Flash News

ഫോമ റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കരുത്തനായ നേതാവ് ജിബി തോമസ് മത്സരിക്കുന്നു

March 11, 2014 , മൊയ്തീന്‍ പുത്തന്‍‌ചിറ

Jiby Thomas pic

ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ അടുത്ത സാരഥികളിലൊരാളായി ന്യൂജെഴ്‌സിയില്‍ നിന്നുള്ള ജിബി തോമസ് മോളോപ്പറമ്പില്‍ രംഗപ്രവേശം ചെയ്യുന്നു. ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് (ന്യൂജെഴ്‌സി, പെന്‍‌സില്‍‌വാനിയ, ഡെലാവേര്‍) റീജണല്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ് ജിബി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനൊരുങ്ങുന്നത്. ഈ റീജണിലെ അംഗ സംഘടനകള്‍ ജിബിയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് അംഗീകാരം നല്‍കി.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യുജെഴ്‌സിയുടെ പ്രസിഡന്റു പദവി അലങ്കരിക്കുന്ന ജിബി ഇതിനോടകം തന്നെ തന്റെ വ്യത്യസ്ഥമായ പ്രവര്‍ത്തന ശൈലിയിലൂടെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ഫോമയുടെ ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയായ ജിബി, മാറ്റങ്ങളിലൂടെ സംഘടനയെ വിജയത്തിന്റെ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തനാണെന്നാണ് അദ്ദേഹത്തോടുകൂടെ പ്രവര്‍ത്തിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഫോമയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ‘യങ്ങ് പ്രൊഫഷണന്‍ സമ്മിറ്റ് ആന്റ് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ്’ അതിന് ഉദാഹരണമാണ്. ഈ കോണ്‍ഫറന്‍സിന്റെ ചെയര്‍മാന്‍ പദവിയിലിരുന്നുകൊണ്ട് അമേരിക്കയിലെ പ്രശസ്തരായ ബിസിനസ് സം‌രംഭകരേയും പ്രൊഫഷണലുകളേയും ഒരുമിച്ചൊരു കുടക്കീഴില്‍ കൊണ്ടുവരികയും അനേകം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തതില്‍ ജിബിയുടെ പങ്ക് ശ്ലാഘനീയമാണ്.

ന്യൂജെഴ്സിയിലെ പ്രമുഖ രാഷ്‌ട്രീയ-സാംസ്ക്കാരിക പ്രതിഭകളെ ഉള്‍‌പ്പെടുത്തി കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും ഫാമിലി നൈറ്റും ഏറെ അഭിനന്ദനമര്‍ഹിക്കുന്ന ഒന്നായിരുന്നു. കെ.എ.എന്‍.ജെ. യുടെ ആഭിമുഖ്യത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റ് കാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിക്കുവാന്‍ ജിബിയുടെ നേതൃത്വം സഹായിച്ചിട്ടുണ്ട്.

ബോര്‍ഡ് ഓഫ് ഡയറക്‌ടര്‍ – സൗത്ത് ഏഷ്യന്‍ കമ്മ്യൂണിറ്റി ഔട്ട്‌റീച്ച് (SACO) ആന്റ് സൗത്ത് ഏഷ്യന്‍ ഡമോക്രാറ്റിക് ക്ലബ് (SADC), റീജണല്‍ കോ-ഓര്‍ഡിനേറ്റര്‍ – സീറോ മലബാര്‍ കാത്തലിക് കോണ്‍‌ഗ്രസ് (എസ്.എം.സി.സി.)ഓഫ് നോര്‍ത്ത് അമേരിക്ക, കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി ജനറല്‍ സെക്രട്ടറി (2011-12), ഓവര്‍സീസ് റിട്ടേണ്‍‌ഡ് മലയാളീസ് ഇന്‍ അമേരിക്ക (ന്യൂജെഴ്‌സി)യുടെ പ്രസിഡന്റ്, എസ്.എം.സി.സി. ഈസ്റ്റ് മില്‍‌സ്റ്റോണ്‍ ചാപ്റ്റര്‍ (ന്യൂജെഴ്‌സി) പ്രസിഡന്റ്, ഇന്ത്യന്‍ പ്രവാസി ആക്‌ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ജിബി, ഫോമയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എന്തുകൊണ്ടും അനുയോജ്യനാണ്.

ഇന്ത്യയിലും ജിബി നിരവധി പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കേരള ഹോര്‍ട്ടികള്‍ച്ചര്‍ ഓഫീസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, കേരള മില്‍മ ഓഫീസേഴ്‌സ് യൂണിയന്‍ പ്രസിഡന്റ്, കെ.എസ്.സി., യൂത്ത് ഫ്രണ്ട്, കേരള കോണ്‍ഗ്രസ് എന്നിവയില്‍ വിവിധ സ്ഥാനങ്ങള്‍ കൂടാതെ ഡി.സി.എല്‍. കോ‌-ഓര്‍ഡിനേറ്ററും റീജണല്‍ വൈസ് പ്രസിഡന്റുമായിരുന്നു ജിബി. സാമൂഹ്യപ്രതിബദ്ധതയും, അര്‍പ്പണബോധവും ശുഭാപ്തി വിശ്വാസവുമുണ്ടെങ്കില്‍ ഏതൊരു സംഘടനയേയും വിജയത്തിലേക്കെത്തിക്കുവാന്‍ കഴിയുമെന്ന് ജിബി വിശ്വസിക്കുന്നു. ജിബിയുടെ വൈസ് പ്രസിഡന്റ് പദവി ഫോമയുടെ ഖ്യാതി വര്‍ദ്ധിപ്പിക്കുക മാത്രമല്ല കൂടുതല്‍ ജനകീയമാക്കാനുപകരിക്കുമെന്നും സുഹൃത്തുക്കള്‍ അഭിപ്രായപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top