Flash News

നടിയെ ബ്ലാക്ക്മെയില്‍ ചെയ്തവര്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ്, യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലും അന്വേഷണം

June 26, 2020 , ശ്രീജ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തുകയും ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തവര്‍ക്കെതിരെ മനുഷ്യക്കടത്തിനും കേസ്. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലും അന്വേഷണം നടത്തുമെന്ന് പോലീസ്. കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ പൊലീസ് മനുഷ്യക്കടത്തിനും കേസെടുത്തു. യുവതികളെ തട്ടിക്കൊണ്ടുപോയി തടവിലാക്കിയെന്ന പരാതിയിലാണ് കേസ്. ഷംന കാസിം തന്നെ തട്ടിപ്പ് പരസ്യമായി വെളിപ്പെടുത്തുകയും പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രതികള്‍ക്കെതിരെ നിരവധി പെണ്‍കുട്ടികള്‍ രംഗത്തെത്തിയിരുന്നു. ഷൂട്ടിങ്ങിനെന്ന പേരില്‍ പാലക്കാട്ടു കൊണ്ടുപോയി എട്ട് ദിവസം പൂട്ടിയിട്ടുവെന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികള്‍ക്കെതിരെ മനുഷ്യക്കടത്തിന് കേസെടുത്തിരിക്കുന്നത്.

ഷംന കാസിമിന്റെ പരാതിയെത്തുടര്‍ന്ന് തട്ടിപ്പിന് ഇരയായ പെണ്‍കുട്ടികള്‍ രംഗത്തെത്തിയതോടെയാണ് പ്രതികളുടെ കുരുക്ക് മുറുകിയത്. മോഡലിങ്ങിനായി പാലക്കാട്ടെത്തിച്ച് പൂട്ടിയിട്ടുവെന്നും സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചുവെന്നും ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടി മൊഴി നല്‍കി. മാര്‍ച്ചില്‍ നടന്ന സംഭവത്തില്‍ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കൊച്ചി കടവന്ത്ര സ്വദേശിയായ യുവതിയും പ്രതികള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ഏഴംഗ സംഘത്തിലെ നാല് പേര്‍ മാത്രമാണ് ഇതുവരെ പിടിയിലായത്. ഇപ്പോള്‍ ഹൈദരാബാദിലുള്ള നടി തിരികെ എത്തിയാല്‍ പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തും. തട്ടിപ്പിന് പുറമേ ലൈംഗിക ചൂഷണവും സ്വര്‍ണക്കടത്തും പ്രതികള്‍ നടത്തിയിട്ടുണ്ടെന്ന് പരാതി ലഭിച്ചുവെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ വിജയ് സാഖ്‌റേ പറഞ്ഞു. പണക്കാരെന്ന വ്യാജേന വ്യക്തികളുമായി ബന്ധം സ്ഥാപിക്കുകയും തട്ടിപ്പ് നടത്തുന്നതുമാണ് രീതി. സിനിമാ രംഗത്തുള്ളവര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനിടെ വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഡിസിപി ജി.പൂങ്കുലിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല. തട്ടിപ്പിന്റെ വ്യാപിതി കണക്കിലെടുത്ത് തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top