Flash News

മരണത്തിന്റെ മണമേല്‍ക്കാത്ത ഓര്‍മ്മകളില്‍ ജീവിക്കുന്ന ചെറിയാന്‍ വൈദ്യന്‍ – ഞങ്ങളുടെ അച്ചായന്‍!

June 21, 2020 , ജോര്‍ജ് നെടുവേലില്‍

രണ്ടുനൂറ്റാണ്ടോളം നീണ്ടുനിന്ന ബ്രിട്ടീഷ്ഭരണത്തിലെ വൈസ്രോയിമാരിൽ ഏറ്റവും പ്രതിലോമകാരി കർസൺ പ്രഭുവായിരുന്നു. എന്നിരുന്നാലും എല്ലാവരും സശിരസ്‌കമ്പം അംഗീകരിക്കുന്ന അദ്ദേഹത്തിൻറ്റെ ഒരു നിരീക്ഷണമുണ്ട്‌: നിരവധി തോടുകളും പാലങ്ങളും മനോഹരമായ കടലോരവും കടൽപ്പാലവും നീലിമയാർന്ന കായൽപ്പരപ്പും ചൂഴ്‌ന്നുവിലസുന്ന ആലപ്പുഴ പട്ടണം “കിഴക്കിൻറ്റെ വെനിസ്” ആണെന്നത്.
.
കിഴക്കിൻറ്റെ വെനീസിൽനിന്നും നാൽപ്പതു കിലോമീറ്റർ തെക്കോട്ടു യാത്രചെയ്‌താൽ കന്നുകാലിപ്പാലമായി. കന്നുകാലികളുടെ മേച്ചിൽസ്ഥലത്തിനടുത്തുള്ള തോടിനു കുറുകെ, സായിപ്പിൻറ്റെ ഭരണകാലത്തുണ്ടാക്കിയ കനാൽ പാലം കാലക്രമത്തിൽ ‌സ്ഥലവാസികൾ കന്നുകാലിപ്പാലമാക്കി. അവിടെനിന്നും നെൽപ്പാടവരമ്പിലൂടെയും, ചെറുതോടുകൾ നീന്തിക്കയറിയും രണ്ടു കിലോമീറ്റർ വടക്കോട്ടു നീങ്ങിയാൽ കരുവാറ്റ എന്ന  ഓണംകേറാമൂലയിലെത്തും. തോടുകൾ നീന്തിക്കയറിക്കഴിഞ്ഞു കാലുകൾ പരിശോധിക്കാൻ ശ്രദ്ധിക്കണം! ചോരക്കൊതിയന്മാരായ കുളയട്ടകൾ കാലിൽ കടിച്ചു തൂങ്ങുന്നുണ്ടാവാം? അടിവസ്ത്രം അണിഞ്ഞിട്ടില്ലെങ്കിൽ വിവരമറിയും! ആറു പതിറ്റാണ്ടുകൾക്കുമുമ്പുള്ള കഥയാണിത്!
.
 കരുവാറ്റ എന്ന ഓണംകേറാമൂലയിൽ, നെടുവേലിൽ ചാലുങ്കൽ കുടുംബത്തിലാണ് ഞങ്ങൾ പന്ത്രണ്ടു സഹോദരീസഹോദരന്മാരുടെ വാത്സല്യനിധിയായ അച്ചായൻ — ചെറിയാൻ — ചെറിയാൻ വൈദ്യൻ ജനിച്ചത് 1907 – ൽ. കഞ്ഞിക്കണ്ടവും, കറവപ്പശുവും, ചെറിയൊരു തെങ്ങിൻതോപ്പും, വല്ലപ്പോഴുമുള്ള അട്ടിവയ്പ്പുമായി അല്ലലില്ലാതെ കാലയാപനം ചെയ്തിരുന്ന കുടുംബമായിരുന്നു ചെറിയാൻറ്റേത്. ജ്യേഷ്ഠ സഹോദരനായ കുര്യൻ കൗമാരപ്രായത്തിൽ കോളറാ ബാധിതനായി മരണമടഞ്ഞത്‌ ചെറിയാനെ വല്ലാതെ പിടിച്ചുലച്ചു. കുട്ടിക്കാലത്തുതന്നെ പഠിത്തത്തിൽ താൽപ്പര്യം കാണിച്ചിരുന്ന ചെറിയാനെ ഒരു പള്ളിക്കൂടം വാദ്ധ്യാരാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. വൈദ്യസഹായം കിട്ടാതെ അകാലത്തിൽപൊലിഞ്ഞ സഹോദരൻറ്റെ ഓർമ്മ സദാ അലട്ടിയിരുന്ന ചെറിയാൻറ്റെ ആഗ്രഹം വൈദ്യവൃത്തിയായിരുന്നു. വൈദ്യനും വയറ്റാട്ടിയും ഇല്ലാത്ത കരുവാറ്റായിൽ ഒരു ആയുർവേദ വൈദ്യനെ ചെറിയാൻ തന്നിൽ ദർശിച്ചു!
.
ആയുർവേദപഠനത്തിന് സംസ്‌കൃതഭാഷാപരിജ്ഞാനം നിർബന്ധമായിരുന്നു. ചങ്ങനാശേരിയിലെ ഒരു സംസ്‌കൃതാധ്യാപകനായിരുന്ന ശർമ്മാസാറിൽനിന്നും സംസ്‌കൃതം വശമാക്കി. അയിരൂരിലെ ഒരു ആയുർവേദ വൈദ്യൻറ്റെ ആശ്രിതനായി ആറുമാസം കഴിച്ചുകൂട്ടി. അങ്ങാടിമരുന്നുകളും പച്ചമരുന്നുകളുമായി പരിചയപ്പെട്ടു. വിവിധതരം ആയുർവേദ ഔഷധങ്ങൾ പാകപ്പെടുത്തുന്നതിൽ പാകത നേടി.
.
പതിനേഴാംവയസ്സിൽ ചെറിയാൻറ്റെ സ്വപ്നം പൂവണിഞ്ഞു. അനന്ത നഗരിയിലെ ആയൂർവേദകോളേജിൽ വൈദ്യപഠനവും പരിശീലനവും ആരംഭിച്ചു. ആയൂർവേദ പഠനത്തോട് നസ്രാണികൾ പൊതുവേ മുഖംതിരിഞ്ഞു നിന്നിരുന്ന കാലത്താണ്‌ ചെറിയാൻ തുനിഞ്ഞിറങ്ങിയത്. ആയുർവേദത്തെയും സംസ്‌കൃതത്തെയും ഹിന്ദുമതത്തിൻറ്റെയും ഹിന്ദുസംസ്‌ക്കാരത്തിൻറ്റെയും ഭാഗമായി കണ്ടിരുന്ന യാഥാസ്ഥിക നസ്രാണിമാർക്ക് ചെറിയാനെ നിരുൽസാഹപ്പെടുത്താനായില്ല! ആനയ്‌ക്കും ആമയ്ക്കും വാഴയ്‌ക്കും വിളക്കിനും — എല്ലാത്തിനും — ജാതി, മത, വർഗ്ഗ പരിവേഷം  ചാർത്തികൊടുക്കുന്നവരായി മാറിയിരിക്കുന്നു മലയാളികളേറെയും. മതമേധാവികകൾ, കുറ്റപത്രങ്ങൾ വിശുദ്ധൻമാർക്കു മുന്നിൽ ഹാജരാക്കുന്നു. ഭക്തന്മാർ, ജപ്തിനോട്ടീസുകൾ കോവിലുകളിലെയും കാവുകളിലെയും ഇഷ്ടപ്രതിഷ്ഠകൾക്കു സമർപ്പിക്കുന്നു, തട്ടിപ്പുവീരന്മാർ തട്ടിക്കൂട്ടിയ ധ്യാനകേന്ദ്രങ്ങളിൽ, വിശ്വാസം വ്രതമാക്കിയവർ രോഗശാന്തിക്കായി അട്ടിപ്പേറുകിടക്കുന്നു. നോട്ടുകെട്ടുകൾ അട്ടിവയ്ക്കുന്നു. അന്ധവിശ്വാസങ്ങളെ അപ്പാടെ വിഴുങ്ങുന്നു. മാറിക്കൊണ്ടിരിക്കുന്ന സാക്ഷരകേരളത്തിൻറ്റെ ഒരു മുഖമാണിത്!
.
 നന്നേ ചെറുപ്പത്തിൽത്തന്നെ ഉല്പതിഷ്ണുവായ ഒരു യാഥാസ്ഥിതികനായിരുന്നു ചെറിയാൻ. പഠനത്തിൽ അതീവ ഉത്സാഹവും ശ്രദ്ധയും കാണിച്ചിരുന്ന ചെറിയാൻ ഗുരുക്കന്മാരുടെ കണ്ണിലുണ്ണിയായിരുന്നു. ഗുരുക്കന്മാരോട് അങേയറ്റം ആദരവോടെ പെരുമാറിയിരുന്നു. വീട്ടിലെ സാമ്പത്തികം നന്നായി മനസ്സിലാക്കിയിരുന്ന ചെറിയാൻ ഭക്ഷണം സ്വന്തമായി പാകംചെയ്തു ഭക്ഷിച്ചിരുന്നു. തലസ്ഥാനനഗരിയുടെ നാട്യങ്ങളിലും വർണ്ണശബളിമയിലും മയങ്ങാതെയും പ്രലോഭനങ്ങളിൽ പെടാതെയും ജാഗ്രത പാലിച്ചിരുന്നു. പിൽക്കാലത്തു് അച്ചായൻ ഞങ്ങളോട് പങ്കുവെച്ച ഒരു കാര്യം: തിരുവിതാംകൂറിൻറ്റെ ഉൾനാടുകളിൽനിന്നും ഉദ്യോഗത്തിനും പഠനത്തിനുമായി തലസ്ഥാനനഗരിയിലെത്തുന്ന ക്രിസ്ത്യൻ യുവാക്കളെ വലവീശിപ്പിടിച്ചു് തങ്ങളുടെ മരുമക്കളാക്കാൻ തിരുവനന്തപുരത്തെ പണക്കാരായ ലത്തീൻകത്തോലിക്കാ പ്രമാണിമാർ പ്രയത്നിച്ചിരുന്നു. വെളുത്തു സുമുഖനായ ചെറിയാന് ഒന്നിലധികം പ്രലോഭനങ്ങളെ അതിജീവിക്കേണ്ടിവന്നുവെത്രെ! വക്കീൽ പഠനത്തിനുവന്ന നാട്ടുകാരനായ ഒരു കൂട്ടുകാരൻ നിയമബിരുദത്തോടൊപ്പം LLD – യും(Land lady’s daughter) കരസ്ഥമാക്കിയ കഥ അച്ചായൻ പറഞ്ഞു കേട്ടിട്ടുണ്ട്.
.
അഞ്ചു സംവത്സരക്കാലത്തെ പഠനവും പരിശീലനവും ചെറിയാനെ വൈദ്യകലാനിധിബിരുദധാരിയാക്കി. പ്രധാനഗുരുവായിരുന്ന കുമരകം പരമേശ്വരൻപിള്ള വൈദ്യൻ, ചെറിയാനെ തൻറ്റെ സ്വകാര്യ വൈദ്യശാലയിൽ സേവനത്തിന് ക്ഷണിച്ചു. വൈദ്യപഠനവേളയിൽ ചെറിയാനിൽ ഒരു ഉത്തമവൈദ്യനെ അദ്ദേഹം കണ്ടെത്തിയിരുന്നു! അഭിനന്ദിച്ചിരുന്നു. പ്രോത്സാഹിപ്പിച്ചിരുന്നു. വൈദ്യപഠനാനന്തരം, വൈകാതെ, ചെറിയാൻ വിവാഹിതനായി. ചങ്ങനാശേരിക്കപ്പുറം കണ്ടിട്ടില്ലാത്ത, നാലാംക്ലാസ്സിനപ്പുറം പഠിച്ചിട്ടില്ലാത്ത, എട്ടും പൊട്ടും തിരിയാത്ത, പാവാടക്കാരി മറിയക്കൊച്ചിൻറ്റെ വീട് ചങ്ങനാശേരി പട്ടണത്തിൻറ്റെ പ്രാന്തത്തിലുള്ള ളായിക്കാട് എന്ന കുഗ്രാമത്തിലായിരുന്നു. ഭേദപ്പെട്ട സാമ്പത്തികസ്ഥിതിയുള്ള ഒരു കുടുംബമായിരുന്നു മറിയക്കൊച്ചിൻറ്റേത്. രണ്ടായിരം ചക്രം സ്ത്രീധനം കൊടുത്താണ് അപ്പാപ്പൻ തന്നെ കെട്ടിച്ചതെന്ന് അമ്മച്ചി അയൽക്കാരികളോട് വീമ്പടിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.
.
ഒരുദിവസം ചെറിയാൻ പുളിങ്കുന്നുവഴി ചങ്ങനാശേരിക്ക് ബോട്ടിൽ യാത്രചെയ്യുകയായിരുന്നു. ഭാര്യവീടായിരുന്നു ലഷ്യം. ശുഭ്രവസ്ത്രധാരി. വെളുത്തുസുമുഖൻ. ബോട്ടിൽ കയറിയപ്പോൾത്തന്നെ ഒരു തടിയൻപുസ്തകം തുറന്ന് പാരായണത്തിൽ മുഴുകി. ബോട്ടിലെ മറ്റു യാത്രക്കാരുടെ രാഷ്ട്രീയ/ കൃഷി/ വെള്ളപ്പൊക്ക/ മടവീഴ്ച ചർച്ചകളൊന്നും ചെറിയാൻറ്റെ വായനക്ക് വിഘാതമായില്ല. ചെറിയാൻറ്റെ അടുത്തിരുന്നത് പുളിങ്കുന്നിലെ ഒരു കർഷകപ്രമാണിയായിരുന്നു. ഡബിൾമുണ്ടും, അരക്കയ്യൻഷർട്ടും, കസവുകരയുള്ള നേര്യതും ധരിച്ച ഒരു തൈക്കിളവൻ. പേര് കുഞ്ചമ്മ. അതിശയിക്കേണ്ട! അന്തോനിമ്മ, കുര്യമ്മ, കുഞ്ചമ്മ, മാത്തമ്മ, ചാക്കമ്മ, വക്കമ്മ, എന്നിങ്ങനെയുള്ള പുരുഷ നാമങ്ങൾ കുട്ടനാടൻ ക്രിസ്തീയ കുലീനതയുടെ പ്രത്യേകതയാണ്. ദീർഘകാലം ചങ്ങനാശേരി എസ്‌.ബി. കോളേജിലെ മാത്തമാറ്റിക്സ് പ്രഫസറായിരുന്ന എം.ടി. കുര്യൻ, പുളിങ്കുന്നുകാരുടെ പ്രിയങ്കരനായ കുര്യമ്മ സാറായിരുന്നു! ഒരണാസമരത്തെ പിൻതുണക്കാൻ പുളിങ്കുന്നിലെത്തിയ ചേർത്തലക്കാരൻ ശ്രീമാൻ ഏ. കെ. ആൻ്റണിയെ നാട്ടുകാർ അന്തോനിമ്മ എന്ന ഓമനപ്പേരിലാണ് സംബോധന ചെയ്തിരുന്നത്.
.
കുഞ്ചമ്മക്ക് ചെറിയാനെ നന്നേ ഇഷ്‌ടമായി. വൈദ്യകലാനിധിബിരുദധാരിയാണെന്നും നസ്രാണിയാണെന്നും അറിഞ്ഞപ്പോൾ കുഞ്ചമ്മയുടെ മനസ്സിൽ ചിലആലോചനകൾ രൂപംകൊണ്ടു. കുഞ്ചമ്മ, ചെറിയാനെ പുളിങ്കുന്നിൽ വൈദ്യശാല തുറക്കാൻ ക്ഷണിച്ചു. സഹായസഹകരണങ്ങൾ വാഗ്‌ദാനം ചെയ്തു. പ്രോത്സാഹിപ്പിച്ചു. ആലോചിച്ചറിയിക്കാമെന്ന് ചെറിയാൻ മറുപടിയും നൽകി. ഇതിനിടയിൽ വിവരങ്ങൾ പുളിങ്കുന്നു നിവാസിയായ ഒരു അടുത്ത ബന്ധുവിൻറ്റെ ചെവിയിലുമെത്തി. അദ്ദേഹത്തിൻറ്റെ പ്രേരണയും കൂടിയായപ്പോൾ മാസങ്ങൾക്കകം ചെറിയാൻ പുളിങ്കുന്നിൽ വൈദ്യശാല തുറന്നു. കുറഞ്ഞ കാലത്തിനുള്ളിൽ ചെറിയാൻ പുളിങ്കുന്നുകാരുടെ മാത്രമല്ല, കുട്ടനാട്ടുകാരുടെ മൊത്തം പ്രിയപ്പെട്ട, കൈപ്പുണ്യമുള്ള വൈദ്യനായി അംഗീകരിക്കപ്പെട്ടു.1930 മുതൽ 1999-വരെ ഏഴു ദശാബ്ദക്കാലത്തോളം വൈദ്യകലാനിധി ചെറിയാൻ വൈദ്യൻ കുട്ടനാട്ടുകാരുടെയും, കരുവാറ്റാക്കാരുടെയും, ചങ്ങനാശേരിക്കാരുടെയും ഇഷ്ടവൈദ്യനായി സേവനം അനുഷ്ടിച്ചു. 1999 ഏപ്രിൽമാസത്തിൽ, അമ്മച്ചിയുടെ പ്രിയപ്പെട്ട ജീവിതപങ്കാളി, ഞങ്ങൾ പന്ത്രണ്ടു സഹോദരീസഹോദരന്മാരുടെ വാത്സല്യനിധിയായ അച്ചായൻ, മുപ്പതിലധികം കൊച്ചുമക്കളുടെ വല്യപ്പച്ചൻ, കുട്ടനാട്ടുകാരുടെയും, കരുവാറ്റാക്കാരുടെയും, ചങ്ങനാശേരിക്കാരുടെയും പ്രിയപ്പെട്ട ചെറിയാൻവൈദ്യൻ വേർപാടിൻറ്റെ വേദനയറിയിച്ചുകൊണ്ട് പരലോകത്തേക്കു പ്രയാണം ചെയ്തു.
.
ചെറിയാൻവൈദ്യൻറ്റെ ചികിത്സാനൈപുണ്യം അനുഭവിച്ചറിഞ്ഞ കഥാപ്രസംഗസമ്രാട്ടായ ശ്രീമാൻ ജോസഫ് കൈമാപ്പറമ്പൻ  ‘കണ്ടിട്ടില്ല , ഞാനീവിധം മലർച്ചെണ്ടുപോലൊരു മാനസം ‘ എന്ന കവിതാശകലത്തിലാരംഭിച്ച ഒരു അനുശോചന സന്ദേശമാണ് ഞങ്ങൾക്കയച്ചത്. ‘ വൈദ്യുതി ദീപംപോലെ വിളങ്ങിയ  വൈദ്യകലാനിധി ചെറിയാൻവൈദ്യൻ ‘എന്നാണ്‌ സരസൻ പത്രാധിപർ അനുശോചനസന്ദേശത്തിൽ കുറിച്ചത്. ചെറിയാൻ വൈദ്യൻറ്റെ ചികിൽസയിൽ ആശ്വാസം അനുഭവിച്ച മറ്റൊരു മാന്യ ദേഹമാണ്‌ സ്വാതന്ത്ര്യസമരസേനാനിയും, ഗാന്ധിശിഷ്യനുമായിരുന്ന തൈത്തറ ജോണച്ചൻ. കുട്ടനാടിൻറ്റെ പ്രഥമ നിയമസഭാസാമാജികനായിരുന്ന അദ്ദേഹം അറിയപ്പെട്ടിരുന്നത് തോമസ് ജോൺ എന്നായിരുന്നു. ന്യൂയോർക്കിലെ സെയിൻറ്റ് ജോൺസ് കോളേജിലെ ഇംഗ്ലീഷ് പ്രഫസറായ ജോസഫ് ചെറുവേലി, തൻറ്റെ ബാല്യകാലാരിഷ്ടതകളെ അതിജീവിക്കുന്നതിൽ ചെറിയാൻ വൈദ്യൻറ്റെ ചികിത്സ പ്രയോജനപ്പെട്ടകാര്യം ലേഖകനോട് എടുത്തു പറഞ്ഞിട്ടുണ്ട്. സംസ്‌കൃതപണ്ഡിതനും, പാണിനീയപ്രദ്യോത കർത്താവും, കേരളത്തിലെ വ്യവസായ ഡയറക്റ്ററുമായിരുന്ന ശ്രീമാൻ ഐ.സി. ചാക്കോ, സംസ്‌കൃതത്തിൽ സാമാന്യ ജ്ഞാനിയായ ചെറിയാൻ വൈദ്യൻറ്റെ സുഹൃത്തും ഗുണകാംക്ഷിയുമായിരുന്നു. ചെറിയാൻ വൈദ്യൻറ്റെ ചികിത്സയിൽ വിശ്വാസമർപ്പിച്ചിരുന്ന മറ്റൊരു മാന്യ വ്യക്തിയായിരുന്നു മങ്കൊമ്പു കൊട്ടാരത്തുമഠത്തിൽ കായുസ്വാമി എന്ന കെ.പി. അമൃതനാഥയ്യർ. കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.
.
വള്ളവും, വല്ലപ്പോഴും ഓടുന്ന ബോട്ടുകളുമല്ലാതെ യാത്രാസൗകര്യം വിരളമായിരുന്ന കുട്ടനാടു നിവാസികൾക്ക്‌ ചെറിയാൻ വൈദ്യൻറ്റെ സേവനം അനിവാര്യമായിരുന്നു. അനുഗ്രഹമായിരുന്നു. അമൂല്യമായിരുന്നു.
.
വൈദ്യവൃത്തിപോലെതന്നെ ദീർഘവും, ഫലദായകവും ധന്യവുമായിരുന്നു ചെറിയാൻവൈദ്യൻറ്റെ ദാമ്പത്യവും. വൈദ്യ ബിരുദധാരിയായ അച്ചായൻറ്റെയും അഞ്ചാംക്ലാസു കാണാത്ത അമ്മച്ചിയുടെയും എഴുപതിറ്റാണ്ടുകാലത്തെ ദാമ്പത്യം രത്നവും കാഞ്ചനവും പോലെ ഇണങ്ങി. അതിൻറ്റെ പ്രകാശധോരണി കല്യാണപ്പന്തൽമുതൽ പള്ളിക്കല്ലറവരെ തിളങ്ങി. പ്രയാസങ്ങളിലും പ്രതിസന്ധികളിലും മറിഞ്ഞുപോകാതെ, അമരവും അണിയവും കാത്തുകൊണ്ട് ജീവിതനൗകയെ അവർ സുരക്ഷിത പാതയിലൂടെ സസന്തോഷം നയിച്ചു!
.
അവശതയനുഭവിച്ചിരുന്ന ബന്ധുമിത്രാദികൾക്ക് സഹായഹസ്തമായി വർത്തിച്ചു. അവരുടെ മക്കളുടെ വിദ്യാഭ്യാസവിഷയത്തിൽ പ്രോൽസാഹനവും, സാമ്പത്തികസഹായവും ഉപദേശവും നൽകി സഹായിച്ചു. ജന്മസ്ഥലമായ കരുവാറ്റായിലെ സാധുക്കളായ കർഷകർക്ക് വിത്തും വളവും കീടനാശിനികളും കടവും സൗജന്യനിരക്കിൽ ലഭ്യമാക്കുന്നതിനായി സഹകരണസംഘം രൂപീകരിക്കാൻ പ്രേരിപ്പിച്ചു. നവീനകൃഷിരീതികൾ അവരുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. നാട്ടുപ്രശ്നങ്ങളിലും വീട്ടുപ്രശ്നങ്ങളിലും മധ്യസ്ഥം വഹിക്കാൻ മനസ്സു കാണിച്ചു. നെടുവേലിൽ ചാലുങ്കൽ കുടുംബത്തിലെ ഒരംഗം, നല്ല ഇടയനെ പിൻതുടരാൻ താൽപര്യം പ്രകടിപ്പിച്ചപ്പോൾ, അതിൻറ്റെ സാക്ഷാൽക്കരണത്തിനുവേണ്ടി നേത്രുത്വം ഏറ്റെടുക്കാൻ അച്ചായൻ മുന്നോട്ടു വന്നു. നെടുവേലിൽ ചാലുങ്കൽ കുര്യൻ ഒരു പുരോഹിതനായി അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്നു.
.
ഞങ്ങൾ ചങ്ങനാശേരിയിൽ താമസിക്കുന്നകാലം. കൊല്ലം – ചങ്ങനാശേരി- ബോട്ടിൽ യാത്രചെയ്ത് രണ്ടു കരുവാറ്റാക്കാർ വീട്ടിൽ വന്നു. പള്ളീലച്ചൻ, കുർബാനക്കു കൂടുന്ന അവരുടെ കുട്ടികളെ ലൈംഗികമായി പീഢിപ്പിക്കുന്നു! മെത്രാനെ കണ്ട് സങ്കടം പറയണം! അച്ചായൻ അവരെയുംകൂട്ടി അരമനയിൽ ചെന്നു. മാർ മാത്യു കാവുകാട്ടാണ് അക്കാലത്തെ ചങ്ങനാശേരി മെത്രാൻ. അച്ചായൻ മെത്രാനെ വിവരം ധരിപ്പിച്ചു. ദൈവത്തിൻറ്റെ പ്രതിപുരുഷന്മാരായ വൈദീകർ അമ്മാതിരി മ്ലേഛപ്രവൃത്തികൾ ചെയ്യില്ലെന്നാണ് മെത്രാൻറ്റെ പക്ഷം! ഇമ്മാതിരി ഹീനമായ ഒരു കാര്യത്തിലേക്ക് അകാരണമായി തൻ്റെ മകനെ ഒരു പിതാവ് വലിച്ചിഴക്കുമോ എന്ന അച്ചായൻറ്റെ ചോദ്യത്തിന് മെത്രാന് മറുപടിയില്ലായിരുന്നു! കുട്ടികളുടെ പിതാക്കന്മാർ വെളിയിൽ നിൽപ്പുണ്ട്. തിരുമേനിക്ക് അവരോടുതന്നെ കാര്യംതിരക്കാം എന്നും അച്ചായൻ അറിയിച്ചു.
.
നിമിഷനേരത്തെ മൗനത്തിനുശേഷം മെത്രാൻ പറഞ്ഞു: “കാര്യമായ വരുമാനമില്ലാത്ത പള്ളിയാണത്. അങ്ങോട്ടുപോകുന്നതിൽ അച്ചന്മാർക്കു താൽപര്യമില്ല. ഇപ്പോഴത്തെ അച്ചൻ പോയാൽ മറ്റൊരച്ചനെ ഉടൻ കിട്ടിയില്ലെന്നു വരും.” “ഇടവകക്കാർക്ക് ഇപ്പോഴത്തെ അച്ചൻ തുടരുന്നതിൽ താല്പര്യമില്ല. എന്തു സാഹസത്തിനും മടിയില്ലാത്ത ഏതാനും ചെറുപ്പക്കാർ ഇടവകയിലുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്‌. തിരുമേനിയുടെ തീരുമാനം കാത്തിരിക്കുകയാണ്  ഇടവകക്കാർ.” അച്ചായൻ ബോധിപ്പിച്ചു. ആഴ്ചകൾക്കുള്ളിൽ പുതിയ അച്ചൻ പള്ളിയുടെ ചുമതലയേറ്റു!
.
 തികഞ്ഞ ദൈവവിശ്വാസിയായിരുന്നു അച്ചായൻ. യേശുവിലും കന്യകാമറിയത്തിലുമുള്ള വിശ്വാസവും ഭക്തിയും തീഷ്‌ണമായിരുന്നു. മേരിമാതാവിൻറ്റെ നാമധേയത്തിലാണ് വൈദ്യശാല സ്ഥാപിതമായത്. എന്നിരുന്നാലും മതവിശ്വാസം കമ്മിയായിരുന്നു. കത്തോലിക്കാപ്പള്ളിയുടെ പലകല്പനകളോടും, ആചാരങ്ങളോടും, അനുഷ്ഠാനങ്ങളോടും അച്ചായൻ ആഭിമുഖ്യം  കാണിച്ചിരുന്നില്ല. അഭിഷിക്തരുടെ അനാവശ്യങ്ങളെയും, അനാശാസ്യങ്ങളെയും, അധികാരഗർവിനേയും സഭാംഗങ്ങൾ ചോദ്യംചെയ്യുന്നതിനുള്ള വിലക്കിന് അച്ചായൻ തെല്ലും വിലകല്പിച്ചിരുന്നില്ല. പുരോഹിതൻമാരുടെ ആർഭാടത്തെയും, ഭക്ഷണ പ്രിയത്തെയും, കുത്തഴിഞ്ഞജീവിതശൈലിയെയും അച്ചായൻ നിശിതമായി വിമർശിച്ചിരുന്നു. ശവസംസ്ക്കാരച്ചടങ്ങുകളിലെ ‘അനേകം പൊൻവെളളി കുരിശുകളുടെ അകമ്പടി’ പൊങ്ങച്ചത്തെ അച്ചായൻ അപലപിച്ചിരുന്നു. കൂലികൊടുത്തു കുർബാനയും ഒപ്പീസും  ചൊല്ലിച്ചു ആത്മാക്കളെ അതിവേഗം സ്വർഗ്ഗത്തിനവകാശികളാക്കുന്ന കച്ചവടസംവിധാനത്തിന് അച്ചായൻ എതിരായിരുന്നു. കൂലി കൊടുത്തു തിരുക്കർമ്മങ്ങൾ നടത്തി തൻറ്റെ ആത്മാവിന് പരലോകസുഖം തരപ്പെടുത്താൻ മെനക്കെടരുതെന്ന് അച്ചായൻ  ഞങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പ്രാർത്ഥനയും പരോപകാരപ്രവൃത്തികളും പ്രോത്സാഹിപ്പിച്ചു.
.
ദൈവവിളികൾ പലപ്പോഴും വിശപ്പിൻറ്റെ വിളികളാണെന്നു പറയാൻ അച്ചായൻ മടിച്ചിരുന്നില്ല. പള്ളിപ്പെരുന്നാളുകളിൽ സംബന്ധിക്കുന്നതിൽ ഒട്ടും താല്പര്യം കാണിച്ചിരുന്നില്ല. ദുഖവെള്ളിയാഴ്ചയിലെ രൂപംമൂത്തൽ, കയ്‌പ്പുനീരുകുടിക്കൽ, പള്ളിക്കുചുറ്റുമുള്ള നീന്തൽ, ഉരുളിച്ച എന്നിങ്ങനെയുള്ള പാപപരിഹാരപരിപാടികൾ അച്ചായൻ കർശനമായി വിലക്കിയിരുന്നു പെൺമക്കൾ പള്ളിക്കർമ്മങ്ങൾ കഴിഞ്ഞാൽ പള്ളിമേടകളിൽ പാറിനടക്കുന്നത് പാടെ നിരോധിച്ചിരുന്നു. ബന്ധുക്കളായ കന്യാസ്ത്രികൾ പെൺമക്കളോട് ദൈവവിളിയുടെ ലക്ഷണങ്ങൾ വെളിപ്പെടുത്താൻ ശ്രമിക്കുന്നതിന് തടയിട്ടിരുന്നു. പെൺമക്കൾക്കും ആൺമക്കൾക്കും വീട്ടിൽ തുല്യസ്ഥാനം കല്പിച്ചിരുന്നു. ചേട്ടൻ/ ചേച്ചി വിളികൾ പ്രോത്സാഹിപ്പിച്ചിരുന്നില്ല. നാക്കിട്ടടിയേക്കാൾ, മാതൃകയുടെ മേന്മകൊണ്ട് മക്കളെ നേർവഴിക്കു നടത്താൻ അച്ചായൻ ശ്രദ്ധിച്ചിരുന്നു. അസഭ്യവാക്കുകൾ അച്ചായന് അപരിചിതമായിരുന്നു. അനുവദിച്ചിരുന്നില്ല. ഉച്ചാരണവൈകല്യങ്ങളെ അപ്പഴപ്പോൾ തിരുത്തിയിരുന്നു. ബാഷയും ബാര്യയും ബക്തിയും സ്വീകാര്യമല്ലായിരുന്നു.
.
 പലകാര്യങ്ങളിലും അച്ചായനും അമ്മച്ചിയും തമ്മിൽ അജഗജാന്തരമായിരുന്നു. സിനിമയിലും സംഗീതത്തിലും അമ്മച്ചിക്ക് ഭ്രമമായിരുന്നു. ഭക്തിഗാനങ്ങളും, സിനിമാപ്പാട്ടുകളും താരാട്ടുപാട്ടുകളും അമ്മച്ചി ഈണത്തിൽ ആലപിക്കുമായിരുന്നു. ചിറ്റപ്പന്മാരുടെ ചെല്ലമ്മയായി വളർന്ന മറിയക്കൊച്ചു് കുരുന്നായിരിക്കുമ്പോൾത്തന്നെ മദ്യവും മുറുക്കാനുമായി ഇഷ്ടത്തിലായി. പകൽമയക്കം പതിവായിരുന്നു. ഇവയൊന്നും അച്ചായൻറ്റെ ഇഷ്ടകാര്യങ്ങൾ അല്ലായിരുന്നു. എന്നിരുന്നാലും അമ്മച്ചിയുടെ ഇഷ്ടാനിഷ്ടങ്ങളെ അച്ചായൻ താലോലിച്ചിരുന്നു. അമ്മച്ചിയുടെ താല്പര്യത്തിന് വഴങ്ങാതിരുന്ന ഒരേഒരു സന്ദർഭം ഞാൻ ഓർമ്മിക്കുന്നു. വീടിനടുത്തുള്ള പള്ളി, കൊച്ചുത്രേസ്യാ പുണ്യവതിയുടെ നാമധേയത്തിലുള്ളതായിരുന്നു. ഒരുവർഷത്തെ പള്ളിപ്പെരുന്നാൾ ഏറ്റെടുത്തുനടത്തണമെന്ന് അമ്മച്ചിക്ക് ആഗ്രഹമുണ്ടായിരുന്നു. അച്ചായൻ അക്കാര്യത്തിൽ വിസമ്മതം പ്രകടിപ്പിച്ചു. അച്ചായൻറ്റെ വിസമ്മതത്തെ ഒരു നിയോഗമായി അമ്മച്ചി കരുതി. മാനിച്ചു.
.
അച്ചായൻറ്റെ ചില യഥാസ്ഥിക നിലപാടുകൾ പറയാതെ വയ്യ! ഞങ്ങളുടെ മൂത്തസഹോദരൻറ്റെ രണ്ടു പെൺമക്കളും, മൂത്തസഹോദരിയുടെ ഒരു മകളും ഭർത്താക്കന്മാരായി വരിച്ചത്‌ ഇതര മതസ്ഥരെ ആയിരുന്നു. അക്കാര്യത്തിലുള്ള അച്ചായൻറ്റെ ക്ഷോഭവും ഇഷ്ടക്കേടും ഏറെക്കാലം നീണ്ടുനിന്നു. അവരുമായുള്ള സംസർഗ്ഗവും സംഭാഷണവും നിലച്ചു. അമ്മച്ചിക്കും, ഞങ്ങൾക്കെല്ലാവർക്കും അത് വേദനയും വിഷമവും ഉളവാക്കി. അങ്ങനെയിരിക്കെ, പെട്ടെന്ന് രക്തത്തിലെ പഞ്ചസാര കുറഞ്ഞതു മൂലം അവശനായി അച്ചായൻ ആശൂപത്രിയിലായി.മതംമാറി മാഗല്യം നടത്തിയ കൊച്ചുമക്കൾ വല്യപ്പച്ചനെ കാണാൻ ആശൂപത്രിയിലെത്തി. ആലിംഗനങ്ങളും അശ്രുധാരകളും അടങിയപ്പോൾ അച്ചായൻ അവരോടു പറഞ്ഞു: “എനിക്ക് നിങ്ങളുടെ നായന്മാരെ കാണണം. അവരെയുംകൂട്ടി വരണം. എൻറ്റെ ക്രിസ്ത്യാനി മരുമക്കളേക്കാൾ മാറ്റും മാന്യതയുമുള്ളവരാണവർ എന്നാണ്  ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.” അച്ചായനുണ്ടായ മനംമാറ്റം ഞങ്ങളുടെയെല്ലാം നയനങ്ങളിൽ ആനന്ദാശ്രുപ്രവാഹം സൃഷ്ടിച്ചു.
.
ഞങ്ങളുടെ വാത്സല്യനിധിയായ അച്ചായൻ പരലോകം പ്രാപിച്ചിട്ട് രണ്ടു പതിറ്റാണ്ടുകൾ പിന്നിട്ടിരിക്കുന്നു. പ്രിയതമയും മൂത്ത മൂന്നു മക്കളും കൂട്ടിനായി അനുഗമിച്ചിരിക്കുന്നു. അല്ലലുകളും ആശങ്കകളും അസുഖങ്ങളും അന്യമായ ഒരു ലോകത്തവർ സന്തോഷത്തോടെയും സംതൃപ്തിയോടെയും സഹവസിക്കുന്നുണ്ടാവും! അവരോടൊത്തുചേരാനുള്ള അദമ്യമായ ആഗ്രഹവുമായി ഞങ്ങൾ ഒൻപതു സഹോദരീസഹോദരന്മാർ ഊഴം കാത്തിരിക്കുന്നു!
.
 ഇഹലോകവാസികൾ എല്ലാവരുംതന്നെ ആദ്യന്തികമായി ഇച്ഛിക്കുന്നത് അതല്ലേ? അതല്ലേ ലോകജീവിതം!
.
പരലോകത്തിൽ പരിലസിക്കുന്ന ഞങ്ങളുടെ പ്രിയപ്പെട്ട അച്ചായാ, രണ്ടു പതിറ്റാണ്ടുകളായി ഞങ്ങൾ ഹൃദയത്തിൽ അടക്കിവച്ചിരിക്കുന്ന ഒരു മോഹം അച്ചായനോട് പറയാതെ വയ്യ!
.
ഇനിയൊരു ജന്മം ഉണ്ടെങ്കിൽ? അച്ചായൻതന്നെ ഞങളുടെ അച്ചായൻ! ഞങ്ങൾ വരിച്ചുകഴിഞ്ഞിരിക്കുന്നു!
.
ഒരു പിതാവാകാനുള്ള വരം ലഭിച്ച എല്ലാവർക്കും ഈ പിതാവിൻറ്റെ പിതൃദിനാശംസകൾ!!!

Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top