Flash News

‘പ്രസ്സ് ക്ലബ്ബ്’ പ്രവര്‍ത്തനം എന്നാല്‍ ‘മാമാങ്കാ’ഘോഷം അല്ല: മാത്യു മൂലേച്ചേരില്‍

November 23, 2013 , മാത്യു മൂലേച്ചേരില്‍

Moolecheril‘കേസരി’ ദിനപ്പത്രത്തിലെ കേസരി എ. ബാലകൃഷ്ണപിള്ളയും ‘മാതൃഭൂമി’യിലെ കെ. പി. കേശവമേനോനും ‘മലയാള മനോരമ’യിലെ കണ്ടത്തില്‍ വര്‍ഗീസ് മാപ്പിളയും ‘ദീപിക’യിലെ കരിവേലില്‍ കെ, എം, ജോസഫും ‘തൊഴിലാളി’യിലെ വടക്കനച്ചനും ഒക്കെ ധീരമായി പ്രവര്‍ത്തിച്ച് കേരളത്തിലെ ജനമനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ മലയാള പത്രപ്രവര്‍ത്തനശൈലി ഏഴുകടലും കടന്ന് അമേരിക്കയില്‍ എത്തി വെറും ‘മാമാങ്ക’ ആഘോഷമായി അധഃപതിച്ചിരിക്കുന്നു. ഇത് കാണുമ്പോള്‍ ‘ശ്രേഷ്ഠ ഭാഷ’യായ മലയാളം ലജ്ജിച്ചു തല താഴ്ത്തും എന്നതില്‍ സംശയമില്ല. ബ്രിട്ടീഷ്‌ ആധിപത്യത്തോടും രാജഭരണത്തിനോടും അനീതികളോടും എതിരിട്ട് ഒളിഞ്ഞും തെളിഞ്ഞും പീഡകള്‍ സഹിച്ചും ഭീഷണികള്‍ ശ്രവിച്ചും പട്ടിണി കിടന്നും ജയില്‍ വാസം അനുഭവിച്ചും മുട്ടുമടക്കാതെയും തല കുനിക്കാതെയും നടത്തിയ ധീര ദേശാഭിമാനികളുടെ ഉദാത്തമായ പ്രവര്‍ത്തന ശൈലി ഇന്ന് ഏതാനും സുഖലോലുപരുടെ കേവലമൊരു വിനോദോപാധി ആയി മാറിയിരിക്കുകയാണോ അമേരിക്കയില്‍? ഡോളറിന്‍റെ വര്‍ണ്ണഭംഗിയിലും സാമ്പത്തിക നേട്ടത്തിലും മയങ്ങിവീണ് ഇല്ലാത്ത പേരിനും പ്രശസ്തിക്കുമായി അലയുന്നവരുടെ ഒരു കൂട്ടമായി അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ മാറിയിരിക്കുന്നുവോ?

 

എന്താണ് അല്ലെങ്കില്‍ ആയിരിക്കണം പത്ര പ്രവര്‍ത്തനം? ദിനപ്പത്രങ്ങള്‍, ആഴ്ച്ചപ്പതിപ്പുകള്‍, മാസികകള്‍, ടി.വി., റേഡിയോ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ മാധ്യമങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാവിധ പ്രവര്‍ത്തനങ്ങളെയും പൊതുവെ പത്രപ്രവര്‍ത്തനമെന്നു പറയാം. ഒരു വാര്‍ത്ത പോലും തമസ്കരിക്കപ്പെട്ടു പോകാതെ വാര്‍ത്തകള്‍ കണ്ടെത്തുക, അവ ചിത്രങ്ങളോടും കൃത്യമായ വിവരണങ്ങളോടും കൂടി ശേഖരിക്കുക വിതരണം ചെയ്യുക അത് എഡിറ്റു ചെയ്യുക സത്യസന്ധമായി പ്രസിദ്ധീകരിക്കുക അത് ജന മനസ്സുകളില്‍ എത്തിക്കുക ഇത്രയുമാണ് അല്ലെങ്കില്‍ ആയിരിക്കണം പത്രപ്രവര്‍ത്തനം. ജനാധിപത്യ രാജ്യങ്ങളില്‍ ‘ഫോര്‍ത്ത്‌ എസ്റ്റേറ്റ്‌’ എന്നറിയപ്പെടുന്ന പത്രങ്ങള്‍ നിയമ നിര്‍മ്മാണ സഭകള്‍ക്കും ഉദ്യോഗസ്ഥ വൃന്ദത്തിനും നീതിന്യായ കോടതികള്‍ക്കും സാധിക്കാത്ത ജനാധിപത്യ സംരക്ഷണം ഉറപ്പാക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തവരാണ് പത്രക്കാര്‍. ആനയെ കൂനയാക്കാനും കൂനയെ ആനയാക്കാനും കഴിവുള്ളവരാണ് അവര്‍. ഇങ്ങനെയുള്ള പത്രപ്രവര്‍ത്തകരുടെ സമ്മേളന വേദിയാണ് അല്ലെങ്കില്‍ ആയിരിക്കണം പ്രസ്സ്‌ ക്ലുബ്ബുകള്‍. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ, ലിംഗ, ദേശ വ്യത്യാസമില്ലാതെ ആര്‍ക്കും ഈ പ്രസ്സ്‌ ക്ലബ്ബുകളില്‍ ചേരാനും പ്രവര്‍ത്തിക്കുവാനും അവസരം ഉണ്ടായിരിക്കണം. ജനാധിപത്യ രീതിയില്‍ ആയിരിക്കണം അതിന്‍റെ ഭരണ സംവിധാനം.

 

അമേരിക്കയില്‍ വാര്‍ത്തകള്‍ ശേഖരിക്കാനും അത് വിതരണം ചെയ്യുവാനും പ്രസിദ്ധീകരിക്കുവാനും കേന്ദ്രീകൃതമായ ഒരു സംവിധാനവും നിലവില്‍ ഇല്ല. ഉള്ളവ ചിലരുടെ പോക്കറ്റ് സംഘടനകള്‍ മാത്രം. പുതുതായി ആര്‍ക്കും അതില്‍ പ്രവേശനം ഇല്ല. അവിടെ തിരഞ്ഞെടുപ്പില്ല. എന്തിന് ഒരു ഭരണഘടന പോലുമില്ലാത്ത പത്രപ്രവര്‍ത്തക സംഘടനകളാണ് അല്ലെങ്കില്‍ പ്രസ്സ്‌ ക്ലുബ്ബുകളാണ് ഭൂരിപക്ഷവും. പത്രധര്‍മ്മം എന്താണ് എന്ന് ഇവര്‍ക്കറിയുമോ എന്ന് തോന്നുന്നില്ല. പത്രധര്‍മ്മം മറന്നു പത്രനര്‍മ്മം ചര്‍ച്ചചെയ്യുകയാണ് ഇക്കൂട്ടര്‍. അമ്മ പെങ്ങന്മാരും (അവര്‍ ഇത്തരം പേക്കൂത്തുകള്‍ക്ക് പോകാറില്ല) മക്കളും (മക്കള്‍ക്ക്‌ മലയാളം അറിയത്തില്ല) കേള്‍ക്കില്ല എന്ന ഉറപ്പില്‍ എന്തും വിളിച്ചു പറയാവുന്ന വേദിയാക്കുകയാണ് വാര്‍ഷിക പത്രപ്രവര്‍ത്തക സമ്മേളനങ്ങള്‍. ധര്‍മ്മത്തിലെ ‘ധ’ തിരിച്ചിട്ടാല്‍ നര്‍മ്മത്തിലെ ‘ന’ ആകുമല്ലോ! എല്ലാം മേല്കീഴു മറിയുന്ന അവസ്ഥ. “പത്രമാസികകള്‍ക്കു വരിക്കാരില്ല” എന്ന് മുറവിളികൂട്ടുന്നവര്‍ പത്രമാസികകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പത്രപ്രവര്‍ത്തക സംഘടനകള്‍ പത്ര ധര്‍മ്മം പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇതുമായി ബന്ധപെട്ടവര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുക!

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top