Flash News

സ്ഥാനാരോഹണ വാര്‍ഷിക നിറവില്‍ മാര്‍ തീത്തോസ് മെത്രാപ്പോലീത്താ

December 29, 2013 , Moideen Puthenchira

4195

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ പത്താമത് സ്ഥാനാരോഹണ വാര്‍ഷികം 2014 ജനുവരി 4-ന് സമുചിതമായി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന മെത്രാപ്പോലീത്തായും, പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് തിരുമേനിയുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഇടയപാലനത്തെ വിലയിരുത്തുമ്പോള്‍, തികഞ്ഞ ക്രൈസ്തവ ദര്‍ശനത്തിലൂടെ ലളിത ജീവിതശൈലി ഉള്‍ക്കൊണ്ട് ആരേയും ആകര്‍ഷിക്കുന്ന വിനയാന്വിതമായ പെരുമാറ്റവും, കൊട്ടിഘോഷിക്കാനാഗ്രഹിക്കാത്ത പ്രവര്‍ത്തനശൈലിയുമുള്ള സഭാജീവിതത്തില്‍, വ്യത്യസ്ഥത വെച്ചുപുലര്‍ത്തുന്ന ഒരു പിതാവിനെയാണ് നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നത്.

1970 ജൂലൈ 22-ന് പെരുമ്പാവൂര്‍ പാത്തിയ്ക്കല്‍ കുടുംബത്തില്‍ പരേതരായ കുരിയാക്കോസ് -ശോശാമ്മ ദമ്പതികളുടെ മകനായി ജനിച്ച അഭിവന്ദ്യ തിരുമേനി, അങ്കമാലി ഭദ്രാസനത്തില്‍‌പെട്ട ബഥേല്‍ സൂലോക്കൊ കത്തീഡ്രല്‍ ഇടവകാംഗമാണ്. പെരുമ്പാവൂര്‍ ആശ്രം ഹൈസ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ചെറുപ്പകാലം മുതല്‍ ദേവാലയ ശുശ്രൂഷകളില്‍ തല്പരനായിരുന്ന എബി, ദൈവവിളി ഉള്‍ക്കൊണ്ട് പന്ത്രണ്ടാമത്തെ വയസ്സില്‍ 1982 ഒക്ടോബര്‍ 28-ന് ഡോ. കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസ് തിരുമേനിയില്‍ നിന്നും കോറൂയോ സ്ഥാനം സ്വീകരിച്ച്, പൗരോഹിത്യത്തിന്റെ ആദ്യ പടിയിലേക്ക് പ്രവേശിച്ചു. 1998 സെപ്തംബര്‍ 26-ന് മോറാന്‍ മാര്‍ ഇഗ്നാത്തിയോസ് സഖാ പ്രഥമന്‍ പാത്രിയാര്‍ക്കീസ് ബാവായില്‍ നിന്നും റബ്ബാന്‍ സ്ഥാനം സ്വീകരിക്കുകയും, 1999 സെപ്തംബര്‍ 5-ന് പ: പിതാവില്‍ നിന്നുതന്നെ പൗരോഹിത്യ സ്ഥാനം സ്വീകരിക്കുകയും ചെയ്തു. പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോട്ം, പ: പാത്രിയാര്‍ക്കീസ് ബാവായോടും എന്നും കൂറും ഭക്തിയും പുലര്‍ത്തിപ്പോന്ന അഭിവന്ദ്യ തിരുമേനി 1997-98 കാലഘട്ടത്തില്‍ പ: പാത്രിയാര്‍ക്കീസ് ബാവായുടെ പ്രത്യേക ക്ഷണപ്രകാരം പാത്രിയാര്‍ക്കല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനും ഭാഗ്യമുണ്ടായി.

കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനി (പെരുമ്പിള്ളി തിരുമേനി) കാലം ചെയ്ത അവസരത്തില്‍, പെരുമ്പിള്ളി സിംഹാസന പള്ളിയുടെയും, മറ്റു സ്ഥാപനങ്ങളുടേയും അഡ്‌മിനിസ്‌ട്രേറ്റര്‍ ആയി അഭിവന്ദ്യ തിരുമേനി പ്രവര്‍ത്തിച്ചു.

1995 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ ഓഫ് ദി യൂണിവേഴ്‌സിറ്റി-വൈ.എം.സി.എ. കേരള, സ്റ്റേറ്റ് വൈസ് ചെയര്‍മാന്‍ വൈ.എം.സി.എ., നാഷണല്‍ ബോര്‍ഡ് മെംബര്‍, നാഷണല്‍ യൂത്ത് വര്‍ക്ക് കമ്മിറ്റി മെംബര്‍, കേരള മദ്യ നിരോധന സമിതിയുടെ സ്റ്റേറ്റ് കൗണ്‍സില്‍ മെംബര്‍ എന്നീ നിലകളില്‍ സ്തുത്യര്‍ഹമാം വിധം പ്രവര്‍ത്തിച്ചത് തിരുമേനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ പ്രതിഫലനമാണ്. കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ ‘സ്റ്റുഡന്റ് ക്രിസ്ത്യന്‍ മൂവ്‌മെന്റ്’ എന്ന പ്രസ്ഥാനത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് ആത്മീയചൈതന്യവും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പകര്‍ന്നു.

ഗണിതശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുള്ള അഭിവന്ദ്യ തിരുമേനി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ്. ഡിഗ്രിയും കരസ്ഥമാക്കി. മലേകുരിശ് ദയറായിലെ പരിശീലനത്തിനുശേഷം, വെട്ടിക്കല്‍ ഉദയഗിരി തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ദൈവശാസ്‌ത്രത്തില്‍ ബിരുദം നേടിയശേഷം, ന്യൂയോര്‍ക്ക് സെന്റ് വ്‌ളാഡിമിന്‍സ് ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ അഭിവന്ദ്യ തിരുമേനിയുടെ സുറിയാനി ഭാഷ വളരെ ഭംഗിയായി കൈകാര്യം ചെയ്യുന്നതിനുള്ള പ്രാവീണ്യം എടുത്തുപറയേണ്ടതാണ്.

കുര്‍ക്കുമ ദയറ (ടര്‍ക്കി), സെന്റ് മാര്‍ക്സ് മൊണാസ്‌ട്രി (യെറുശലേം), സെന്റ് എഫ്രേം മൊണാസ്‌ട്രി (ഹോളണ്ട്), സെന്റ് ജേക്കബ്സ് മൊണാസ്‌ട്രി (ജര്‍മ്മനി), സെന്റ് യൂജിന്‍സ് മൊണാസ്‌ട്രി (സ്വിറ്റ്സര്‍ലണ്ട്) എന്നിവിടങ്ങളിലെ ഹ്രസ്വകാല പഠനവും പാത്രിയാര്‍ക്കല്‍ അരമനയില്‍ നിന്നും ലഭിച്ച പരിശീലനവും, സഭയുടെ വിശ്വാസാചാരാനുഷ്ഠഅനങ്ങളില്‍ നിന്നും അണുവിട വ്യതിചലിക്കാതെ തന്നെ, സത്യവിശ്വാസത്തിന്റെ പാതയിലൂടെ ഇടയപരിപാലനം നടത്തുവാന്‍ ഏറെ സഹായകരമായി.

1426605_10201756534131681_90292495_nസമ്മിശ്ര സംസ്ക്കാരങ്ങളുടെ സങ്കലനതലത്തില്‍ നിലകൊള്ളുന്ന ഈ ഭദ്രാസനത്തിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്കും വളര്‍ച്ചക്കുമായി, രണ്ടാം തലമുറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയെന്നത് അത്യന്താപേക്ഷിതമായ ഘടകമാണെന്ന് മനസ്സിലാക്കിക്കൊണ്ട് യുവതലമുറയില്‍ നിന്നും പൗരോഹിത്യ പദവിയിലേക്ക് കൂടുതല്‍ പേരെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്, അഭിവന്ദ്യ തിരുമേനി കാണിക്കുന്ന ശുഷ്ക്കാന്തി തികഞ്ഞ സഭാസേവനത്തിന്റേയും ദീര്‍ഘവീക്ഷണത്തിന്റേയും മകുടോദാഹരണമാണ്. പ്രഗത്ഭനായ ഒരു ഗണിത അദ്ധ്യാപകന്‍ കൂടിയാണ് അഭിവന്ദ്യ തിരുമേനി. ഗണിതശാസ്ത്ര സമവാക്യങ്ങള്‍, പ്രശ്നോത്തരികള്‍ തുടങ്ങിയവ അനായാസം കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന വെറുമൊരു അദ്ധ്യാപകന്‍ മാത്രമായിരുന്നില്ല, മറിച്ച് അദ്ധ്യപക-വിദ്യാര്‍ത്ഥി ബന്ധത്തിന്റെ അന്ത:സ്സത്ത ഉള്‍ക്കൊണ്ട്, അവരുടെ സാമൂഹിക, മാനസിക, വ്യക്തിത്വ വളര്‍ച്ച മുന്നില്‍‌കണ്ട്, ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും യഥാസമയം നല്‍കിവന്ന ഒരു മാതൃകാ അദ്ധ്യാപകന്‍ കൂടിയാണെന്ന് 3 വര്‍ഷക്കാലത്തെ അദ്ധ്യാപനവൃത്തിയിലൂടെ തെളിയിക്കുവാന്‍ അഭിവന്ദ്യ തിരുമേനിക്കു സാധിച്ചു.

ശെമ്മാശന്മാര്‍ക്കുള്ള പഠനകളരിയില്‍ വിശ്വാസ സത്യങ്ങളുടെ ഉള്ളറകളിലേക്ക് ആഴ്‌ന്നിറങ്ങി വിശകലോത്മകമായി വസ്തുതകള്‍ പഠിപ്പിക്കുന്നതിന് അനായാസം സാധിക്കുന്നതും, അദ്ധ്യാപനവൃത്തിയില്‍ സ്വായത്തമാക്കിയിട്ടുള്ള പ്രാഗത്ഭ്യം ഒന്നുകൊണ്ടു മാത്രമാണ്.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന യുവജനങ്ങള്‍ക്കും, യുവ ശെമ്മാശന്മാര്‍ക്കും ശരിയായ ക്രിസ്ത്യന്‍ ദര്‍ശനവും മിഷന്‍ പ്രവര്‍ത്തനങ്ങളും, നേരില്‍ കണ്ട് അനുഭവമേദ്യമാക്കുവാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇന്ത്യന്‍ മിഷന്‍ ട്രിപ്പ് തിരുമേനിയുടെ ദീര്‍ഘ വീക്ഷണത്തിന്റേയും, ക്രിസ്ത്രീയ അനുകമ്പയുടേയും ശരിയായ പ്രതിഫലനമാണ്.

തത്വശാസ്ത്രങ്ങള്‍ക്കപ്പുറം, മനുഷ്യന്റെ വേദനകളില്‍ പങ്കുചേരുവാനും അഗതികളുടേയും, അനാഥരുടേയും കണ്ണീരൊപ്പുവാനും ലക്ഷ്യമിട്ടായിരിക്കണം സഭാപ്രവര്‍ത്തനമെന്ന് വരും‌തലമുറയെ മനസ്സിലാക്കിക്കൊടുക്കുവാന്‍ അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന മിഷന്‍ ട്രിപ്പുകള്‍ കാരണമായി തീരുന്നുവെന്നത് പ്രശംസനീയമാണ്.

വി: കൂദാശകളേയും, വി: കുര്‍ബ്ബാനയേയും കുറിച്ച് യുവജനങ്ങളില്‍ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ, “A guide to The Holy Qurbana” എന്ന പുസ്തകം പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചത് യുവജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി.

സഭയുടെ വളര്‍ച്ചക്കും, പുരോഗതിക്കുമനുസൃതമായി ഭദ്രാസന ആസ്ഥാന മന്ദിരം, പാത്രിയാര്‍ക്കാ സെന്റര്‍, വൈദിക സെമിനാരി, കോണ്‍‌ഫറന്‍സ് ഹാള്‍, ഭക്തസംഘടനാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്, ലൈബ്രററി തുടങ്ങിയ വിവിധ സൗകര്യങ്ങളോടുകൂടിയ കെട്ടിട സമുച്ചയം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കുവാന്‍ സാധിച്ചത് അഭിവന്ദ്യ തിരുമേനിയുടെ ഭരണ നേട്ടങ്ങളില്‍ ചിലതു മാത്രമാണ്.

തന്നില്‍ നിക്ഷിപ്തമാകുന്ന ഏത് ചുമതലകളും ദൈവാശ്രയത്തില്‍ നിര്‍‌വ്വഹിച്ച്, സഭക്കും സമൂഹത്തിനും നന്മയേകി, ഭദ്രാസനത്തിന് ആത്മീയ ചൈതന്യവും, ശക്തമായ നേതൃത്വവും നല്‍കി, അക്ഷീണനായി മുന്നേറുവാന്‍ ഈ ഇടയശ്രേഷ്ഠന് സര്‍‌വ്വശക്തനായ ദൈവം കൃപയരുളട്ടേയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

(അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ്)

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top