Flash News

ഒരു സമൂഹത്തെ മുഴുവന്‍ ദുരിതത്തിലാക്കുന്ന ക്‌നാനായ വൈറസ്

June 3, 2020 , ജോയി ഒറവണകളം

knanaya virusലോകത്തെ ആകമാനം ഭീതിപ്പെടുത്തുന്ന മഹാമാരിയാണ് കോവിഡ്-19 എന്ന പേരില്‍ അറിയപ്പെടുന്ന കൊറോണ വൈറസ്. അതിനെ പ്രതിരോധിക്കാന്‍ വൈദ്യശാസ്ത്രത്തില്‍ ഫലപ്രദമായ മരുന്നുകളൊന്നും തന്നെ ഇല്ലായെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ അനധി വിദൂര ഭാവിയില്‍ മെഡിക്കല്‍ സയന്‍സ് പ്രതിരോധ ശേഷിയുള്ള മരുന്ന് കണ്ടുപിടിച്ചേക്കാം. അതിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നു.

കൊറോണ വൈറസിനേക്കാള്‍ മാരകമായ വൈറസാണ് ജാതിചിന്ത എന്ന വൈറസ്. അതിപുരാതന കാലം മുതല്‍ക്കേ ജാതിചിന്ത നിലനില്‍ക്കുന്നതായി നാം കാണുന്നു. യഹൂദന്‍, വിജാതീയന്‍ ലേവിയന്‍, സമരിയന്‍, കറമ്പന്‍, വെളുമ്പന്‍ എന്നിങ്ങനെ ജാതീയതയുടെ പേരില്‍ മനുഷ്യനെ വേര്‍തിരിക്കുന്നു. ഈ ആധുനിക കാലഘട്ടത്തിലും അത് കുറേക്കൂടി വളര്‍ന്ന് ഓരോ മതവിഭാഗത്തിലും അനവധി ജാതികളെ നാം കണ്ടുവരുന്നു. ഇന്ന് ലോകത്തെമ്പാടും നടക്കുന്ന ഭീകര പ്രവര്‍ത്തനത്തിന്റെയും അസമാധാനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജാതിചിന്തയാണെന്ന് അതിന്റെ കണ്ടെത്തലില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനെതിരെ സര്‍വമത സമ്മേളനങ്ങള്‍ സംഘടിപ്പിക്കാറുമുണ്ട്. അതില്‍ പങ്കെടുക്കുന്ന ഓരോ മത നേതാക്കളും ജാതീയതയ്ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്നുണ്ടെങ്കിലും, ജാതിചിന്ത കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ലതാനും.

എന്നാല്‍ പരസ്പരം സ്‌നേഹിക്കുക, നിന്നെ പോലെതന്നെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന യേശുക്രിസ്തുവിന്റെ മഹത്തായ തത്വത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-മത ഭേദം കൂടാതെ, ദേശത്തിന്റെയോ ഭാഷയുടെയോ പരിമിതികള്‍ക്കപ്പുറം എല്ലാവരെയും ഒന്നിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് ക്രിസ്തുസഭ. ആ സഭയുടെ ഒരു ഭാഗമാണ് കോട്ടയം രൂപത. 1911-ല്‍ തെക്കുംഭാഗ വിഭാഗത്തിനായി സ്ഥാപിക്കപ്പെട്ട കോട്ടയം രൂപത പിന്നീട് ക്‌നാനായക്കാരുടെ രൂപതയാണെന്ന് പ്രകീര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ക്‌നാനായ എന്ന പദത്തിന്റെ നിര്‍വചനം എന്തെന്ന്, അതായത് ജാതിയുടെയോ സംസ്‌കാാരത്തിന്റെയോ ദേശത്തിന്റെയോ ഭാഷയുടെയോ തൊഴിലിന്റെയോ ഏതിന്റെ അടിസ്ഥാനത്തിലാണ് എന്ന് ഈ പേര് വിഭാവനം ചെയ്തവര്‍ക്കുപോലും ഉത്തരം ഇല്ല.

കോട്ടയം രൂപതയിലെ ഒരംഗം ഒരേ വിശ്വാസവും ഒരേ ആരാധനക്രമവുമുള്ള സീറോമലബാര്‍ സഭയിലെതന്നെ ഇതര രൂപതയിലെ ഒരംഗത്തെ വിവാഹം കഴിച്ചാല്‍ ക്‌നാനായ ജാതിയുടെ പേരില്‍ അവരെ പള്ളിയില്‍നിന്നും പുറത്താക്കി ഊരുവിലക്കു കല്പിക്കുന്നു. ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അതായത്, മറുവിഭാഗം ജാതികള്‍ വിഭാഗീയത കൂടാതെ എല്ലാവരെയും സ്വീകരിക്കുന്നു. അവര്‍ക്കു മതപരമായ ഒരു പ്രമാണവും ഇല്ലെങ്കിലും ജാതിയുടെ പേരില്‍ ആരെയും മാറ്റി നിര്‍ത്തുന്നില്ല. എന്നാല്‍ ലോകമെമ്പാടുപൊയി സര്‍വ ജാതികളോടും സുവിശേഷം പ്രസംഗിക്കുക, മാനസാന്തരപ്പെട്ടു വരുന്നവര്‍ക്ക് സ്‌നാനം നല്‍കി സ്വീകരിക്കുക എന്ന യേശുവിന്റെ പരമപ്രധാനമായ പ്രമാണം പഠിപ്പിക്കുന്ന ഒരു സഭാ സമൂഹത്തിന്റെ ഭാഗമായ കോട്ടയം രൂപത, ക്‌നാനായ രക്തശുദ്ധി പാരമ്പര്യം പറഞ്ഞ് മറ്റുള്ളവരെ കീഴ്ജാതിക്കാരായി മുദ്രകുത്തി സവര്‍ണ മനോഭാവത്തോടെ പ്രവര്‍ത്തിക്കുന്നു.

കോട്ടയം രൂപതയുടെ സ്വവംശ വിവാഹനിഷ്ഠ പാലിക്കാത്തവരെ സ്വവംശത്തില്‍നിന്നും പുറത്താക്കി ഊരുവിലക്കു കല്പിക്കുന്നതു മനുഷാവകാശ ലംഘനമാണെന്ന് കോടതിപോലും വിധി കല്പിച്ചിരിക്കുന്നു. കോട്ടയം രൂപതയുടെ അക്രൈസ്തവമായ നടപടി തിരുത്തപ്പെടേണ്ടതാണെന്ന് വത്തിക്കാന്‍ പോലും നിര്‍ദേശം നല്കിയിട്ടും അത് നടപ്പിലാക്കാന്‍ തയ്യാറാവാതെ കോടതിയേയും സഭയേയും വെല്ലിവിളിച്ചുകൊണ്ട് ക്‌നാനായ സമുദായ സംരക്ഷണ സമതി പരത്തുന്ന ക്‌നാനായവൈറസിനെ തടയിടാന്‍ മരുന്നില്ലാതെ പകച്ചുനില്‍ക്കുന്ന സഭാ തലവന്മാര്‍ കോട്ടയം രൂപതയെ ലോക് ഡൗണ്‍ ചെയ്യാന്‍ തയ്യാറാവാത്തത് എന്തുകൊണ്ട്?



Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top