Flash News

പത്തനംതിട്ട ജില്ല – ഒരു ദേവഭൂമിയുടെ ചരമഗീതമോ?

November 18, 2013 , കോരസണ്‍ വര്‍ഗീസ്, ന്യൂയോര്‍ക്ക്

Pathanamthitta

“പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തലവച്ചും
സ്വശ്ചാബ്ദി മണ്‍‌തിട്ടാ, പാദോപാധാനം പൂണ്ടും…”

പത്തനംതിട്ടയെപ്പറ്റി എഴുതിയ കവിതയാണോ എന്നു തോന്നിപ്പോകും ഈ വരികള്‍ ശ്രദ്ധിച്ചാല്‍. പശ്ചിമഘട്ടത്തെ തലയണയാക്കി കുട്ടനാടിന്റെ പൊന്നോളങ്ങളെ പാദങ്ങളില്‍ തഴുകി സ്വശ്ചന്ദമായി കിടന്നുറങ്ങുന്ന ഹരിതാഭയാണ് മൂന്നു പതിറ്റാണ്ടുകളുടെ പുതിയ ചരിത്രവുമായി യൗവനയുക്തയായി നില്‍ക്കുന്ന പത്തനംതിട്ട ജില്ല.

 

ആഗോഗ്യകരമായ വികസന ലക്ഷ്യമോ, സാങ്കേതിക തിരിച്ചറിവിന്റെ വെളിച്ചത്തിലോ അല്ല, കേവലം രാഷ്‌ട്രീയ ഞാണിന്മേല്‍ കളികളുടെ സമാനമായാണ് 1982-ലെ കേരളപ്പിറവി ദിനത്തില്‍, 1476 ചതുരശ്ര കിലോമീറ്റര്‍ നിബിഡമായ വനങ്ങളും, സമൃദ്ധമായ ജലശ്രോദസ്സുകളും നിറഞ്ഞ തെന്നിന്ത്യയിലെ തന്നെ ആത്മീയ ചൈതന്യ കേന്ദ്രമായ ഈ ദിവ്യഭൂമി ഔദ്യോഗിക രേഖകളില്‍ യുവ ജില്ലയായിത്തീര്‍ന്നത്.

korason varghese

മൂന്നു പതിറ്റാണ്ടുകളിലെ ഇന്ത്യയുടെയും കേരളത്തിന്റെ പൊതുവേയും ഉള്ള രാഷ്‌ട്രീയ-സാമുദായിക-വികസന ത്വര പരിശോധനക്ക് വിധേയമാക്കുമ്പോള്‍ ഈ ജില്ലക്ക് പ്രതീക്ഷിക്കാന്‍ ഏറെയായിട്ടില്ല എന്നതാണ് വിധിവിപര്യത.

 

കേരളത്തിന്റെ ആത്മീയ തലസ്ഥാനം:
കേരളത്തിന്റെ പുണ്യസങ്കേതമായ ശബരിമലയും, മകര വിളക്കും, തനതായ പടയണി ഉത്സവങ്ങളും, പന്തളത്തെ ശ്രീ അയ്യപ്പന്റെ വലിയ കോവില്‍ ക്ഷേത്രവും, ഓരോ ദിവസവും കഥകളി അര്‍പ്പിക്കപ്പെടുന്ന തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രവും, പ്രസിദ്ധമായ ആറന്മുള വള്ളം കളിയും, പത്താം ദശകത്തില്‍ സ്ഥാപിക്കപ്പെട്ട കവിയൂര്‍ ഗുഹാക്ഷേത്രവും, അവിടുത്തെ പ്രസിദ്ധമായ അസ്തമയ സൂര്യന് അഭിമുഖമായുള്ള ശിവലിംഗ പ്രതിഷ്ഠയും, ചെറുകോല്‍‌പ്പുഴ ഹിന്ദുമത കണ്‍‌വന്‍ഷനും, ഹിന്ദു സവിശേഷ പുണ്യസ്ഥലമായി നിലകൊള്ളുന്നു.

350sabarimala_temple1

തെക്കന്‍ കേരളത്തിലെ മുഖ്യ ക്രൈസ്തവ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിയും, എ.ഡി. 52-ല്‍ മാര്‍തോമാശ്ലീഹാ സ്ഥാപിച്ച നിരണം പള്ളിയും, തെക്കേ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രൈസ്തവ സുവിശേഷയോഗം നടത്തപ്പെടുന്ന മാരാമണ്‍ മണല്‍ത്തട്ടും, തീര്‍ത്ഥാടന കേന്ദ്രമായ മഞ്ഞനിക്കര പള്ളിയും, ഇടപ്പള്ളി രാജാവ് ദാനം നല്‍കിയ 8 നൂറ്റാണ്ടിലേറെ പഴക്കം ചെന്ന കല്ലൂപ്പാറ സെന്റ് മേരീസ് പള്ളി തുടങ്ങി ഈ ജില്ല ക്രൈസ്തവര്‍ക്കും പുണ്യഭൂമിയായി.

 

പത്തനംതിട്ടയിലെ മുസ്ലീം ആഘോഷമായ ചന്ദനക്കുടം മഹോത്സവം ഇതര മുസ്ലീം ആഘോഷങ്ങളില്‍ നിന്നും വളരെ വ്യത്യസ്ഥമാണ്. ആറാട്ടിന്റെ ഗരിമയോടെ പഞ്ചവാദ്യ മേളത്തോടെ, വെടിക്കെട്ടും ഘോഷയാത്രയും അടക്കം തനി കേരളീയമായ ഒരു ഉത്സവമാണിത്.

dsc05957

കല-സംസ്ക്കാരം
മണ്ണടിയിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോക്ക്‌ലോര്‍, കേരളത്തിന്റെ തനതായ വാസ്തുവിദ്യ നിലനിര്‍ത്തുന്ന വാസ്തുവിദ്യാ ഗുരുകുലം, ലോകത്തു മറ്റൊരിടത്തും നിര്‍മ്മിക്കാനാവാത്ത പ്രസിദ്ധമായ ആറന്മുള കണ്ണാടി, പടയണി മുഖചിത്രമെഴുത്ത്, കോന്നിയിലെ ആന പരിശീലന കേന്ദ്രം, ഇലവുംതിട്ടയിലെ കവി മുഴൂര്‍ എസ്. പ്ത്മനാഭ പണിക്കര്‍ സ്മാരകം, ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശ്രീ ശക്തിഭദ്ര  ജനിച്ച കൊടുമണ്‍, ചാത്തന്‍‌കര നരസിംഹ ക്ഷേത്രത്തിലെ ദാരുശില്പങ്ങള്‍ എന്നിവ ഈ പുണ്യഭൂമിയുടെ സവിശേഷതകളാണ്.

Elephant-Camps-in-Kerala

പ്രകൃതി
കുതിച്ചുയരുന്ന വായുമര്‍ദ്ദത്തെ സഹ്യന്റെ വിരിമാറില്‍ തടഞ്ഞുനിര്‍ത്തി നിറഞ്ഞ മഴ നല്‍കി, മലയാളത്തിന്റെ പുടവക്കരയായി ഒഴുകി എത്തുന്ന ത്രിവേണിപ്പുഴകളായ പമ്പ, അച്ചന്‍ കോവില്‍, മണിമല നദികള്‍, പ്രസിദ്ധമായ പെരുന്തേനരുവി, ഭൂപ്രകൃതിയുടെ പകുതിയോലം നിലനില്‍ക്കുന്ന സമൃദ്ധമായ വനഭൂമി, പരിരക്ഷിക്കപ്പെട്ടു നിലനില്‍ക്കുന്ന ഗവി വന്യസങ്കേതം ഇങ്ങനെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച വരദാനമാണീ പുണ്യഭൂമിയെന്നു പറയാം.

 

ജനജീവിതം
12 ലക്ഷത്തോളം വരുന്ന ജനസംഖ്യയില്‍ 95% പേരും അഭ്യസ്ഥവിദ്യരാണ്. 75% പേരും കാര്‍ഷിക വിളയില്‍ അടിസ്ഥാനപ്പെടുത്തിയാണ് ജീവിതം ക്രമപ്പെടുത്തിയിരിക്കുന്നത്. ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയായതിനാല്‍ ഏറ്റവും കൂടുതല്‍ ബാങ്ക് നിക്ഷേപവും, ഏറ്റവും കൂടുതല്‍ സ്വകാര്യ-പൊതു ബാങ്കുകളും ഈ പ്രദേശത്തു തന്നെയാണ്.

 

വികസന പ്രശ്നങ്ങള്‍
ആഭ്യന്തര ഉല്പാദനത്തിന്റെ വളര്‍ച്ചയില്‍ (GSDP) ജില്ല മറ്റു ജില്ലകളെ അപേക്ഷിച്ച് വളരെ മുമ്പിലാണ്. ആളോഹരി വരുമാനത്തിന്റെ (Per Capita) കാര്യത്തിലും ജില്ലക്ക് മൂന്നാം സ്ഥാനമാണ് കാണുന്നത്. എന്നാല്‍, വ്യവസായത്തിന്റെ കാര്യത്തില്‍ പതിനാലു ജില്ലകളില്‍ പതിനൊന്നാം സ്ഥാനവും, സാംസ്ക്കാരിക-സാമ്പത്തിക നിലവാരത്തില്‍ (Socio-Economic CI Rate) 14-ല്‍ ഏഴാം സ്ഥാനവും മാത്രം ! ഇത് വളരെ ശ്രദ്ധിക്കേണ്ട സ്ഥിതിവിശേഷമാണ്. വ്യക്തിഗതമായി മാനുഷിക വിഭവ വികസനം പ്രത്യക്ഷമായി നിലനില്‍ക്കുമ്പോള്‍ എന്തേ വ്യവസായ, അടിസ്ഥാന മേഖലകളിലെ മുരടിപ്പ്?

 

വൈതരണികള്‍
മണ്ഡലകാലത്തു മാത്രമല്ല, ഇപ്പോള്‍ എല്ലാ മാസവും അയ്യപ്പന്മാരുടെ തിരക്കാണ് ഇന്ത്യയിലെല്ലായിടത്തുനിന്നും ഇവിടേക്ക്. പത്തനംതിട്ട ജില്ലാ തലസ്ഥാനത്തുനിന്നും 30 കി.മീ. അകലെയാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. ദേശീയ പാതയുടെ അനുപാതമെടുത്താലും മറ്റു ജില്ലകളെ അപേക്ഷിച്ച് തുലോം ചെറിയ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇവിടെ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രസിദ്ധ നദികള്‍ എല്ലാംതന്നെ മണല്‍ വാരല്‍ കൊണ്ട് ജലശൂന്യമായി. ജില്ലയുടെ നാലു ഭാഗങ്ങളിലുമായി വിലസുന്ന മണല്‍ മാഫിയകളും ക്വാറി ബിസിനസ്സുകളും വരുത്തുന്ന വിപത്തുകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നേയില്ല. ഏറ്റവും അടുത്ത വിമാനത്താവളത്തിന് 120 കി.മീ. പോകണം. നിരന്തരമായ മഴയുള്ളതിനാല്‍ ആഭ്യന്തര നിരത്തുകള്‍ താറുമാറായിക്കൊണ്ടിരിക്കുന്നു. പത്തനാപുരം-അടൂര്‍ റോഡില്‍ സഞ്ചരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഗതാഗതക്കുരുക്കല്ല, റോഡുകള്‍ മുഴുവനായി തകര്‍ന്ന അവസ്ഥ ! ജില്ലയിലെ പല പ്രസിദ്ധമായ പാലങ്ങളും ബ്രിട്ടീഷുകാരുടെ ഭരണകാലത്തെ രീതിയിലാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. ചെങ്ങന്നൂര്‍ നിന്നും തിരുവല്ലയിലേക്കു പോകുന്ന ഒറ്റവരി പാലത്തില്‍ ഒരു ദിശയിലെ വാഹനങള്‍ കടന്നു പോയ ശേഷമേ മറ്റു ദിശയിലേക്ക് പോകാനൊക്കൂ. തിരക്കുള്ള സമയങ്ങളില്‍ മദ്ധ്യതിരുവിതാംകൂറിലെ ചെറുതും വലുതുമായ പാലങ്ങളിലൊക്കെ ഭയത്തോടും വിറയലോടെയും മാത്രമേ അക്കരെയെത്താന്‍ കഴിയുകയുള്ളൂ.

 

2009110854480301കുടിവെള്ള പ്രശ്നം
മറ്റു ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതലുള്ള സ്ഥലമാണ്. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിനു ചുറ്റുമായി ടാങ്കറില്‍ കുടിവെള്ളം എത്തിക്കുന്ന പതിവാണ് നിലനില്‍ക്കുന്നത്. ആളുകള്‍ സ്വന്തമായി ദൂരസ്ഥലങ്ങളില്‍ പോയി വെള്ളം കൊണ്ടുവന്ന് ദൈനംദിന ജീവിതം അനുഭവിച്ചു തീര്‍ക്കുന്നു. വളരെ പ്രധാന കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനു യാതൊരു പദ്ധതിയും മുന്‍പോട്ടു നീക്കിയിട്ടില്ല. ജില്ലാ തലസ്ഥാനത്തുതന്നെ മഴവെള്ളം ഒഴുക്കിവിടാന്‍ തോടുകള്‍ ഇല്ലാത്തതിനാല്‍ മണ്ണിടിച്ചിലും അനുബന്ധ പ്രശ്നങ്ങളും നിരന്തരം.

 

2009022752160301മാലിന്യ കൂമ്പാരം
എന്തുചെയ്യണമെന്നറിയാതെ വഴിയൊരങ്ങളിലും പൊതുസ്ഥലത്തും നിക്ഷേപിക്കപ്പെടുന്ന മാലിന്യ കൂമ്പാരം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്നങ്ങള്‍ ആരും കണ്ടില്ല എന്ന മട്ടാണ്. പന്തളം ചെറിയ പാലത്തില്‍ നിന്നും താഴേക്കു നോക്കിയാല്‍ സമനില തെറ്റാന്‍ അധികം നേരം വേണ്ടി വരില്ല. ഒരിക്കല്‍ അവിടെ ശാന്തമായി ഒഴുകിയിരുന്ന ഒരു ജലാശയത്തെപ്പറ്റി പലര്‍ക്കും ഓര്‍മ്മയുണ്ട്.

 

വികസന പ്രശ്നങ്ങള്‍
ആസൂത്രിതമായ ഒരു വികസന ലക്ഷ്യത്തിന്റെ അഭാവം ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതകളെ കണക്കിലെടുത്തുകൊണ്ടുള്ള ഒരു അടിസ്ഥാന വികസന തന്ത്രം ഇതുവരെയും ഉരുത്തിരിഞ്ഞു വന്നിട്ടില്ല. ഇന്നുകളില്‍ മാത്രം ജീവിക്കുന്ന ഒരുകൂട്ടം രാഷ്‌ട്രീയ നേതാക്കളും, പ്രതിബദ്ധതയില്ലാത്ത ഒരുകൂട്ടം ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ പുണ്യഭൂമിയെ ഒരു ചുടലക്കളമാക്കിത്തീര്‍ത്തു കൊണ്ടിരിക്കുകയാണ്. ഇടക്കിടെ ആറന്മുള വിമാനത്താവളവും, കോന്നി മെഡിക്കല്‍ കോളജ് തുടങ്ങി രാഷ്‌ട്രീയ അമിട്ടുകള്‍ പൊട്ടിക്കുകയും, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെ അവഗണിച്ചും ഈ നേതാക്കള്‍ നിരന്തരം അരമനകളിലും ഉത്സവപ്പറമ്പുകളിലും നിറഞ്ഞ പുഞ്ചിരിയോടെ കറങ്ങി നടക്കുന്നു.

 

ക്രിയാത്മകമായി പ്രതികരിക്കേണ്ട മാധ്യമങ്ങള്‍ പതിവായി ശ്രദ്ധിച്ചാല്‍ ജനത്തിന്റെ അനുദിന പ്രശ്നങ്ങള്‍ 50 വര്‍ഷത്തിനു മുമ്പുള്ളവതന്നെ, രാഷ്‌ട്രീയ നേതാക്കള്‍ പേരു വിളിച്ചു അന്വേഷിക്കുകയും, സൗഹൃദം പങ്കുവെയ്ക്കുകയും ചെയ്യുന്നതിനാല്‍ “അദ്ദേഹത്തിന്റെ” ഒരു ചിത്രമില്ലാത്ത ഒരു ദിവസവും പത്രമിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഒരു മാധ്യമ സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.

 

പ്രവാസികള്‍
ജില്ലയിലെ പ്രവാസികള്‍ അധികവും ഈ പ്രദേശത്തെ വികസന പ്രശ്നങ്ങളില്‍ ആശങ്കാകുലരാണ്. തങ്ങളുടെ അധികം സ്വത്തും സമ്പാദ്യങ്ങളും നിലനില്‍ക്കുന്ന ഈ ഭൂപ്രദേശത്ത് മറ്റു ജില്ലകളിലെ അപേക്ഷിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സൃഷ്ടിപരമല്ലാത്ത സമീപനം മനം‌മടുപ്പിക്കുന്നുണ്ട്. അതിനാല്‍ മറ്റു ജില്ലകളിലേക്ക് പാലായനം ചെയ്യുവാനും പലരും താല്പര്യപ്പെടുന്നുണ്ട്. എന്നാല്‍ പ്രവാസി നേതാക്കള്‍ എന്ന് അവകാശപ്പെട്ട് കാഴ്ചപ്പാടില്ലാതെ രാഷ്‌ട്രീയ നേതാക്കളോടൊന്നിച്ച് ഫോട്ടോ എടുത്ത് പത്രങ്ങളിലും, സോഷ്യല്‍ മീഡിയാകളിലുമിട്ട് വിലസുന്ന ഉമ്മാക്കി നേതാക്കള്‍ക്ക് സാധാരണ പ്രവാസികളുടെ പിന്തുണയോ താത്പര്യമോ ഉണ്ടോ എന്ന് സംശയമുണ്ട്.

 

തിരഞ്ഞെടുപ്പ് അടുത്തുവരുന്നുണ്ട്; ആരാണ് അടിസ്ഥാന പ്രശ്നങ്ങള്‍ ഏറ്റെടുക്കാനും പരിഹാരം കാണാനും തയ്യാറാവുന്നത്? വികസനം ഒരിക്കലും സാമ്പത്തികം മാത്രമാവരുത്, സമൂഹത്തിന്റെ അടിത്തിട്ടയില്‍ നടക്കേണ്ട ഒരു രാസമാറ്റമാവണം അത്. കരിയറിസം രാഷ്‌ട്രീയത്തിന്റെ ആത്മാവിനെ ചോര്‍ത്തിക്കളഞ്ഞു. പത്തനംതിട്ട എന്ന ഈ വിശുദ്ധഭൂമിക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനാവുമോ എന്ന് കാലം തെളിയിക്കും.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top