Flash News

വ്യത്യസ്ഥനായ ആ കള്ളനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല, ബൈക്ക് മോഷ്ടാവിന്റെ ‘സത്യസന്ധത’ കൗതുകമായി

June 1, 2020

TamilNadu-parcelമോഷണം പലവിധത്തില്‍ നടക്കാറുണ്ട്. മോഷ്ടാക്കള്‍ പലവിധമുണ്ട്. ചിലര്‍ മനഃപ്പൂര്‍‌വ്വം മോഷണം ഒരു തൊഴിലായി സ്വീകരിച്ചവരാണെങ്കില്‍ മറ്റു ചിലര്‍ സാഹചര്യങ്ങള്‍ മോഷ്ടാക്കളാക്കിയവരായിരിക്കും. അത്തരം ഒരു ‘സാചചര്യ’ത്തില്‍ മോഷ്ടാവാകേണ്ടി വന്ന ഒരാളാണ് കോയമ്പത്തൂരിനടുത്ത് ചായക്കട നടത്തിയിരുന്ന പ്രശാന്ത്.

കോയമ്പത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലാണ് സംഭവം നടക്കുന്നത്. ലോക്ക്ഡൗണ്‍ കാരണം കു ടുങ്ങിപ്പോയ ഈ വ്യക്തിക്ക് തന്റെ കുടുംബത്തേയും കൂട്ടി എങ്ങിനെയങ്കിലും 300 കിലോമീറ്റര്‍ അകലെയുള്ള തന്റെ നാട്ടിലെത്തണം. വാഹനഗതാഗതം നിശ്ചലമായ അവസ്ഥയില്‍ കണ്ടെത്തിയ മാര്‍ഗ്ഗമാകട്ടെ ബൈക്ക് മോഷ്ടിക്കുക എന്ന ഒരൊറ്റ പോം‌വഴിയേ അയാള്‍ കണ്ടുള്ളൂ. അയാളത് ചെയ്യുകയും സുരക്ഷിതമായി കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലെത്തുകയും ചെയ്തു.

നിവര്‍ത്തികേടുകൊണ്ട് താന്‍ ചെയ്തുപോയ അപരാധത്തിന് അയാള്‍ പ്രായശ്ചിത്തം ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ രാജ്യമാകെ പ്രചരിക്കുന്നത്. വീട്ടിലെത്തി രണ്ടാഴ്ചയ്ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ മെയ് 29 ന് ഇതേ ബൈക്ക് ഉടമസ്ഥന്റെ വീട്ടുപടിക്കല്‍ പാഴ്സലായി എത്തിയതോടെയാണ് ഈ വാര്‍ത്തക്ക് പ്രാധാന്യമേറിയത്.

സുലൂര്‍ പൊലീസ് സ്റ്റേഷനിലെ ഓഫീസര്‍ പറയുന്നതനുസരിച്ച് മെയ് 18 നാണ് പ്രശാന്ത് എന്നയാള്‍ ഭാര്യയെയും തന്റെ രണ്ട് മക്കളെയും കൊണ്ട് തഞ്ചാവൂരിലുള്ള മന്നാര്‍ഗുഡിയിലേക്ക് മോഷ്ടിച്ച ബൈക്കുമായി യാത്ര പുറപ്പെട്ടത്. കോയമ്പത്തൂര്‍ പട്ടണത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയുള്ള സുലൂരിനടുത്തുള്ള കുന്നംപാളയം എന്ന സ്ഥലത്ത് ഒരു ലെയ്ത്ത് ശാല നടത്തുന്ന സുരേഷ് കുമാറിന്റെ ബൈക്ക് പ്രശാന്ത് മോഷ്ടിക്കുകയായിരുന്നു.

എന്നത്തെയുംപോലെ സുരേഷ് കുമാര്‍ അന്നും തന്റെ ലെയ്ത്തില്‍ പണിയെടുക്കുകയായിരുന്നു. ബൈക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്നു. ഉച്ച കഴിഞ്ഞ് അദ്ദേഹം പുറത്ത് വന്നപ്പോഴാണ് ബൈക്ക് അപ്രത്യക്ഷമായത് കാണുന്നത്. അന്ന് തന്നെ അദ്ദേഹം ലോക്കല്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ലോക്ക്ഡൗണ്‍ തിരക്ക് കാരണം പൊലീസുകാര്‍ കേസ് രജിസ്റ്റര്‍ ചെയ്തില്ല.

മെയ് 21 ന് ലോക്ക്ഡൗണ്‍ അവസാനിച്ചു. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം സുരേഷ് കുമാര്‍ തൊട്ടടുത്തുള്ള കെട്ടിടത്തിലെ സിസിടിവി പരിശോധിക്കാന്‍ ചെന്നു. കള്ളനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോയെന്ന് അറിയാനായിരുന്നു അത്. ഷര്‍ട്ടും പാന്റും ധരിച്ച ചെരുപ്പിടാത്ത ഒരാള്‍ തന്റെ ബൈക്ക് എടുത്തുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് കുമാര്‍ കണ്ടു.

അത് പ്രശാന്താണെന്ന് സമീപവാസികള്‍ ആരോ തിരിച്ചറിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവിടെ രണ്ട് ചായക്കടകള്‍ നടത്തുന്ന വ്യക്തിയായിരുന്നു പ്രശാന്ത്. ആ ഗ്രാമത്തില്‍ പ്രശാന്ത് താമസിച്ചിരുന്ന വീട്ടില്‍ സുരേഷ് കുമാറും സുഹൃത്തുക്കളും ചെന്നു. എന്നാല്‍ അദ്ദേഹം കുടുംബത്തെയും കൂട്ടി സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയെന്നാണ് അവിടെ നിന്ന് സുരേഷ് കുമാറിന് അറിയാന്‍ കഴിഞ്ഞത്.

തുടര്‍ന്ന് പ്രശാന്തുമായി ഫോണില്‍ ബന്ധപ്പെടാന്‍ സുരേഷ് പരമാവധി ശ്രമിച്ചു. പക്ഷേ, കഴിഞ്ഞില്ല. സുലൂരില്‍ നിന്നും മന്നാര്‍ഗുഡിയ്ക്ക് 300 കിലോമീറ്റര്‍ ഉണ്ട്.

അങ്ങിനെയിരിക്കെ മെയ് 29-ാം തിയതി ഉച്ചകഴിഞ്ഞ് അടുത്തുള്ള പാര്‍സല്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും കുമാറിന് ഒരു കോള്‍ വന്നു. അവിടെ ചെന്നപ്പോള്‍ സുരേഷ് കുമാര്‍ ഞെട്ടിപ്പോയി. തന്റെ ബൈക്ക് ആര്‍സി ബുക്ക് അടക്കം പാര്‍സലായി തിരിച്ചെത്തിയിരിക്കുന്നു. 1400 രൂപ പാര്‍സല്‍ സര്‍വ്വീസുകാര്‍ക്ക് കൊടുത്ത് സുരേഷ് തന്റെ ബൈക്ക് വീണ്ടും സ്വന്തമാക്കി.

എന്തായാലും കേസുമായി മുന്നോട്ടുപോകാനില്ലെന്നാണ് സുരേഷ് കുമാര്‍ പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ പൊലീസുകാര്‍ തന്റെ ബൈക്ക് തൊണ്ടിമുതലായി എടുത്തുകൊണ്ടുപോകുമോയെന്നാണ് സുരേഷ് കുമാറിന്റെ ഭയം.



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top