Flash News

ആ കുരുന്ന് ജീവന്‍ നല്‍കിയത് ഒരു കൗമാരക്കാരന്; മസ്തിഷ്ക്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്കകള്‍ പതിനേഴുകാരന് നല്‍കി

June 1, 2020

jpg_0അഹമ്മദാബാദ്: കൊറോണ വൈറസ് എന്ന മഹാമാരി ലോകമാകെ ജനങ്ങളുടെ ജീവന്‍ കവര്‍ന്നെടുക്കുമ്പോള്‍ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു രണ്ടു വയസ്സുകാരന്‍ മറ്റൊരു കൗമാരക്കാരന് തന്റെ ജീവന്‍ പകുത്തു നല്‍കിയ കഥയാണ് അഹമ്മദാബാദില്‍ നിന്ന് കേള്‍ക്കുന്നത്. ഒരു വയസ്സും 11 മാസവുമായ ഒരു കുഞ്ഞ് കിഡ്‌നികള്‍ തകരാറിലായ ഒരു കൗമാരക്കാരന് പുതിയ ജീവിതം നല്‍കിയതാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരിക്കുന്നത്.

തലച്ചോറിലെ ഒരു മുഴ നീക്കം ചെയ്യുന്നതിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേദ് സിന്‍സിവാദിയ എന്ന കുഞ്ഞാണ് തന്റെ മരണത്തിന് മുമ്പ് ഒരാള്‍ക്ക് ജീവനും ജീവിതവും നല്‍കിയിരിക്കുന്നത്. മുഴ നീക്കം ചെയ്യാനായി നടത്തിയ ഓപ്പറേഷനിടെ വേദിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അഞ്ച് ദിവസം മുമ്പ് കുഞ്ഞുവേദ് പെട്ടെന്ന് രോഗബാധിതനായി. തുടര്‍ച്ചയായി ഛര്‍ദ്ദിച്ച കുഞ്ഞിന് സംസാരിക്കാനും ബുദ്ധിമുട്ടുമുണ്ടായിരുന്നു. രാജ്‌കോട്ടിലെ സര്‍ജനായ ഡോ. സുധീര്‍ രുഗാനിയെ കാണിച്ചപ്പോള്‍ അദ്ദേഹം വേദിന് ബ്രെയിന്‍ ട്യൂമറാണെന്ന് കണ്ടെത്തി. ഈ ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷനിടെ സ്ഥിതി സങ്കീര്‍ണമാവുകയും ട്യൂമര്‍ പൊട്ടുകയും ചെയ്തു. ഇതോടെ കുഞ്ഞിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു.

തുടര്‍ന്ന് വേദിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ കുഞ്ഞിന്റെ മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കി. അവരുടെ സമ്മതം ലഭിച്ചതോടെ അവയവങ്ങള്‍ സ്വീകരിക്കാന്‍ പറ്റിയ രോഗികളെ ഡോക്ടര്‍മാര്‍ തിരഞ്ഞു. ഒടുവില്‍ അഹമ്മദാബാദില്‍ നിന്നുള്ള 17 വയസ്സുകാരനെ അവര്‍ കണ്ടെത്തി. വൃക്കകള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി കുട്ടിയ്ക്ക് ഡയാലിസിസ് നടത്തി വരികയായിരുന്നു. അങ്ങിനെ സര്‍ക്കാരിന്റെ ധനസഹായത്തോടെ ഈ കുട്ടിയില്‍ വേദ് എന്ന കുഞ്ഞിന്റെ വൃക്കകള്‍ വെച്ചുപിടിപ്പിച്ചു.

23 മാസം മാത്രമേ ഈ ഭൂമിയില്‍ ജീവിച്ചുള്ളുവെങ്കിലും തന്റെ കൊച്ചു ജീവിതം അര്‍ത്ഥപൂര്‍ണമാക്കിയിട്ടാണ് കുഞ്ഞുവേദ് കടന്നുപോകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top