‍ക്കെന്താ കാര്യങ്ങള്‍ പറഞ്ഞാല്‍ മനസ്സിലാകാത്തത്? രോഗം പരത്താതെ വീട്ടിനുള്ളില്‍ ഇരുന്നൂടേ? നാട്ടിലേക്ക് വരാതെ അവിടെങ്ങാനും കിടന്നൂടേ? സമാധാനമായി ജീവിക്കുന്ന ബാക്കിയുള്ളവര്‍ക്കും കൂടി രോഗം പരത്താന്‍ നോക്കുന്ന എല്ലാത്തിനേം പിടിച്ച് അകത്തിടണം’

ഇതൊരു ഒരു സാമ്പിള്‍ പ്രസ്താവനയാണ്. എന്തെല്ലാം ചര്‍ച്ചകളാണ് നമുക്കിടയില്‍ ഇപ്പോള്‍ നടക്കുന്നത് !

എല്ലാ കാര്യങ്ങളും കൃത്യമായി നടന്നിരുന്ന ‘സ്വര്‍ഗ’ തുല്യമായ ഒരു ലോകത്ത് കൊവിഡ് എന്ന മഹാമാരി ഒരു മുന്നറിയിപ്പുമില്ലാതെ വന്നതുപോലെയാണ് നമ്മളില്‍ ചിലരെങ്കിലും സംസാരിക്കുന്നത്. കൊവിഡ് ആണ് സമത്വസുന്ദരമായ ഈ ലോകത്തെ ആദ്യത്തെ പ്രശ്നം എന്നതുപോലെ. വളരെ സങ്കീര്‍ണ്ണമായ പ്രശ്ങ്ങള്‍ക്കിടയില്‍ ബുദ്ധിമുട്ടിയിരുന്ന മനുഷ്യര്‍ക്കിടയിലാണ് കൊവിഡ് രോഗവും കൂടി വന്നു പതിച്ചത് എന്ന കാര്യം ചിലപ്പോഴെങ്കിലും നമ്മള്‍ മറന്നുപോകുന്നതു പോലെ.

സ്വന്തം രോഗം ശുദ്ധമാണെന്നും മറ്റുള്ളവര്‍ക്ക് പകരാത്തതാണ് എന്നും ധരിക്കുന്ന ഒരുപാട് മനുഷ്യരുണ്ട്. അത്തരക്കാര്‍ എല്ലാ നാട്ടിലും ഉണ്ട്. നാടിന്‍റെ പുരോഗതി അനുസരിച്ച് ഇതിലൊക്കെ ഏറ്റക്കുറച്ചിലുകള്‍ കാണും എന്നു മാത്രം.

ജലദോഷവുമായി ഓഫീസില്‍ വന്ന ധാരാളം യൂറോപ്യന്‍, അമേരിക്കന്‍ സഹപ്രവര്‍ത്തകരെ ഞാന്‍ ജോലിചെയ്ത രാജ്യങ്ങളില്‍ കണ്ടിട്ടുണ്ട്. ചിലര്‍ തുമ്മുമ്പോള്‍ അവരുടെ മാത്രമല്ല അടുത്തിരിക്കുന്നവന്‍റെയും കൂടി മൂക്ക് തെറിച്ചുപോകുമെന്നു തോന്നിയിട്ടുണ്ട്. ചുമയ്ക്കുമ്പോള്‍ ഇടിമുഴക്കമാണോ എന്നറിയാന്‍ ജനലിലൂടെ പുറത്തേയ്ക്കു നോക്കിപ്പോയിട്ടുണ്ട്. എന്നാലും അവരില്‍ ചിലര്‍ പറഞ്ഞിട്ടുണ്ട് ‘എനിക്കൊരു ചെറിയ അലര്‍ജിയാ’ എന്ന്. ദിവസങ്ങള്‍ക്കുള്ളില്‍ ഓഫീസില്‍ മുഴുവനും പനി പടരും. ഇപ്പോള്‍ ജോലി ചെയ്യുന്ന അമേരിക്കയിലും മുന്‍പുണ്ടായിരുന്ന സ്വിറ്റ്സര്‍ലണ്ടിലും ഒക്കെയുള്ള സ്ഥാപനങ്ങളില്‍ പൊതുവെ ഈ വിഷയത്തില്‍ കൃത്യമായ നിബന്ധനകള്‍ ഉണ്ടെങ്കിലും രോഗം ഒളിച്ചുകടത്തുന്ന മനുഷ്യര്‍ ഇവിടെല്ലാം ഉണ്ടായിരുന്നു.

വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എന്‍റെ അടുത്തിരുന്ന ഡോക്ടര്‍ തന്നെ ശുചിത്വമില്ലാതെ പെരുമാറുന്നത് കണ്ടിട്ടുണ്ട്. ആദ്യകാലത്തെ യാത്രകളില്‍ അടുത്തിരുന്ന ചില യാത്രികര്‍ എന്നെയും ചില ശുചിത്വ ശീലങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, പെട്ടെന്ന് മുഖം തുടയ്ക്കുമ്പോള്‍ കൈ ഉപയോഗിക്കാതെ ടിഷ്യൂ പേപ്പര്‍ ഉപയോഗിക്കാന്‍ പറഞ്ഞു തന്നത്. കൈയ്യില്‍ തൂവാലയും മുന്നില്‍ ടിഷ്യൂ പേപ്പറും ഉള്ള ഞാന്‍ ഓര്‍ക്കാതെ കൈകൊണ്ട് മുഖം തുടച്ചപ്പോള്‍ കെനിയക്കാരനായ ഒരു സഹയാത്രികനാണ് എന്നോടത് പറഞ്ഞത്. അതുവരെ അപരിചിതന്‍. ഞാനൊന്ന് ചമ്മുകയും ചെയ്തു. അതുകൊണ്ടുതന്നെ ആ കെനിയ യാത്ര മറക്കാന്‍ കഴിയില്ല. ടിഷ്യൂ പേപ്പറും. യാത്രയില്‍ അടുത്തിരുന്ന ഒരു സായിപ്പിനെ ഇതുപോലൊരു വിഷയത്തില്‍ അടുത്തിടെ ഞാനും തിരുത്തിയിട്ടുണ്ട്. മൂക്ക് തുടച്ചിട്ട് മുന്നിലെ സീറ്റിന്‍റെ പുറത്തു തുടയ്ക്കുന്നു. വൃത്തിക്കാര്യത്തില്‍ അറിവോ തൊലിയുടെ നിറമോ ഒന്നുമല്ല അടിസ്ഥാനം. ശീലങ്ങളാണ്. അത് സമൂഹമായി ആര്‍ജിച്ചതായാല്‍ നല്ലതാണ്. ചില സമൂഹങ്ങളില്‍ അത് പൊതുവെ മെച്ചമാണ്.

പറഞ്ഞു വന്നത്, മനുഷ്യര്‍ പൊതുവെ സ്വന്തം രോഗത്തെ വളരെ ശുദ്ധിയോടെയാണ് കാണുന്നത് എന്നാണ്. രോഗത്തിന്‍റെ കാര്യത്തില്‍ മാത്രമല്ല അത്. ഓര്‍ത്ത് നോക്കിയാല്‍ മതി. സ്വന്തം മൂക്കും വായും പല്ലും ഒക്കെ കൈകാര്യം ചെയ്തിട്ട് പെട്ടെന്ന് നമ്മളെക്കാണുമ്പോള്‍ ഹസ്തദാനം നല്‍കാന്‍ ശ്രമിക്കുന്നവര്‍ ഉണ്ടാകും. കൈ കൊടുക്കാനും കൊടുക്കാതിരിക്കാനും വയ്യാത്ത അവസ്ഥ. നമ്മളും ഇതൊക്കെ തന്നെ ചെയ്യുന്നുണ്ടാകും. അതിനാലാണ് ഇത് വായിക്കുമ്പോള്‍ നമുക്ക് ഉള്ളില്‍ ചിരിവരുന്നത്.

മൂത്രമൊഴിച്ച ശേഷം കൈ കഴുകാതെ പോകുന്ന സുന്ദരന്മാരും വിലകൂടിയ വസ്ത്രങ്ങള്‍ ധരിച്ചവരുമായ പുരുഷന്മാരെ വിമാനത്താവളങ്ങളിലും കാണാറുണ്ട്. അടുത്ത കാലത്ത് ഒരു മുന്‍ സംസ്ഥാന മന്ത്രി ദല്‍ഹി തിരുവനന്തപുരം വിമാനത്തില്‍ ഉണ്ടായിരുന്നു. വിമാനമിറങ്ങിയപ്പോള്‍ ഞങ്ങള്‍ രണ്ടും ശുചി മുറി ഉപയോഗിച്ചു. അദ്ദേഹം കാര്യം സാധിച്ചു വന്നപ്പോഴാണ് എന്നെ കണ്ടത്. കൈ കഴുകുന്നതിനെപ്പറ്റി അദ്ദേഹം സ്വപ്നത്തില്‍ പോലും ആലോചിച്ചിട്ടില്ല. അതുമാത്രമല്ല എന്നെ കണ്ട മാത്രയില്‍ ഓടി വന്ന് ഹസ്തദാനവും തന്നു. കൈ എത്ര പിന്നോട്ട് വലിച്ചുനോക്കിയിട്ടും പണി കിട്ടി. പുറത്തേയ്ക്ക് ഒരുമിച്ചു നടക്കാനും അദ്ദേഹം ക്ഷണിച്ചു. ഞാന്‍ ഒടുവില്‍ എന്തോ കള്ളം പറഞ്ഞ് ഒഴിവായി. അദ്ദേഹം പോയ ശേഷം ഞാന്‍ വീണ്ടും സോപ്പിട്ടു കൈ കഴുകി. മുന്‍ മന്ത്രിയാണെങ്കിലും പരിചയക്കാരനാണെങ്കിലും മൂത്രം മൂത്രം തന്നെ. ബഹുമാനപ്പെട്ട മൂത്രം ഇല്ലല്ലോ. ആദരണീയമായ മൂത്രവും ഇല്ല.

ഇതുപോലെ തന്നെണ് നമ്മള്‍ കയറുന്ന ടോയ്‌ലറ്റിലെ കാര്യവും. അത് വൃത്തിയില്ലാത്തതായാല്‍ നമ്മള്‍ പരാതി പറയും. എന്നാല്‍ നമ്മള്‍ ഇറങ്ങിപ്പോകുമ്പോള്‍ അവിടെ വൃത്തി അവശേഷിപ്പിക്കുന്ന കാര്യം പലപ്പോഴും മറന്നുപോകും.

കൊവിഡ് വന്നതു കാരണം ഒരുപാടു പേരില്‍ പുതിയ വൃത്തി ശീലങ്ങള്‍ വന്നിട്ടുണ്ട്. അതിന്‍റെയര്‍ത്ഥം എല്ലാവരും വൃത്തിക്കാരായി മാറി എന്നല്ല. ഇനിയും കൊവിഡിന്‍റെ ഗുരുതര സ്വഭാവം മനസ്സിലാകാത്തവര്‍ നമുക്കിടയില്‍ ഉണ്ട്. ഗുരുതര സ്വഭാവം മനസ്സിലായാലും അത് തനിക്കു ബാധകമല്ലെന്ന ചിന്തയുള്ളവരുമുണ്ട്. അങ്ങനെയുള്ളവരാണ് ആരു പറഞ്ഞാലും കേള്‍ക്കാതെ പുറത്തിറങ്ങി നടന്ന് പോലീസിന്‍റെ പിടിയിലാകുന്നത്. എത്ര നാള്‍ മനുഷ്യരെ പൂട്ടിയിടാനാകും എന്ന കാര്യത്തില്‍ എനിക്കും അഭിപ്രായങ്ങള്‍ ഉണ്ട്. അത് പിന്നീട് പറയാം.

സമൂഹത്തില്‍ നിയമ ലംഘനം നടത്താന്‍ ഇഷ്ടമുള്ളവരുണ്ട്. അവര്‍ നമുക്കിയിടയില്‍ പണ്ടേയുണ്ട്. അത് കൊവിഡ് കൊണ്ടുവന്നതല്ല. അക്രമവും മോഷണവും പീഡനവും റേപ്പും ഒക്കെ ചെയ്യുന്നവര്‍ എന്നും നമുക്കിടയില്‍ തന്നെയുണ്ട്. അവരെയെല്ലാം കൂടി ടെലിവിഷനിലെ കൊവിഡ് ഉപദേശങ്ങളിലൂടെ ശരിയാക്കാമെന്ന ചിന്ത തെറ്റാണ്. എന്നാല്‍ അത്തരക്കാരെക്കൂടി കൈകാര്യം ചെയ്തുകൊണ്ട് മാത്രമേ നമുക്ക് കൊവിഡിനെ മറികടക്കാനും കഴിയൂ.

കൈകാര്യം ചെയ്യുക എന്ന് പറഞ്ഞാല്‍ പോലീസിനെ കയറൂരി വിടുകയല്ലെന്നര്‍ത്ഥം. അധികാരമുള്ള യൂണിഫോമുകള്‍ ഇട്ടാല്‍ ബാക്കി ജനത്തിനെ ഉപദ്രവിക്കാനുള്ള ശീലം ഒരുപാട് പേരിലുണ്ട്. പോലീസിന്‍റെ മാത്രം പ്രശ്നമല്ല അത്. നമുക്കിടയില്‍ നിന്നു തന്നെയൊണല്ലോ എല്ലാ പോലീസും ഉണ്ടാകുന്നതും. പോലീസിന് കുറ്റം തടയാനുള്ള അധികാരമുണ്ട്. കണ്ടുപിടിക്കാനും. അതാണ് ശിക്ഷിക്കാനുള്ള അധികാരം കൂടിയായി അവര്‍ ഉപയോഗിക്കുന്നത്. അത് കൊവിഡ് കാലത്തും അനുവദിക്കാന്‍ പാടില്ല. കൊവിഡ് എന്നെങ്കിലും പോകും. പക്ഷേ, പോലീസിലെ മര്‍ദ്ദന ശീലങ്ങള്‍ ശക്തിപ്രാപിക്കുകയും ബാക്കി നില്‍ക്കുകയും ചെയ്യും. അതിനാല്‍ പോലീസിന്‍റെയും തുടര്‍സേവനമാണ് ഇവിടെ ആവശ്യം. മര്‍ദ്ദനമല്ല.

കൊവിഡിന്‍റെ കാര്യത്തില്‍ ഇനിയും കൂടുതല്‍ പ്രശ്നങ്ങള്‍ പ്രതീക്ഷിക്കണം. മനുഷ്യര്‍ക്ക് അവരുടെ പല ബുദ്ധിമുട്ടുകളും വേദനകളും അവരെ സംബന്ധിച്ചിടത്തോളം കൊവിഡിനും മുകളില്‍ പ്രാധാന്യമുളളവയായി തോന്നാം. അതവരുടെ കുറ്റമല്ല. കുട്ടികള്‍ക്കൊപ്പം കൈക്കുഞ്ഞുങ്ങളെയും എടുത്ത് നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് സ്വന്തം വീട്ടില്‍ തിരികെയെത്താന്‍ ശ്രമിക്കുന്ന പാവം മനുഷ്യരുടെ മുന്നിലെ അവസാന ലക്ഷ്യം സ്വന്തം നാടാണ്. തല്‍ക്കാല ലക്ഷ്യം ഭക്ഷണവും വെള്ളവുമാണ്. നടന്നു തളരുമ്പോള്‍ വിശ്രമിക്കാന്‍ ഒരു റെയില്‍പാളമെങ്കിലും ആണ്. ഭക്ഷണമില്ലാതിരുന്നിട്ടും, തൊലിക്കടിയിലെ കൊഴുപ്പിന്‍റെ അവസാന കണികയും ഉരുകിപ്പോയിട്ടും വറ്റിപ്പോകാത്ത ധൈര്യം കൊണ്ടുമാത്രം നടന്നു നീങ്ങുന്നവനെ മാസ്കിടാത്തതിന് ലാത്തികൊണ്ടടിച്ചാല്‍ അത് നിയമപാലനമല്ല, നിയമ ഭീകരതയാണ്. അക്രമമാണ്.

ലോകത്തെ എല്ലാ മനുഷ്യരെയും ഒരുപോലെ ബാധിച്ച കൊവിഡ് ദുരന്തം നേരിടുമ്പോള്‍ അത് ഈ സമൂഹത്തെയും ഇവിടെ ജീവിക്കുന്ന മനുഷ്യരെയും നമ്മുടെ കൈയ്യിലുള്ള സംവിധാനങ്ങളെയും ഉപയോഗിച്ച് മാത്രമേ ചെയ്യാന്‍ കഴിയൂ. മനുഷ്യര്‍ മെച്ചപ്പെടാന്‍ സര്‍ക്കാരുകള്‍ ആഗ്രഹിക്കുന്നതുപോലെ തിരികെ സര്‍ക്കാര്‍ സംവിധാനങ്ങളും കൂടുതല്‍ മെച്ചപ്പെടണം. അവിടെയും ഇവിടെയും പെട്ടു കിടന്ന് ദുരിതം അനുഭവിക്കുന്ന മനുഷ്യരോട് സഹാനുഭൂതിയോടെ പെരുമാറണം. അവരെ സഹായിക്കണം. അതിനായി പണം കടം വാങ്ങിച്ചെങ്കിലും ഇറക്കണം. നിരാലംബരായി നില്‍ക്കുന്നവരോട് കേന്ദ്ര സംസ്ഥാന തര്‍ക്കങ്ങള്‍ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാകില്ല. സര്‍ക്കാരിനാണ് പഞ്ചവത്സര പദ്ധതിയൊക്കെ. മനുഷ്യന് അവന്‍റെ മുന്നിലെ ആ നിമിഷത്തെ പ്രശ്നമാണ് പലപ്പോഴും വലുത്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൊതുവായ നന്മയെ ലാക്കാക്കിയാണ്. അതില്‍ തെറ്റുകള്‍ സംഭവിക്കാം. അത് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴോ തിരിച്ചറിയുമ്പോഴോ തിരുത്തണം. ഏതു സര്‍ക്കാരായാലും. കാരണം ഒരു സര്‍ക്കാരോ മന്ത്രിയോ ഉദ്യോഗസ്ഥനോ കൊവിഡിന്‍റെ കാര്യത്തില്‍ വിദഗ്ദ്ധരല്ല. അവരെയൊക്കെ ഉപദേശിക്കുന്ന വിദഗ്ദ്ധരും ഈ വിഷയം പഠിച്ചു വരികയാണ്. എല്ലാം കൃത്യമായി ചെയ്യുന്നത് ഒരാള്‍ മാത്രമാണ്. അത് വൈറസ് ആണ്. ആ കൃത്യതയെ തോല്‍പ്പിക്കാന്‍ കൂട്ടായ യത്നങ്ങള്‍ക്കു മാത്രമേ കഴിയൂ.

സുരക്ഷിതരായവര്‍ക്ക് വീടുകളില്‍ ഇരുന്ന് ടെലിവിഷനില്‍ സിനിമയ്ക്കിടയില്‍ വാര്‍ത്ത കാണുമ്പോള്‍ ഗതിയില്ലാതെ റോഡില്‍ തല്ലു വാങ്ങുന്നവനെ വിമര്‍ശിക്കാം, പുച്ഛിക്കാം, കളിയാക്കാം. അവനെ തല്ലിയ പൊലീസിന് കൈയ്യടി കൊടുക്കാം. നമുക്ക് ഒരു മിനിട്ട് കണ്ണടിച്ചിരിക്കാം. എന്നിട്ട് യാതൊരു നിവൃത്തിയുമില്ലാതെ ഏതോ പ്രദേശങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുടെ ഉടലില്‍ പ്രവേശിക്കാം. ചിന്തകളില്‍ അവരായി മാറാം. എന്നിട്ട് പുറത്തേയ്ക്ക് നോക്കാം. സകല മനസ്സമാധാനവും പോകുന്നില്ലേ? ഇപ്പോള്‍ കൊവിഡ് ഒരു ചെറിയ പ്രശ്നമായി തോന്നുന്നില്ലേ? മറ്റൊരുപാട് വലിയ പ്രശ്ങ്ങള്‍ നമ്മളെ തുറിച്ചു നോക്കുന്നില്ലേ?

അതേ, അവരോടാണ് നമ്മള്‍ നിയമം, രോഗവ്യാപനം, വൈറസ് എന്നൊക്കെ പറയുന്നത്. അവര്‍ക്കും അതെല്ലാം മനസ്സിലാകും. നമ്മുടെയൊപ്പം നല്ല സോഫയിലോ സുഖമുള്ള ചാരുകസേരയിലോ ഇരുന്നാല്‍. ബിരിയാണിക്കു ശേഷം കപ്പലണ്ടിയും കൊറിച്ച്.

ഡോ: എസ്. എസ്. ലാല്‍


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]