Flash News

ഗ്രാമത്തിലെ പെണ്‍കുട്ടി (നോവല്‍ 30): അബൂതി

June 17, 2020

അതൊരു തിരക്ക് കുറഞ്ഞ ഹോട്ടലാണ്. അവള്‍ക്ക് അഭിമുഖമിരിക്കുന്ന മനുഷ്യന്റെ മുഖത്തൊരു വഷളന്‍ ചിരിയുണ്ട്. അതവള്‍ കണ്ടില്ലെന്ന് നടിച്ചെങ്കിലും, ഉള്ളിന്റെയുള്ളില്‍ ഒരു കനലായി പൊള്ളിക്കുന്നുണ്ട്.

അയാള്‍ ആ നഗരത്തിലെ അറിയപ്പെടുന്ന ബിസിനസുകാരനാണ്. വലിയ പണക്കാരന്‍. അവളിലേക്ക് ആവര്‍ത്തിച്ചെത്തിയിരുന്ന അപൂര്‍വം ചിലരില്‍ ഒരാള്‍. അവരെയൊന്നും ഇനിയൊരിക്കലും കാണരുത് എന്നവള്‍ക്ക് ആഗ്രഹമുണ്ട്. ഈ മഹാനഗരത്തില്‍ നിന്നും, ഗ്രാമത്തിലേക്ക് തിരികെ പോകാന്‍ ആഗ്രഹിച്ചത് തന്നെ, അതിനാലാണ് പക്ഷെ, ഇന്ന്, ഇതവളുടെ നിവര്‍ത്തി കേടാണ്. കുറച്ചപ്പുറത്തായി ബാബുവുണ്ട്. ഒറ്റയ്ക്ക് ഒരു ചായ ഊതി തണുപ്പിച്ച് കുടിക്കുന്നു.

അജ്ഞാതനായ ആ മനുഷ്യനെ തേടി ബാബുവിന് പോകാൻ വേറേ പാതകളൊന്നും ഇല്ലായിരുന്നു. ഇയാളാണ് അന്ന് ബാബുവിനെ വിളിച്ച്, ഒരു രാത്രിയിലേക്ക് തന്റെ ഒരു ഗസ്റ്റിന് വേണ്ടി അവളെ ചട്ടം കെട്ടിയത്. അയാള്‍ അങ്ങിനെ അതിന് മുന്‍പും ചെയ്തിട്ടുണ്ട്. അയാളുടെ വിവരങ്ങള്‍ അന്വേഷിച്ചു ബാബു നേരില്‍ വന്നപ്പോള്‍, ഈ മനുഷ്യന്‍ പറഞ്ഞത്, അവള്‍ വരട്ടെ എന്നായിരുന്നു. അങ്ങിനെ ഒരിക്കല്‍ കൂടി, ഇഷ്ടമില്ലാഞ്ഞിട്ടു പോലും അവള്‍ക്ക് ഈ വൃത്തികെട്ട കൂടിക്കാഴ്ചയ്ക്ക് വരേണ്ടി വന്നു.

അവളെ ആകെയൊന്ന് ചുഴിഞ്ഞു നോക്കി അയാള്‍ പറഞ്ഞു…

“നീയാകെയൊന്ന് മിനുങ്ങി.” പിന്നെ കൊഴുപ്പു നിറഞ്ഞ മേനികുലുക്കി ഒരു ചിരിയും, തുളച്ചു കയറുന്ന നോട്ടവും..

ആ നോട്ടം അവള്‍ക്ക് അസഹ്യമായിരുന്നു. എങ്ങിനെയെങ്കിലും താന്‍ തേടുന്ന ആളിനെ കുറിച്ചുള്ള വിവരങ്ങള്‍ കരസ്ഥമാക്കി രക്ഷപെടാന്‍ അവള്‍ കൊതിച്ചു. പക്ഷെ മുന്നിലിരിക്കുന്ന മനുഷ്യന്‍ ഇറച്ചിക്കടയിലെ മാംസത്തിലേക്ക് തേറ്റയിളിച്ചു നോക്കുന്ന പട്ടിയെ പോലെ, കാമാര്‍ത്തി പൂണ്ട മിഴികളോടെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. അവളുടെ മുഖത്തെ അസഹ്യഭാവം കണ്ടപ്പോള്‍ അയാൾ തന്റെ ശരീരഭാഷ ഒന്ന് മയപ്പെടുത്തി.

“എന്നാലും പൊന്നൂ… നീയെന്തൊരു പണിയാ കാണിച്ചത്? ഒരു ദിവസം ആരോടും പറയാതെ ഒറ്റയടിക്ക് ഒക്കെയങ്ങട്ട് നിര്‍ത്തി പോവുക. എവിടെയാണെന്നോ എന്താണെന്നോ ഒരു വര്‍ത്തമാനവുമില്ല. മനുഷ്യനിവിടെ പട്ടിണിയായിപ്പോയി. എനിക്കീ തട്ടുകടയില്‍ കയറി തിന്ന് ശീലമില്ല. അതോണ്ട്…. ഇപ്പൊ ശരിക്കും പട്ടിണിയാണ്. ”

അവള്‍ അയാളെ തുറിച്ചു നോക്കി. “സാര്‍ പ്ലീസ്….” അവളുടെ സ്വരത്തിന് നല്ല മൂര്‍ച്ചയുണ്ടായിരുന്നു.

” ഉം.. ഉം… മനസ്സിലായി… അപ്പൊ നീ പരിപാടി പറ്റെ നിര്‍ത്തി…”

അയാള്‍ ഒന്ന് നിര്‍ത്തി എന്തോ ആലോചിച്ചു കുറച്ച് നേരം മിണ്ടാതിരുന്നു.

“പിന്നെ, ഇപ്പൊ എന്തിനാ നീ അവനെ കാണുന്നത്?”

ആ ചോദ്യം അവള്‍ ആദ്യമേ പ്രതീക്ഷിച്ചിരുന്നതിനാല്‍, അതിനുള്ള മറുപടിക്ക് ഒട്ടും താമസമുണ്ടായിരുന്നില്ല.

“അതൊക്കെ ഉണ്ട്. എല്ലാ കാര്യവും സാറിനോട് പറയാമ്പറ്റുവോ..?”

അയാള്‍ തലയാട്ടി. “ഓ.. അങ്ങിനെ.. സീക്രട്ട്… ശരി… എന്നാ പിന്നെ അങ്ങിനെയാവട്ടെ… ഫോണ്‍ നമ്പര്‍ ഞാന്‍ തരാം…. ഫ്രീയാകുമ്പോ.. നമ്മളേം കൂടിയെന്ന് ഗൗനിക്കണം….” വീണ്ടും ആ മാംസഗോപുരം ഇളകിച്ചിരിച്ചു…

അയാള്‍ എഴുതിക്കൊടുത്ത ഫോണ്‍ നമ്പറും വാങ്ങി ഒരു യാത്രപോലും പറയാതെ അവള്‍ പോകുമ്പോള്‍ അയാളുടെ നെറ്റി ചുളിഞ്ഞിരുന്നു. ആ മുഖത്ത് ഗാഢമായൊരു ചിന്തയുടെ മുറുക്കം വന്നു. പിന്നെ മൊബൈല്‍ ഫോനെടുത്ത് ഡയല്‍ ചെയ്തു. അപ്പുറത്ത് നിന്നും ഹലോ കേള്‍ക്കേണ്ട താമസം, മുഖവുരയൊന്നും കൂടാതെ അയാള്‍ പറഞ്ഞു..

“ആളിവിടെ വന്നിരുന്നു… നമ്പറു കൊടുത്തിട്ടുണ്ട്… മട്ടും മാതിരിയും കണ്ടിട്ട് ഇപ്പോള്‍ തന്നെ വിളിക്കും.. നോക്കിക്കോ… എന്ത് മന്ത്രവാദമാണെടോ താന്‍ കാണിച്ചത്…? അവളിപ്പോള്‍ ഞാനറിയുന്ന ആളെ അല്ല. ഞാന്‍ കുറെ ഇളക്കി നോക്കി.. ഇനിയിപ്പോ കഴുത്തില്‍ കയറിട്ടു വലിച്ചാലും അവളെ കിട്ടുമെന്ന് തോന്നുന്നില്ല… ദുഷ്ടനാ നീ.. പരമ ദുഷ്ടന്‍….”

അപ്പുറത്തു നിന്നും അമര്‍ത്തിപ്പിടിച്ചൊരു ചിരിയുടെ നേര്‍ത്ത അലകൾ കേള്‍ക്കാം….. അതവസാനിക്കുന്നതിനു മുന്‍പേ ഫോണ്‍ ഡിസ്കണറ്റായി…

തന്റെ മൊബൈലില്‍ ഡയല്‍ ടോണ്‍ കേള്‍ക്കവേ അവളുടെ നെഞ്ചൊരു തീവണ്ടിയെഞ്ചിന്‍ പോലെ ച്ഛക് ച്ഛക് ശബ്ദമുയര്‍ത്തുന്നുണ്ടായിരുന്നു. ഇന്നോളം താനിത്രയും പരവശയായിട്ടില്ലല്ലോ എന്നവളോര്‍ത്തു. കുറെ നേരം ബെല്ലടിച്ചു. ആരും എടുത്തില്ല. അവള്‍ക്ക് നിരാശയായി. അവള്‍ പിന്നെയും ഡയല്‍ ചെയ്തു. നാലഞ്ച് പ്രാവശ്യം ബെല്ലടിച്ചപ്പോള്‍ അപ്പുറത്ത് ഫോണ്‍ എടുത്തു. വളരെ ലോലമായ ഒരു സ്ത്രീശബ്ദമാണ്‌ അവളെ വരവേറ്റത്.

“ഹലോ… ആരാണ്?”

അവളുടെ നട്ടെല്ലിന്റെ ഉള്ളിലൂടെ ഒരു പുഴുവരിച്ചു പോയി. വേഗം മൊബൈല്‍ കട്ട് ചെയ്തു. എന്താ ചേച്ചീ എന്നൊരു ചോദ്യം വളരെ വിദൂരത്തെന്ന വണ്ണം കേട്ടപ്പോള്‍ ബാബുവിനെ തുറിച്ചു നോക്കി.

“ഒരു പെണ്ണ്…. ഒരു പെണ്ണാ ഫോണെടുത്തത്…” അവള്‍ വിക്കി വിക്കി പറഞ്ഞു.

“പെണ്ണോ” എന്നൊരു ചോദ്യം അത്ഭുതം കലര്‍ത്തി ബാബു ചോദിക്കുന്നെ ഉണ്ടായിരുന്നുള്ളൂ. അവളുടെ കയ്യിലെ മൊബൈല്‍ റിംഗ് ചെയ്യാന്‍ തുടങ്ങി. നോക്കുമ്പോള്‍ ആ നമ്പര്‍ തന്നെ. അവള്‍ അമ്പരപ്പോടെ ബാബുവിന്റെ മുഖത്തേക്ക് നോക്കി. മൊബൈല്‍ നേരെ അവനു നീട്ടി.

“നീ നോക്ക്… പെണ്ണാണെങ്കില്‍ എന്തെങ്കിലും പറഞ്ഞൊഴിവാക്ക്.. ഭാര്യയാണെങ്കിലോ? ഈശ്വരാ, ഞാനായിട്ട് ആ കുടുംബത്തിന് ഒരു ദ്രോഹമുണ്ടാവരുതേ…”

ബാബു ഫോണ്‍ വാങ്ങി. ചെവിയോട് ചേര്‍ത്തു. മൃദുവായി ഒരു ഹലോ പറഞ്ഞു. അപ്പുറത്ത് നിന്നും ഒരു കിളിനാദം കേട്ടു..

“ഹലോ.. നിങ്ങളാരാണ്… എന്താ നേരത്തെ കട്ട് ചെയ്തത്?”

“അ… അത്… വേറെ ഒരാളാണെന്ന് കരുതി വിളിച്ചതാ… സോറി…”

ബാബു ഫോണ്‍ കട്ടാക്കാന്‍ തുനിയുമ്പോഴേക്ക് അപ്പുറത്ത് നിന്ന് ചോദ്യമെത്തി..

“ആഹാ… ശരി… എന്നിട്ട് ആളെ കിട്ടിയോ?”

പണ്ടാരടങ്ങാന്‍, പെണ്ണുമ്പിള്ള വിടുന്ന ലക്ഷണമില്ലല്ലോ.. തല ചൊറിഞ്ഞുകൊണ്ട് അവന്‍ മനസ്സില്‍ പറഞ്ഞു. അവള്‍ ആകാംഷയോടെ അവനെ നോക്കുകയായിരുന്നു. ഫോണ്‍ സ്പീക്കര്‍ മോഡിലിടാന്‍ അവളവനോട് ആംഗ്യം കാണിച്ചു. അവനങ്ങനെ ചെയ്തതിന്റെ ശേഷമാണു മറുപടി പറഞ്ഞത്..

“ഇല്ല… ഈ നമ്പര്‍ ഒരാള് തന്നതാണ്.. അത് തെറ്റിയതാണ്….”

അപ്പുറത്തെ സ്ത്രീ വല്ലാത്ത ഒരു ചിരി ചിരിച്ചു.. ആ ചിരി കേട്ട് പരസ്പരം മുഖത്തോട് മുഖം നോക്കിയിരുന്നുപോയി അവര്‍.. അവരങ്ങിനെയിരിക്കവേ ചിരി കലര്‍ന്ന ഒരു ചോദ്യം ആ സ്ത്രീ ചോദിച്ചു…

“അല്ല.. നിങ്ങള്‍ ഫോൺ ചെയ്തിട്ട് ആരെയാണ് വേണ്ടത് എന്ന് പറഞ്ഞോ? ഇല്ലല്ലോ? പിന്നെ എങ്ങിനെയാണ് റോംഗ് നമ്പറാണെന്ന് മനസ്സിലായി? ആരെയാണ് നിങ്ങള്‍ക്ക് കാണേണ്ടത്? ആളിന്റെ പേര് പറയൂ… ചിലപ്പോള്‍ ഞാന്‍ തന്നെയാണെങ്കിലോ?”

ബാബു അവളുടെ മുഖത്തേക്ക് നോക്കി.. പേര്… അദ്ദേഹത്തിന്റെ പേര്… ഈശ്വരാ.. എനിക്കതറിയില്ലല്ലോ.. പേര് ചോദിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞത് ഏട്ടാ എന്ന് വിളിക്കാനാണ്. ഇന്നിപ്പോള്‍, ഈ നമ്പര്‍ വാങ്ങിയപ്പോഴും ഞാന്‍ ആളിന്റെ പേര് ചോദിക്കാന്‍ മറന്നു. അയാളുടെ വഷളന്‍ നോട്ടവും ചിരിയും ചോദ്യവുമൊക്കെയായപ്പോള്‍ ആകെ ചൊറിഞ്ഞു വന്നതാണ്. ആ വൃത്തികെട്ട ചുറ്റുപാടില്‍ നിന്നും എങ്ങിനെയെങ്കിലും ഒന്നോടി രക്ഷപ്പെട്ടാല്‍ മതിയെന്നാണ് കരുതിയത്.. അവള്‍ ബാബുവിനെ നോക്കി നിരാശയോടെ തല വെട്ടിച്ചു.. ബാബുവിന്റെ കണ്ണുകളില്‍ പിന്നെന്ത് കുന്തത്തിനാ നിങ്ങളാ മനുഷ്യനെ കാണാന്‍ പോയത് എന്നൊരു ചോദ്യമുണ്ടായിരുന്നു.. പിന്നെ, ഓ എനിക്കും അതറിയില്ലല്ലോ എന്നോര്‍ത്ത് അതടങ്ങി.

“അല്ല…. ആളിന്റെ പേര് അറിയില്ല… ഒരു പുരുഷനാണ്…” ബാബു ഒരു വിധം പറഞ്ഞൊപ്പിച്ചു.

“ഓഹോ… അങ്ങിനെയാണോ? എന്നാല്‍ ഞാനൊരു കാര്യം ചെയ്യാം. എന്റെ അടുത്തൊരു പുരുഷനുണ്ട്. ഫോണ്‍ പുള്ളിയുടെ കയ്യില്‍ കൊടുക്കാം. ഇനി പുള്ളിയെങ്ങാനും ആണെങ്കിലോ?

ബാബുവിന് എന്തെങ്കിലും പറയാന്‍ കഴിഞ്ഞില്ല. അവള്‍ക്കും. അവളുടെ ഹൃദയതാളം ഉച്ചസ്ഥായിയിലെത്തി. മൊബൈല്‍ ഫോണ്‍ കൈമാറുന്ന ശബ്ദം…

“ഹലോ” എന്നതൊരു മൃദുശബ്ദത്തിലുള്ള വാക്കായിരുന്നില്ല. ഒരു കുളിര്‍ കാറ്റായിരുന്നു. അത് അവളെ തഴുകിപ്പോയപ്പോള്‍, അവാച്യമായൊരു ആത്മനിർവൃതിയില്‍ അവള്‍ അലിഞ്ഞു ചേര്‍ന്നു. യുഗാന്തരങ്ങളായി താനീ ശബ്ദമൊന്നു കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നോ? അവളുടെ ശബ്ദം അങ്ങേയറ്റം ലോലമായിപ്പോയിരുന്നു…

“ഏട്ടാ… ഇത്… ഇത് ഞാനാണ്….”

അവളുടെ ശബ്ദത്തിന് മഞ്ഞിനേക്കാള്‍ തണുപ്പുണ്ടായിരുന്നു. ആ കണ്ണുകളില്‍ രണ്ട വൈഡൂര്യമുത്തുകളുണ്ടായിരുന്നു.

പക്ഷെ പെട്ടെന്ന് സ്ഥലകാല ബോധമുണ്ടായ അവള്‍ സ്വായം വിരല്‍ കടിച്ചു.

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top