Flash News

കലങ്ങിത്തെളിഞ്ഞപ്പോള്‍ പിണറായി തെളിഞ്ഞു; വി എസ് കലങ്ങിയോ?

November 5, 2013 , മൊയ്തീന്‍ പുത്തന്‍‌ചിറ

Pinarayi-Vijayan എസ്എന്‍സി ലാവ് ലിന്‍ കേസില്‍ നിന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ സിബിഐ കോടതി ഒഴിവാക്കിയത് സംസ്ഥാന രാഷ്ട്രീയത്തില്‍ പൊതുവേയും സിപിഎമ്മില്‍ പ്രത്യേകിച്ചും ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറിയേക്കും.

 

സിപിഎമ്മിലെ ഏറ്റവും കരുത്തനായ നേതാവിനെ അഴിമതിക്കേസിലെ പ്രതി സ്ഥാനത്തിന്റെ പേരില്‍ സ്ഥിരമായി സംശയ മുനയില്‍ നിര്‍ത്തിപ്പൊരിച്ചു വന്ന യുഡിഎഫിനും ബിജെപിക്കും സിപിഎമ്മിനെ പ്രതിരോധിക്കാന്‍ പുതിയ ആയുധം തേടേണ്ടിവരും. സിപിഎമ്മിനുള്ളില്‍ വി എസ് അച്യുതാനന്ദന്‍ നിലംപരിശാകുന്നതിനും വിഎസ് പക്ഷം എന്ന അവശേഷിക്കുന്ന ദുര്‍ബല ഗ്രൂപ്പ് തീരെ ഇല്ലാതാകുന്നതിനും ഈ വിധി ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാര്‍ട്ടിക്കുള്ളിലെ ഏറ്റവും മുതിര്‍ന്ന നേതാവില്‍ നിന്നും രാഷ്ട്രീയ എതിരാളികളില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ഒരുപോലെ ആക്രമണം നേരിട്ട പിണറായി വിജയന്‍ പാര്‍ട്ടിയിലെ മേധാവിത്വവും സ്വാധീനവും പോറലേല്‍ക്കാതെ നിലനിര്‍ത്തിയതും പുതിയ ഊജ്ജം നേടുന്നതും രാഷ്ട്രീയ നിരീക്ഷകര്‍ക്കും രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഗൗരവത്തോടെ സമീപിക്കാവുന്ന വിഷയം കൂടിയായി മാറുകയാണ്.

 

നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയനെ ലാവ് ലിന്‍ കേസില്‍ നിന്ന് ഒഴിവാക്കിയപ്പോഴും പിണറായി വിജയന്‍ ഏഴാം പ്രതി സ്ഥാനത്തു തന്നെയായിരുന്നു. കാര്‍ത്തികേയന്‍ പുറത്തും പിണറായി അകത്തുമായത് ഭാവിയില്‍ പിണറായിയുടെ ജയില്‍വാസത്തിലേക്കു തന്നെ എത്താവുന്ന സാഹചര്യമാണെന്നും വിലയിരുത്തപ്പെട്ടു. പന്നിയാര്‍- ചെങ്കുളം- പള്ളിവാസല്‍ വൈദ്യുത പദ്ധതി നവീകരണവുമായി ബന്ധപ്പെട്ട കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്്‌ലിനു നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായി കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചെങ്കിലും ഗൂഢാലോചനയിലെ പങ്കാളിത്തം എന്ന കുന്തമുനയാണ് അദ്ദേഹത്തിനെതിരേ നീട്ടി നിര്‍ത്തിയിരുന്നത്. എന്നാല്‍ അത് സിബിഐക്കു തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ കോടതി വ്യക്തമാക്കിയിരിക്കുകയാണ്. ശരിക്കും നിയമവഴിയിലൂടെ നേടിയ അഗ്നിശുദ്ധിതന്നെയാണ് പിണറായിക്കിത്.

 

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ലാവ് ലിന്‍ ആയുധമാക്കിയ യുഡിഎഫിന് നേട്ടവും കോട്ടവുമുണ്ടായി. എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ ലാവ് ലിന്‍ കേസിന്റെ കാര്യത്തില്‍ വി എസ് നടത്തിയ പരസ്യമായ ചില അഭിപ്രായ പ്രകടനങ്ങള്‍ പാര്‍ട്ടിക്കും മുന്നണിക്കും എതിരായി മാറിയെന്ന് പാര്‍ട്ടി വിലയിരുത്തിയിരുന്നു. അത് പിന്നീട് വി എസിനെതിരായ അച്ചടക്ക നടപടിയിലെത്തുകയും ചെയ്തു.

 

അതുകൊണ്ടും തീരാതെ ലാവ്‌ലിനില്‍ പിണറായിയുടെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ തന്നെ വി എസ് ഉന്നംവച്ചു എന്ന വെളിപ്പെടുത്തലുകളും ഉണ്ടായി. വിവാദ വ്യവഹാര ദല്ലാള്‍ ടി ജി നന്ദകുമാര്‍ മുഖേന വി എസ് ഡല്‍ഹിയില്‍ ചില കരുനീക്കങ്ങള്‍ ഇക്കാര്യത്തില്‍ നടത്തിയെന്നാണ് സൂചനകള്‍ വന്നത്.

 

കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞപ്പോള്‍ പിണറായി തെളിയുകയും വി എസ് കലങ്ങുകയുമാണു ചെയ്തിരിക്കുന്നത് എന്ന സൂചന വ്യക്തമാണ്. കേരള രാഷ്ട്രീയവും സിപിഎമ്മും അതിന്റെ അനുരണനങ്ങള്‍ക്കായാണ് ഇനി കാത്തിരിക്കുന്നത്. വി എസിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള തുടര്‍ നീക്കങ്ങളും അതില്‍ പ്രധാനം തന്നെ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top