Flash News

യു.കെ. മലയാളികളോടുള്ള അവഗണന, വന്ദേ ഭാരത് മിഷനെതിരെ സമീക്ഷയുടെ പ്രതിഷേധം

May 21, 2020 , ബിജു ഗോപിനാഥ്

sameekshaലണ്ടന്‍: വന്ദേഭാരത് മിഷന്‍റെ ഭാഗമായി യുകെയിലെ മലയാളികളോടു കാണിക്കുന്ന കടുത്ത അവഗണയ്ക്കെതിരെ സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ മലയാളികള്‍ പ്രതിഷേധിച്ചു.

മേയ് 19നു ലണ്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ സീറ്റ് നല്‍കുന്നതില്‍ അര്‍ഹരായ പല മലയാളികളെയും തഴഞ്ഞതായുള്ള വാര്‍ത്തകള്‍ ആണ് പുറത്തുവന്നുകൊണ്ടിരിക്കുത് . സീറ്റു ലഭിച്ചിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം അധികാരികളുടെ സ്വന്തക്കാരായ ചിലര്‍ക്കുവേണ്ടി വെട്ടിമാറ്റി.

ലണ്ടനില്‍ നിന്ന് കൊച്ചിയിലേയ്ക്ക് സര്‍വീസ് നടത്തുന്ന വിമാനം എന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടത് മുംബൈ വിശാഖപട്ടണം വഴിയാക്കുകയും അവസാന നിമിഷം മുംബൈ വഴി വിമാനം തിരിച്ചുവിടാനുള്ള തീരുമാനം വേണ്ടപ്പെട്ടവരെ തിരുകികയറ്റാന്‍ വേണ്ടിയായിരുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്.

നാട്ടിലേക്ക് മടങ്ങുന്നതിനു വിദ്യാര്‍ഥികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രിയും വിദേശകാര്യവകുപ്പും പ്രഖ്യാപിച്ചിരുന്നത്. അതനുസരിച്ചു ഈ വിമാനത്തില്‍ നാട്ടിലേക്ക് പോകാനായി ബുക്ക് ചെയ്തിരുന്ന മലയാളികളായ പലരെയും അവസാന നിമിഷം ഒഴിവാക്കിയാണ് മുന്‍ഗണനാക്രമം തെറ്റിച്ചു സ്വന്തക്കാരായ ചിലരെ തിരുകിക്കയറ്റിയത്.

പത്തനംതിട്ട ഓതറ സ്വദേശിയായ ഫാ. ബിനു തോമസ് ഇത്തരത്തില്‍ അവസാന നിമിഷം ഒഴിവാക്കപ്പെട്ടവരില്‍ ഒരാളാണ്. ഫ്ലൈറ്റില്‍ ടിക്കറ്റ് കണ്‍ഫേം ആണെന്നു പറഞ്ഞു അദ്ദേഹത്തിന് എംബസിയില്‍ നിന്നും ഇമെയില്‍ വന്നിരുന്നു. എന്നാല്‍, പിന്നീട് അദ്ദേഹത്തിന്‍റെ പേര് ലിസ്റ്റില്‍ നിന്നും യാതൊരു അറിയിപ്പുമില്ലാതെ വെട്ടിമാറ്റപ്പെട്ടു. എംബസിയില്‍ നിന്നും വിളിവരുന്നതും കാത്തു ചൊവ്വാഴ്ച പുലര്‍ച്ചെ വരെ കാത്തിരുന്ന അദ്ദേഹം പിന്നീട് തിരിച്ചു ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എംബസിയിലും എയര്‍ ഇന്ത്യ ഓഫീസിലും ആരും ഫോണ്‍ എടുക്കുകയുണ്ടായില്ല. പന്തളം സ്വദേശിയായ വിഷ്ണു എന്ന വിദ്യാര്‍ഥിക്കും ഇതേ ദൂരനുഭവമാണുണ്ടായത്. വിഷ്ണുവിന്റെ കൂടെയുള്ള ആന്ധ്രക്കാരനായ വേറൊരു വിദ്യാര്‍ഥിക്ക് ലിസ്റ്റില്‍ പേര് ഇല്ലാതിരുന്നിട്ടുകൂടി നാട്ടിലേക്ക് പോകുവാനുള്ള അവസരം ലഭിച്ചു. പക്ഷപാതപരമായാണ് അധികാരികള്‍ പെരുമാറുന്നതെന്നും ഇത് തെളിയിക്കുന്നു.

ലണ്ടനില്‍ നിന്നും കേരളത്തിലേക്ക് ഈ ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നവരുടെ ലിസ്റ്റ് കേരള സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടായിരുന്നു. ഇതനുസരിച്ചു അവര്‍ക്കു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ വേണ്ടി ജില്ലാ ഭരണകൂടങ്ങള്‍ ഇവരുടെ വീട്ടുകാരെ ബന്ധപ്പെടുകയും ചെയ്തിരുന്നു. മലയാളിയായ ഒരു മന്ത്രി വിദേശകാര്യവകുപ്പില്‍ ഇരിക്കുമ്പോള്‍ പോലും പ്രവാസി മലയാളി സമൂഹം ഇത്തരത്തിലുള്ള അവഗണനയ്ക്കു വിധേയമാകുന്നത് പ്രതിഷേധാര്‍ഹമാണ്.

ഈ തിരിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ആരാണെു കണ്ടുപിടിച്ചു അവര്‍ക്കെതിരെ മാതൃകാപരമായ നടപടികള്‍ എടുക്കണം എന്നും മലയാളി പ്രവാസി സമൂഹത്തോട് ഭാവിയില്‍ അവഗണന ഉണ്ടാവില്ലെന്ന് ഉറപ്പാക്കണമെന്നും സമീക്ഷ യുകെ ആവശ്യപ്പെട്ടു . ഇതു സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, വിദേശകാര്യമന്ത്രി ജയശങ്കര്‍ എന്നിവര്‍ക്ക് പരാതി സമര്‍പ്പിക്കുമെന്നും സമീക്ഷ ഭാരവാഹികള്‍ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top