Flash News

ജോര്‍ജ് ഫ്ലോയിഡിന്റെ മരണത്തില്‍ മുതലക്കണ്ണീരൊഴുക്കുന്ന സിപി‌എം

June 1, 2020

corona1മിനിയാപോളീസില്‍ വെളുത്ത വര്‍ഗക്കാരനായ പോലീസിന്റെ ക്രൂരതയില്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനെതിരെ കേരളത്തിലെ ഇടതുപക്ഷ മാധ്യമങ്ങളും ബുദ്ധിജീവികളും ഉറഞ്ഞ് തുള്ളുകയാണ്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി അമേരിക്കന്‍ സാമ്രാജ്യത്തെ വെല്ലുവിളിക്കുന്ന മുഖപ്രസംഗം വരെ എഴുതിയിട്ടുണ്ട്. രാജ്യത്ത് ഇടതുപക്ഷം ഭരിക്കുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ പോലീസിന്റെ ക്രൂരത നിമിത്തം ഇരുപതിലേറെ പേരാണ് കസ്റ്റഡിയിലും മറ്റുമായി കൊല്ലപ്പെട്ടത്.

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലാണ് വരാപ്പുഴയിലെ ശ്രീജിത്ത് എന്ന ചെറുപ്പക്കാരനെ പോലീസ് അതിക്രൂരമായി ചവിട്ടി കൊന്നത്. വരാപ്പുഴയിലെ ഒരു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വാസുദേവന്‍ എന്ന ആളിന്റെ വീട് ആക്രമിക്കുകയും അയാള്‍ ആത്മഹത്യചെയ്യുകയും ചെയ്തു. ഇതിന്റെ പേരിലാണ് നിരപരാധിയായ ശ്രീജിത്തിനെയും മറ്റ് എട്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. റൂറല്‍ എസ്പി എ.വി ജോര്‍ജിന്റെ സ്വകാര്യ സേന എന്നറിയപ്പെടുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ നൂറ് പോലീസുകാരാണ് വീട്ടില്‍ ഉറങ്ങികിടന്ന ശ്രീജിത്തിനെ പിടികൂടി കൊണ്ടുപോയി ചവിട്ടി കൊന്നത്. ഇങ്ങനെ ഇരുപതിലധികം പേരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്.

കസ്റ്റഡി മരണവും പോലീസ് ക്രൂരതയും തുടര്‍ന്നുകൊണ്ടേയിരുന്നു. 2018 ഏപ്രില്‍ നാലിന് അഗളിയില്‍ ടിജോ തോമസ്, എക്‌സൈസ് കൊട്ടാരക്കര സ്വദേശി മനു, മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ഉന്നൈസ് എന്ന ഓട്ടോ ഡ്രൈവര്‍, കളിയിക്കാവിളയില്‍ അനീഷ്, നെടുങ്കണ്ടം പോലീസ് പിടികൂടിയ രാജ്കുമാറിന്റെ കസ്റ്റഡി മരണമാണ് കേരള മനസ്സാക്ഷിയെ ഏറെ ഞെട്ടിച്ചത്. രാജ്കുമാറിനെ ദിവസങ്ങളോളം കസ്റ്റഡിയില്‍ വെച്ച് ഉരുട്ടലിന് വിധേയമാക്കി. തൃശൂര്‍ വടക്കാഞ്ചേരിയില്‍ വിനായകന്‍ എന്ന ദളിത് യുവാവിനെ മുടിനീട്ടി വളര്‍ത്തിയതിന്റെ പേരില്‍ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ഇതില്‍ മനംനൊന്ത് ആ ചെറുപ്പക്കാരന്‍ ആത്മഹത്യ ചെയ്തു.

കേരളം കണ്ടതില്‍ വെച്ച് ഏറ്റവും ക്രൂരമായ കസ്റ്റഡി കൊലപാതകമാണ് നെടുങ്കണ്ടം രാജ്കുമാറിന്റേത്. പോലീസുകാര്‍ അയാളെ കസ്റ്റഡിയില്‍ വെച്ച് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നു. അവസാന ദിവസങ്ങളില്‍ കുടിക്കാനിറ്റ് വെള്ളം പോലും കൊടുത്തില്ല. വാരിയെല്ല് ഒടിഞ്ഞ നിലയിലായിരുന്നുവെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ 32 പരിക്കുകളുണ്ടായിരുന്നു. സുപ്രീം കോടതിയുടെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുകൊണ്ടാണ് അയാളെ കസ്റ്റഡിയില്‍ പാര്‍പ്പിച്ചത്. സ്‌ട്രെച്ചറിലാണ് ജയിലില്‍ എത്തിച്ചത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് പോലീസ് കസ്റ്റഡിയില്‍ പീഡിപ്പിച്ച് കൊന്ന നിരപരാധികളെ വിസ്മരിച്ചുകൊണ്ടാണ് അമേരിക്കയില്‍ പോലീസുകാര്‍ കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന്റെ പേരില്‍ സിപിഎമ്മുകാര്‍ കേരളത്തില്‍ മെഴുകുതിരി കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തുന്നത്. അമേരിക്കന്‍ സര്‍ക്കാരും പ്രസിഡന്റ് ട്രംപും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണകാലത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മിണ്ടാട്ടമില്ല.

മനുഷ്യാവകാശത്തിന്റെ പേരില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ മുതലകണ്ണീരൊഴുക്കുന്നതല്ലാതെ, മനുഷ്യാവകാശങ്ങളോട് ഒരു തരത്തിലും നീതി പുലര്‍ത്താത്ത കൂട്ടരാണ് ഇടതുപക്ഷകാര്‍ പ്രത്യേകിച്ച് സിപിഎം.

ദേശാഭിമാനിയുടെ മുഖപ്രസംഗം

കോവിഡ് മഹാമാരി അമേരിക്കയിലെങ്ങും പടര്‍ന്നു പിടിക്കുന്നതിനിടയില്‍ വംശീയവെറിക്കെതിരെയുള്ള പ്രക്ഷോഭവും ആ രാജ്യത്ത് കത്തിപ്പടരുകയാണ്. മിനെസൊട്ടയില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്തവംശജന്‍ പൊലീസുകാരുടെ വംശീയവെറിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് അമേരിക്കയിലെങ്ങും പ്രതിഷേധം ഇരമ്പുന്നത്. ഡെറിക്ക് ഷോവിന്‍ എന്ന പൊലീസുകാരനും മറ്റ് മൂന്നു പേരും ചേര്‍ന്ന് ക്രൂരമായാണ് നാല്‍പ്പത്താറുകാരനായ കറുത്തവംശജനെ കൊന്നത്. മുട്ടുകാല്‍ കഴുത്തിലമര്‍ത്തി ശ്വാസം മുട്ടിച്ചാണ് ഫ്ളോയിഡിനെ വധിച്ചത്. മരണവെപ്രാളത്തിനിടയില്‍ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന് ഫ്ളോയിഡിന്‍റെ രോദനം ഇന്ന് അമേരിക്കയുടെ ശബ്ദമായി ഉയരുകയാണ്. വെള്ള മേധാവിത്വത്തിന്‍റെ പ്രതീകമായ ഡോണള്‍ഡ് ട്രംപിന്‍റെ ഭരണത്തില്‍ ശ്വാസം മുട്ടുകയാണെന്ന് ആര്‍ത്തുവിളിച്ചുകൊണ്ട് ആയിരങ്ങള്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിന്‍റെ പാതയിലാണിന്ന്.

ജോര്‍ജ് ഫ്ളോയിഡിന്‍റെ ഘാതകര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങിയിരിക്കുന്നത്. അറ്റ്‌ലാന്റ്, ലോസ് ആഞ്ചലസ് തുടങ്ങി ഇരുപത്തഞ്ചോളം നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ടെക്സാസ് ഉള്‍പ്പെടെ അര ഡസനോളം നഗരങ്ങളില്‍ സമാധാനം സ്ഥാപിക്കുന്നതിനായി നാഷണല്‍ ഗാര്‍ഡുകളെ ഇറക്കേണ്ടിവന്നു. ഫ്ളോയിഡ് കൊല്ലപ്പെട്ട മിനെസൊട്ടയില്‍ മിലിട്ടറി പൊലീസിനെത്തന്നെ ഇറക്കിയിരിക്കുകയാണ്. വൈറ്റ്ഹൗസിലേക്കും ജനങ്ങള്‍ പ്രതിഷേധ മാര്‍ച്ച് നടത്തുകയുണ്ടായി. ഒക്‌ലോഹാമ, ലിറ്റില്‍ റോക്ക് തുടങ്ങി ഒരു ഡസനോളം നഗരങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും റിപ്പോര്‍ട്ട് ചെയ്തു. ഒരു വശത്ത് അടച്ചുപൂട്ടല്‍ പിന്‍വലിക്കണമൊവശ്യപ്പെട്ട് തീവ്ര വലതുപക്ഷം പ്രസിഡന്‍റിന്‍റെ പിന്തുണയോടെ സമരം നടത്തുന്ന വേളയില്‍ത്തന്നെയാണ് മറുവശത്ത് വംശീയവെറിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായത്. അമേരിക്ക അക്ഷരാര്‍ഥത്തില്‍ കത്തുകയാണെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോര്‍ജ് ഫ്ളോയിഡ് സംഭവത്തില്‍ നീതി ഉറപ്പാക്കുന്നതിനുപകരം വംശീയവൈരം ആളിക്കത്തിക്കുന്ന നടപടിയാണ് പ്രസിഡന്‍റ് ട്രംപിന്‍റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. പ്രക്ഷോഭത്തിന്‍റെ പേരില്‍ അരാജകത്വമാണ് സൃഷ്ടിക്കപ്പെട്ടതെന്നും അവര്‍ കൊള്ളയാരംഭിക്കുമ്പോള്‍ വെടിവയ്പിനും തുടക്കമാകുമെന്നും ട്രംപ് ഭീഷണി മുഴക്കി. കോര്‍പറേറ്റ് കൊള്ളയ്ക്ക് രാഷ്ട്രസംവിധാനത്തെ മുഴുവന്‍ ഉപയോഗിക്കുന്ന ട്രംപാണ് നീതിക്കുവേണ്ടി അണിനിരന്നവരെ കൊള്ളക്കാരായി ചിത്രീകരിച്ചത്. സ്വാഭാവികമായും ജനരോഷം ആളിക്കത്തി. ട്രംപ് പ്രതിനിധീകരിക്കുന്ന വെള്ളമേധാവിത്വത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി അത് മാറി. കോവിഡ് മഹാമാരി നേരിടുന്നതില്‍ സമ്പൂര്‍ണമായി പരാജയപ്പെട്ട ട്രംപിനെതിരെയുള്ള ജനരോഷമാണ് പ്രതിഷേധത്തില്‍ നിഴലിക്കുന്നത്. കോവിഡ്-19 പിടിപെട്ട് ഒരു ലക്ഷത്തിലധികം പേര്‍ മരിച്ചതിലും വര്‍ധിച്ച തൊഴിലില്ലായ്മയിലും ജനങ്ങള്‍ക്കുള്ള ദുഃഖവും രോഷവും ഈ പ്രതിഷേധത്തില്‍ നിന്ന് വായിച്ചെടുക്കാം. നവംബറില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ് ഇതൊക്കെ. അതിനാല്‍ പ്രക്ഷോഭത്തെ കറുത്തവംശജരുടെ കൊള്ളയായി ചിത്രീകരിച്ച് വെള്ളക്കാരുടെ വോട്ട് പെട്ടിയിലാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുത്.

സൈനികമായും സാമ്പത്തികമായും ലോകത്തിലെ വന്‍ ശക്തിയാണ് അമേരിക്ക. എന്നാല്‍, അവിടത്തെ കറുത്ത വംശജരും ലാറ്റിനോകളും ഇന്നും ദാരിദ്ര്യത്തിന്‍റെയും അവഗണനയുടെയും കയ്പുനീരു കുടിച്ചാണ് ജീവിക്കുന്നത്. ഇതിനെതിരെ എണ്ണമറ്റ പ്രക്ഷോഭങ്ങള്‍, സമരങ്ങള്‍ അമേരിക്കന്‍ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. 13 ശതമാനം വരുന്ന കറുത്തവംശജരുടെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളുടെയും പൗരാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാല്‍ക്കം എക്സും മറ്റും നടത്തിയ പോരാട്ടങ്ങള്‍ തന്നെ ഉദാഹരണം. എന്നാല്‍, ഇത്തരം പോരാട്ടങ്ങളോട് അമേരിക്കന്‍ ഭരണാധികാരികള്‍ എന്നും ക്രൂരമായാണ് പ്രതികരിച്ചിട്ടുള്ളത്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാല്‍ക്കം എക്സും കൊല്ലപ്പെട്ടതു തന്നെ ഉദാഹരണം. നഗര സൗന്ദര്യവല്‍ക്കരണത്തിന്‍റെയും പശ്ചാത്തല സൗകര്യങ്ങളുടെയും പേരില്‍ ഈ വിഭാഗം ജനങ്ങളെ ചേരികളിലേക്ക് തള്ളിനീക്കുന്നതിനെതിരെയും ക്രിമിനലുകളായി മുദ്രകുത്തി ജയിലില്‍ അടയ്ക്കുതിനെതിരെയും പല ഘട്ടങ്ങളിലും പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. റോഡ്നി കിങ്ങുമാരും തുര്‍മാന്‍ ബെല്‍വിസുമാരും അതില്‍ ചിലര്‍ മാത്രം.

അമേരിക്കയില്‍ മാറിമാറിവന്ന ഭരണാധികാരികളൊന്നും തന്നെ ഈ വിഭാഗം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിരുന്നില്ല. അമേരിക്കന്‍ മുതലാളിത്തം സ്വരൂപിച്ചുകൂട്ടിയ സമ്പത്ത് അടിത്തട്ടില്‍ കിടക്കുന്ന ഈ ജനവിഭാഗങ്ങളുടെ കൂടി ഉന്നമനത്തിനായി പങ്കുവയ്ക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല, രണ്ടാംതരം പൗരന്മാരായാണ് അവര്‍ എന്നും വീക്ഷിക്കപ്പെടുന്നത്. അബ്രഹാം ലിങ്കണ്‍ ഒന്നര നൂറ്റാണ്ടുമുമ്പ് നിയമപരമായി അടിമത്തം നിരോധിച്ചുവെങ്കിലും സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്‍ കറുത്തവംശജരോടുള്ള സമീപനത്തില്‍ വലിയ മാറ്റമൊന്നും ഇന്നും ഉണ്ടായിട്ടില്ലെന്ന് ജോര്‍ജ് ഫ്?ളോയിഡിന്‍റെ ദാരുണമായ കൊലപാതകം സാക്ഷ്യപ്പെടുത്തുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top