Flash News

ആഘോഷങ്ങളില്ലാതെ ഫാ.മാത്യു കുന്നത്തിന്റെ പൗരോഹത്യ വാര്‍ഷികവും ജന്മദിനവും കൊണ്ടാടി

June 1, 2020 , ഫ്രാന്‍സിസ് തടത്തില്‍

ppന്യൂജേഴ്‌സി: രാജ്യം മുഴുവന്‍ കോവിഡ് 19 ന്റെ ലോക്ക് ഡൗണില്‍ കഴിയുമ്പോഴും തന്റെ പൗരോഹത്യ സ്വീകരണത്തിന്റെ 60താമത് വാര്‍ഷികവും 89 മത് പിറന്നാളും വ്യത്യസ്തമായ രീതിയില്‍ ആഘോഷിച്ച സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഫാ. മാത്യു കുന്നത്ത് കൃതജ്ഞതയര്‍പ്പിച്ചു. മെയ് രണ്ടിന് പിറന്നാളും പൗരോഹിത്യ ജൂബിലിയും ഒരു വലിയ ആഘോഷമാക്കി നടത്താന്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഫാ. മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൗണ്ടഷനും പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ ലോകം മുഴുവനും,പ്രത്യേകിച്ച് അമേരിക്കയില്‍ ആളിപ്പടര്‍ന്ന കോവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് വളരെ ലളിതമായി ആഘോഷം ചുരുക്കുകയായിരുന്നു.

ഏപ്രില്‍ 24 നായിരുന്നു ഫാ. മാത്യു കുന്നതിന്റെ പൗരോഹത്യ സ്വീകരണത്തിന്റെ 60താമത് വാര്‍ഷികം. കോവിഡ് 19 മരണം അമേരിക്കയില്‍ അതിഭയാനകമാം വിധം വര്‍ധിച്ചു വന്നിരുന്ന അന്ന് ലോകത്തെ മുഴുവന്‍ കോവിഡ് ബാധിതര്‍ക്കായി സമര്‍പ്പിച്ചുകൊണ്ട് ഫാ. മാത്യു കുന്നത്ത് നടത്തിയ ദിവ്യബലിയില്‍ യുട്യൂബ് ലൈവ് വഴി ലോകമെമ്പാടുമുള്ള മാത്യു അച്ചന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നിശബ്ദ സന്നദ്ധപ്രവര്‍ത്തനം വഴി സഹായം ലഭിച്ചിട്ടുള്ളവരുമായ നിരവധിയാളുകളും പങ്കെടുത്തിരുന്നു.മെയ് 18 നും തന്റെ 89 മത് പിറന്നാളിനോടനുബന്ധിച്ച് ഫാ.മാത്യു വീണ്ടും യുട്യൂബ് ലൈവ് വഴി കുര്‍ബാനയര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് സൂം മീറ്റിംഗ് വഴി അദ്ദേഹത്തിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഫാ.മാത്യു കുന്നത് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.

15 വര്‍ഷംമുമ്പ് ഒരു മെയ് മാസത്തില്‍ അദ്ദേഹത്തിന്റെ 74 പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഫാ. മാത്യു കുന്നത് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സംഘടനയ്ക്ക് രൂപം കൊടുത്തത്. കേരളത്തിലെ പാവപ്പെട്ട നഴ്‌സിംഗ് വിദ്യാര്‍ഥികള്‍, നിര്‍ധന രോഗികള്‍ എന്നിവര്‍ക്കായി മാത്യു അച്ചന്‍ കാലാകാലങ്ങളായി തുടര്‍ന്നുകൊണ്ടിരുന്ന കാരുണ്യപ്രവര്‍ത്തങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥമായ സ്‌നേഹ സഹായം വഴി അമേരിക്കയില്‍ എത്തിയിട്ടുള്ള നൂറുകണക്കിന് പേര്‍ ചേര്‍ന്ന് ഇത്തരമൊരു വ്യവസ്ഥാപിതമായ ചാരിറ്റബിള്‍ ട്രസ്റ്റിന് രൂപം നല്‍കിയത്.

ട്രസ്റ്റിന് തുടക്കം കുറിക്കും മുന്‍പുവരെ എല്ലാ വര്‍ഷവും ഫാ. മാത്യുവിന്റെ പിറന്നാള്‍ ദിനം അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വലിയൊരാകാശമായി നടത്തുമായിരുന്നു. അന്നും പലപ്പോഴായും സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കുന്ന പണം പൂര്‍ണമായും പാവങ്ങളെ സഹായിക്കാനായി ചെലവഴിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തില്‍ കാരുണ്യ പ്രവൃത്തി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരനാണ് 15 വര്ഷം മുന്‍പ് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നല്‍കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മെയ് മാസത്തിലെ 18 തിയ്യതിയിലോ അത് കഴിഞ്ഞുള്ള ശനിയാഴ്ചകളിലോ അദ്ദേഹത്തിന്റെ പിറന്നാള്‍ ആഘോഷത്തിനൊപ്പം ഫൌണ്ടേഷന്‍ വാര്‍ഷികവും ആഘോഷിച്ചു വരുന്നു. ഈ വര്‍ഷത്തെ പിറന്നാളിനും ഫൌണ്ടേഷന്‍ വാര്‍ഷികത്തിനും ഏറെ പ്രത്യേകത ഉണ്ടായിരുന്നതിനാലാണ് ഏറെ വിപുലമായി ആഘോഷിക്കാനിരുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിപുലമായ ആഘോഷപരിപാടികള്‍ വേണ്ടെന്നു വച്ച സംഘാടകര്‍ സൂം മീറ്റിംഗ് നടത്തിയും ഓണ്‍ലൈന്‍ കുര്‍ബാന വഴിയും ലളിതമാക്കിയെങ്കിലും അടുത്തവര്‍ഷം ജൂബിലി വര്‍ഷത്തിന്റെ അവസാനം വിപുലമായ പരിപാടികള്‍ നടത്താനിരിക്കുകയാണ്. ഈ വര്‍ഷം പ്രസിദ്ധീകരിക്കാനിരുന്ന അദ്ദേഹത്തിന്റെ ജൂബിലി സ്മാരകണികയും അടുത്തവര്‍ഷം കൂടുതല്‍ അപ്‌ഡേഷനോട് കൂടി പുറത്തിറക്കും.10 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ പൗരോഹത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറങ്ങിയ സമരണികയായ കെടാവിളക്ക് എന്ന പുസ്തകത്തിന്റെ പേരുപോലെ തന്നെ ഇപ്പോഴും കെടാതെ തുടര്ന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന കാരുണ്യപ്രവര്‍ത്തനമെന്ന കെടാവിളക്ക്.

ആദ്യകാലങ്ങളില്‍ ട്രസ്റ്റിന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം ധന സമാഹാരങ്ങളിലൂടെയായിരുന്നു കണ്ടെത്തിയിരുന്നത്. ധന സമാഹാരപ്രവര്‍ത്തനങ്ങള്‍ വഴി ലഭിച്ചിരുന്ന തുകയില്‍ നല്ലൊരു ശതമാനം ചെലവ് വരുന്നതിനാല്‍ ഫൗണ്ടേഷന്‍ ഒരു തീരുമാനമെടുത്തു. ഓരോരുത്തരും മാസം നിശ്ചിത തുക ബാങ്ക് വഴി ഡയറക്ട് സെപ്പോസിറ്റ് ആയി നല്‍കുക. മൂന്ന് വര്‍ഷം മുന്‍പ് തുടങ്ങിയ ഈ പദ്ധതി പ്രകാരം 20 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെ പ്രതിമാസം ഡയറക്റ്റ് ഡെപ്പോസിറ്റ് ആയി നല്‍കുന്നത് ഏതാണ്ട് 130 ഓളം പേരാണ്. ഓരോ വര്ഷവും ഈ പദ്ധതിയില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. എല്ലാ മാസവും ബോര്‍ഡ് മീറ്റിംഗ് കൂടി അതാതു ആഴ്ചകളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിശോധിച്ച് അപേക്ഷകരുടെ ആവശ്യത്തിന്റെ ഗൗവരവമനുസരിച്ചു അതാത് മാസം ലഭ്യമാകുന്ന മുഴുവന്‍ തുകയും വീതിച്ചു നല്‍കും.

fr.k.massഫണ്ട് റൈസിംഗ് എന്ന പേരില്‍ യാതൊരു കോലാഹലവുമില്ലാതെ,ദുര്‍ചെലവുകള്‍ ഇല്ലാതെ, പ്രവര്‍ത്തന ചെലവ് ഒരു നയാ പെനി പോലുമില്ലാതെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന അമേരിക്കയിലെ ഏക സന്നദ്ധ സംഘടനയായിരിക്കും.നിശബ്ദ സേവനം നടത്തുന്ന ഈ സന്നദ്ധ സംഘടനയുടെ സ്ഥിരം ചെയര്‍മാനാണ് ഫാ. മാത്യു കുന്നത്ത്. അദ്ദേത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ ആയി ആല്‍ബര്‍ട്ട് ആന്റണി കണ്ണമ്പള്ളിയും സെക്രെട്ടറിയായി സിറിയക്ക് കുന്നത്ത് എന്നിവരും പ്രവര്‍ത്തിക്കുന്നു. എല്‍സ മാമ്പിള്ളിയാണ് വര്‍ക്കിംഗ് പ്രസിഡണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ ഇതിനകം 7 ലക്ഷം ഡോളര്‍ സഹായം ഫൌണ്ടേഷന്‍ വഴിയും കണക്കുകള്‍ക്കതീതമായി ആയിരക്കണക്കിന് ഡോളര്‍ മാത്യു അച്ചന്‍ നേരിട്ടും കേരളത്തിലെ നൂറുകണക്കിന് നിര്‍ദ്ധനര്‍ക്കായി നല്‍കിയിട്ടുണ്ട്. തന്‍റെ കലാശേഷവും ഈ ഫൗണ്ടേഷന്‍ വഴി നന്മകള്‍ തുടരണമെന്ന് തീവ്രമായ ആഗ്രഹത്തിലാണ് മാത്യു അച്ചന്‍.ഫൗണ്ടേഷന്റെ ഡയറക്ട് ഡെപ്പോസിറ്റ് പദ്ധതിയില്‍ അംഗമാകാന്‍ താല്‍പ്പര്യമുള്ളവര്‍ സെക്രെട്ടറി സിറിയക്ക് കുന്നത്തുമായി ബന്ധപ്പെടേണ്ടതാണ്. email:kunncyriac@verizon.net ,ഫോണ്‍:9085918422.

വിപുലമായ ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 60 വാര്‍ഷികത്തോടനുബന്ധിച്ച് 60 ജപമാലകളും പിറന്നാളിനോടനുബന്ധിച്ച് 89 ജപമാലകളും ഓരോ കുടുംബങ്ങളും പലദിവസങ്ങളിലായി കാഴ്ച് വച്ചിരുന്നു. തനിക്കു കിട്ടിയതില്‍ വച്ച് ഏറ്റവും വലിയ സമ്മാനമാണ് തന്റെ ജനത പൗരോഹത്യ സ്വീകരണ വാര്ഷികത്തിലും ജന്മദിനത്തിലും സമ്മാനിച്ചതെന്നു ഒരു തികഞ്ഞ അമ്മ ഭക്തന്‍ കൂടിയായ മാത്യു അച്ചന്‍ പറഞ്ഞു. മാതാവിനോടുള്ള അതിയായ സ്‌നേഹത്തെത്തുടര്‍ന്നു കഴിഞ്ഞ 19 വര്‍ഷമായി കൊന്ത മാസമായ ഒക്ടോബര്‍ മാസത്തിലെ 31 ദിവസങ്ങളിലും മുടങ്ങാതെയുള്ള കൊന്തനമസക്കാരം മാത്യു അച്ചന്റെ നേതൃത്വത്തില്‍ നടത്തിവരാറുണ്ട്. 2012 ലെ കൊന്തമാസത്തില്‍ സാന്‍ഡി കൊടുങ്കാറ്റിനെത്തുടര്‍ന്നു 2 ദിവസങ്ങള്‍ മാത്രമാണ് ഒക്ടോബര് ഈ അഖണ്ഡകൊന്തനമസ്ക്കാരം മുടങ്ങിയിട്ടുള്ളത്.

താന്‍ മൂലം അമേരിക്കയില്‍ എത്തിച്ചേര്‍ന്ന ഒരു വലിയ ജനതയുടെ ആല്‍മീയഗുരുവായി ഇന്നും നിലനില്‍ക്കുന്ന മാത്യു അച്ചന്റെ സ്‌നേഹചൈതന്യം കടലുകള്‍ കടന്ന് അനേകായിരങ്ങള്‍ക്ക് സഹായമായിക്കൊണ്ടിരിക്കുകയാണ്. ആ സ്‌നേഹചൈതന്യത്തിന്റെ വാര്‍ധക്യവിശ്രമജീവിതത്തിലും ഒരിക്കലും വറ്റാത്ത ഉറവയായി കാരുണ്യ പ്രവര്‍ത്തനത്തില്‍ മാത്രം സദാ വ്യാപാരിച്ചുകൊണ്ടിരിക്കുകയാണ്. നവതിയുടെ അരികിയിലെത്തിയിരുക്കുന്ന ഈ വയോവൈദികന്‍. കാരുണ്യത്തിന്റെ നിറദീപമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കെടാവിളക്കിലെ ദീപം അണയാതിരിക്കാന്‍ അദ്ദേഹത്തിനു ദൈവം ദീര്‍ഘായുസ് നല്കട്ടെയെന്ന് ആശംസിക്കുന്നു.മറ്റുള്ളവര്‍ക്ക് നന്മ ചെയ്തില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമെന്ന അദ്ദേത്തിന്റെ ആപത്താവാക്യത്തിനും ദീര്‍ഘായുസ് നേരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top