Flash News

രാജ്യവ്യാപകമായ അശാന്തി: പോലീസിനെ സഹായിക്കാന്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ഭൂരിഭാഗം അമേരിക്കക്കാരും പിന്തുണയ്ക്കുന്നു, സര്‍‌വേ

June 2, 2020

imageവാഷിംഗ്ടണ്‍ ഡിസി: കഴിഞ്ഞയാഴ്ച മിനിയാപൊളിസ് പോലീസ് കസ്റ്റഡിയില്‍ മരിച്ച ജോര്‍ജ്ജ് ഫ്ലോയ്ഡിനെ അനുസ്മരിച്ച് സമാധാനപരമായ പ്രകടനങ്ങള്‍ക്കൊപ്പം രാജ്യവ്യാപകമായി നടക്കുന്ന കലാപങ്ങളും അക്രമ പരമ്പരകളും അടിച്ചമര്‍ത്താന്‍ പ്രാദേശിക പോലീസിനെ സഹായിക്കുന്നതിനായി ഡെമോക്രാറ്റുകളില്‍ പകുതിയും ഉള്‍പ്പെടെ ഭൂരിപക്ഷം അമേരിക്കക്കാരും സൈന്യത്തെ വിളിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് പുതിയ പോളിംഗ് വ്യക്തമാക്കുന്നു.

മോര്‍ണിംഗ് കണ്‍സള്‍ട്ട് മെയ് 31 മുതല്‍ ജൂണ്‍ 1 വരെ നടത്തിയ സര്‍വേയില്‍ 58 ശതമാനം വോട്ടര്‍മാരും രാജ്യത്തൊട്ടാകെ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ നേരിടാന്‍ സൈന്യത്തെ പിന്തുണയ്ക്കുന്നുവെന്ന് കണ്ടെത്തി. എന്നാല്‍ അത്തരം നടപടിയെ എതിര്‍ക്കുന്നുവെന്ന് 30 ശതമാനം പേരും അഭിപ്രായപ്പെട്ടു.

കൂടാതെ, 33 ശതമാനം (മൂന്നിലൊന്ന്) പേര്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ ശക്തമായി പിന്തുണയ്ക്കുന്നുവെന്നും, 25 ശതമാനം പേര്‍ (നാലിലൊന്ന്) ഈ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. 19 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് സൈന്യത്തെ വിന്യസിക്കുന്നതിനെ ശക്തമായി എതിര്‍ത്തത്.

റിപ്പബ്ലിക്കന്‍മാരില്‍ 77 ശതമാനം പേര്‍ സൈന്യത്തെ വിന്യസിക്കുന്നതിനെ അനുകൂലിക്കുമ്പോള്‍, ഡെമോക്രാറ്റുകളില്‍ 48 ശതമാനം പേരും പ്രതിഷേധം അക്രമാസക്തമായ നഗരങ്ങളിലേക്ക് സൈന്യത്തെ വിന്യസിക്കുന്നതിനെ പിന്തുണയ്ക്കുന്നെന്ന് അഭിപ്രായപ്പെട്ടു. 52 ശതമാനം സ്വതന്ത്രരും ഇത്തരം നടപടികളെ പിന്തുണച്ചിട്ടുണ്ട്.

floydഫ്ലോയ്ഡിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം കലാപം വര്‍ദ്ധിക്കുകയാണ്. 20 ഡോളറിന്റെ വ്യാജ കറന്‍സി ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് മിനിയാപൊളിസ് പോലീസ് ഫ്ലോയ്ഡിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍, പോലീസുമായുള്ള മല്‍‌പിടുത്തത്തിനിടെ താഴെ വീഴുകയും, ഡെറിക് ചൗവിന്‍ എന്ന വെളുത്ത വര്‍ഗക്കാരനായ പോലീസ് ഉദ്യോഗസ്ഥന്‍ ഫ്ലോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് വെച്ച് അമര്‍ത്തുകയും ചെയ്യുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. ഏകദേശം ഒന്‍പത് മിനിറ്റോളം ഫ്ലോയിഡിന്റെ കഴുത്തില്‍ ഓഫീസര്‍ ചൗവിന്‍ കാല്‍മുട്ട് അമര്‍ത്തി വെച്ചു. ഈ സമയമത്രയും “I can’t breathe” (എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല) എന്ന് ഫ്ലോയ്ഡ് ആവര്‍ത്തിച്ചു വിളിച്ചുപറയുമ്പോള്‍ കാഴ്ചക്കാര്‍ ചൗവിനെ പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍, കാവല്‍ക്കാരനായി നിന്നിരുന്ന മറ്റൊരു പോലീസ് ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതും വീഡിയോയില്‍ കാണാം. നിശ്ചലനായ ഫ്ലോയിഡിനെ ആംബുലന്‍സിലേക്ക് കയറ്റുന്നതും വീഡിയോയിലുണ്ട്. ആശുപത്രിയില്‍ ഫ്ലോയ്ഡ് മരിച്ചതായി പ്രഖ്യാപിച്ചു. മെയ് 25-ന് നടന്ന ഈ സംഭവത്തില്‍ ഉള്‍പ്പെട്ട ഡെറിക് ചൗവിനേയും മറ്റ് മൂന്ന് പോലീസ് ഉദ്യോഗസ്ഥരേയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങളാണ് ചൗവിനു മേല്‍ ചാര്‍ത്തിയിരിക്കുന്നത്.

White-House-lockdown-1289034രാജ്യത്തുടനീളമുള്ള മിക്ക പ്രകടനങ്ങളും സമാധാനപരമാണെങ്കിലും ചിലര്‍ അക്രമങ്ങള്‍ക്കും കൊള്ളയടിക്കാനും ആരംഭിച്ചതോടെ പോലീസ് അവരുടേതായ രീതിയില്‍ പ്രതികരിച്ചു. എന്നാല്‍, പ്രകടനം അവസാനം കലാപമായി രൂപാന്തരപ്പെടുകയും വിവിധ സംസ്ഥാനങ്ങളിലേക്ക് പടരുകയും ചെയ്തു.

പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തിങ്കളാഴ്ച വൈകുന്നേരം രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്ത് നടക്കുന്ന അശാന്തി ശമിപ്പിക്കാന്‍ സൈന്യത്തെ അയക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. ‘സംസ്ഥാന സര്‍ക്കാരോ പ്രാദേശിക സര്‍ക്കാരോ അവരുടെ പ്രദേശങ്ങളിലെ പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുകയാണെങ്കില്‍, പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അമേരിക്കന്‍ സൈന്യത്തെ വിന്യസിക്കുകയും അവരുടെ പ്രശ്നം വേഗത്തില്‍ പരിഹരിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

trumpട്രംപിന്‍റെ പരാമര്‍ശത്തിന് ശേഷം വൈറ്റ് ഹൗസിനു മുന്നില്‍ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന ആയിരത്തോളം വരുന്ന പ്രതിഷേധക്കാരെ കണ്ണീര്‍ വാതകമുപയോഗിച്ച് പോലീസ് നീക്കം ചെയ്തതിനെതിരെ ഡെമോക്രാറ്റുകളില്‍ നിന്നും ചില റിപ്പബ്ലിക്കന്‍മാരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. വൈറ്റ് ഹൗസിനടുത്തുള്ള ചരിത്രപ്രാധാന്യമുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയിലേക്ക് നടക്കാനും ബൈബിള്‍ കൈവശം വെച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും ട്രംപിനെ അനുവദിക്കുന്നതിനാണ് പ്രകടനക്കാരെ കണ്ണീര്‍ വാതകമുപയോഗിച്ച് തുരത്തിയതെന്ന വിമര്‍ശനവും ട്രം‌പ് ഏറ്റുവാങ്ങേണ്ടി വന്നു.

‘പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം എല്ലാ പൗരന്മാര്‍ക്കുമുണ്ട്. എന്നാല്‍, ദൈവവചനത്തെയും ബൈബിളിനേയും ഒരു രാഷ്ട്രീയ ആശ്രയമായി കണക്കാക്കുകയും ഒരു ഫോട്ടോ അവസരത്തിനായി സമാധാനപരമായ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനെ ഞാന്‍ എതിര്‍ക്കുന്നു,’ നെബ്രാസ്കയിലെ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ബെന്‍ സാസ്സെ ചൊവ്വാഴ്ച പറഞ്ഞു.

ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനിയായ ജോ ബിഡനും പ്രസിഡന്‍റിന്‍റെ നടപടികളെയും സൈന്യത്തെ അയക്കുമെന്ന ഭീഷണിയെയും വിമര്‍ശിച്ചു. സമാധാനപരമായ ഒരു പ്രതിഷേധത്തെ ബലപ്രയോഗത്തിലൂടെ അടിച്ചമര്‍ത്തുന്നതിനെയും അമേരിക്കന്‍ ജനതയ്ക്കെതിരെ സൈന്യത്തെ ഉപയോഗിക്കുന്നതിനെയും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

protestLike our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top