Flash News

പത്രപ്രവര്‍ത്തകന്‍റെ കൊലപാതകം: പ്രസ് കൗണ്‍സില്‍ യുപി സര്‍ക്കാരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി; എന്‍എച്ച്ആര്‍സി നോട്ടീസ് അയച്ചു

June 27, 2020

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. യുവ പത്രപ്രവര്‍ത്തകന്‍ ശുഭം മണി ത്രിപാഠിയെ കൊലപ്പെടുത്തിയതിനെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ശക്തമായി അപലപിച്ചു.

കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് പിസിഐ പ്രസിഡന്‍റ് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി, പോലീസ് ഡയറക്ടര്‍ ജനറല്‍ എന്നിവരിലൂടെ സംസ്ഥാന സര്‍ക്കാരിനോട് കേസിന്‍റെ വസ്തുതകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ത്രിപാഠിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) ഉത്തര്‍പ്രദേശ് സര്‍ക്കാരിനും സംസ്ഥാന ഡയറക്ടര്‍ ജനറലിനും നോട്ടീസ് അയച്ചിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകന്‍റെ കൊലപാതകക്കേസിലെ മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ എന്‍എച്ച്ആര്‍സി സംസ്ഥാന ചീഫ് സെക്രട്ടറിക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനും (ഡിജിപി) നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഒരു മുതിര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ജനാധിപത്യ ഭരണകൂടത്തിലെ നാലാമത്തെ സ്തംഭമായി മാധ്യമങ്ങളെ കണക്കാക്കുന്നു. അതിനെ സാമൂഹിക വിരുദ്ധര്‍ക്ക് ഇരയാകാന്‍ അനുവദിക്കാനാവില്ല,’ കമ്മീഷന്റെ പ്രസ്താവനയില്‍ പറഞ്ഞു.

ജില്ലയിലെ അനധികൃത മണല്‍ ഖനനത്തെക്കുറിച്ച് ത്രിപാഠി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നുവെന്നും, അദ്ദേഹത്തിന്‍റെ ജീവന്‍ അപകടത്തിലായിരുന്നുവെന്നും കമ്മീഷന്‍ അറിയിച്ചു. എതിരാളികള്‍ അദ്ദേഹത്തിനെതിരെ ജില്ലാ മജിസ്ട്രേറ്റിന് മുമ്പിലും പരാതി നല്‍കിയിരുന്നു.

ഒരു സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മരിച്ചയാളുടെ കുടുംബത്തിന്‍റെയും സാക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സമയത്ത് ശേഖരിച്ച കോള്‍ റെക്കോര്‍ഡുകളുടെയും മറ്റ് ഫോറന്‍സിക് തെളിവുകളുടെയും വിശദാംശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണ്.

നാലാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ ഉത്തരം നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top